പ്രതിസന്ധികളെയും പ്രതികൂലമായ ജീവിതസാഹചര്യങ്ങളെയും ഓടിത്തോല്പിച്ച പ്രതിഭാശാലിയാണ് ഒ.പി. ജയ്ഷ. മലയാളിയുടെ ഈ അഭിമാനതാരം പിന്നിട്ട കനല്‍വഴികളെക്കുറിച്ച്...

'വിശപ്പ് സഹിക്കാനാവാതെ മണ്ണു വാരി തിന്നിട്ടുണ്ട് ഞാന്‍. പ്രായപൂര്‍ത്തിയാവാത്ത ഞങ്ങള്‍ നാല് പെണ്‍കുട്ടികളെ നെഞ്ചോടടക്കിപ്പിടിച്ച് പോറ്റിവളര്‍ത്തിയ അമ്മയ്ക്കത് നോക്കിനില്‍ക്കേണ്ടിവന്നിട്ടുണ്ട്!', രാജ്യാന്തര വേദികളില്‍ ഇന്ത്യയുടെ അഭിമാനമായിമാറിയ കായികതാരം ഓര്‍ക്കാട്ടേരി പുതിയവീട്ടില്‍ ജയ്ഷ തന്റെ ജീവിതത്തെക്കുറിച്ച് ആമുഖമായി പറഞ്ഞത് ഈ രണ്ട് വാചകങ്ങളാണ്. ഏഷ്യന്‍ ഗെയിംസ് ഉള്‍പ്പെടെയുള്ള വലിയ മത്സരങ്ങളില്‍ മെഡലുകള്‍ നേടിയ മാനന്തവാടിക്കാരി ജയ്ഷ ഇപ്പോള്‍ ലോക അത്‌ലറ്റിക്‌സ് ചാമ്പ്യന്‍ഷിപ്പില്‍ മത്സരിക്കാനുള്ള തയ്യാറെടുപ്പിലാണ്. അടുത്തവര്‍ഷം ബ്രസീലിലെ റിയോ ഡി ജനൈറോയില്‍ നടക്കുന്ന ഒളിമ്പിക്‌സിലെ മാരത്തണില്‍ ഇന്ത്യക്കായി ഒരു മെഡല്‍ നേടുകയെന്ന വലിയൊരു മോഹവും ഈ പെണ്‍കുട്ടിക്കുണ്ട്.
അതൊക്കെ നടക്കുന്ന കാര്യമാണോ ജയ്‌ഷേ എന്ന ചോദ്യത്തിന് അവളുടെ മറുപടി നേര്‍ത്ത ഒരു പുഞ്ചിരിയായിരുന്നു. ഒരുനേരം വയറുനിറച്ച് ആഹാരം കഴിക്കാനില്ലാത്ത പെണ്‍കുട്ടി ഒറ്റയ്ക്ക് പൊരുതി, ഇവിടെവരെ എത്തിയില്ലേ, ഇനിയങ്ങോട്ടും അങ്ങനെ അദ്ഭുതങ്ങള്‍ കാട്ടാന്‍ കഴിയും എന്നൊരു വിശ്വാസം ആ ചിരിയില്‍ മിന്നി.
ദിവസങ്ങള്‍ക്ക് മുമ്പ് തിരുവനന്തപുരത്തെ യൂണിവേഴ്‌സിറ്റി സ്റ്റേഡിയത്തില്‍ ദേശീയ ഗെയിംസ് അത്‌ലറ്റിക്‌സ് മത്സരങ്ങള്‍ കാണാന്‍ തിങ്ങിയെത്തിയ നാട്ടുകാര്‍ നേരില്‍ കണ്ടറിഞ്ഞു, എന്താണ് ജയ്ഷയുടെ മിടുക്കെന്ന്. അയ്യായിരം മീറ്റര്‍, പതിനായിരം മീറ്റര്‍ ഓട്ടമത്സരങ്ങളില്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്നെത്തിയ അത്‌ലറ്റുകളെ ബഹുദൂരം പിന്നിലാക്കിയാണ് ജയ്ഷ ഫിനിഷ്
ചെയ്തത്. ഇരുപതിനായിരത്തിലധികം വരുന്ന ജനക്കൂട്ടത്തിന്റെ ഹര്‍ഷാരവങ്ങള്‍ക്കിടയില്‍ ജയ്ഷ പതിനായിരം മീറ്റര്‍ പൂര്‍ത്തിയാക്കുമ്പോള്‍ മറ്റ് അത്‌ലറ്റുകളെല്ലാം ഒന്നും രണ്ടും ലാപ്പ് പിന്നിലായിരുന്നു! ഒരുപക്ഷേ പി.ടി. ഉഷയ്ക്കുശേഷം മലയാളികള്‍ ഇങ്ങനെയൊരു ഓട്ടക്കാരിയെ നേരില്‍ കണ്ടുകാണില്ല. ജയ്ഷ കഴുത്തിലണിഞ്ഞ സ്വര്‍ണപ്പതക്കങ്ങള്‍ക്ക് സഹനത്തിന്റെ കിതപ്പും കണ്ണുനീരിന്റെ നനവുമുണ്ട്. ഈ വിജയക്കുതിപ്പിനുപിന്നില്‍ അവിശ്വസനീയമെന്ന് തോന്നുന്ന ഒരു ജീവിതകഥയുമുണ്ട്.
