സരസ്വതി എന്ന സഹായി

കെ.എം. രൂപ Posted on: 07 Mar 2015

ഫേസ്ബുക്ക് അടക്കമുളള നവമാധ്യമങ്ങള്‍ സമയം കൊല്ലികളാണെന്ന് പറയുന്നവര്‍ സരസ്വതി ദേവിയെ പരിചയപ്പെടുക. മസ്‌കറ്റില്‍ 10 വര്‍ഷമായി സ്ഥിരതാമസമാക്കിയ തിരുവല്ല സ്വദേശിയായ ഈ വീട്ടമ്മ ഓണ്‍ലൈന്‍ വഴി ചെയ്യുന്ന സഹായങ്ങള്‍ക്കു പിന്തുണയേകുന്നത് ഫേസ്ബുക്ക് സുഹൃത്തുക്കളും കൂട്ടായ്മകളുമാണ്. കേരളത്തിലെ ആവശ്യക്കാര്‍ക്ക് രക്തമെത്തിച്ചു കൊടുത്ത് നിരവധി ജീവനുകള്‍ രക്ഷിക്കുകയും നാട്ടിലെ പാവപ്പെട്ടവര്‍ക്കു പ്രവാസികളില്‍ നിന്ന് വസ്ത്രങ്ങളെത്തിച്ചു കൊടുക്കുന്നതടക്കം പല സഹായങ്ങളും ഓണ്‍ലൈന്‍ വഴി സരസ്വതി ചെയ്യുന്നു.

'ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ എന്തൊക്കെയെന്നു ചോദിച്ചാല്‍ കൃത്യമായൊരുത്തരമില്ല. എന്നാലാവുന്നതു ചെയ്യുകയെന്നാണ് എന്റെ ലക്ഷ്യം.' സരസ്വതി പറയുന്നു. സമൂഹത്തെ സഹായിക്കാനുളള പ്രചോദനം നല്‍കിയത് സരസ്വതിയുടെ പിതാവു തന്നെയാണ്. പൂജാരിയായ കാരയ്ക്കാട്ടില്ലത്ത് ഈശ്വരന്‍ നമ്പൂതിരി വിഗ്രഹാരാധനയോളം പ്രാധാന്യം മനുഷ്യരെ സേവിക്കുന്നതിലും നല്‍കി. ഈശ്വരന്‍ നമ്പൂതിരിയുടെയും രാധാദേവിയുടെയും മൂന്നു പെണ്മക്കളില്‍ ഒരാളാണ് സരസ്വതി. പെരിങ്ങര ഗവണ്‍മെണ്ട് ഗേള്‍സ് സ്‌കുളില്‍ അഞ്ചാം ക്ലാസ് മുതല്‍ ഭാരത് സ്‌കൗട്‌സ് ആന്റ് ഗൈഡ്‌സില്‍ പ്രവര്‍ത്തിച്ചത് സാമൂഹിക പ്രവര്‍ത്തനങ്ങളിലേക്കുളള വഴികാട്ടിയായി. 1995-ില്‍ രാഷ്ട്രപതിയുടെ ഗൈഡ് അവാര്‍ഡ് സരസ്വതിയെ തേടിയെത്തി. തന്റെ ജീവിതത്തില്‍ ലഭിച്ച വലിയൊരു അംഗീകാരമാണതെന്നു സരസ്വതി പറയുന്നു.

ചെറിയതോതില്‍ ജീവകാരുണ്യ പ്രവര്‍ത്തനങ്ങളില്‍ കുട്ടിക്കാലം മുതല്‍ ഏര്‍പ്പെട്ടിരുന്നെങ്കിലും സരസ്വതി സജീവമായി ഈ രംഗത്തത്തിയത് ഗള്‍ഫിലെത്തിയ ശേഷമാണ്. ചെയ്ത കാര്യങ്ങളില്‍ മനസ്സിനേറ്റവും സംതൃപ്തി നല്‍കിയത് അയല്‍ക്കാരായ ഒമാനി കുടുംബത്തിലെ മലയാളി ജോലിക്കാരിയെ രക്ഷപ്പെടുത്താന്‍ കഴിഞ്ഞതാണ്. 'നാലാം നിലയിലെ എന്റെ മുറിയിലെ ജനല്‍ തുറന്നാല്‍ അവരുടെ കരയുന്ന മുഖമാണ് കാണാറുളളത്. ഒരു മനുഷ്യത്വവുമില്ലാതെയാണ് ആ കുടുംബം അവരെ പണിയെടുപ്പിച്ചിരുന്നത്. കോഴിക്കോട് സ്വദേശിയാണ്. ഒരു ദിവസം അവരുടെ അനിയന്‍ മരിച്ചു. നാട്ടില്‍ പോകാന്‍ ഒമാനികള്‍ വിട്ടില്ല. അന്നു അവരുടെ സ്‌പോണ്‍സറിനെയും ഏജന്റിനെയും വിളിക്കാന്‍ എവിടെ നിന്നോ ധൈര്യം കിട്ടി. അവരുടെ ടിക്കറ്റ് എടുത്തു കൊടുക്കാമെങ്കില്‍ ആ ദിവസം തന്നെ നാട്ടിലേക്കു വിടാമെന്നു സ്‌പോണ്‍സര്‍ പറഞ്ഞു. സുഹൃത്തുക്കളില്‍ നിന്നും എന്റെ ഭര്‍ത്താവില്‍ നിന്നും കിട്ടിയ പണം കൊണ്ട് ടിക്കെറ്റെടുത്ത് പിറ്റെന്ന്് തന്നെ അവരെ നാട്ടിലെത്തിച്ചു.' സരസ്വതി ഓര്‍മകള്‍ ചികഞ്ഞെടുത്തു. ഭര്‍ത്താവ് ആലപ്പുഴ സ്വദേശി മനോജ് മസ്‌ക്കറ്റിലെ അറേബ്യന്‍ കണ്‍ട്രോള്‍ ബോര്‍ഡിലെ ഫിനാന്‍സ് മാനേജറാണ്. മകള്‍ കൃഷ്ണപ്രിയ മൂന്നാം ക്ലാസ് വിദ്യാര്‍ഥിയാണ്.

