
മലപ്പുറം: പുരുഷന്മാര്‍ മാത്രമുള്ള മേഖലയില്‍ ചുവടുറപ്പിച്ച് ഒരു സ്ത്രീ. ഒന്നും രണ്ടും വര്‍ഷമല്ല. ഇരുപതാണ്ടായി ടയറുകളിലെ പങ്ചര്‍ അടച്ചും ചക്രങ്ങള്‍ വാഹനങ്ങളില്‍ കൃത്യമായി ഉറപ്പിച്ചുകൊടുത്തും ജീവിതം കൂട്ടിയോജിപ്പിക്കുന്ന ഇല്ലിക്കല്‍ ആയിഷ 'പഞ്ചര്‍ താത്ത' യായതങ്ങനെ.
മലപ്പുറത്തിനടുത്ത് മങ്കടയില്‍ പങ്ചര്‍കട നടത്തുന്ന ഈ എടവണ്ണ സ്വദേശിനിയെ അത്ഭുതത്തോടെ നോക്കാത്തവര്‍ കുറവാണ്. 'പഞ്ചര്‍ താത്ത' എന്ന പേരുതന്നെയാണ് കടയ്ക്കും നല്‍കിയിട്ടുള്ളത്. കടയിലെത്തുന്ന വാഹനങ്ങള്‍ക്കുപുറമെ വഴിയില്‍ കേടായിക്കിടക്കുന്ന വാഹനങ്ങളുടെ അടുത്തേക്കും ഇവര്‍ ഓടിയെത്തും.
വനിതാദിനമോ സ്ത്രീശാക്തീകരണമോ വലിയ വാചകങ്ങളായി ഇവര്‍ക്കറിയില്ല. സ്വന്തംജീവിതം പാഠപുസ്തകം. വ്യത്യസ്ത മേഖലകളിലേക്ക് സ്ത്രീകള്‍ കടന്നുവരാറുണ്ടെങ്കിലും ഇത്രയുംവര്‍ഷം ഇതുപോലൊരു ജോലിയില്‍ തുടരുന്നത് അത്ര സാധാരണമല്ല. ജീവിതത്തെക്കുറിച്ച് നല്ല പ്രതീക്ഷയും മനക്കരുത്തും-ഇതാണ് ആയിഷയുടെ വിജയഘടകം.
ഇരുപതാമത്തെ വയസ്സില്‍ ബന്ധുവായ കുഞ്ഞിമുഹമ്മദിന്റെ പങ്ചര്‍ കടയില്‍ സാധനങ്ങളെടുത്തുകൊടുക്കാനെത്തിയ ആയിഷ പതുക്കെ ടയറുകളുടെ 'ടെക്‌നിക്' പഠിച്ചെടുത്തു. പിന്നീട് ഏതുവാഹനത്തിന്റെ ടയറുകളും കൈകാര്യംചെയ്യാന്‍ ധൈര്യമായി.
ചെറിയ ജോലിയല്ല ഇവര്‍ ചെയ്യുന്നത്. ഉത്തരവാദിത്വമുള്ള വലിയജോലി തന്നെയാണ്. ഇരുചക്രവാഹനങ്ങള്‍ മുതല്‍ ലോറി, ജെ.സി.ബി തുടങ്ങിയ വലിയവാഹനങ്ങളുടെ ടയറുകളും ആയിഷത്തയ്ക്ക് വഴങ്ങും. വണ്ടിയില്‍നിന്ന് പങ്ചറായ ടയര്‍ ഊരിമാറ്റി പഞ്ചര്‍തീര്‍ത്ത് കൃത്യമായി തിരിച്ച് ഫിറ്റുചെയ്ത് കൊടുക്കും.
കൈകാര്യംചെയ്യാന്‍ അല്പം പ്രയാസമുള്ള ട്യൂബ്ലെസ് ടയറായാലും 'പഞ്ചര്‍ താത്ത' റെഡിയാണ്. ഒരു സ്ത്രീപോലും കടന്നുവരാത്ത ഈ മേഖലയില്‍ മുന്നേറുന്ന ഇവര്‍ ഓള്‍കേരള പങ്ചര്‍വര്‍ക്കേഴ്‌സ് അസോസിയേഷന്റെ ജില്ലാസെക്രട്ടറി കൂടിയാണ്. ഈ സംഘടനയിലെ ഏകവനിത.
ഇത്രയും വര്‍ഷത്തിനിടയില്‍ ഒരു സ്ത്രീപോലും ഈ ജോലിയിലേക്ക് വരാന്‍ തന്നെ സമീപിച്ചിട്ടില്ലെന്ന് ആയിഷ പറയുന്നു. സാമ്പത്തികപ്രയാസമാണ് ആയിഷയെ 'പഞ്ചര്‍ താത്ത'യാക്കിയത്. എടവണ്ണയിലെ വീട്ടില്‍ ഉമ്മയും ആറുസഹോദരങ്ങളുമുണ്ട് ഇവര്‍ക്ക്. സ്വന്തമായി അധ്വാനിച്ച് പണമുണ്ടാക്കുമ്പോള്‍ കിട്ടുന്ന സംതൃപ്തി വളരെവലുതാണെന്ന് ഇവര്‍ ഉറപ്പിച്ചുപറയുന്നു.
40 വയസ്സുള്ള ഇവര്‍ക്ക് ചില ആരോഗ്യപ്രശ്‌നങ്ങളുള്ളതിനാല്‍ ഈയിടെ ഒരു യുവാവിനെ സഹായത്തിനായി നിര്‍ത്തിയിട്ടുണ്ട്.
കട വിപുലപ്പെടുത്തി നൈട്രജന്‍ ഫില്ലിങിനുകൂടിയുള്ള സംവിധാനം ഏര്‍പ്പെടുത്തണമെന്നാണ് ആയിഷത്താത്തയുടെ ആഗ്രഹം. എന്നാല്‍ സാമ്പത്തികപ്രയാസങ്ങള്‍ കാരണമാണ് ഇത് തത്കാലം മാറ്റിവെച്ചത്.