മാനന്തവാടിയിലെ കൂലിപ്പണിക്കാരനായ വേണുഗോപാലനും ഭാര്യ ശ്രീദേവിക്കും ഒരാണ്‍കുട്ടി വേണമെന്ന് വലിയ മോഹമായിരുന്നു. നാലാമത്തെ കുഞ്ഞും പെണ്ണായതോടെയാണ് അവരാ സ്വപ്നം ഉപേക്ഷിച്ചത്. പക്ഷേ, പെണ്‍മക്കളോട് അവര്‍ക്കൊട്ടും ഇഷ്ടക്കുറവുണ്ടായിരുന്നില്ല. ജയിക്കാനായി ജയിച്ചവരാണ് തന്റെ പെണ്‍മക്കളെന്ന് വേണുഗോപാലന് ഉറപ്പായിരുന്നു. അവര്‍ക്ക് നല്‍കിയ പേരുകളും അങ്ങനെയായിരുന്നു ജയശ്രീ, ജയന്തി, ജയന, ജയ്ഷ. വലിയ ദുരിതങ്ങളില്ലാതെ അവരുടെ ജീവിതം മുന്നോട്ടുനീങ്ങുമ്പോഴാണ് ഒരു ബസ്സപകടം എല്ലാം തകര്‍ത്തുകളഞ്ഞത്. പണിക്കുപോവുമ്പോള്‍ ബസ് മറിഞ്ഞ് വേണുഗോപാലന്‍ സാരമായ പരിക്കേറ്റ് കിടപ്പിലായി. മൂത്ത മകള്‍ ജയശ്രീക്ക് അന്ന് 15 വയസ്സ്; ഇളയവള്‍ ജയ്ഷയ്ക്ക് അഞ്ചും.
അതോടെ ജീവിതം വഴിമുട്ടി. ഭര്‍ത്താവിന്റെ ചികിത്സയ്ക്കും മക്കളെ വളര്‍ത്താനും വഴിയെന്തെന്നറിയാതെ തളര്‍ന്നുപോയ ശ്രീദേവിയുടെ ആധി മാനസികാസ്വാസ്ഥ്യങ്ങളായി വളര്‍ന്നു. അവര്‍ക്കും ചികിത്സ വേണ്ടിവന്നു. വീട്ടിലൊരു പശുവുണ്ടായിരുന്നു. അതിനെ
ആശ്രയിച്ചായി പിന്നെ ആറുപേരടങ്ങുന്ന ആ കുടുംബത്തിന്റെ ജീവിതം. തുച്ഛമായ പണം മരുന്നിനും രണ്ടുനേരത്തെ ഭക്ഷണത്തിനും തികഞ്ഞില്ല. എങ്കിലും അവര്‍ അതിജീവിച്ചു. മൂത്ത കുഞ്ഞുങ്ങളെ പട്ടിണിക്കിട്ടാലും ഇളയ മകള്‍ ജയ്ഷക്ക് ഇറ്റു കഞ്ഞിത്തെളിയെങ്കിലും നല്‍കാന്‍ അമ്മ അധ്വാനിച്ചു. വിശന്നിരിക്കുമ്പോള്‍ അമ്മ വിളമ്പിത്തരുന്ന ആവിപറക്കുന്ന കപ്പയുടെ രുചിയെക്കുറിച്ച് പറയുമ്പോള്‍ ഇന്നും ജയ്ഷയുടെ കണ്ണുകള്‍ നനയുന്നു. അമ്മയുടെ കണ്ണീരുവീണ ആ കപ്പയാണ് ഇന്നോളം കഴിച്ച ഏറ്റവും രുചികരമായ ഭക്ഷണമെന്ന് ജയ്ഷ ഉറപ്പിക്കുന്നു. എത്ര ഓടിനടന്നാലും ഭക്ഷണത്തിനുള്ള വക കണ്ടെത്താന്‍ അമ്മയ്ക്ക് കഴിയാതെപോയ ദിവസങ്ങളും ഉണ്ടായിരുന്നു. അപ്പോള്‍ ആരും കാണാതെ മണ്ണുവാരി വായിലിട്ട കഥ പറയുമ്പോള്‍ ജയ്ഷയുടെ ശബ്ദം പക്ഷേ, ഒട്ടും ഇടറിയിരുന്നില്ല. ''അതെല്ലാം തുറന്നുപറയാന്‍ എനിക്കൊട്ടും മടിയില്ല. അത്തരം അനുഭവങ്ങളാണ് എനിക്ക് സഹനശേഷിയും മനക്കരുത്തും നല്‍കിയത്, എന്നെയൊരു മാരത്തണ്‍ ഓട്ടക്കാരിയാക്കിത്തീര്‍ത്തത്.''
