കണ്ണൂര്‍: വരികള്‍ക്കൊപ്പം മലയാളിയെ വിസ്മയിപ്പിച്ച ഈ വരകളാണ് ബീനയുടെ തലവര മാറ്റിവരച്ചത്. പോത്തുകുണ്ടിലെ മാവിലന്‍ ആദിവാസി കുടുംബത്തില്‍നിന്ന് കാലദേശങ്ങള്‍ക്കപ്പുറത്തേക്ക് അവര്‍ വളര്‍ന്നത് അങ്ങനെയാണ്. എന്നാല്‍, ചിത്രരചനാരംഗത്തെ അപൂര്‍വതയായ ഈ പെണ്‍വിരലുകളെക്കുറിച്ച് അധികമാരുമറിഞ്ഞില്ല.
മലയാളത്തിലെ പ്രസാധകരുടെ ആയിരത്തിലധികം പുസ്തകങ്ങള്‍ക്ക് ജീവനേകിയത് ബീനയുടെ ചിത്രങ്ങളാണ്. 2002-ല്‍ കൈരളി ബുക്‌സിനായാണ് ആദ്യം വരച്ചത്. പിന്നീടങ്ങോട്ട് ഡി.സി., ഗ്രീന്‍, കൈരളി, ലിഖിതം, സമയം, ആല്‍ഫാവണ്‍ എന്നീ പ്രസാധകര്‍ ബീനയെത്തേടി കണ്ണൂര്‍ നടുവില്‍ പഞ്ചായത്തിലെ പെരുംചെല്ലി വീട്ടിലെത്തി. ഒ.എന്‍.വി., സിപ്പി പള്ളിപ്പുറം, കെ.ശ്രീകുമാര്‍ തുടങ്ങിയ നിരവധി എഴുത്തുകാരുടെ കഥാപാത്രങ്ങള്‍ അതോടെ വരകളില്‍ മൂര്‍ത്തരൂപം നേടി. പുസ്തകങ്ങള്‍ക്കായി വരകളൊരുക്കുന്ന ചിത്രകാരികള്‍ കേരളത്തില്‍ ചുരുക്കമാണ്. ആറളത്തെ ആദിവാസി കുട്ടികളില്‍ കലാവാസന വളര്‍ത്താനായൊരു സ്‌കൂള്‍ എന്ന ബീനയുടെ സ്വപ്‌നത്തിന് നിറംപകരുകയാണ് ഈ വരകള്‍.
എം.വി.രാഘവനെക്കുറിച്ച് ഭാരതീദേവി എഴുതിയ പുസ്തകത്തിന് ചിത്രങ്ങളൊരുക്കുന്ന തിരക്കിലാണ് ബീന. അഞ്ചുമാസം പ്രായമായ കൈക്കുഞ്ഞിനെയും മാറോട് ചേര്‍ത്താണ് വര. അവള്‍ ഉറങ്ങുന്ന സമയമാണ് വായനയും വരയുമെല്ലാം. പുസ്തകത്തിന്റെ ഉള്ളടക്കം വായിച്ചും എം.വി.ആറിനെക്കുറിച്ച് പഠിച്ചും അദ്ദേഹത്തിന്റെ കുട്ടിക്കാലം തൊട്ടുള്ള ചിത്രങ്ങള്‍ വരച്ചുതുടങ്ങിയിട്ടുണ്ട്.
പുസ്തകത്തിന് വരകളൊരുക്കാന്‍ നിരവധി കടമ്പകളുണ്ടെന്നാണ് ബീന പറയുന്നത്. വരച്ച് തുടങ്ങുംമുമ്പ് പുസ്തകം മുഴുവന്‍ മനസ്സിരുത്തി വായിച്ച് ചര്‍ച്ച നടത്തണം. വരയ്ക്കാന്‍ കഥാപാത്രങ്ങളെ തിരഞ്ഞെടുക്കണം. എഴുത്തുകാരന്റെ കഥാപാത്രങ്ങളെ ചിത്രങ്ങളിലൂടെ തന്റെയും വായനക്കാരന്റേതുമാക്കണം. ഒ.എന്‍.വി.യുടെ നറുമൊഴിമുത്തുകള്‍, സിപ്പി പള്ളിപ്പുറത്തിന്റെ ജലകന്യകയും രാജകുമാരിയും, തത്തമകളുടെ ഗ്രാമം, കല്ലേന്‍ പൊക്കുടന്‍ കറുപ്പ്, ചുവപ്പ്, പച്ച തുടങ്ങി കുട്ടികള്‍ക്കായുള്ളതും ഗൗരവമുള്ളതുമായ നിരവധി പുസ്തകങ്ങള്‍ക്കായി വരച്ചിട്ടുണ്ട്. കുട്ടികളുടെ പുസ്തകങ്ങള്‍ക്ക് അവരിലൊരാളായി ചിത്രമൊരുക്കാനാണ് ബീനയ്ക്കുമിഷ്ടം. അഞ്ചുവര്‍ഷത്തോളം ഒരു വാരികയിലെ ആര്‍ട്ടിസ്റ്റായിരുന്നു. അകം, സമയം, സ്ത്രീശബ്ദം തുടങ്ങിയ പ്രസിദ്ധീകരണങ്ങള്‍ക്കായും വരകളൊരുക്കി. ചിത്രങ്ങളൊക്കെ കിട്ടിക്കഴിഞ്ഞാല്‍ പിന്നെ ചില പ്രസാധകര്‍ പുസ്തകം അയച്ചുനല്കാറില്ലെന്ന പരിഭവം ബീനയ്ക്കുണ്ട്.
