മേരിക്കുട്ടി മറ്റുള്ളവരിലൂടെ ഇനിയും ജീവിക്കും

Posted on: 07 Mar 2015


പരിയാരം: മരിച്ചെങ്കിലും ഇനി മേരിക്കുട്ടിയുടെ കണ്ണുകള്‍ അവര്‍ക്കൊരിക്കലും പരിചയമില്ലാത്ത രണ്ടുപേരിലൂടെ ലോകത്തെ കാണും. അവരുടെ ദാനംചെയ്യപ്പെട്ട വൃക്കകള്‍ ജീവിതം അവസാനിച്ചെന്നുകരുതി തകര്‍ന്നുപോയ രണ്ടുപേരുടെ ജീവിതത്തില്‍ പ്രതീക്ഷയുടെ ചോരയോട്ടം നടത്തും.

കഴിഞ്ഞദിവസം പരിയാരം മെഡിക്കല്‍ കോളേജില്‍ മസ്തിഷ്‌കമരണം സംഭവിച്ച കാസര്‍കോട് ചിറ്റാരിക്കല്‍ പുളിങ്ങോം തച്ചേനിയിലെ മണിമല ജോയിയുടെ ഭാര്യ മണിമല മേരിക്കുട്ടി എന്ന അമ്പത്തൊമ്പതുകാരിയുടെ കണ്ണുകളും വൃക്കകളുമാണ് മരണശേഷം മറ്റുള്ളവര്‍ക്ക് ജീവിതവെളിച്ചമായത്.

കഴിഞ്ഞ ആഗസ്ത് 21ന് ഭര്‍ത്താവിനൊപ്പം സ്‌കൂട്ടറില്‍ യാത്രചെയ്യവേ തലകറങ്ങിവീണ് പരിക്കേറ്റാണ് മേരിക്കുട്ടിയെ ആസ്പത്രിയിലെത്തിച്ചത്. തലച്ചോറിന് ഗുരുതരമായി പരിക്കേറ്റ അവര്‍ എട്ടുദിവസമായി പരിയാരം മെഡിക്കല്‍ കോളേജില്‍ വെന്റിലേറ്ററിലായിരുന്നു. മസ്തിഷ്‌കമരണം സംഭവിച്ച സാഹചര്യത്തില്‍ മേരിക്കുട്ടിയുടെ അവയവങ്ങള്‍ ദാനംചെയ്യാന്‍ ഭര്‍ത്താവും ബന്ധുക്കളും സമ്മതിക്കുകയായിരുന്നു. ചൊവ്വാഴ്ച മസ്തിഷ്‌കമരണം സ്ഥിരീകരിച്ചതോടെ അവയവങ്ങള്‍ വേര്‍പെടുത്താനുള്ള സങ്കീര്‍ണ ശസ്ത്രക്രിയ ഡോക്ടര്‍മാര്‍ നടത്തി.

മേരിക്കുട്ടിയുടെ രണ്ടു വൃക്കകളും കോഴിക്കോട് മിംസ് ആസ്പത്രിയില്‍ ചികിത്സയില്‍ കഴിയുന്ന രോഗികള്‍ക്കാണ് മാറ്റിവെച്ചത്. മൂന്നുവര്‍ഷമായി മിംസില്‍ ഡയാലിസിസ് രോഗിയായ കോഴിക്കോട്ടുനിന്നുള്ള ഇരുപത്തിനാലുകാരനും വയനാട്ടില്‍നിന്നുള്ള മുപ്പത്തിനാലുകാരനുമാണ് വൃക്കകള്‍ മാറ്റിവെച്ചത്.

മുപ്പത്തിനാലുകാരന് മുമ്പ് സ്വന്തം സഹോദരന്റെ വൃക്ക മാറ്റിവെച്ചിരുന്നെങ്കിലും പ്രവര്‍ത്തനക്ഷമമായില്ല. മേരിക്കുട്ടിയുടെ ഒരു വൃക്ക കോഴിക്കോട് മെഡിക്കല്‍ കോളേജിനും മറ്റൊന്ന് മിംസ് ആസ്പത്രിക്കുമാണ് നല്‍കിയിരുന്നത്. എന്നാല്‍, വൃക്ക ആവശ്യമായ രോഗികളുടെയും മേരിക്കുട്ടിയുടെയും രക്തങ്ങളുടെ ക്രോസ്മാച്ചിങ് ടെസ്റ്റ് എറണാകുളം അമൃതയില്‍ നടന്നതില്‍ മെഡിക്കല്‍ കോളേജിലെ രോഗിയുടെ പരിശോധനാഫലം നെഗറ്റീവായിരുന്നു. ഇതുകാരണം ആ വൃക്കയും മിംസില്‍നിന്നുള്ള രോഗിക്ക് നല്‍കുകയായിരുന്നു. പരിയാരത്തുനിന്ന് അവയവങ്ങള്‍ വ്യാഴാഴ്ച പുലര്‍ച്ചെ അഞ്ചോടെ മിംസില്‍ എത്തുമ്പോഴേക്കും ഒരുമണിക്കുതന്നെ രോഗികളുടെ രക്തം പരിശോധനയ്ക്കായി അമൃതയിലേക്കയച്ചിരുന്നു. മേരിക്കുട്ടിയുടെ കണ്ണുകള്‍ രണ്ടുപേര്‍ക്ക് വെളിച്ചമേകും.

