ജീവിതപുണ്യം. നിറഞ്ഞ കാന്‍വാസുപോലെ നിഷ്‌കളങ്കമായി ചിരിച്ചുകൊണ്ട് ചിത്രകാരന്‍ പറയുന്നു.
സപ്തംബര്‍ 10ന് 90 വയസ്സ് തികയുന്ന മലയാളത്തിന്റെ മഹാചിത്രകാരന്‍ നമ്പൂതിരിയുമായി അഭിമുഖം. വരുന്ന വ്യാഴാഴ്ച (കൊല്ലവര്‍ഷം 1191 ചിങ്ങം 25, ആയില്യം) കരുവാട്ട് മനക്കല്‍ വാസുദേവന്‍ നമ്പൂതിരിക്ക് മലയാളത്തിന്റെ മഹാചിത്രകാരന്‍ നമ്പൂതിരിക്ക്‌തൊണ്ണൂറ് വയസ്സ് തികയുകയാണ്. അന്ന് എടപ്പാള്‍ നടുവട്ടത്തെ അദ്ദേഹത്തിന്റെ വസതിയില്‍ ചെറിയ തോതില്‍ പിറന്നാളാഘോഷങ്ങള്‍ ഉണ്ടാവും. രാവിലെ ശ്രീവത്സന്‍ ജെ. മേനോന്റെ സംഗീതക്കച്ചേരി, സന്ധ്യക്ക് കലാനിലയം ഉദയന്‍ നമ്പൂതിരിയുടെ തായമ്പക, രാത്രി കലാമണ്ഡലം ഗോപി പങ്കെടുക്കുന്ന നളചരിതം നാലാം ദിവസം കഥകളി എന്നിങ്ങനെ...
അതെ, നമ്മുടെ കാലഘട്ടത്തിലെ ഒരു വലിയ കലാകാരന്റെ നവതി അന്ന് ഒരു കലോല്‍സവമായിത്തീരും. അഞ്ചാമത്തെ വയസ്സില്‍ മനയ്ക്കലെ മുറ്റത്തെ മണലില്‍ ഈര്‍ക്കില്‍കൊണ്ടും അമ്പലച്ചുമരില്‍ കരിക്കട്ടകൊണ്ടും വരച്ചുതുടങ്ങിയ ഈ 'വര'രുചിക്ക് നവതിയെത്തുന്നു എന്നത് എല്ലാവര്‍ക്കും ആശ്ചര്യവും അവിശ്വസനീയവുമാകുന്നു. ശരീരത്തിന് കവിഞ്ഞാല്‍ 60; മനസ്സിന് അതില്‍ പകുതി. ഇതാണ് നമ്പൂതിരിയെ കാണുന്നവര്‍ക്ക് പ്രായത്തിന്റെ അളവുകോല്‍. ഇപ്പോഴും നിത്യവും വരച്ച് 'സാധകം' ചെയ്യുന്ന നമ്പൂതിരി മാതൃഭൂമി വാരാന്തപ്പതിപ്പിന് പ്രത്യേകമായി നല്‍കിയ പിറന്നാള്‍ വര്‍ത്തമാനങ്ങള്‍...
? തൊണ്ണൂറിന്റെ ക്ഷീണമല്ല, ചെറുപ്പത്തിന്റെ ഊര്‍ജവും ഉത്സാഹവുമാണ് നമ്പൂതിരിയുടെ വാക്കിലും പ്രവൃത്തിയിലും വരയിലും നിറഞ്ഞുനില്‍ക്കുന്നത്. ഈ ഉഷാറിന്റെ അടിസ്ഥാനം...
ഒന്നാമത്, എനിക്ക് ചെയ്യാന്‍ കഴിയുന്ന കുറച്ചുകാര്യങ്ങളേയുള്ളൂ. അതില്‍ ഒന്നാമത്തേത് വരയ്ക്കുക എന്നതാണ്. അതൊരു ദൈനംദിന പ്രവൃത്തിയായി മാറി. ആവശ്യത്തിനായിട്ടല്ലെങ്കിലും എന്തെങ്കിലും വരച്ചുകൊണ്ടിരിക്കും. രേഖാചിത്രങ്ങളോടുള്ള താത്പര്യം കൂടുകയാണ്. ഒഴിഞ്ഞ കടലാസില്‍ വരയ്ക്കുമ്പോള്‍ ശൂന്യതയില്‍ ഒരു സൃഷ്ടി നടത്തുന്നതിന്റെ സന്തോഷം ഉണ്ടാകുന്നു.
? ഭാവപ്രധാനമായ ചിത്രങ്ങളാണല്ലോ ഇപ്പോള്‍ അധികവും വരച്ചുകാണുന്നത്.
നമ്മള്‍ നമ്മളറിയാതെ ആളുകളെ ശ്രദ്ധിക്കുന്നുണ്ട്. അവരുടെ ഭാവങ്ങള്‍, നോട്ടം, നില്പ്, നടപ്പ് ഒക്കെ ശ്രദ്ധിക്കും അത് മനസ്സില്‍ കയറും. അതെല്ലാം അറിയാതെ വരയില്‍ വന്നുപോകും.