ദുരിതങ്ങള്‍ എരിഞ്ഞു വിളിക്കുമ്പോഴും ശ്രീദേവി മക്കളെ പുറത്ത് പണിക്കയച്ചില്ല. തന്നാലാവുംവിധം അവരെ പഠിപ്പിക്കാന്‍ ശ്രമിച്ചു. പശുക്കളെ വളര്‍ത്തുന്നതിനായി ശ്രീദേവി തൃശ്ശിലേരിയിലെ ബാങ്കില്‍നിന്ന് ലോണെടുത്തിരുന്നു. അതോടെ വീടുനില്‍ക്കുന്ന സ്ഥലത്തിന്റെ ആധാരവും ബാങ്കിലായി. വീടിനടുത്തുള്ള തൃശ്ശിലേരി സ്‌കൂളിലാണ് ജയ്ഷയെ ചേര്‍ത്തത്. അവിടത്തെ കുട്ടികള്‍ക്ക് കായികപരിശീലനം നല്‍കാന്‍ കാട്ടിക്കുളംകാരന്‍ ഗിരീഷ് എന്ന പഴയ കായികതാരം മുന്‍കൈ എടുത്തിരുന്നു. കായിക അധ്യാപകനൊന്നുമല്ലെങ്കിലും സ്‌പോര്‍ട്‌സിനോടുള്ള ഇഷ്ടംകൊണ്ടുമാത്രം പരിശീലകനായിമാറിയ ഗിരീഷ് ആണ് ജയ്ഷയെന്ന അത്‌ലറ്റിന്റെ പ്രതിഭയെ തേച്ചുമിനുക്കിയെടുത്തത്. ''എന്റെ കായികജീവിതം ഇന്നും ഗിരീഷ് സാറിനോട് കടപ്പെട്ടിരിക്കുന്നു. അദ്ദേഹമാണ് എനിക്ക് വഴിതെളിച്ചുതന്നത്'', ജയ്ഷയുടെ സാക്ഷ്യം.
പത്താം ക്ലാസ്സുവരെ തൃശ്ശിലേരി സ്‌കൂളില്‍ പഠിച്ചു. സ്‌കൂള്‍ കായികമേളകളില്‍ മെഡലുകള്‍ നേടിയ ആ ഇത്തിരിപ്പോന്ന പെണ്‍കുട്ടിക്ക് കോട്ടയത്തെ അസംപ്ഷന്‍ കോളേജില്‍ സ്‌പോര്‍ട്‌സ് ഹോസ്റ്റലില്‍ അഡ്മിഷന്‍ കിട്ടിയത് ഗിരീഷിന്റെതന്നെ പരിശ്രമത്തിലാണ്. അസംപ്ഷനിലെ കായികാധ്യാപകന്‍ വെല്‍സിയും കോളേജ് അധികൃതരും ട്രാക്കില്‍ ജയ്ഷയുടെ മികവ് തിരിച്ചറിഞ്ഞു. അവരുടെ പിന്തുണയില്‍ അന്തസ്സര്‍വകലാശാലാ മത്സരങ്ങളില്‍ ദീര്‍ഘദൂര ഓട്ടമത്സരങ്ങളില്‍ അവള്‍ മെഡലുകള്‍ വാരിക്കൂട്ടി. 2005ല്‍ ആന്ധ്രയിലെ ഗുണ്ടൂരില്‍ നടന്ന ദേശീയ സര്‍വകലാശാലാ മീറ്റില്‍ 1500, 5000, 10000 മീറ്റര്‍ ഓട്ടമത്സരങ്ങളില്‍ സ്വര്‍ണമണിഞ്ഞ ജയ്ഷയ്ക്ക് ആ വര്‍ഷംതന്നെ ഏഷ്യന്‍ ഇന്‍ഡോര്‍ മീറ്റിനുള്ള ഇന്ത്യന്‍ ടീമില്‍ സെലക്ഷന്‍ കിട്ടി. ആ മീറ്റില്‍ രണ്ട് സ്വര്‍ണം