
കുടിക്കാം ദാഹജലം; അറിയാം 'കൈ'വിടാത്ത ഈ സ്നേഹധാരയെ
Posted on: 27 Dec 2007

ശൂരനാട് മനുഭവനില്‍ മോഹനന്‍പിള്ളയെന്നാണ് മുഴുവന്‍ പേര്. 'ശൂരനാട് മോഹനന്‍' എന്നു പറഞ്ഞാലേ എല്ലാവരും അറിയൂ. പതിമൂന്നാം വയസ്സിലാണ് കൈപ്പത്തി അറ്റുപോയ അപകടം ഉണ്ടായത്. നെല്ലുകുത്തുമില്ലില്‍പ്പെട്ടുപോയതാണ്. പക്ഷേ, അതുകൊണ്ടൊന്നും ജീവിതത്തിന്റെ ഊര്‍ജ്ജവും ഉത്സാഹവും എവിടെയും പോയില്ലെന്ന് തെളിയിക്കുകയാണ് മോഹനന്‍. ശബരിമല സന്നിധാനത്ത് ദിവസക്കൂലിക്ക് കുടിവെള്ളവിതരണം നടത്താന്‍ എത്തുന്നത് ജീവിക്കാന്‍ മാത്രമല്ലെന്ന് ഈ മനുഷ്യന്‍ പറയും.
അയ്യപ്പഭക്തര്‍ക്ക് ഒരുതുടം വെള്ളം നല്‍കുന്നതിനപ്പുറം ഒരു പുണ്യമില്ലെന്ന തിരിച്ചറിവ്. അതുകൊണ്ട് ഒന്‍പതുവര്‍ഷമായി മുടങ്ങാതെ കുടിവെള്ളം നല്‍കാന്‍ സന്നിധാനത്തു വരുന്നുണ്ട്.
അയ്യപ്പസന്നിധിയില്‍ സജീവമാകുംമുമ്പ് ഒരു പോരാളിയുടെ വേഷവും ഉണ്ടായിരുന്നു. 1991ലെ അസംബ്ലി തിരഞ്ഞെടുപ്പില്‍ വികലാംഗപ്രശ്‌നം ഉയര്‍ത്തി മത്സരരംഗത്ത് വന്നിരുന്നു. മറ്റൊരു വിഷയത്തില്‍ സെക്രട്ടേറിയറ്റിനുമുന്നില്‍ നെരിപ്പോട് പുകച്ചായിരുന്നു പ്രതിഷേധം. വോട്ടര്‍പ്പട്ടികയുടെ കോപ്പി കിട്ടാത്തതിന് സെക്രട്ടേറിയറ്റുനടയ്ക്കല്‍ ഉപവാസം, തുടങ്ങി അനീതിക്ക് എതിരായ പോരാട്ടങ്ങള്‍ അനവധി.
ഇപ്പോള്‍ വികലാംഗ ഐക്യവേദിയുടെ സംസ്ഥാന ചെയര്‍മാനാണ്. ശബരിമലസീസണ്‍ കഴിഞ്ഞാല്‍ ഏതു പണിയുമെടുക്കും.
ഒരു കൈപ്പത്തി ഇല്ലെങ്കിലും പറമ്പു കിളയ്ക്കും, വിറകുകീറും, ചെറുകിട ബിസിനസ്സും പയറ്റും. 30 കിലോഗ്രാംവരെ തന്റെ മുറിഞ്ഞ കൈയില്‍ തൂക്കിയിടാനാവുമെന്ന് മോഹനന്‍ പറയുന്നു.