? സ്ത്രീകളെ വരയ്ക്കുമ്പോള്‍ അവര്‍ അതിസുന്ദരികളായിത്തീരുന്നതിലെ കലാരഹസ്യം...
സ്ത്രീശരീരം പൊതുവേ സുന്ദരമാണ്. സ്ത്രീകളെ വരയ്ക്കുമ്പോള്‍ എന്നിലെ സൗന്ദര്യബോധം പ്രവര്‍ത്തിക്കുകയാണ്. സ്ത്രീയുടെ ശരീരഘടനയ്ക്ക് ഒരു താളവും ഈണവുമുണ്ട്. അതിനെ ഭാവാത്മകമാക്കുമ്പോള്‍ സൗന്ദര്യം തനിയെ വന്നുചേരും. സ്ത്രീശരീരത്തെ രതിയുടെ കണ്ണിലൂടെയല്ലാതെ ഉദാത്തമായി കാണണം. അപ്പോള്‍ വര സുന്ദരമാകും.
? മണ്ണ്/ മരം/ ശില/ ലോഹ ശില്പി കൂടിയാണ് നമ്പൂതിരി. വരയ്ക്കപ്പുറത്ത് ഈ ശില്പമനസ്സുകൂടി രൂപപ്പെട്ടത്...
ഉള്ളിലെ ചിത്രബോധംതന്നെയാണ് ശില്പമായി മാറുന്നത്. കുട്ടിക്കാലത്ത് കളിമണ്ണില്‍ ശില്പങ്ങള്‍ ചെയ്തിരുന്നു. പല ഭാഗങ്ങളിലായി വലിയ ശില്പങ്ങള്‍ ചെയ്തിട്ടുണ്ട്. ലോഹത്തില്‍ 'അവസാനത്തെ അത്താഴവും' 'സൂര്യനും കുതിരകളു'മൊക്കെ ചെയ്തു. വീട്ടുമുറ്റത്ത് ഒരു സ്ത്രീശില്പം ഉണ്ടാക്കി. വരയ്ക്കാനുള്ള താത്പര്യത്തിന്റെ മറ്റൊരു വശമാണ് ഇതെല്ലാം. കഥകളിയിലെ 'വെള്ളത്താടി' ശില്പമായി പരീക്ഷിച്ചിട്ടുണ്ട്.
? പണ്ടുവരച്ച ചിത്രങ്ങള്‍ ഇപ്പോള്‍ കാണുമ്പോഴോ...
ചിലത് ഒന്നുകൂടി നന്നാക്കാമായിരുന്നു എന്ന് തോന്നിയിട്ടുണ്ട്. ചിലത് എനിക്കുതന്നെ അദ്ഭുതമാകുന്നു. അന്നെങ്ങനെ ഇത് സാധിച്ചു. മോശം കഥകള്‍ക്കൊക്കെ നല്ല ചിത്രങ്ങള്‍ വരച്ചിട്ടുണ്ട്.
? 'രണ്ടാമൂഴ'ത്തിനടക്കമുള്ള ചിത്രങ്ങള്‍ കോഴിക്കോട് ബിലാത്തികുളത്തെ വീട്ടിലിരുന്നാണല്ലോ വരച്ചത്. നമ്പൂതിരിക്ക് വരയ്ക്കാന്‍ ഏറ്റവും ഇണങ്ങിയ ഇടം അതാണോ...
കോഴിക്കോട്ടെ ആ വീടുതന്നെ. രണ്ടാമൂഴത്തിലെ ചിത്രങ്ങള്‍ വീണ്ടും വരച്ചാല്‍ അന്നത്തേതിനേക്കാള്‍ നന്നാവും എന്നൊരു ബോധ്യം തോന്നുന്നു. എടപ്പാളിലെ വീട്ടിലിരുന്നും ധാരാളം വരച്ചിട്ടുണ്ട്. പെയിന്റിങ്ങുകളും ലോഹശില്പങ്ങളും ചെയ്തു. ഇതും നല്ല ചിത്രമെഴുത്തുഭൂമി തന്നെയാണ്.
? പല ആനുകാലികങ്ങളിലും വരച്ചു. സമ്പന്നമായ വരക്കാലം ഏതാണ്...
മാതൃഭൂമിക്കാലംതന്നെ. എന്‍.വി. കൃഷ്ണവാരിയരും എം.ടി. വാസുദേവന്‍നായരും ഒരുമിച്ച കാലം. പിന്നെ എസ്. ജയചന്ദ്രന്‍നായര്‍ എന്നെ ഏറ്റെടുക്കുകയായിരുന്നു. ആ കാലത്താണ് കൂടുതല്‍ വരച്ചത്.
? തകഴി മുതല്‍ക്കുള്ള എഴുത്തുകാര്‍ക്ക് വരച്ചു. നമ്പൂതിരിയെ സ്വാധീനിച്ച പ്രധാന എഴുത്തുകാര്‍ ആരൊക്കെ...
