നമ്പൂതിരിയുടെ സ്ത്രീകള്‍

മോഹന്‍ലാല്‍ Posted on: 10 Sep 2015



നമ്പൂതിരിയുടെ സ്ത്രീകള്‍ നമ്മുടെ സ്ത്രീകള്‍

നമ്പൂതിരി സാറുമായുള്ള പരിചയവും സ്‌നേഹബന്ധവും പൂര്‍വജന്മത്തിലെവിടെയോവെച്ച് തുടങ്ങിയതാണ് എന്ന് ഞാന്‍ വിശ്വസിക്കുന്നു. കാരണം, ആദ്യമായി ഞങ്ങള്‍ കണ്ടുമുട്ടിയ നിമിഷം ഇപ്പോഴും എനിക്കോര്‍മയില്ല. മൂടല്‍മഞ്ഞിലെന്നപോലെ അത് എന്നില്‍നിന്ന് മറഞ്ഞു നില്ക്കുന്നു.

കണ്ടുമുട്ടിയതെപ്പോഴാണെങ്കിലും ശരി, ആ നിമിഷം മുതല്‍ 'ദൈവമേ ഈ മനുഷ്യന്‍ എന്റെ ഹൃദയത്തിന്റെ ഭാഗമാണല്ലോ' എന്നെനിക്കു തോന്നി. എല്ലാവരോടും നമുക്ക് അങ്ങനെ തോന്നണം എന്നില്ല. എന്നാല്‍ ചില സമാഗമങ്ങളില്‍ അങ്ങനെ സംഭവിക്കും. രണ്ട് വ്യക്തികള്‍ക്കിടയിലെ പോസിറ്റീവ് എനര്‍ജി എന്നൊക്കെ പുതിയകാലം അതിനെ വിളിക്കുന്നുണ്ട്. ഈ അവസ്ഥയെ ജന്മാന്തര സ്‌നേഹബന്ധം എന്നു വിളിക്കാനാണ് എനിക്കിഷ്ടം.

പിന്നീട് ഏതൊക്കെയോ ഇടങ്ങളില്‍വെച്ച് ഞങ്ങള്‍ കണ്ടുമുട്ടി. നമ്പൂതിരി സാറിനെ കണ്ടുകൊണ്ടിരിക്കുന്നതുതന്നെ ഒരാനന്ദമാണ്. എനിക്ക് വരയ്ക്കാനുള്ള സിദ്ധി ഉണ്ടായിരുന്നെങ്കില്‍ ഞാന്‍ വെള്ളിമുടികള്‍ പിന്നില്‍ക്കെട്ടിവെച്ച് നടന്നുപോകുന്ന ആ രൂപം വരച്ചേനെ. വരയുടെ ഈ പരമപുരുഷന്‍ തന്നെ വലിയ ഒരു വരയാണ്.

സൗന്ദര്യലഹരിയില്‍ ഒരു ശ്ലോകമുണ്ട്:
സുധാസിന്ധോര്‍മധ്യേ സുരവിടപിവാടീപരിവൃതേ
മണിദ്വീപേ നീപോപവനവതി ചിന്താമണിഗൃഹേ!
ശിവാകാരേ മഞ്ചേ പരമശിവ പര്യങ്കനിലയാം
ഭജന്തി ത്വാം ധന്യാഃ കതിചന ചിദാനന്ദലഹരീം!!

ദേവീസ്ഥാനമാണ് വര്‍ണിക്കുന്നത്: അല്ലയോ മഹാദേവീ! അമൃതസമുദ്രത്തിന്റെ നടുവില്‍ കല്പവൃക്ഷോദ്യാനത്താല്‍ ചുറ്റപ്പെട്ട് രത്‌നദ്വീപില്‍ കടമ്പുവൃക്ഷങ്ങള്‍ കൊണ്ടുള്ള ആരാമത്തോടുകൂടിയ ചിന്താമണിഗൃഹത്തില്‍ ബ്രഹ്മാവിഷ്ണുരുദ്രേശ്വരന്മാര്‍ ആഗ്‌നേയാദി നാലുകോണുകളില്‍ മുകളിലും നാലുകാലുകളിലിരിക്കുന്നതും ഉപരിഭാഗത്തില്‍ സദാശിവന്‍ പലകയായി തീര്‍ത്തിരിക്കുന്നതുമായ മഞ്ചത്തില്‍ പരമശിവനാകുന്ന മെത്തയില്‍ സ്ഥിതിചെയ്യുന്ന ജ്ഞാനാനന്ദ പ്രവാഹരൂപിണിയായ നിന്തിരുവടിയെ ചില പുണ്യവാന്മാര്‍ ഭജിക്കുന്നു.

