
പെണ്‍കരുത്തിന്റെ വിജയഗാഥയുമായി 'കതിര്‍'
Posted on: 20 Dec 2007

മികവിന്റെ അംഗീകാരമായി മൂന്നു വര്‍ഷം മുമ്പ് എടയ്ക്കല്‍ മോഹനന്‍ സ്മാരക പുരസ്‌കാരം നേടിയപ്പോള്‍ അംഗങ്ങള്‍ മനസ്സില്‍ കുറിച്ചിട്ടതാണ് സ്വന്തം കെട്ടിടം എന്ന മോഹം. അതും പൂര്‍ത്തിയാക്കി പുതിയ പ്രതീക്ഷകളെ നെഞ്ചേറ്റുകയാണ് എടവക ഗ്രാമപഞ്ചായത്തിലെ ഈ എസ്.ടി. കുടുംബശ്രീ. ഒരു ലക്ഷത്തിലേറെ കുടകള്‍ നിര്‍മിച്ച് ഇതിനകം ഇവര്‍ വില്പന നടത്തി. മൂന്നര ലക്ഷം രൂപയാണ് ഇപ്പോഴത്തെ ബാങ്ക് ബാലന്‍സ്. എടവകയിലെ ചുള്ളിയില്‍ കുറിച്യ സമുദായാംഗങ്ങള്‍ മാത്രമുള്ള കതിര്‍ കുടുംബശ്രീ സ്ത്രീ ശാക്തീകരണപ്രസ്ഥാനങ്ങള്‍ക്കാകെ മാതൃകയാണ്. ഈ തിരിച്ചറിവില്‍ ജില്ലാ പഞ്ചായത്ത് രണ്ടര ലക്ഷം രൂപ ചെലവില്‍ നിര്‍മിച്ചുനല്‍കിയ കെട്ടിടം കഴിഞ്ഞ ദിവസം കെ.സി.കുഞ്ഞിരാമന്‍ എം.എല്‍.എ. ഉദ്ഘാടനം ചെയ്തു.
കുട നിര്‍മാണത്തിന് നേരിട്ട സ്ഥലപരിമിതിക്കും ഇതോടെ പരിഹാരമായി. സെക്രട്ടറി സുജാതയുടെ വീട്ടുവരാന്തയിലാണ് ഇതുവരെ കുടകള്‍ നിര്‍മിച്ചത്. കുടയ്‌ക്കൊപ്പം ബാഗും ചെരിപ്പുമുണ്ടാക്കുകയാണ് അടുത്ത ലക്ഷ്യമെന്ന് പ്രസിഡന്റ് കെ.സരള പറഞ്ഞു. നിസ്സ്വാര്‍ഥമായി ജോലി ചെയ്യുന്ന പതിമൂന്നംഗങ്ങളാണ് ഇവരുടെ വിജയഗാഥയ്ക്ക് പിന്നില്‍. ഏഴര ലക്ഷം രൂപ ബാങ്കില്‍ നിന്ന് വായ്പയെടുത്താണ് കുടനിര്‍മാണം ആരംഭിച്ചത്. ഇതില്‍ നാലര ലക്ഷം തിരിച്ചടച്ചു. ജില്ലയിലെ മിക്ക സ്‌കൂളുകളിലും കുടുംബശ്രീ ചന്തകളിലും കുടകള്‍ വിറ്റഴിച്ചു. എടവക ഗ്രാമപഞ്ചായത്തില്‍ പട്ടികജാതി- വര്‍ഗ വിദ്യാര്‍ഥികള്‍ക്ക് പഞ്ചായത്ത് നല്‍കിയത് കതിരിന്റെ കുടകളാണ്.
ജില്ലയിലെ ഏറ്റവും നല്ല കുടുംബശ്രീക്കുള്ള അവാര്‍ഡാണ് 2004-ല്‍ നേടിയ എടയ്ക്കല്‍ മോഹനന്‍ സ്മാരക പുരസ്‌കാരം.
കാര്‍ഷിക മേഖലയിലും വിജയചരിത്രം മാത്രമേ ഇവര്‍ക്കുള്ളൂ. കൃഷി പണികള്‍ക്കായി മുപ്പതിനായിരം രൂപ വീതം ഓരോ അംഗത്തിനും വായ്പ നല്‍കിയിട്ടുണ്ട്. രണ്ടര ഏക്കര്‍ മുതല്‍ നാലേക്കര്‍ വരെ നെല്‍കൃഷി നടത്തുന്ന അംഗങ്ങള്‍ ഉണ്ട്. കൂടാതെ ഇഞ്ചി, വാഴ, ചേന എന്നിവയും അംഗങ്ങളുടെ കൃഷിയിടങ്ങളില്‍ വിളയുന്നു. ജീവകാരുണ്യ-സാമൂഹിക പ്രവര്‍ത്തനങ്ങളിലും ഈ ആദിവാസി സഹോദരിമാര്‍ മുന്നിലാണ്. ഗ്രാമപഞ്ചായത്തിന്റെയും കുടുംബശ്രീ മിഷന്റെയും നിര്‍ലോഭമായ പിന്തുണയും ഇവര്‍ക്കുണ്ട്. വളയിട്ട കരങ്ങള്‍ക്ക് വഴങ്ങാത്തതായി ഒന്നുമില്ലെന്ന് ഇവര്‍ ഒന്നിച്ചുപറയുമ്പോള്‍ മുഖങ്ങളില്‍ വിരിയുന്നത് ആത്മവിശ്വാസത്തിന്റെ പുഞ്ചിരിയാണ്.
