നിശ്ചയദാര്‍ഢ്യത്തിന് കാളികാവില്‍നിന്നൊരു പെണ്‍മാതൃക
കാളികാവ്: ഇതൊരു സാധാരണ വിജയകഥയല്ല. അധ്വാനിക്കാന്‍ തയ്യാറുള്ള മനസ്സും നിശ്ചയദാര്‍ഢ്യവുമുണ്ടെങ്കില്‍ സ്ത്രീശക്തിയെ ആര്‍ക്കും തള്ളിക്കളയാനാവില്ലെന്നു തെളിയിക്കുകയാണ് കാളികാവിലെ തൊഴിലുറപ്പു തൊഴിലാളികള്‍. ഗ്രാമപ്പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളിലായി 70 കിണറുകളാണ് ഇവര്‍ കുഴിച്ചത്. മാര്‍ച്ച് പൂര്‍ത്തിയാകുമ്പോഴേക്കും 15 കിണറുകള്‍കൂടി പൂര്‍ത്തിയാക്കും.
'തൊഴിലുറപ്പു' പദ്ധതിയെന്നും 'തൊഴിലിരിപ്പ് 'പദ്ധതിയെന്നും പരിഹസിച്ചവര്‍ക്കുള്ള മറുപടികൂടിയാണീ വിജയമെന്ന് ഒന്നിനുപിന്നാലെ മറ്റൊന്നെന്ന നിലയില്‍ കിണറുകള്‍തീര്‍ത്ത സ്ത്രീതൊഴിലാളികളൊന്നടങ്കം പറയുന്നു.
ഐലാശ്ശേരി അസൈനാര്‍പടിയിലാണ് ആദ്യം കിണര്‍കുഴിച്ചത്. പതിനാലുപേര്‍ രണ്ടായിത്തിരിഞ്ഞ് ഒരേസമയം തീര്‍ത്തത് രണ്ടുകിണറുകള്‍. കയറില്‍തൂങ്ങി കിണറ്റിലിറങ്ങിയും പാറപൊട്ടിച്ചുമാറ്റി ആഴംകൂട്ടുകയുംചെയ്യുന്ന സ്ത്രീകള്‍ നാടിനുവിസ്മമായിരുന്നു ആദ്യം.
കുടിവെള്ളത്തിനായി സ്ത്രീപുരുഷ ഭേദമെന്യേ സമരം നടത്തിക്കൊണ്ടിരിക്കുന്ന അടയ്ക്കാകുണ്ട് ചെങ്ങണാംകുന്നിനും പെണ്‍പടയുടെ കരുത്തില്‍ ദാഹംമാറി.
കൂറ്റന്‍ പാറക്കെട്ടുകള്‍ക്കുമുകളില്‍ കിണര്‍പണി ആരംഭിച്ചപ്പോള്‍ പലരും പരിഹസിച്ചുതള്ളിയതാണ്. അഞ്ചുസ്ത്രീകള്‍ അഞ്ചുദിവസംകൊണ്ട് കിണര്‍കുത്തി അതില്‍നിന്ന് വെള്ളംകോരി പായസംവെച്ചു നല്‍കിയാണ് പരിഹസിച്ചവര്‍ക്ക് മറുപടി നല്‍കിയത്. പാറക്കെട്ടിനുമുകളിലെ കിണര്‍ ഒരു കൗതുകക്കാഴ്ച കൂടിയാണിന്ന്. പൂങ്ങോട്ടില്‍ പാറതുരന്നുമാറ്റിയാണ് വെള്ളം കണ്ടെത്തിയത്.
വെറും 16,000 രൂപയാണ് ഒരുകിണര്‍ നിര്‍മാണത്തിന് തൊഴിലുറപ്പു പദ്ധതിയില്‍ ചെലവുവരുന്നത്.
വെള്ളമില്ലാത്തതിന്റെ ദുരിതം ഏറ്റവുംകൂടുതല്‍ അനുഭവിക്കുന്നവരെന്നതിനാല്‍ ഈ പദ്ധതിയെ ഓരോരുത്തരും ആവേശത്തോടെയാണ് ഏറ്റെടുത്തതെന്ന് തൊഴിലാളിസ്ത്രീകള്‍ പറയുന്നു. വിവിധ വാര്‍ഡുകളിലായി അഞ്ഞൂറോളം തൊഴിലാളികള്‍ കിണര്‍പണിയില്‍ പങ്കാളികളായി.
ഓരോകിണറ്റിലും വെള്ളംകാണുമ്പോള്‍ ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് ആലിപ്പറ്റ ജമീലയും മറ്റംഗങ്ങളും അഭിനന്ദനങ്ങളുമായി എത്തുന്നു. ഇവര്‍ നല്‍കുന്ന പ്രചോദനത്തോടൊപ്പം നാട്ടുകാര്‍ മധുരം വിതരണംചെയ്ത് പ്രോത്സാഹിപ്പിക്കുകകൂടി ചെയ്യുന്നതോടെ ഒരു നാടിന്റെ വലിയ ദുരിതത്തിന് അറുതിവരുത്തുകയാണ് കാളികാവിലെ വനിതാകൂട്ടായ്മ. കുടിവെള്ളക്ഷാമം പരിഹരിക്കാനുള്ള ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റുമാരുടെ യോഗത്തില്‍ കാളികാവിനെ മാതൃകയാക്കണമെന്ന ജില്ലാകളക്ടറുടെ നിര്‍ദേശം തങ്ങള്‍ക്കുകിട്ടിയ വലിയ അംഗീകാരമാണെന്ന് കിണര്‍നിര്‍മാണത്തിന് നേതൃത്വംകൊടുക്കുന്ന വനിതകള്‍പറയുന്നു.