എം.ടി., വി.കെ.എന്‍., പുനത്തില്‍, എം. മുകുന്ദന്‍, മേതില്‍ രാധാകൃഷ്ണന്‍... അങ്ങനെ ധാരാളം പേരുണ്ട്. ദൃശ്യബോധത്തോടെ എഴുതുന്നവര്‍ക്ക് വേണ്ടി വരയ്ക്കാന്‍ എളുപ്പമാണ്.
? കേരളീയ കലകളുടെ രേഖാചിത്രസാധ്യതകള്‍ സാക്ഷാത്കരിച്ച ചിത്രകാരന്‍ കൂടിയാണ് അങ്ങ്.
കലാരൂപങ്ങള്‍ വരയ്ക്കുമ്പോഴുള്ള ആനന്ദം എന്താണ്... കഥകളിയും തെയ്യവും വരയ്ക്കാന്‍ ഇഷ്ടമാണ്. തെയ്യത്തിന്റെ കെട്ടിക്കാഴ്ചയും ആകാരവലിപ്പവുമൊക്കെ വരയ്ക്കുമ്പോള്‍ ആ വിശാലതയില്‍ ആനന്ദം ഉണ്ടാകുന്നു. ഫോക്ക് പലതും വരയ്ക്കാന്‍ സാധിക്കും. കുട്ടിക്കാലത്ത് തായമ്പകയും മേളവും പഞ്ചവാദ്യവും കേട്ട പരിചയം, കഥകളികണ്ട അനുഭവം... എല്ലാം മനസ്സിലുണ്ട്. അതുകൊണ്ട് കൊട്ടുകാരെയൊക്കെ വരയ്ക്കാന്‍ എന്റെ കണ്ണില്‍ പതിയുന്ന ചിലതുണ്ട്. അത് വരയ്ക്കുമ്പോള്‍ ഗുണമാകുന്നു.
? നമ്പൂതിരിയുടെ കണ്ണില്‍ വരയുടെ ലെന്‍സുള്ള ഒരു ക്യാമറയുണ്ടെന്നര്‍ഥം...
ക്യാമറപോലെ കണ്ണ് പ്രവര്‍ത്തിക്കണം. വരയ്ക്കുമ്പോള്‍ മനസ്സ് സര്‍ഗാത്മകമാകണം.
? ജന്മദിനവുമായി ബന്ധപ്പെട്ട് ചോദിക്കട്ടെ. എന്താണ് നമ്പൂതിരിയുടെ ദൈവസങ്കല്പം...
ഈ പ്രപഞ്ചത്തില്‍ ഒരു ശക്തിയുണ്ട് എന്ന് ഞാന്‍ വിശ്വസിക്കുന്നു. നമ്മളെ നിയന്ത്രിക്കുന്ന ആ ശക്തിയെ, ആ സത്യത്തെ ഞാന്‍ ദൈവം എന്നു വിളിക്കുന്നു. ആ ശക്തിയില്‍ വിശ്വസിക്കുന്നു. ഇല്ല എന്ന് നിഷേധിക്കുന്നതിനേക്കാള്‍ ഉണ്ട് എന്ന് വിശ്വസിക്കുകയാണ് എളുപ്പം. അമൂര്‍ത്തമായ ചൈതന്യത്തെ ഞാന്‍ ദൈവമായി കാണുന്നു. ദൈവസങ്കല്പം സൗന്ദര്യബോധത്തിന്റെ ഭാഗവും കാല്പനികവുമാണ്.
? ചിത്രകലയിലെ പുതുകാലത്തെ എങ്ങനെ വിലയിരുത്തുന്നു...
ചിലത് നന്നാകുന്നു. ചിലത് മുഴുവനായി പിടികിട്ടാറില്ല. ശാസ്ത്രീയമായി പഠിച്ചിട്ട് അത് മറന്ന് ചെയ്യുന്നതാകണം രീതി. സ്റ്റഡി ഇല്ലാതെ മറവി മാത്രമായാല്‍ ശരിയാവുമോ? സാഹിത്യത്തിലും ഇത് ബാധകമാണ്.
? നമ്പൂതിരിക്ക് ചിത്രമെഴുത്ത് തന്ന ജീവിതസൗഖ്യം എന്താണ്.
ജീവിതത്തെപ്പറ്റി ഒരു ആക്ഷേപവുമില്ല. തികഞ്ഞ കൃതാര്‍ഥത. അതിസന്തുഷ്ടം. കോഴിക്കോട്ടെ വീട്ടില്‍ മൂത്തമകന്‍ പരമേശ്വരനും കുടുംബവും താമസിക്കുന്നു. എടപ്പാളിലെ വീട്ടില്‍ പത്‌നി മൃണാളിനി അന്തര്‍ജനവും രണ്ടാമത്തെ മകന്‍ ദേവനും കുടുംബവും. അവരോടൊപ്പം ഞാനും. വരയ്ക്കാന്‍ പറ്റിയ അന്തരീക്ഷം. സ്വസ്ഥം, സുഖം.