വരയുടെ ശ്രീകോവിലില്‍

മദനന്‍ Posted on: 10 Sep 2015

കേരളീയര്‍ക്ക് ഒരു ദൃശ്യസംസ്‌കാരം ഉണ്ടാക്കിയ വരയുടെ തമ്പുരാന്‍ എന്ന് വിശേഷിപ്പിക്കുന്ന ആര്‍ട്ടിസ്റ്റ് നമ്പൂതിരിയുടെ 90-ാംപിറന്നാള്‍! എടപ്പാളിനടുത്തെ നടുവട്ടത്തെ നമ്പൂതിരിയുടെ വീട്ടിലേക്ക് വരുന്ന ഓരോരുത്തരും ഉണ്ണിയേശു പിറന്ന പുല്‍ക്കൂടിനെ ലക്ഷ്യം വച്ചു നടന്ന രാജാക്കന്മാര്‍ എന്നതു പോലെ... സന്തോഷവും പ്രത്യാശയും നിറഞ്ഞ മുഖങ്ങള്‍ ചുറ്റിലും! നമ്പൂതിരിയുടെ കാല്‍ക്കലും ചുമലിലും ആശംസകളും പൊന്നാടകളും!!

ഇപ്പോഴും വരച്ചുകൊണ്ടിരിക്കുന്ന ഇരു കൈകളും കൊണ്ട് ഓരോരുത്തരെയും കെട്ടിപ്പുണരുകയാണ് വരയുടെ തമ്പുരാന്‍. കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് എത്തിച്ചേര്‍ന്ന ഫോട്ടോഗ്രാഫര്‍മാരുടെയും മീഡിയപ്രവര്‍ത്തകരുടെയും മുന്നില്‍, നിറഞ്ഞ വെളിച്ചത്തില്‍ എം.ടി.വാസുദേവന്‍ നായരും നമ്പൂതിരിയും ഒന്നിച്ച് ഒരു കൈപ്പിടിയില്‍ കേക്ക് മുറിക്കുന്നു. നമ്പൂതിരിയ്ക്ക് എം.ടി. മധുരം കൊടുക്കുന്നു.

രാവിലെ 10 മണിക്ക് ശ്രീവത്സന്‍ ജെ മേനോന്റെ കച്ചേരിയോടെ തുടക്കം. ഉച്ചയൂണിനു മുമ്പെ സാഹിത്യസദസ്സ് നമ്പൂതിരിയുടെ വീട്ടുമുറ്റത്ത് വന്നു നിറഞ്ഞു. അക്കിത്തം, എന്‍.എസ്.മാധവന്‍, ഷാജി എന്‍ കരുണ്‍, യു.എ.ഖാദര്‍, ലാല്‍ ജോസ്, മാടമ്പ് കുഞ്ഞുക്കുട്ടന്‍, പി.പി.രാമചന്ദ്രന്‍, ആലങ്കോട് ലീലാകൃഷ്ണന്‍, കാട്ടൂര്‍ നാരായണപിള്ള, ശ്രീദേവി കക്കാട്, സിദ്ധാര്‍ത്ഥന്‍ പരുത്തിക്കാട്, റിയാസ് കോമു, എം തങ്കമണി, കെ.ടി. ജലീല്‍ എം.എല്‍.എ, രാജാനന്ദന്‍ തുടങ്ങിയവരുടെ നീണ്ട നിര സദസ്സില്‍. നമ്പൂതിരിയുടെ അടുത്ത സുഹൃത്ത് എന്‍.പി.വിജയകൃഷ്ണനാണ് കൃത്യതയോടെ ഓരോന്നും ഓടിനടന്നു ചെയ്യുന്നത്.

സുകൃതമാവാം, സന്തോഷദിനത്തില്‍ എനിക്കും എത്തിച്ചേരാന്‍ സാധിച്ചു. പിറന്നാള്‍ ദിനത്തില്‍ നമ്പൂതിരിയുടെ മുന്നിലിരുന്ന് അദ്ദേഹത്തെ സ്‌കെച്ചു ചെയ്യുവാനും കഴിഞ്ഞു. അദ്ദേഹം ചിത്രത്തില്‍ ഒപ്പിട്ടുതന്നു. എന്നേക്കുമുള്ള ഓര്‍മ്മയായി ഞാനും അതിനെ കാണുന്നു.

(മാതൃഭൂമിയുടെ ആര്‍ട്ട് എഡിറ്ററാണ് ലേഖകന്‍).


വര പ്രണാമം: ആര്‍ട്ടിസ്റ്റ് നമ്പൂതിരിയുടെ നവതി ആഘോഷത്തില്‍ പങ്കുചേരാന്‍ എടപ്പാളിലെ തറവാട്ടിലെത്തിയവര്‍. ഇടത്തേയറ്റത്ത് നമ്പൂതിരിയെ വരയ്ക്കുന്ന ആര്‍ട്ടിസ്റ്റ് മദനന്‍. ഷാജി എന്‍. കരുണ്‍, കൃഷ്ണമാചാരി ബോസ്, ജസ്റ്റിസ് കെടി തോമസ് എന്നിവരെയും കാണാം. ഫോട്ടോ: പവിത്രന്‍ അങ്ങാടിപ്പുറം


കലയുടെ കൈയൊപ്പ്: നവതി ദിനത്തില്‍ ആര്‍ട്ടിസ്റ്റ് മദനന്‍ വരച്ച ചിത്രത്തില്‍ ആര്‍ട്ടിസ്റ്റ് നമ്പൂതിരി കൈയൊപ്പു ചാര്‍ത്തി നല്‍കുന്നു. ഫോട്ടോ: പവിത്രന്‍ അങ്ങാടിപ്പുറം



മദനന്റെ നമ്പൂതിരി. മദനന്‍ വരച്ച നമ്പൂതിരി ചിത്രം



namboodiri photo

 

ga