
ആഷാമേനോന്റെ ഷഷ്ടിപൂര്‍ത്തി സ്‌നേഹം അന്തേവാസികള്‍ക്കൊപ്പം
Posted on: 15 Dec 2007

പുനരധിവാസകേന്ദ്രത്തില്‍ മാതൃകാദമ്പതിമാരായി കഴിയുന്ന പരമേശ്വരനും പുഷ്പലതയും അശ്വനി, ആശിഷ്, വിപിന്‍ തുടങ്ങിയവരും ചേര്‍ന്ന് വേദപാരായണം നടത്തി. അശ്വനി വരച്ച ഒരുചിത്രം പിറന്നാള്‍ സമ്മാനമായി ആഷാമേനോന് നല്‍കുകയും ചെയ്തു. ഇടുക്കപാറ എയ്ഡ്‌സ് പുനരധിവാസകേന്ദ്രത്തിന്റെ ഉദ്ഘാടനത്തിനുശേഷമുള്ള ആദ്യ സദ്യയും ആഷാമേനോന്റെ വകയായി നടന്നു.
കൊല്ലങ്കോട് കൊട്ടാരത്തിന് മുന്‍വശത്തെ കാമ്പ്രത്ത് വിട്ടിലെ ശ്രീകുമാരമേനോന്റെ പുറംലോകം അറിയുന്ന തൂലികാനാമമാണ് ആഷാമേനോന്‍. സഹോദരി രമയുടെ മകളാണ് ആഷ. തന്റെ സൃഷ്ടികളെല്ലാം പൊതുവേ സംസ്‌കൃതപദ ജഡിലമാണെന്ന് വിമര്‍ശകര്‍ പറയാറുള്ളതായി ആഷാമേനോന്‍ ഓര്‍ക്കുന്നു. സംസ്‌കൃതപണ്ഡിതനായിരുന്ന അച്ഛന്‍ ശങ്കരന്‍കുട്ടിമേനോന്റെ വലിയ സ്വാധീനമാണ് ഭാഷാശൈലിയിലെ സംസ്‌കൃതപദങ്ങളുടെ ആധിക്യത്തിന് കാരണമായിത്തീര്‍ന്നതെന്നാണ് ആഷാമേനോന്‍ പറയുന്നത്.
കൊല്ലങ്കോട് രാജാസ് ഹൈസ്‌കൂള്‍, ചിറ്റൂര്‍ ബ്ലോക്ക് എന്നിവിടങ്ങളിലെ പഠനശേഷം ഫിസിക്‌സില്‍ ബിരുദവുമായി മദ്രാസിലെ ഗിണ്ടിയില്‍ എന്‍ജിനിയറിങ്ങിന് പഠിക്കുന്നതിനിടെയാണ് അച്ഛന്റെ ആകസ്മികമരണം നടന്നത്. തുടര്‍ന്ന് പഠനം ഉപേക്ഷിച്ച് കൊല്ലങ്കോട്ടെത്തിയ താന്‍ എഴുത്തിന്റെ ലോകത്തേക്ക് ഇറങ്ങുകയായിരുന്നു. 1971 ല്‍ 'മാതൃഭൂമി' ആഴ്ചപ്പതിപ്പില്‍ ആദ്യലേഖനം പ്രസിദ്ധീകരിച്ചു. 78 ല്‍ പുതിയ പുരുഷാര്‍ത്ഥങ്ങള്‍ എന്ന ഉപന്യാസസമാഹാരം പുറത്തിറങ്ങി. 30-ാം വയസ്സില്‍ സാഹിത്യരംഗത്ത് സജീവമായി എഴുതിത്തുടങ്ങി. 1971 ല്‍ സൗത്ത് ഇന്ത്യന്‍ ബാങ്കില്‍ ജോലിയില്‍ പ്രവേശിച്ച ആഷാമേനോന്‍ പിന്നീട് ഒ.വി. വിജയനുള്‍പ്പെടെയുള്ള സാഹിത്യ കുലപതികളുടെ അടുത്ത സഹപ്രവര്‍ത്തകനായി മാറുകയായിരുന്നു.
