goodnews head

സാന്ത്വനസ്‌പര്‍ശമായി ബ്രണ്ണന്‍

Posted on: 30 Dec 2007


കലാലയത്തിന്റെ അതിരുകള്‍ മറന്ന് സാമൂഹിക സേവനത്തിന്റെ പുതിയ പാഠങ്ങള്‍ തീര്‍ക്കുകയാണ് തലശ്ശേരി ഗവ.ബ്രണ്ണന്‍ കോളേജിലെ വിദ്യാര്‍ഥികളും അധ്യാപകരും ജീവനക്കാരും.

അശരണരായ രോഗികളുടെയും വൃദ്ധജനങ്ങളുടെയും അനാഥബാല്യങ്ങളുടെയും ആശ്രയകേന്ദ്രമായ കണ്ണൂര്‍ ചൊവ്വയിലെ 'പ്രത്യാശാഭവന്‍' അന്തേവാസികളെ തേടി ബ്രണ്ണന്റെ സാന്ത്വന സ്​പര്‍ശമെത്തി. ബ്രണ്ണന്‍ കോളേജ് യൂണിറ്റ് എന്‍.സി.സിയാണ് സഹാനുഭൂതിയുടെ സന്ദേശമുയര്‍ത്തിപ്പിടിക്കുന്ന വ്യത്യസ്തമായ പരിപാടിക്ക് നേതൃത്വം നല്കിയത്. കോളേജില്‍നിന്ന് ശേഖരിച്ച ധാന്യങ്ങളും പലവ്യഞ്ജനങ്ങളുമടക്കം ഏകദേശം 20,000 രൂപയുടെ നിത്യോപയോഗ സാധനങ്ങളും വസ്ത്രങ്ങളുമായി അവര്‍ പ്രത്യാശാഭവനിലെത്തി. നൂറോളം എന്‍.സി.സി കാഡറ്റുകളും ഓഫീസര്‍മാരും അന്തേവാസികള്‍ക്കൊപ്പം ഉച്ചഭക്ഷണത്തില്‍ പങ്കുകൊണ്ടു.
ഒന്ന്, കേരള ആര്‍ട്ടിലറി ബാറ്ററി എന്‍.സി.സി കമാന്‍ഡിങ് ഓഫീസര്‍ കേണല്‍ സി.എന്‍.സുരേഷ് കുമാര്‍, മേജര്‍ പി.ഗോവിന്ദന്‍, സുബേദാര്‍ മേജര്‍ പി.ആര്‍.വിജയന്‍, പ്രൊഫ.ജ്യോത്സന ബെന്‍, അണ്ടര്‍ ഓഫീസര്‍ എല്‍.ആര്‍.നിഖില്‍ രാജ് എന്നിവര്‍ നേതൃത്വം നല്കി. പ്രത്യാശാഭവന്‍ ഡയറക്ടര്‍ സിസ്റ്റര്‍ സില്‍വി സാധനങ്ങള്‍ ഏറ്റുവാങ്ങി.

നേരത്തെ സാധനങ്ങള്‍ സമാഹരിക്കാന്‍ സംഘടിപ്പിച്ച ചടങ്ങ് പ്രിന്‍സിപ്പല്‍ പ്രൊഫ.കെ.പവിത്രന്‍ ഉദ്ഘാടനം ചെയ്തു. മേജര്‍ പി.ഗോവിന്ദന്‍ അധ്യക്ഷനായിരുന്നു. പ്രൊഫ.കെ.സി.കുമാരന്‍, കെ.ശ്രീലേഷ് എന്നിവര്‍ സംസാരിച്ചു.


 

 




MathrubhumiMatrimonial