വീട്ടുകാരുടെ പ്രോത്സാഹനത്തിനു പുറമെ പ്രവാസികളടക്കമുളള വലിയൊരു സമൂഹം സരസ്വതിക്കു കരുത്തായുണ്ട്. മസ്‌ക്കറ്റില്‍ വന്നതു മുതല്‍ കേരള ഡിപ്ലോമ എഞ്ചിനീയേഴ്‌സ് അസോസിയേഷന്‍ എന്ന സംഘടനയിലെ സജീവാംഗമാണ്.

ഇങ്ങനെയൊക്കെയാണെങ്കിലും ഫേസ്ബുക്കില്‍ അക്കൗണ്ട് തുടങ്ങിയതാണ് സരസ്വതിക്ക് എന്തെങ്കിലും ചെയ്യാന്‍ കഴിയുമെന്നൊരു ആത്മവിശ്വാസം നല്‍കിയത്. നാട്ടിലെക്കു സഹായമെത്തിക്കുന്നതിനു ഈ സോഷ്യല്‍ മീഡിയ സരസ്വതിയെ ഏറെ സഹായിച്ചു. ആയിരത്തിലധികം സുഹൃത്തുക്കളാണ് സരസ്വതിയെ ഫേസ്ബുക്കിലൂടെ പിന്തുണക്കുന്നത്. 'ഒരാള്‍ക്ക് ഒരാവശ്യം വന്നാല്‍ ബാക്കിയുള്ളവരില്‍ ആരെങ്കിലും സഹായിക്കുമെന്നതാണ് എഫ്ബിയിലെ വലിയ ഗുണം.' സരസ്വതി പറയുന്നു.

എഫ്ബിയില്‍ സജീവസാന്നിധ്യമാകാനും സമൂഹത്തെ സഹായിക്കാനും സരസ്വതിയെ പ്രേരിപ്പിച്ചത് മുന്നു വ്യക്തികളാണ്. ആദ്യത്തെയാള്‍ ചങ്ങനാശേരി ബസ് കണ്ടക്ടറായ വിനോദ് ഭാസ്‌കറാണ്. ബ്ലഡ് ഡോണേഴ്‌സ് കേരള എന്ന ഫേസ്ബുക്ക് കൂട്ടായ്മയിലേക്കു സരസ്വതിയെ നയിച്ചതും വിനോദാണ്. രക്തദാനത്തിന്റെ മഹത്വവും അത്യാവശ്യവും സരസ്വതിക്കു മനസ്സിലാക്കി കൊടുത്തത് വിനോദാണ്. തുടര്‍ന്ന് മസ്‌കറ്റിലും രക്തദാനത്തിനു തയാറുളള ഒരു സുഹൃത് വലയത്തെ സരസ്വതി സൃഷ്ടിച്ചു. ഇപ്പോള്‍ അത്യാവശ്യം വന്നാല്‍ ദാതാക്കളെ കണ്ടെത്താന്‍ മസ്‌കറ്റില്‍ ബുദ്ധിമുട്ടാറില്ലന്നു സരസ്വതി.
പിന്നെയുളള രണ്ടു വ്യക്തികള്‍ സൗദിയിലെ സഹോദയ പ്രവര്‍ത്തകനായ ഷാജഹാനും ഭാര്യ ഷബീബയുമാണ്. കഷ്ടപ്പെടുന്നവര്‍ക്കായി മാറ്റി വെച്ച അവരുടെ ജീവിതവും പല പ്രതിഷേധങ്ങള്‍ക്കിടയിലും അവര്‍ നല്‍കിയ പിന്തുണയും സരസ്വതിയെ മുന്നോട്ടു നയിച്ചു.

കൂടാതെ യുവധാര, സൗഹൃദവേദി, നേര്‍രേഖ, മലബാറീസ്, ഒരു കുടക്കീഴില്‍ തുടങ്ങിയ പലഫേസ്ബുക്ക് കൂട്ടായ്മകളിലും അംഗമാണ് സരസ്വതി. ചങ്ങാതിക്കൂട്ടം, കൂട്ടുകാര്‍, റ്റുഗദര്‍ വി കാന്‍ മേക്ക് എ ഡിഫറന്‍സ് എന്നീ എഫ്ബി പേജുകളിലൂടെയും സഹായാഭ്യര്‍ത്ഥന നടത്താറുണ്ട്. ഇവരുടെയെല്ലാം സഹായമാണ് തന്റെ കരുത്തെന്നും ഇറങ്ങിത്തിരിക്കുന്ന എല്ലാ പ്രവര്‍ത്തനങ്ങളും വിജയിക്കാനുളള കാരണമെന്നും സരസ്വതി പറയുന്നു.




 

ga