ഈ ശ്ലോകത്തില്‍ ഒരു ചിത്രമുണ്ട് എന്നെനിക്കു തോന്നി. ഞാന്‍ നമ്പൂതിരി സാറിനോട് ഇതൊന്ന് വരച്ചുതരാന്‍ പറ്റുമോ എന്ന് ചോദിച്ചു. അദ്ദേഹം സമ്മതിക്കുകയും ചെയ്തു. ലോകത്ത് ആര്‍ക്കും വരയ്ക്കാന്‍ സാധിക്കാത്തതാണ് അത്. പിന്നീട് ഞങ്ങള്‍ പലപ്പോഴായി കണ്ടു. അപ്പോഴൊന്നും ഞാന്‍ ചിത്രത്തെപ്പറ്റി ചോദിച്ചതേയില്ല. ഒരിക്കല്‍ കണ്ടപ്പോള്‍ അദ്ദേഹം ചോദിച്ചു:
'ലാല്‍, എന്താണ് അത് വരച്ചുതീര്‍ന്നോ എന്ന് ചോദിക്കാത്തത്?'

ഒന്നോ രണ്ടോ വരകള്‍കൊണ്ട് തീര്‍ക്കാവുന്നതല്ല ശങ്കരാചാര്യരുടെ ഈ ദേവീസ്ഥാന കല്പന എന്നെനിക്കറിയാമായിരുന്നു. അത് ഈ മനുഷ്യനു മാത്രമേ വരയ്ക്കാന്‍ സാധിക്കൂ. എനിക്ക് ഒട്ടും ധൃതിയില്ലായിരുന്നു. ധൃതിവെക്കുന്നതില്‍ അര്‍ഥവുമില്ലായിരുന്നു. ഒടുവില്‍ അദ്ദേഹം അത് വരച്ചുതന്നു.

ഇന്നും അതെന്റെ ചിത്രശേഖരത്തിലുണ്ട്. ഒരിക്കല്‍ എന്റെ ചിത്രശേഖരം കാണാന്‍വന്ന ഒരുസംഘം മലയാളികളല്ലാത്ത സുഹൃത്തുക്കള്‍ ആ ചിത്രത്തിനു മുന്നില്‍നിന്ന് ചോദിച്ചു: 'ഇതാരാണ് വരച്ചത്?' മറ്റൊരു ചിത്രത്തെക്കുറിച്ചും അവര്‍ ഇങ്ങനെ ചോദിച്ചിട്ടില്ല. ഇന്നും ഞാനതിനുമുന്നില്‍ മനസ്സുകൊണ്ട് നമസ്‌കരിക്കാറുണ്ട്. അപ്പോള്‍ എന്റെ മുന്നില്‍ ചിത്രത്തോടൊപ്പം നമ്പൂതിരി സാറുമുണ്ട്.

നമ്പൂതിരി സാര്‍ വരച്ച നൂറ്റിയെണ്‍പതോളം ചിത്രങ്ങള്‍ ഞാന്‍ വാങ്ങി ശേഖരിച്ചിട്ടുണ്ട്. എല്ലാം പ്രതിഭാശാലികളായ എഴുത്തുകാരുടെ സൃഷ്ടികള്‍ക്കുവേണ്ടി വരച്ചവയാണ്. ആ ചിത്രങ്ങളെല്ലാം വൃത്തിയായി ഫ്രെയിം ചെയ്താണ് ഞാന്‍ സൂക്ഷിച്ചിട്ടുള്ളത്. ഒരുപാട് കാലം രഹസ്യമായി അവയില്‍ ചിലത് ഷൂട്ടിങ് സ്ഥലങ്ങളിലേക്കുള്ള യാത്രകളില്‍ കൊണ്ടുനടന്നിരുന്നു. എന്റെ ചിത്രശേഖരങ്ങളിലെ ഏറ്റവും വിലയേറിയ വിഭാഗം

