എടപ്പാള്‍: ആരാധകരുടെയും ആസ്വാദകരുടെയും നിരുപാധികസ്‌നേഹത്തിന്റെ മധുരത്തില്‍ കേരളത്തിന്റെ ആര്‍ട്ടിസ്റ്റ് നമ്പൂതിരിക്ക് നവതി. മഹാകവി അക്കിത്തവും എം.ടി. വാസുദേവന്‍നായരും യു.എ. ഖാദറും ചലച്ചിത്രസംവിധായകന്‍ ലാല്‍ജോസുമടക്കം പ്രതിഭകള്‍ തിങ്ങിയ പിറന്നാള്‍ ആഘോഷം സാംസ്‌കാരികസദ്യയായി.
വരയുടെ വാസുദേവനെന്ന് വി.കെ.എന്‍. വിശേഷിപ്പിച്ച വാസുദേവന്‍ നമ്പൂതിരി എന്ന നമ്പൂതിരിയുടെ 90-ാം പിറന്നാളാഘോഷം രാവിലെ ശ്രീവത്സന്‍ ജെ. മേനോന്‍ സംഗീതക്കച്ചേരിയോടെ തുടങ്ങി. നടുവട്ടം കരുവാട്ടില്ലത്തുപറമ്പില്‍ സജ്ജമാക്കിയ പന്തലില്‍ മുന്നിലെ വരിയില്‍ത്തന്നെ കച്ചേരി കേള്‍ക്കാനിരുന്ന നമ്പൂതിരിക്ക് ആശംസകളര്‍പ്പിക്കാനും അനുഗ്രഹങ്ങള്‍ വാങ്ങാനും നല്ല തിരക്കായിരുന്നു.
അതിനിടെ മാതൃഭൂമി ആര്‍ട്ട് എഡിറ്റര്‍ മദനന്‍, നമ്പൂതിരിയെ വരച്ച ചിത്രവുമായെത്തി. നിരൂപകനായ എന്‍.ഇ. സുധീര്‍ കൊച്ചിയില്‍നിന്നെത്തിയത് നമ്പൂതിരിയുടെ ചിത്രം ആലേഖനംചെയ്ത കേക്കുമായാണ്. മനയുടെ മുറ്റത്ത് വിശിഷ്ട വ്യക്തികളും മക്കളായ പരമേശ്വരനും വാസുദേവനും അടക്കമുള്ളവരുടെ മുന്നില്‍വെച്ച് നമ്പൂതിരി കേക്ക് മുറിച്ചു. നമ്പൂതിരിയും എം.ടിയും കഴിച്ചശേഷം പിറന്നാളിനെത്തിയവര്‍ക്കും കേക്ക് വിതരണംചെയ്തു.
കാലഘട്ടത്തിലെ ഏറ്റവും പ്രതിഭാധനനായ കലാകാരനാണ് നമ്പൂതിരിയെന്നും അരനൂറ്റാണ്ടുകാലത്തെ ബന്ധമാണ് തങ്ങള്‍ തമ്മിലുള്ളതെന്നും എം.ടി പറഞ്ഞു. വരകളും വര്‍ണങ്ങളും ലോഹവും മരവും മണ്ണും എല്ലാം വഴങ്ങുന്നതാണ് അദ്ദേഹത്തിന്റെ പ്രതിഭ. നവതി കഴിഞ്ഞാലും വറ്റാത്ത നിറവുപോലെ ഇനിയുമൊട്ടേറെ സൃഷ്ടികള്‍ അദ്ദേഹത്തിന്റെ തൂലികയില്‍നിന്ന് പിറക്കുമെന്നും എം.ടി ആശംസിച്ചു.
സാംസ്‌കാരിക കേരളത്തിന്റെ അഭിമാനമാണ് ആര്‍ട്ടിസ്റ്റ് നമ്പൂതിരിയെന്ന് മന്ത്രി കെ.സി. ജോസഫ് ആശംസാസന്ദേശത്തില്‍ അഭിപ്രായപ്പെട്ടു. വിദേശത്തായതിനാല്‍ ഫോണില്‍വിളിച്ചാണ് മന്ത്രി നമ്പൂതിരിക്ക് ആശംസയര്‍പ്പിച്ചത്.
ലളിതകലാ അക്കാദമി ചെയര്‍മാന്‍ കാട്ടൂര്‍ നാരായണപിള്ള, എഴുത്തുകാരായ എന്‍.എസ്. മാധവന്‍, ആലങ്കോട് ലീലാകൃഷ്ണന്‍, പി.പി. രാമചന്ദ്രന്‍, പ്രൊഫ. എം.എം. നാരായണന്‍, ചൊവ്വല്ലൂര്‍ കൃഷ്ണന്‍കുട്ടി, മാടമ്പ് കുഞ്ഞുക്കുട്ടന്‍, സിനിമാരംഗത്തുനിന്ന് വി.കെ. ശ്രീരാമന്‍, ഷാജി എന്‍. കരുണ്‍, സംവിധായകന്‍ എം.എ. നിഷാദ്, അസോ. ഡയറക്ടര്‍ സുധീഷ്, ചിത്രകാരന്‍മാരായ ബോസ് കൃഷ്ണമാചാരി, റിയാസ് കോമു, കലാധരന്‍, രാഷ്ട്രീയരംഗത്തെ പ്രമുഖരായ എം.എ. ബേബി, കെ.ടി. ജലീല്‍, സി.പി. ജോണ്‍, സുരേഷ് കുറുപ്പ്, ശ്രീവത്സം ട്രസ്റ്റ് സെക്രട്ടറി കുന്നം വിജയന്‍ തുടങ്ങി നാടിന്റെ നാനാഭാഗത്തുനിന്നുമുള്ള നിരവധി പ്രമുഖരും ചിത്രകാരന് ആശംസനേരാനെത്തി.
ഉച്ചക്ക് മേയ്ക്കാട് നാരായണന്‍ നമ്പൂതിരിയും സംഘവുമൊരുക്കിയ വിഭവസമൃദ്ധമായ സദ്യ എം.ടിക്കും അക്കിത്തത്തിനും യു.എ. ഖാദറിനും എന്‍.പി. വിജയകൃഷ്ണനുമെല്ലാമൊപ്പമിരുന്ന് നമ്പൂതിരി ആസ്വദിച്ചുകഴിച്ചു. രാത്രി കലാനിലയം ഉദയന്‍ നമ്പൂതിരി അവതരിപ്പിച്ച തായമ്പകയും കലാമണ്ഡലം ഗോപി പങ്കെടുത്ത നളചരിതം നാലാംദിവസം കഥകളിയും പിറന്നാളിന്റെ മാധുര്യം ഇരട്ടിയാക്കി. 'എല്ലാരെയും കണ്ടതില്‍ പൂര്‍ണതൃപ്തി' എന്ന് നമ്പൂതിരി പറഞ്ഞതോടെ ആഘോഷങ്ങള്‍ക്ക് തിരശ്ശീലവീണു.