goodnews head

വൈകല്യത്തെ തോല്‍പ്പിക്കാന്‍ പയ്യന്നൂരിലെ സൗഹൃദവീട്‌

Posted on: 03 Jan 2008


പയ്യന്നൂര്‍: ഭാവനയുടെ ചിറകിലേറി ശരീരത്തിന്റെ വൈകല്യത്തെ തോല്‍പ്പിക്കാന്‍ ശ്രമിക്കുകയാണ് 15 സുഹൃത്തുക്കള്‍. പാട്ടുപാടിയും കൂട്ടുചേര്‍ന്നും ചിന്തകള്‍ പങ്കുവച്ചും മുന്നേറുകയാണ് ഇവര്‍.

ശാരീരിക വൈകല്യമുള്ളവര്‍ക്കായി 'ഫ്‌ളൈ' എന്ന സംഘടനയുടെ തണലിലാണ് സൗഹൃദവീട് ഒരുക്കിയത്. വര്‍ണ്ണ വിസ്മയം തീര്‍ക്കുന്ന ചിത്രങ്ങള്‍, കരവിരുതിന്റെ കരുത്ത് വിളിച്ചോതുന്ന ശില്‍പങ്ങള്‍, കളിമണ്ണില്‍ ജീവനെടുത്ത കലാരൂപങ്ങള്‍, ഗ്ലാസ് പെയിന്റിംഗുകള്‍ എന്നിങ്ങനെ വിസ്മയിപ്പിക്കുന്ന കലാസൃഷ്ടികള്‍കൊണ്ട് നിറയുകയാണ് സൗഹൃദവീട്. വൈകല്യം ബാധിച്ച 15 പേരുടെ കൂട്ടായ്മ ഡിസംബര്‍ ആദ്യവാരമാണ് തുടങ്ങിയത്.

ചിത്രകാരനായ ഗണേഷ് കുമാര്‍ കുഞ്ഞിമംഗലം ഇവര്‍ക്ക് ശിക്ഷണം നല്‍കുന്നുണ്ട്. പുഴയും പച്ചപ്പും നാട്ടുപാതകളും ഇണക്കിളികളും ദൈവരൂപങ്ങളും വരച്ചുകൂട്ടുകയാണ് ഇവര്‍. കാഴ്ചശക്തി അനുദിനം കുറഞ്ഞുവരുന്ന ആരിഭ എന്ന കൊച്ചുകുട്ടിമുതല്‍ പാദങ്ങളില്‍ ബ്രഷ് ഉറപ്പിച്ച് ചിത്രം വരയ്ക്കുന്ന വൈശാഖ് വരെ സൗഹൃദവീട്ടില്‍ തിരക്കിലാണ്.

നൂലും ഈര്‍ക്കിലും തെര്‍മോകോളും കൊണ്ട് ശില്‍പം മെനയുന്ന ബാബു ദാമോദരന്‍, കാഴ്ചശക്തി നഷ്ടപ്പെട്ട കലേഷ്, മൗത്ത് പെയിന്ററായ സുനിത എന്നിവര്‍ വീടിനെ സജീവമാക്കുന്നു. ആശംസാ കാര്‍ഡുകളും അലങ്കാര വസ്തുക്കളും ഇവര്‍ നിര്‍മ്മിക്കുന്നുണ്ട്. താമസത്തിനും കലാപ്രവര്‍ത്തനത്തിനും ഒപ്പം ചികിത്സാ സൗകര്യവും ഫിസിയോ തെറാപ്പിയും സൗഹൃദവീട്ടില്‍ ഒരുക്കിയിട്ടുണ്ട്.

 

 




MathrubhumiMatrimonial