ഏഴുവയസ്സ് മുതല്‍ വരയ്ക്കാന്‍ തുടങ്ങിയ മകളെ നിറങ്ങളുടെ ലോകത്തേക്ക് കൈപ്പിടിച്ച് അടുപ്പിച്ചത് ചിത്രകല പഠിക്കാത്ത അച്ഛന്‍ കുഞ്ഞിരാമനാണ്. 'അന്ന് അച്ഛന്‍ സ്ലേറ്റില്‍ വരച്ചുതന്ന ചിത്രങ്ങള്‍ ഇപ്പോഴും ഓര്‍മയിലുണ്ട്. ഇന്ന് ഓര്‍ക്കുമ്പോള്‍ അതെല്ലാം തെളിയാത്ത ചിത്രങ്ങള്‍ പോലെ തോന്നാറുണ്ട്. ഉള്ള വരുമാനംകൊണ്ട് പഠനത്തിനൊപ്പം രണ്ടുമക്കളെയും അവരുടെ താത്പര്യത്തിനനുസരിച്ച് ചിത്രരചന പഠിപ്പിച്ച ആ അച്ഛനുള്ളതാണ് ഈ ചിത്രങ്ങള്‍' -ബീന പറയുന്നു.
തളിപ്പറമ്പിലെ വര്‍ണനികേതന്‍ സ്‌കൂള്‍ ഓഫ് ആര്‍ട്‌സില്‍നിന്നാണ് ചിത്രകലയില്‍ ഡിപ്ലോമ നേടിയത്. മൈസൂര്‍ ഓപ്പണ്‍ സര്‍വകലാശാലയില്‍നിന്ന് ബാച്ച്‌ലര്‍ ഓഫ് ഫൈന്‍ ആര്‍ട്‌സില്‍ റാങ്കോടുകൂടിയാണ് പാസായത്. കേരള ലളിതകലാ അക്കാദമി എക്‌സിക്യൂട്ടീവ് അംഗം, കേരള സംഗീത നാടക അക്കാദമി പ്രതിനിധി എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. വര്‍ണനികേതന്‍, എസ്.എന്‍. വിദ്യാമന്ദിര്‍, വെള്ളിക്കീല്‍ ജെം സ്‌കൂള്‍ എന്നിവിടങ്ങളില്‍ അധ്യാപികയായിരുന്നു.
ആദിവാസി വിഭാഗമായ മാവിലന്‍മാരുടെ ജീവചരിത്രം വിഷയമാക്കി ചിത്രപ്രദര്‍ശനം നടത്താനുള്ള ഒരുക്കത്തിലാണ് ബീന. ചിത്രങ്ങളും, കളിമണ്‍ ശില്പങ്ങളും വാങ്ങാനായി ബീനയുടെ വീട് അന്വേഷിച്ചെത്തുന്നവരുമുണ്ട്. കളിമണ്‍ ശില്പനിര്‍മാണത്തിലും ബീന തന്റെ പേര് പതിപ്പിച്ചിട്ടുണ്ട്. ഒന്നാം ക്ലാസുകാരനായ മൂത്തമകന്‍ അര്‍ഹത് വരച്ചുതുടങ്ങിയിട്ടുണ്ട്. അച്ഛനൊപ്പം അമ്മ ശാരദ, ഭര്‍ത്താവ് സുരേഷ്, സഹോദരന്‍ വിനോദ് എന്നിവരും വരകളൊരുക്കാന്‍ ബീനയ്ക്ക് പ്രോത്സാഹനമേകി ഒപ്പമുണ്ട്.