goodnews head

വാസുവേട്ടന്‍ വൃക്ഷത്തൈകള്‍ നടുന്നു; എഴുപത്തിരണ്ടാം വയസ്സിലും

Posted on: 10 Jun 2008


വാണിയംകുളം: പ്രകൃതിക്കും പരിസ്ഥിതിക്കുമായി ഉഴിഞ്ഞുവെച്ച ജീവിതം 72-ാം വയസ്സിലും തുടരുകയാണ് മയിലുംപുറം പുത്തന്‍വീട്ടിലെ പി.വാസു. പ്രായത്തിന്റെ വിവശതയിലും നഗരപ്പാതകളില്‍ താന്‍ നട്ടുവളര്‍ത്തിയ വൃക്ഷങ്ങളെ താലോലിക്കാനും പരിപാലിക്കാനും വാസുവേട്ടന്‍ എത്തുന്നു. മരങ്ങള്‍ വാസുവിന് അന്നുംഇന്നും ജീവശ്വാസമാണ്.

ഒറ്റപ്പാലത്തെ ടി.ബി. റോഡില്‍ വാസു നട്ടുവളര്‍ത്തിയ ആല്‍മരവും പാലയുമെല്ലാം വന്‍വൃക്ഷങ്ങളായി പന്തലിച്ചുനില്‍ക്കുന്നു. പൊതുവഴികളില്‍ വൃക്ഷത്തൈകള്‍ നട്ടുപിടിപ്പിക്കുന്നത് വാസുവിന് നേരമ്പോക്കല്ല, മറിച്ച് ഒരു നിയോഗമാണ്.

മരം ജീവവായുവാണെന്ന തിരിച്ചറിവാണ് വാസുവിന്റെ പ്രേരണയും പ്രചോദനവും. തുടര്‍ന്ന് തളര്‍ന്നുവരുന്നവര്‍ക്കും വിശ്രമത്തിന്റെ ഇത്തിരിവെട്ടംതേടി എത്തുന്നവര്‍ക്കും ആശ്വാസത്തിന്റെ തണലൊരുക്കുക എന്ന ദൗത്യമാണ് വാസു ഏറ്റെടുത്തിരിക്കുന്നത്. ആരുടെയും പ്രേരണയിലല്ല ഈ കര്‍മപഥം.

വലിയ കുഴിയെടുത്ത് ചായച്ചണ്ടി, വെണ്ണീര്‍, ആട്ടിന്‍ കാഷ്ഠം, പച്ചില എന്നിവ ഇട്ടാണ് തൈ നടുക. തുടര്‍ന്ന് രണ്ടുവര്‍ഷക്കാലം വേനലില്‍ നനയ്ക്കുകയും ചെയ്യും. ആടുമാടുകള്‍ തിന്നാതിരിക്കാന്‍ ഇല്ലിമുള്ളുകള്‍കൊണ്ട് വേലികെട്ടണം. മരത്തിന്റെ വളര്‍ച്ച അനുസരിച്ച് ഇലക്ട്രിക് കമ്പിയിലും മറ്റും മുട്ടാതിരിക്കാന്‍ കയറുകൊണ്ടും വേര്‍തിരിച്ചുകെട്ടണം. മനുഷ്യരില്‍നിന്ന് മരത്തെ സംരക്ഷിച്ചുനിര്‍ത്തുകയാണ് ഏറെ പ്രയാസമെന്ന് വാസു പറയുന്നു. ഒറ്റപ്പാലത്തെ എന്‍.എസ്.എസ്.കെ.പി.ടി. ഹൈസ്‌കൂളിനുമുന്നില്‍ വാസു നട്ടുവളര്‍ത്തിയ വന്‍ ആല്‍വൃക്ഷം വര്‍ഷങ്ങള്‍ക്ക് മുമ്പ് അഴുക്കുചാല്‍ ഉണ്ടാക്കാനെന്ന പേരില്‍ ഒരു എന്‍ജിനിയര്‍ മുറിച്ചുനീക്കിയത് ഇന്നും വാസുവിന് തീരാവേദനയാണ്.

1983-ല്‍ നട്ട ആല്‍ ഇന്ന് വലിയ വൃക്ഷമായി ഒറ്റപ്പാലം ടി.ബി. റോഡിലെ എന്‍.എസ്.എസ്. കെ.പി.ടി. സ്‌കൂളിന് മുമ്പില്‍ പടര്‍ന്നുനില്‍ക്കുന്നു. സമീപത്തുതന്നെ പാല, ഉങ്ങ് തുടങ്ങിയ മരങ്ങളുണ്ട്.

സ്‌കൂളിലെ കുട്ടികള്‍ ഓടിക്കളിക്കുമ്പോള്‍ ക്ഷീണമകറ്റാന്‍ പച്ചിലക്കാറ്റ് നല്ലതാണല്ലോ എന്നുകരുതിയാണ് ഇവ ഇവിടെ നട്ടുവളര്‍ത്തിയത്. റോഡരിക് കൂടാതെ നെടുങ്ങോട്ടൂര്‍ ശിവക്ഷേത്രം തുടങ്ങിയ ക്ഷേത്രവളപ്പുകളിലും മരങ്ങള്‍ നട്ടുപിടിപ്പിച്ചിട്ടുണ്ട്. വാസു നട്ടുവളര്‍ത്തിയ വന്‍വൃക്ഷങ്ങള്‍ പലതും ഒറ്റപ്പാലത്ത് തണല്‍വിരിച്ച് നില്‍പ്പുണ്ട്.

മുമ്പ് വീടുകളിലേക്ക് സാധനങ്ങള്‍ വാങ്ങി എത്തിക്കുന്ന ജോലിയായിരുന്നു. ഓട്ടോറിക്ഷ വന്നപ്പോള്‍ അത് നിര്‍ത്തി. ഇപ്പോള്‍ രണ്ട് പശുക്കളെ വളര്‍ത്തുന്നുണ്ട്. സോഷ്യലിസ്റ്റ് പാര്‍ട്ടിയില്‍ അംഗമായിരുന്ന ഇദ്ദേഹം അടിയന്തരാവസ്ഥ കാലത്ത് ഒരുമാസം ജയിലിലും കിടന്നിട്ടുണ്ട്. ലോകപരിസ്ഥിതിദിനമായ ജൂണ്‍ 5ന് ഒറ്റപ്പാലം നഗരസഭ നടപ്പാക്കുന്ന ഹരിത വനവത്കരണപദ്ധതിയുടെ ഉദ്ഘാടനച്ചടങ്ങില്‍ ഇദ്ദേഹത്തെ ആദരിക്കുന്നുണ്ട്. അന്നമ്മയാണ് വാസുവിന്റെ ഭാര്യ. ഏഴ് മക്കളുണ്ട്.

സുകേഷ് ഇമാം

 

 




MathrubhumiMatrimonial