goodnews head

കനിവിന്റെ വഴിയില്‍ വിജയകഥകള്‍

Posted on: 12 Jun 2008


ചെന്നൈ: ജെനിഫര്‍ ഡേവിഡ് ഇന്ന് അധ്യാപികയാണ്. നിര്‍ധനകുടുംബത്തിലെ നിരവധി കുട്ടികള്‍ക്ക് അക്ഷരം പകര്‍ന്നുനല്‍കുന്നു. എന്നാല്‍, ജെനിഫര്‍ ഈ നിലയിലേക്ക് എത്തിയതിന്റെ പിന്നിലുള്ള വഴികള്‍ ദുരിതമയമായിരുന്നു. തന്നെ പഠിപ്പിച്ച, ഇതുവരെ നേരില്‍ കാണാത്ത തന്റെ സ്‌പോണ്‍സറെക്കുറിച്ചുള്ള സ്നേഹത്തിന്റെ ഓര്‍മകള്‍ താലോലിക്കാനും ജെനിഫര്‍ മറക്കുന്നില്ല.

വിഴുപുരം ജില്ലയിലെ മേല്‍മലയന്നൂരിലാണ് ജെനിഫര്‍ ഡേവിഡിന്റെ ജനനം. ഒരു നിര്‍ധന കര്‍ഷക കുടുംബത്തിലെ മൂത്തവള്‍; ചെറുപ്പത്തിലേ പഠിക്കാന്‍ മിടുക്കി. ഒരുനേരത്തെ ഭക്ഷണത്തിനുപോലും ബുദ്ധിമുട്ടുന്ന അഞ്ചംഗ കര്‍ഷകകുടുംബമായിരുന്നു അവരുടേത്. വേള്‍ഡ്‌വിഷന്‍ എന്ന സന്നദ്ധസംഘടന ജെനിഫര്‍ക്ക് സ്‌പോണ്‍സറെ കണ്ടെത്തുന്നതോടെ കഥ മാറുന്നു.

ഒരിക്കലും നേരില്‍ കാണുകപോലും ചെയ്യാത്ത, ഒരാളുടെ സാമ്പത്തികസഹായത്തില്‍ ജെനിഫര്‍ പഠിച്ചു. ഒരു അധ്യാപികയാവുകയായിരുന്നു ജീവിതലക്ഷ്യം. എസ്.എസ്.എല്‍.സി.യില്‍ ഉന്നതവിജയം നേടിയ ജെനിഫര്‍ അധ്യാപനത്തില്‍ പരിശീലനവും നേടി. തുടര്‍ന്ന് മേല്‍മലയന്നൂരിലെ സ്വകാര്യസ്‌കൂളില്‍ അധ്യാപികയായി.

സ്‌കൂളില്‍നിന്നും ഒഴിവുകിട്ടുമ്പോള്‍ നിര്‍ധന കുടുബത്തിലെ കുട്ടികള്‍ക്ക് അക്ഷരം പകര്‍ന്നുനല്‍കാന്‍ സമയം കണ്ടെത്തുന്നു. 'സാമ്പത്തികപരാധീനതമൂലം കുട്ടികള്‍ പഠിക്കാതിരിക്കരുത്. എന്റെ അനുഭവം മറ്റുള്ളവര്‍ക്കും പാഠമാകണം' -നിറകണ്ണുകളോടെ ജെനിഫര്‍ ഇങ്ങനെ പറയുമ്പോള്‍, നിങ്ങള്‍ക്ക് പിന്തുണയുമായി ഞങ്ങള്‍ കൂടെയുണ്ട് എന്ന ഉറപ്പുമായി വേള്‍ഡ് വിഷന്‍ നാഷണല്‍ ഡയറക്ടര്‍ ഡോ. ജയകുമാര്‍ ക്രിസ്ത്യനും ഉറച്ചുനില്‍ക്കുന്നു.

