
ചെക്ഡാമില്‍ മുങ്ങിത്താഴ്ന്ന അമ്മയെയും മൂന്ന് മക്കളെയും 13 കാരി രക്ഷിച്ചു
Posted on: 19 May 2008

ശനിയാഴ്ച വൈകീട്ട് ആറുമണിയോടെ മംഗലംഡാമില്‍ നിന്നുള്ള പുഴയും തിണ്ടില്ലംപുഴയും ഒന്നിക്കുന്ന കളവപ്പാടം കൂട്ടില്‍മൊക്ക് ചെക്ഡാമിലാണ് സംഭവം. പുഷ്പലത മക്കളെയും ഭര്‍ത്താവിന്റെ സഹോദരിയുടെ മകളെയും കൂട്ടി കുളിക്കാന്‍ പോയതായിരുന്നു. ഇവര്‍ അലക്കുന്നതിനിടെ പടവുകളില്‍ നിന്ന് കുളിക്കുകയായിരുന്നു കുട്ടികള്‍. ഇതിനിടെ എട്ടുവയസ്സുകാരി സാന്ദ്ര വെള്ളക്കെട്ടിലേക്ക് കാല്‍വഴുതി.
ഈ സമയത്ത് നീതുവിന്റെ കഴുത്തില്‍ സാന്ദ്ര പിടികൂടി. നീതു സന്ധ്യയുടെ കൈയിലും പിടിച്ചു. ഇതോടെ മൂവരും വെള്ളക്കെട്ടിലേക്ക് വീണു. വസ്ത്രം അലക്കുകയായിരുന്ന പുഷ്പലത തിരിഞ്ഞുനോക്കുമ്പോള്‍ മൂന്നുകുട്ടികളും മുങ്ങിത്താഴുന്നതാണ് കണ്ടത്. നീന്തലറിയില്ലെങ്കിലും പുഷ്പലത വെള്ളക്കെട്ടിലേക്ക് ചാടി. മൂന്നുകുട്ടികളും വെള്ളത്തില്‍നിന്ന് രക്ഷപ്പെടാന്‍ പുഷ്പലതയെ പിടിച്ചുവലിച്ചു. ഇതോടെ നാലുപേരും വെള്ളത്തില്‍ മുങ്ങി.
കുട്ടികളും അമ്മയും മുങ്ങിത്താഴുന്നതുകണ്ട് അയല്‍വാസിയായ ഡിനു വെള്ളക്കെട്ടിലേക്ക് ചാടി. സന്ധ്യയെയും നീതുവിനെയും ആദ്യം കരയിലെത്തിച്ചു. തൊട്ടുപിറകെ പുഷ്പലതയെയും സാന്ദ്രയെയും. കിഴക്കഞ്ചേരി ചുമട്ടുതൊഴിലാളിയായ ഗംഗാധരന്റെയും ദേവകിയുടെയും മകളാണ് ഡിനു.
നീന്താനറിയുമെന്ന ആത്മവിശ്വാസമാണ് വെള്ളക്കെട്ടിലേക്ക് ചാടാന്‍ ധൈര്യം പകര്‍ന്നതെന്ന് ഡിനു പറഞ്ഞു. വിധി മറ്റൊന്നാവേണ്ട സാഹചര്യത്തില്‍ ദൈവത്തെപ്പോലെയാണ് ഡിനു രക്ഷയ്‌ക്കെത്തിയതെന്ന് പുഷ്പലത പറയുന്നു. സാന്ദ്ര, നീതു, സന്ധ്യ എന്നിവരുടെ മുഖത്ത് ഇപ്പോഴും മരണത്തെ മുഖാമുഖം കണ്ടതിന്റെ ഭീതി.