നേടിയതോടെ റെയില്‍വേയില്‍ ജോലിയും ലഭിച്ചു. കോഴിക്കോട്ട് ചെന്ന് റെയില്‍വേയില്‍ ജോലിക്ക് ചേരുമ്പോള്‍ നാലു മക്കളില്‍ ഇളയവളായ ജയ്ഷയുടെ മനസ്സില്‍ ഒരേയൊരു കാര്യമേ ഉണ്ടായിരുന്നുള്ളൂ ചേച്ചിമാരെ കെട്ടിച്ചയയ്ക്കണം. മൂത്തചേച്ചിക്ക് അന്ന് പ്രായം 35 ആയിരുന്നു. വൈകാതെ മൂത്ത മൂന്നുപേരുടെയും കല്യാണം നടത്തി.
2006ലെ ദോഹ ഏഷ്യന്‍ ഗെയിംസിലും കഴിഞ്ഞ വര്‍ഷം നടന്ന ഇഞ്ചിയോണ്‍ ഏഷ്യന്‍ ഗെയിംസിലും ഏഷ്യന്‍ ട്രാക്ക് ആന്‍ഡ് ഫീല്‍ഡ് മീറ്റുകളിലും ഇന്ത്യക്കുവേണ്ടി ജയ്ഷ സ്വര്‍ണം നേടിയിട്ടുണ്ട്. എന്നാല്‍, ഈ വര്‍ഷമാണ് ജയ്ഷ ശരിയായ ഫോമിലേക്കുയര്‍ന്നത്.
രണ്ടുമാസം മുമ്പ് മുംബൈയില്‍ നടന്ന മാരത്തണില്‍ ആഫ്രിക്കയിലും യൂറോപ്പിലും നിന്നെല്ലാമെത്തിയ പ്രസിദ്ധരായ അത്‌ലറ്റുകളെ പിന്നിലാക്കി ജയ്ഷ പുതിയ ദേശീയ റെക്കോഡോടെ സ്വര്‍ണംനേടി. രണ്ട് മണിക്കൂര്‍ 37 മിനിറ്റ് 29 സെക്കന്‍ഡ് കൊണ്ടാണ് 42 കിലോമീറ്ററിലധികം വരുന്ന മാരത്തണ്‍ ഓട്ടം ജയ്ഷ പൂര്‍ത്തിയാക്കിയത്. അതുവരെ അയ്യായിരം മീറ്ററിലും പതിനായിരം മീറ്ററിലും മത്സരിച്ചിരുന്ന ജയ്ഷ വെറും മൂന്നുമാസത്തെ പരിശീലനം കൊണ്ടാണ് മുംബൈ മാരത്തണ്‍ ഓടി ജയിച്ചത്. അതുകൊണ്ടുതന്നെ ആഗസ്തില്‍ നടക്കുന്ന ലോക ചാമ്പ്യന്‍ഷിപ്പിലും അടുത്തവര്‍ഷത്തെ റിയോ ഒളിമ്പിക്‌സിലും ജയ്ഷയ്ക്ക് മികച്ച സാധ്യതയുണ്ടെന്നാണ് ബലാറസ്സുകാരനായ പരിശീലകന്‍ നിക്കോളായിയുടെ പക്ഷം. അതിനുകഴിഞ്ഞാല്‍ ജയ്ഷയ്ക്ക് സ്ഥാനം ഇന്ത്യന്‍ കായികചരിത്രത്തിന്റെ ആദ്യപേജുകളിലാവും. പക്ഷേ, പരിശീലനത്തിന് പണം കണ്ടെത്തുകയെന്നത് വലിയ വെല്ലുവിളിയാണ്. മാരത്തണ്‍ ഓടുന്നതിനുള്ള ഷൂവിനുതന്നെ എണ്ണായിരത്തോളം രൂപവേണം. ഒരാഴ്ചത്തെ പരിശീലനം കൊണ്ടുതന്നെ ഷൂ ഉപയോഗശൂന്യമാവുകയും
ചെയ്യും.