നമ്പൂതിരി ചിത്രങ്ങളാണ് എന്നതില്‍ ഞാന്‍ അഭിമാനിക്കുന്നു. ഋതുമര്‍മരങ്ങള്‍ എന്ന പേരില്‍ എന്റെ ഓര്‍മക്കുറിപ്പുകള്‍ ഡി.സി. ബുക്‌സ് പ്രസിദ്ധീകരിച്ചപ്പോള്‍ രണ്ട് ധന്യതകളുണ്ടായി: രോഗക്കിടക്കയില്‍വെച്ച് കെ.പി. അപ്പന്‍ സാര്‍ എഴുതിത്തന്ന അവതാരികയും സ്‌നേഹത്തോടെ നമ്പൂതിരി സാര്‍ വരച്ചുതന്ന ചിത്രങ്ങളും. അക്ഷരങ്ങളായും വരകളായും കിട്ടിയ അനുഗ്രഹങ്ങള്‍.

നമ്പൂതിരിയുടെ സ്ത്രീചിത്രങ്ങളാണ് ഇവിടെ സമാഹരിക്കപ്പെട്ടിരിക്കുന്നത്. സ്ത്രീകളെ വരയ്ക്കുമ്പോഴാണ് അദ്ദേഹത്തിന്റെ വരകള്‍ക്ക് കൂടുതല്‍ ലാവണ്യമുണ്ടാകുന്നതും നമ്മള്‍ വിസ്മയിക്കുന്നതും എന്ന് ഈ മേഖലയില്‍ വലിയ അറിവുള്ളവര്‍ പറഞ്ഞിട്ടുള്ളത് ഞാന്‍ ശ്രദ്ധിച്ചിട്ടുണ്ട്. അതെന്തുകൊണ്ടായിരിക്കാം എന്ന് ആലോചിച്ചിട്ടുമുണ്ട്. ഇനി കാണുമ്പോള്‍ ചോദിക്കണം. ഒറ്റപ്പാലം, ഷൊര്‍ണൂര്‍, ചെര്‍പ്പുളശ്ശേരി ഭാഗങ്ങളില്‍ ഷൂട്ടിങ്ങിന് പോകുമ്പോള്‍ ഒരുപാട് സ്ത്രീകളെ കാണാറുണ്ട്. അവരെ നമ്പൂതിരി സാര്‍ വരച്ചാല്‍ എങ്ങനെയിരിക്കും എന്ന് എത്രയോ തവണ സങ്കല്പിച്ചു നോക്കിയിട്ടുണ്ട്.

എല്ലാത്തരം സ്ത്രീകളും ഈ വരകളിലുണ്ട്. കന്യകയും കാമിനിയും വൃദ്ധയും വിവാഹിതയും മെലിഞ്ഞവരും തടിച്ചവരും അംഗലാവണ്യത്തിടമ്പുകളും ആത്തേമ്മാരും തട്ടമിട്ട ഉമ്മമാരും നിതംബിനികളും നഗ്‌നരൂപികളും എല്ലാമെല്ലാം. ഈ സ്ത്രീകളെ നിങ്ങള്‍ ജീവിതത്തിന്റെ ഏതെങ്കിലും ഇടങ്ങളില്‍ വെച്ച് കണ്ടുമുട്ടിയിരിക്കും, തീര്‍ച്ച. ഇവര്‍ നമ്മുടെ സ്ത്രീകളാണ്.. നമുക്കു ചുറ്റുമുള്ളവര്‍, നാണിച്ചും പ്രണയിച്ചും നാട്ടുവര്‍ത്തമാനങ്ങള്‍ പറഞ്ഞും കഴിയുന്നവര്‍. അവര്‍ ഇനിയുമിനിയുമുണ്ടാകട്ടെ. ഈ ഭൂമിയെ കൂടുതല്‍ മനോഹരമാക്കാനും നമ്പൂതിരിയുടെ വരകളിലൂടെ മോക്ഷം പ്രാപിക്കാനും.

(മാതൃഭൂമി ബുക്‌സ് പ്രസിദ്ധീകരിക്കുന്ന നമ്പൂതിരിയുടെ സ്ത്രീകള്‍ എന്ന പുസ്തകത്തിന് എഴുതിയ അവതാരിക)




namboodiri photo

 

ga