goodnews head

ധൂര്‍ത്തിനെതിരെ ഒരു ലളിത വിവാഹം; വിവാഹദിവസം സ്ത്രീധനത്തിനെതിരെ പഠനക്ലാസ്‌

Posted on: 07 May 2008


കാഞ്ഞങ്ങാട്: കണ്ണഞ്ചിപ്പിക്കുന്ന മണിയറയില്ല, സ്ത്രീധനമായി കാറോ സ്വര്‍ണ്ണമോ ഇല്ല..കല്യാണവീട്ടില്‍ തലേദിവസത്തെ പാട്ടും കൂത്തുമില്ല. വിരലിലെണ്ണാവുന്ന സുഹൃത്തുക്കളെ മാത്രം വിളിച്ച് ചായ സല്‍ക്കാരം..പിന്നെ സ്ത്രീധനമെന്ന മഹാ വിപത്തിനെതിരെ പഠന ക്ലാസും.

വിവാഹ ധൂര്‍ത്തിനെതിരെ ലളിത വിവാഹം നടത്തി മാതൃകയായിരിക്കുകയാണ് തീരമേഖലയിലെ പൊതുപ്രവര്‍ത്തകനായ ഉസ്മാന്‍ കൊത്തിയാല്‍.

സമൂഹത്തില്‍ നടക്കുന്ന വിവാഹ ധൂര്‍ത്ത് വാര്‍ത്തയാകുമ്പോള്‍ പെണ്‍വീട്ടുകാര്‍ക്ക് മഹറ് നല്‍കി സ്ത്രീധനമായി ഒന്നും വാങ്ങാതെ തന്റെ ജീവിസ സഖിയെ കണ്ടെത്തുകയായിരുന്നു ഉസ്മാന്‍. ബേക്കലിലെ പരേതനായ അബൂബക്കറിന്റെ മകള്‍ ഫാത്തിമയ്ക്കാണ് ഉസ്മാന്‍ മിന്നുകെട്ടിയത്. വരന്റെ വീട്ടില്‍നിന്ന് 20 ഓളം പേര്‍ മാത്രമാണ് പെണ്ണിന്റെ വീട്ടിലെത്തി ചടങ്ങ് നടത്തിയത്. ഇവിടെ ഒരു ചായ സല്‍ക്കാരം മാത്രമാണ് ഉണ്ടായിരുന്നത്.

വധുവിന്റെ വീട്ടില്‍നിന്ന് വളരെ കുറച്ചുപേര്‍ മാത്രം വൈകീട്ട് വരന്റെ വീട്ടിലേക്കുപോയി. തുടര്‍ന്ന് കൊത്തിക്കാലിലെ ഉസ്മാന്റെ വീട്ടില്‍ സ്തീധനത്തിനെതിരെ ഖുര്‍ ആന്‍ അടിസ്ഥാനമാക്കി കണ്ണൂര്‍ സ്വദേശി ഷമീമ ടീച്ചര്‍ ക്ലാസെടുത്തു.

സ്ത്രീധനത്തിനും വിവാഹ ധൂത്തര്‍ത്തിനും എതിരെയാണ് ഇത്തരമൊരു വിവാഹമെന്ന് ഉസ്മാന്‍ പറയുന്നു. സാമ്പത്തിക സ്ഥിതിയനുസരിച്ച് പെണ്ണിന്റെ വീട്ടുകാര്‍ക്ക് മഹറ് നല്‍കി പെണ്‍കുട്ടിയെ സ്വീകരിക്കണമെന്നാണ് ഇസ് ലാം അനുശാസിക്കുന്നത്. എന്നാല്‍ ഇതിന് വിപരീതമായി സ്ത്രീധനമായി വന്‍തുക വാങ്ങിയാണ് വിവാഹങ്ങള്‍ നടത്തുന്നതെന്ന് ഉസ്മാന്‍ പറയുന്നു. ഇതുകൂടാതെ ആളുകളുടെ ബാഹുല്യം കുറച്ച് വിവാഹം ലളിതമാക്കണമെന്ന് സംയുക്ത ജമാഅത്ത് കമ്മിറ്റിയുടെ സര്‍ക്കുലര്‍ നിലവിലുണ്ടെങ്കിലും ആരും പാലിക്കുന്നില്ല.

ആര്‍ഭാടങ്ങള്‍ക്കെതിരെ ഒരു ബോധവത്കരണം നടത്താനായതില്‍ സന്തോഷമുണ്ടെന്ന് ഉസ്മാന്‍ പറയുന്നു. ഇതിന് മുട്ടത്തല ജമാഅത്ത് കമ്മിറ്റിയുടെയും വീട്ടുകാരുടെയും പൂര്‍ണ്ണ പിന്തുണയുണ്ടെന്ന് ഉസ്മാന്‍ കൂട്ടിച്ചേര്‍ത്തു.

 

 




MathrubhumiMatrimonial