2010ല്‍ ജയ്ഷയും വിവാഹിതയായി. പഞ്ചാബില്‍നിന്നുള്ള മുന്‍ കായികതാരവും പരിശീലകനുമായ ഗുര്‍മീത് സിങ്ങാണ്
ജയ്ഷയെ മിന്നുകെട്ടിയത്. ട്രാക്കില്‍നിന്നുള്ള പ്രണയം വിവാഹത്തിലെത്തുകയായിരുന്നു. ജയ്ഷയുടെ പരിശീലനത്തിന് ഇപ്പോള്‍ മേല്‍നോട്ടം വഹിക്കുന്നത് ഗുര്‍മീത് ആണ്. ഒളിമ്പിക്‌സ് ലക്ഷ്യമാക്കിയുള്ള പരിശീലനത്തിന് പണം കണ്ടെത്താനുള്ള തത്രപ്പാടിലാണ് അദ്ദേഹം. ''ജയ്ഷയ്ക്ക് ഒളിമ്പിക്‌സില്‍ മികച്ച സാധ്യതയുണ്ടെന്ന് എല്ലാവരും പറയുന്നു. പണമില്ലാത്തതുകൊണ്ട് പരിശീലനം മുടങ്ങരുത്. ഒരു സ്‌പോണ്‍സറെ കണ്ടെത്താന്‍ കയറിയിറങ്ങാത്ത ഇടമില്ല. ഇതുവരെ ഒന്നുമായില്ല. ആരെങ്കിലും മുന്നോട്ടുവരാതിരിക്കില്ല'', വിഷമത്തോടെയാണ് ഗുര്‍മീത് പറയുന്നത്.ഒരു വീടുവേണം, ബാങ്ക് കനിയണംനാല് പെണ്‍മക്കളെ ഒരു കരയ്‌ക്കെത്തിക്കുന്നതിന് ജീവിതം യാതനകളാല്‍ നിറച്ച അമ്മയ്ക്ക് ഇനിയെങ്കിലും ഒരു നല്ല ജീവിതം നല്‍കണമെന്ന് ജയ്ഷ കൊതിക്കുന്നു. അടച്ചുറപ്പുള്ള ഒരു വീടുവേണം. അഞ്ചുലക്ഷം രൂപ വീടുവെക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ അനുവദിച്ചിരുന്നു.
പക്ഷേ, പഴയ വീടുനില്‍ക്കുന്ന സ്ഥലത്തിന്റെ ആധാരം ഇപ്പോഴും ബാങ്കിലാണ്. വര്‍ഷങ്ങള്‍ക്കുമുമ്പ് പശുവളര്‍ത്തുന്നതിനായി എടുത്ത കടമാണത്. പിന്നീടത് സര്‍ക്കാര്‍ എഴുതിത്തള്ളിയെന്ന് കേട്ടിരുന്നു. പക്ഷേ, കാട്ടിക്കുളത്തെ ഗ്രാമീണ ബാങ്കില്‍ ചെന്ന് അമ്മ പലതവണ ആധാരം ചോദിച്ചെങ്കിലും കിട്ടിയില്ല. കടുവാസങ്കേതമായി സര്‍ക്കാര്‍ പ്രഖ്യാപിച്ച മേഖലയോട് ചേര്‍ന്ന് പാറക്കൂട്ടങ്ങള്‍ നിറഞ്ഞ 32 സെന്റ് സ്ഥലം അത് മാത്രമേയുള്ളൂ ഇന്ത്യയുടെ അഭിമാനമായ ഈ കായികതാരത്തിന്റെ കുടുംബത്തിന്. ആധാരമില്ലാത്തത് കാരണം വീടുവെക്കാന്‍ പഞ്ചായത്തില്‍നിന്ന് അനുമതികിട്ടില്ല. ''പലരോടും പറഞ്ഞുനോക്കി. പരിഹാരമായില്ല. ഇനി ആരോടാണ് സഹായം ചോദിക്കേണ്ടതെന്ന് എനിക്കറിയില്ല!'', ട്രാക്കില്‍ രാജ്യത്തിനായി വലിയ മത്സരങ്ങള്‍ ജയിച്ച ചാമ്പ്യന്‍ അത്‌ലറ്റ് ഇവിടെ നിരായുധയാവുന്നു.