goodnews head

തണല്‍മരം കാക്കാന്‍ കുട്ടികളുടെ ചിത്രശാല

Posted on: 07 Jan 2008


കരിവെള്ളൂര്‍: ദേശീയപാതയ്ക്ക് ഇരുവശത്തുമുള്ള തണല്‍മരം മുറിച്ചുമാറ്റുന്നതിനെതിരെ കുട്ടികള്‍ ചിത്രശാലയൊരുക്കി പ്രതിഷേധിച്ചു. ചിത്രകാരനും പരിസ്ഥിതിപ്രവര്‍ത്തകനുമായ സുരേന്ദ്രന്‍ കൂക്കാനത്തിന്റെ നേതൃത്വത്തില്‍ അമ്പതോളം വിദ്യാര്‍ഥികളാണ് കരിവെള്ളൂര്‍ ബസാറിലെ തണല്‍മരങ്ങള്‍ക്ക് കീഴെ ഇരുന്ന് ചിത്രംവരച്ച് പ്രതിഷേധിച്ചത്.

പാലക്കുന്നുമുതല്‍ ഓണക്കുന്നുവരെ ദേശീയപാതയോരത്തെ തണല്‍മരങ്ങളില്‍ ചിലത് കഴിഞ്ഞദിവസം സ്വകാര്യവ്യക്തി മുറിച്ചുമാറ്റിയിരുന്നു. ഓണക്കുന്ന് തപാല്‍ ഓഫീസിന് സമീപമുള്ള കൂറ്റന്‍ വെങ്കണ, രണ്ട് വലിയ പൂമരങ്ങള്‍ എന്നിവ ഇതിലുള്‍പ്പെടും. മരംമുറിക്കുന്നതിനെതിരെ പരിസ്ഥിതിപ്രവര്‍ത്തകര്‍ രംഗത്തെത്തിയതോടെ സ്വകാര്യവ്യക്തി താത്കാലികമായി പിന്‍വാങ്ങിയിരുന്നു.

തണല്‍മരം സംരക്ഷിക്കുന്നതിന് രാഷ്ട്രീയപാര്‍ട്ടികളോ, സന്നദ്ധസംഘടനകളോ രംഗത്തിറങ്ങാത്തതിനാലാണ് കുട്ടികള്‍ പ്രതിഷേധവുമായി മുന്നിട്ടിറങ്ങിയത്. ചിത്രരചനയ്ക്കുശേഷം കുട്ടികള്‍ ബസാറിലെ തണല്‍മരങ്ങള്‍ക്ക് ചുറ്റും കൈകോര്‍ത്തുനിന്ന് 'ഞങ്ങള്‍ കുട്ടികള്‍, തണല്‍മരം സംരക്ഷിക്കുന്നവര്‍' എന്ന പ്രതിജ്ഞയെടുത്തു. പരിസ്ഥിതിപ്രവര്‍ത്തകനായ ഭാസ്‌കരന്‍ വെള്ളൂര്‍ ഉദ്ഘാടനംചെയ്തു. സുരേന്ദ്രന്‍ കൂക്കാനം അധ്യക്ഷനായിരുന്നു. കൊടക്കാട് നാരായണന്‍, ടി.മാധവന്‍ എന്നിവര്‍ പ്രസംഗിച്ചു.

 

 




MathrubhumiMatrimonial