goodnews head

വിജയവീഥിയില്‍ ഫാദില്‍

Posted on: 05 Jun 2008


കോഴിക്കോട്: അച്ഛന്റെ ചായക്കടയ്ക്കുമുമ്പില്‍ നില്‍ക്കുമ്പോള്‍ ഫാദിലിന്റെ മുഖത്ത് അഭിമാനത്തിന്റെ ചിരി. സംസ്ഥാന മെഡിക്കല്‍ എന്‍ട്രന്‍സ് പരീക്ഷയില്‍ കോഴിക്കോട് ജില്ലയില്‍ ഒന്നാം സ്ഥാനവും സംസ്ഥാനത്ത് 25-ാം റാങ്കും നേടിയ ഉമ്മര്‍ഫാദില്‍ അച്ഛന്റെ സ്വപ്നം സാക്ഷാത്കരിച്ചതിന്റെ സന്തോഷത്തിലാണ്.

പഠിത്തത്തില്‍ ചെറുപ്പം മുതല്‍ത്തന്നെ മിടുക്കനായിരുന്ന ഫാദില്‍ പത്താം ക്ലാസ്സുവരെ വേങ്ങേരി യു.പി.സ്‌കൂളിലും കോഴിക്കോട് ഗവ. മോഡല്‍ സ്‌കൂളിലുമായിരുന്നു പഠനം. ഉയര്‍ന്ന മാര്‍ക്കോടെ പത്താം ക്ലാസ് വിജയിച്ച ഫാദില്‍ പ്ലസ്ടുവിന് സെന്റ് ജോസഫ്‌സ് സ്‌കൂളില്‍ ചേര്‍ന്നു. കഴിഞ്ഞ വര്‍ഷം പ്രവേശന പരീക്ഷ എഴുതിയെങ്കിലും എം.ബി.ബി.എസ്സിന് നാട്ടില്‍ പ്രവേശനം ലഭിക്കില്ലെന്ന കാരണത്താല്‍ വീണ്ടും ഒരു ശ്രമം കൂടി നടത്താന്‍ തീരുമാനിക്കുകയായിരുന്നു. ഫാദിലിന്റെ നിശ്ചയദാര്‍ഢ്യത്തിനു വീട്ടുകാര്‍ പൂര്‍ണ പിന്തുണയും നല്‍കി.ആറാം ക്ലാസുവരെ മാത്രം പഠിച്ച അച്ഛന്‍ സുലൈമാന് മക്കള്‍ നന്നായി പഠിച്ച് നല്ല ജോലി ലഭിക്കണമെന്ന മോഹം മാത്രമേ ഉണ്ടായിരുന്നുള്ളൂ. അഞ്ചുവര്‍ഷം കഴിഞ്ഞാല്‍ മകന്‍ ഡോക്ടറായി വരുമെന്നത് ഇപ്പോഴും സ്വപ്നമെന്നപോലെയാണ് സുലൈമാന്. ''എല്ലാം മോന്റെ പരിശ്രമത്തിന്റെ മാത്രം ഫലമാണ്. പഠിത്തം മാത്രമാണ് രക്ഷയെന്ന് ഞാനെപ്പോഴും പറയും'' - സുലൈമാന്‍ പറയുന്നു.

കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ത്തന്നെ പഠനം നടത്തണമെന്നാണ് ഫാദിലിന്റെ ആഗ്രഹം. അച്ഛനും അമ്മയും രണ്ട് സഹോദരികളും ഉള്‍പ്പെട്ട കുടുംബത്തിന്റെ പ്രതീക്ഷകള്‍ കാക്കുന്ന ഈ പതിനേഴുകാരന്‍ കലാകാരന്‍കൂടിയാണ്. ഗ്ലാസ് പെയിന്റ് ചെയ്ത് സ്വന്തം ആവശ്യത്തിനുള്ള പണം സമ്പാദിക്കാനും ഈ മിടുക്കന്‍ തയ്യാറായി. രണ്ടു വീടുകള്‍ക്ക് ഇതിനകം ഗ്ലാസ് പെയിന്റ് ചെയ്തു കഴിഞ്ഞു, ഫാദില്‍. ഇതിനു പുറമെ ഡിസൈനിങ്, ഡ്രോയിങ് ഇവയിലെല്ലാം ഫാദില്‍ ഒരു കൈ നോക്കാറുണ്ട്. ''ഇതെല്ലാം പുസ്തകം നോക്കി പഠിച്ചതാണ്. പിന്നെ വെറുതെയിരിക്കുമ്പോള്‍ ചെയ്തുനോക്കി. മുമ്പ് കമ്പിളിനൂലുകൊണ്ട് സ്വെറ്ററൊക്കെ ഉണ്ടാക്കുമായിരുന്നു''- സംഗീത പ്രേമികൂടിയായ ഫാദില്‍ പറഞ്ഞു.

വേങ്ങേരി അങ്ങാടിയിലെ ഒരു നാടന്‍ ചായക്കടയാണ് സുലൈമാന്‍േറത്. അദ്ദേഹത്തിന്റെ പിതാവ് തുടങ്ങിവെച്ച ചായക്കട. ഉമ്മ സലീന വീട്ടമ്മയാണ്. മൂത്ത സഹോദരി ലൈന, ഇഖ്‌റ ആസ്​പത്രിയില്‍ അക്കൗണ്ടന്റായി ജോലി നോക്കുന്നതോടൊപ്പം എം.കോമിന് പഠിക്കുകയും ചെയ്യുന്നു. ഇളയസഹോദരി ഐഫ ഇപ്പോള്‍ പ്ലസ്ടുവിന് പഠിക്കുന്നു. കമ്പ്യൂട്ടറോ എന്തിന് സ്വന്തമായി പുസ്തകശേഖരം പോലും സ്വന്തമായില്ലാത്ത ഫാദില്‍ വീട്ടുകാരോടും തന്നെ പ്രോത്സാഹിപ്പിച്ച നാട്ടുകാരോടും എന്‍ട്രന്‍സ് പരിശീലനത്തിനു സഹായിച്ച പ്രൈം ഇന്‍സ്റ്റിറ്റിയൂട്ടിലെ അധ്യാപകരോടും തന്റെ വിജയത്തിന് നന്ദി പറയുന്നു. പ്രതിസന്ധികള്‍ തരണം ചെയ്ത് കുടുംബത്തിലെ ആദ്യ ഡോക്ടറാവാനുള്ള ചുവടുവെപ്പിലാണ് ഫാദില്‍ ഇപ്പോള്‍.

അഞ്ജന ശശി

 

 




MathrubhumiMatrimonial