goodnews head

ബദിയടുക്കയിലെ ഷാഫിയുടെ കട; നിങ്ങളുടെയും

Posted on: 27 May 2008


ബദിയടുക്ക: ഷാഫിയുടെ കടയില്‍ നിങ്ങള്‍ക്കാവശ്യമായ സാധനങ്ങള്‍ സ്വയം തൂക്കിയെടുക്കാം. നിങ്ങള്‍ക്കുതന്നെ പാക്ക്‌ചെയ്യാം. കാഷ്‌കൗണ്ടറില്‍ പണം നിക്ഷേപിച്ച് ബാക്കി എടുക്കുന്നതും നിങ്ങള്‍തന്നെ. കടയില്‍ ദിവസം 2000 രൂപയുടെ വിറ്റുവരവുണ്ട്. കുറഞ്ഞത് 200 രൂപയുടെ ലാഭവും.

വാഹനാപകടത്തില്‍ പരിക്കേറ്റ് ചലനശേഷി നഷ്ടപ്പെട്ട മുണ്ട്യത്തടുക്ക ഗണാജെയിലെ അബ്ദുല്‍ഖാദറിന്റെ മകന്‍ മുഹമ്മദ്ഷാഫി (43) ജീവിതം വഴിമുട്ടിയപ്പോള്‍ അതിനെ നേരിടാനാണ് പലചരക്കുകട തുങ്ങിയത്. കടയില്‍ ആവശ്യത്തിന് വില്‍പ്പനയുണ്ടെന്നാണ് ഷാഫി പറയുന്നത്.

പ്രൈമറി വിദ്യാഭ്യാസം മാത്രം ലഭിച്ച മുഹമ്മദ്ഷാഫി ഇലക്ട്രീഷ്യനായിരുന്നു. നാട്ടുകാര്‍ക്കൊക്കെ വൈദ്യുതി സംബന്ധമായ കാര്യങ്ങള്‍ക്ക് ഷാഫിയില്ലാതെ പറ്റില്ല. 2006 ജനവരി 17 ന് വാഹനാപകടരൂപത്തില്‍ ദുരന്തം ഷാഫിയെ തേടിയെത്തി. അടുത്ത വീട്ടിലെ വൈദ്യതിത്തകരാറ് ശരിയാക്കാന്‍ ഇരുചക്ര വാഹനത്തില്‍ പോകുമ്പോഴാണ് എതിരെ വന്ന സ്‌കൂള്‍വാന്‍ ഇടിച്ചത്. ദീര്‍ഘകാലം ചികിത്സ തേടിയിട്ടും ചലനശേഷി പൂര്‍ണമായി വീണ്ടുകിട്ടിയില്ല. സ്‌ക്രൂഡ്രൈവര്‍ പിടിക്കാന്‍ കൈകള്‍ വഴങ്ങാതായപ്പോള്‍ ഇലക്ട്രീഷ്യന്‍ ജോലി അവസാനിപ്പിക്കേണ്ടിവന്നു. സഞ്ചാരത്തിന് ചക്രക്കസേര വേണ്ടിവന്നെങ്കിലും ഷാഫി വെറുതെ ഇരിക്കാന്‍ തയ്യാറായില്ല. അങ്ങനെയാണ് പലചരക്കുകട തുടങ്ങിയത്.

അതിലൂടെ കിട്ടുന്ന സമ്പാദ്യം ഉപയോഗിച്ച് വീടുപണി തുടങ്ങിയിരിക്കായാണ് ഷാഫി. അല്ലലില്ലാതെ വീടുപണിയും മുന്നോട്ടുപോകുമെന്നാണ് ഷാഫി പ്രതീക്ഷിക്കുന്നത്.

 

 




MathrubhumiMatrimonial