പാട്ടത്തിനെടുത്ത കൃഷിഭൂമിയില്‍ ജോലിചെയ്യുന്ന ഡേവിഡിന്‍േറയും വയലറ്റിന്‍േറയും മൂത്തമകളാണ് ജെനിഫര്‍ ഡേവിഡ്. ''ഞങ്ങള്‍ അഞ്ചാംക്ലാസ്‌വരെ തന്നെ വളരെ കഷ്ടപ്പെട്ടാണ് അവളെ പഠിപ്പിച്ചത്. അതിനുശേഷം ഞങ്ങള്‍ പഠനം നിര്‍ത്താന്‍ ആവശ്യപ്പെട്ടു. അധ്യാപികയാവണമെന്നു പറഞ്ഞ് അവള്‍ കരയുകയായിരുന്നു. ഇതറിഞ്ഞാണ് ഇവര്‍ എത്തിയത്. ഇപ്പോള്‍ സന്തോഷും തോന്നുന്നു. ഞങ്ങള്‍ അവളുടെ സംരക്ഷണത്തിലാണ്'' -ജെനിഫറിന്റെ അമ്മ വയലറ്റ് പറഞ്ഞു. ജെനിഫറിന്റെ സഹോദരി ഷീബയുടെ പഠന സ്‌പോണ്‍സര്‍ഷിപ്പും വേള്‍ഡ് വിഷന്‍ ഏറ്റെടുത്തിരിക്കുകയാണ്. ഷീബ ബി.ബി.എ. രണ്ടാംവര്‍ഷ വിദ്യാര്‍ഥിനിയാണ്. സന്മനസ്സുള്ള ഏതാനും വ്യക്തികളുടെ ഉദാരതയില്‍ ഇവിടെ ഒരു കുടുംബമാണ് പച്ചപിടിച്ചത്.

ദാരിദ്ര്യത്തിന്റെ പടുകുഴിയില്‍നിന്നു കരകയറിയ ഇത്തരത്തിലുള്ള നിരവധി കുടുംബങ്ങളുടെ കണക്കുകളാണ് വേള്‍ഡ്‌വിഷന് നേതൃത്വം നല്‍കുന്ന ഡോ. ജയകുമാറിന് പറയാനുള്ളത്. വിവിധ സംസ്ഥാനങ്ങളില്‍നിന്നുള്ള രണ്ടു ലക്ഷത്തിലധികം കുട്ടികള്‍ക്കാണ് സ്‌പോണ്‍സര്‍മാരുടെ സംഘടന പഠനസഹായം നല്‍കുന്നത്. രാജ്യവ്യാപകമായി 160 ജില്ലകളിലെ കുട്ടികള്‍ക്ക് പഠനത്തിന് ഇവര്‍ സഹായം നല്‍കുന്നു. ഇതിലൂടെ നിരവധി കുടുംബങ്ങള്‍ സാമ്പത്തികമായി മുന്‍നിരയിലെത്തുകയും ചെയ്തു. പത്തുവര്‍ഷത്തിനുള്ളില്‍ രണ്ടു ലക്ഷത്തോളം സ്‌പോണ്‍സര്‍മാരെ കണ്ടെത്താനും കഴിഞ്ഞു.

വേള്‍ഡ്‌വിഷന്റെ പ്രവര്‍ത്തനത്തിന് പിന്തുണയുമായി നടി വൃന്ദയും ഉണ്ട്. സിനിമാരംഗത്തെ നിരവധി പേരെ ഈ രംഗത്തേക്ക് സഹായഹസ്തവുമായി എത്തിക്കാന്‍ കഴിഞ്ഞതിലുള്ള സന്തോഷത്തിലാണ് വൃന്ദ.

വിഴുപുരം ജില്ലയിലെ പിന്നാക്ക ഗ്രാമങ്ങളായ പെരുമ്പല്ലൂര്‍, ജിഞ്ചി എന്നിവിടങ്ങളില്‍നിന്നുമാത്രം വേള്‍ഡ്‌വിഷന്‍ 2000 കുട്ടികളെ പഠനത്തിനായി തിരഞ്ഞെടുത്തിട്ടുണ്ട്. ഇവര്‍ക്ക് പഠനത്തിനുള്ള പൂര്‍ണ സഹായം നല്‍കുകയാണ് ലക്ഷ്യം. സ്‌പോണ്‍സര്‍ഷിപ്പ് ആഗ്രഹിക്കുന്നവരില്‍നിന്നു മാസം 600 രൂപയാണ് സംഭാവനയായി സ്വീകരിക്കുന്നത്. ഈ പ്രവര്‍ത്തനങ്ങള്‍ ജനങ്ങളിലേക്ക് എത്തിക്കുന്നതിന് 'കനവുകള്‍' എന്ന പേരില്‍ ടെലിവിഷന്‍ പരിപാടി സംപ്രേഷണം ചെയ്യാനുള്ള തയ്യാറെടുപ്പിലാണ് ബന്ധപ്പെട്ടവര്‍.

ലൈംഗികത്തൊഴിലാളികള്‍ക്കിടയിലും പ്രവര്‍ത്തനം വ്യാപിപ്പിക്കാനാണ് തീരുമാനമെന്ന് ഡോ. ജയകുമാര്‍ പറഞ്ഞു. ലൈംഗികത്തൊഴിലാളികളുടെ കുട്ടികളെ ദത്തെടുത്ത് പഠിപ്പിക്കാനാണ് തീരുമാനം.

പി. സുനില്‍കുമാര്‍

 

 




MathrubhumiMatrimonial