റബ്ബര്‍ കര്‍ഷകനായ മണിമല ജോയിയും മരിച്ച മേരിക്കുട്ടിയും നാട്ടിലെ സാമൂഹികപ്രവര്‍ത്തകര്‍ കൂടിയാണ്. തന്റെ ഭാര്യയുടെ അവയവങ്ങള്‍ മാറ്റിവെക്കുകവഴിയെങ്കിലും അവള്‍ ജീവിക്കുന്നുണ്ടല്ലോ എന്ന് സമാധാനിക്കാമെന്ന് ദുഃഖം കടിച്ചമര്‍ത്തി ജോയി പറയുന്നു. അമ്മയുടെ കണ്ണുകള്‍ സ്വീകരിച്ചവരെമാത്രം ഒന്നുകാണാനാഗ്രഹമുണ്ടെന്ന് വേദനയോടെ മക്കളും മരുമക്കളും പറഞ്ഞു. നടപടിക്രമങ്ങള്‍ തീര്‍ത്ത് ബുധനാഴ്ച അര്‍ധരാത്രി 12 മണിയോടെയാണ് പരിയാരം മെഡിക്കല്‍ കോളേജിലെ പ്രഗല്ഭ ഡോക്ടര്‍മാര്‍ മേരിക്കുട്ടിയുടെ അവയവങ്ങള്‍ എടുത്തുമാറ്റുന്ന പ്രക്രിയ ആരംഭിച്ചത്. വ്യാഴാഴ്ച പുലര്‍ച്ചെ മൂന്നോടെ ശസ്ത്രക്രിയ അവസാനിച്ചു. കോഴിക്കോട് മെഡിക്കല്‍ കോളേജില്‍നിന്നും മിംസില്‍നിന്നുമുള്ള ഡോക്ടര്‍മാരും അവയവങ്ങള്‍ എടുക്കുന്നതിന് സാക്ഷിയാകാനെത്തിയിരുന്നു. പുലര്‍ച്ചെ നാലുമണിയോടെ അവയവങ്ങള്‍ കോഴിക്കോട്ടേക്ക് കൊണ്ടുപോകുകയായിരുന്നു.

പരിയാരം മെഡിക്കല്‍ കോളേജ് മെഡിക്കല്‍ സൂപ്രണ്ട് ഡോ. എം.കെ.ബാലചന്ദ്രന്‍, ഡയറക്ടര്‍ ഡോ. കെ.പ്രഭാകരന്‍ എന്നിവരുടെ നേതൃത്വത്തില്‍ അവയവങ്ങള്‍ മാറ്റുന്നതിനുള്ള നടപടിക്രമങ്ങള്‍ പൂര്‍ത്തീകരിച്ചു. പരിയാരം മെഡിക്കല്‍ കോളേജിലെ ചീഫ് ഗ്യാസ്‌ട്രോ ആന്‍ഡ് ലിവര്‍ സര്‍ജന്‍ ഡോ. ബൈജു കുണ്ടിലിന്റെ നേതൃത്വത്തില്‍ ഒരൂകൂട്ടം വിദഗ്ധ ഡോക്ടര്‍മാര്‍ അവയവങ്ങള്‍ മാറ്റുന്ന ശസ്ത്രക്രിയക്ക് നേതൃത്വം നല്കി. ചീഫ് ഗ്യാസ്‌ട്രോ എന്‍ട്രോളജിസ്റ്റ് ഡോ. സാബു, ന്യൂറോ സര്‍ജന്‍ ഡോ. മൃദുല്‍ ശര്‍മ, ചീഫ് യൂറോളജിസ്റ്റ് ഗൗതം ഗോപിനാഥ്, ഡോ. അഭയ്, ഡോ. നൗഷാദ്, ഡോ. അമൃതരാജ്, ഡോ. ചാള്‍സ് തുടങ്ങിയവര്‍ സങ്കീര്‍ണമായ ശസ്ത്രക്രിയക്ക് നേതൃത്വം കൊടുക്കാനുണ്ടായിരുന്നു.

ആസ്പത്രി അധികൃതരില്‍നിന്ന് മൃതദേഹം ബന്ധുക്കള്‍ ഏറ്റുവാങ്ങിയത് ഏറെ വികാരനിര്‍ഭരമായാണ് കൂടിനിന്ന നൂറുകണക്കിനാളുകള്‍ വീക്ഷിച്ചത്.



 

ga