വെളുത്ത കാന്‍വാസില്‍ വരച്ച ഒരു കൂട്ടം വരകള്‍ മാത്രമല്ല മലയാളിക്ക് നമ്പൂതിരി. കഥകളിക്കു മുന്നില്‍ കണ്ണിമചിമ്മാതെ ഇരിക്കുകയും സാഹിത്യത്തിന്റെ രസികത്വങ്ങള്‍ ഓര്‍ത്തെടുക്കുകയും ചെയ്യുന്ന ഒരു ലോകമാണ്. വരച്ചുവരച്ച് നമ്മുടെ വിചാരങ്ങള്‍ക്കുമപ്പുറത്ത്
തിളങ്ങുന്ന ഒരു വിളക്കുമരമാകുന്നു ഈ മനുഷ്യന്‍...
റബ്ബര്‍ത്തോട്ടത്തിനു നടുവില്‍, നേര്‍ത്ത ഒരു രേഖാചിത്രം പോലുള്ള വീടിനോട് ചേര്‍ത്തുകെട്ടിയ പണിപ്പുരയില്‍ കരുവാട്ട്മന വാസുദേവന്‍ നമ്പൂതിരി ഒരു ചിത്രംകൂടി പൂര്‍ത്തിയാക്കി. പ്രൗഢമായ ഒരു കഥകളിവേഷത്തെ നോക്കിനില്‍ക്കുന്ന മൂന്ന് സ്ത്രീകളും ഒരുണ്ണിമായയും. സ്ത്രീകളെ കണ്ടാല്‍ വന്നേരിയിലെയോ വാഴേങ്കടയിലെയോ വെട്ടത്തെയോ വരിക്കാശ്ശേരിയിലെയോ ഏതോ വീട്ടില്‍ നിന്നും ഇറങ്ങി വന്നതാണെന്നും തോന്നും; വള്ളുവനാട്ടിലെ വഴികളില്‍ എപ്പോഴൊക്കെയോ കണ്ടുമറന്ന മുഖങ്ങള്‍ ഓര്‍മവരും. വീണ്ടും വീണ്ടും കണ്ടാല്‍ ഒട്ടും മുഷിയാത്ത ലാവണ്യം, 'നമ്പൂതിരി സ്ത്രീകള്‍' തന്‍ കാവ്യഭംഗി. ഉണ്ണിമായയുടെ കണ്ണില്‍ നിറയെ, ഉടുത്തുകെട്ടിയ വേഷത്തോടുള്ള ആരാധനയാണ്. ആട്ടവിളക്കിന് മുന്നില്‍ ഇമചിമ്മാതെയിരുന്ന് 'ബലേബലേ' പറയുന്ന ഒരാത്തേമ്മാരായി അവള്‍ വളരുമായിരിക്കാം; വേഷത്തില്‍ ഭ്രമിക്കുമായിരിക്കാം. വരയ്‌ക്കൊടുവില്‍ 'നമ്പൂതിരി' എന്ന് നീട്ടിയും കുറുക്കിയും എഴുതിയപ്പോള്‍ മനസ്സുപറഞ്ഞു: ''നമ്പൂതിരിക്കേ ഇങ്ങനെ വയ്ക്കൂ.''
''ഒരു കാന്‍വാസും ഒഴിഞ്ഞുകിടക്കുന്നത് കാണുക വയ്യ. ഒഴിഞ്ഞ കാന്‍വാസില്‍ ഒരു ദുഃഖവും ഏകാന്തതയുമുണ്ട്.''
കുട്ടിക്കാലത്ത് കരുവാട്ടില്ലത്തിന്റെ ചുമരില്‍ കരിക്കട്ടകൊണ്ട് എന്തൊക്കെയോ കോറിയിട്ടപ്പോഴും ഈ ബോധ്യം ഉള്ളില്‍ ഉണ്ടാവണം. അരമംഗലത്തമ്പലത്തിന്റെ ചുമരുകളില്‍ കുട്ടികള്‍ കുത്തിവരച്ച വികൃതരൂപങ്ങളില്‍ പ്രതിഷേധിച്ച് അലക്കുകണക്കെഴുതുന്നതുപോലെ
''അമ്പലങ്ങളിലീവണ്ണം
തുമ്പില്ലാതെ വരയ്ക്കുകില്‍
വമ്പനാമീശ്വരന്‍ വന്നി
ട്ടെമ്പാടും നാശമാക്കിടും''
എന്നെഴുതിയ അച്യുതന്‍ ഉണ്ണി, മഹാകവി അക്കിത്തമായി വളര്‍ന്നപ്പോള്‍ കരുവാട്ടില്ലച്ചുമരില്‍ കരിക്കട്ടകൊണ്ട് കുത്തിവരച്ച് ആത്തേമ്മാരുടെ പ്രശംസനേടിയ വാസുദേവന്‍ നമ്പൂതിരി ആര്‍ട്ടിസ്റ്റ് നമ്പൂതിരിയായി വളര്‍ന്നു. അടുത്തടുത്ത ദേശച്ചുമരുകള്‍ തീര്‍ത്ത അത്ഭുതങ്ങള്‍.
പ്രതാപം ക്ഷയിച്ച മനയില്‍ നിന്നും വാസുദേവന്‍ പോയത് തൃശ്ശൂര്‍ ചിറ്റിലശ്ശേരി മൂത്തേടത്തേക്കായിരുന്നു തലോര്‍ വീമ്പൂര് കുഞ്ചു നമ്പൂതിരിയുടെ കീഴില്‍ സംസ്‌കൃതം പഠിക്കാന്‍. ഒപ്പം ചക്കന്‍കുളങ്ങര ക്ഷേത്രത്തില്‍ മുട്ടുശാന്തിയും. അനുബന്ധമായി തൈക്കാട് മൂസ്സിന്റെയടുത്ത് വൈദ്യം പഠിക്കേണ്ടിവന്നപ്പോള്‍ വാസുദേവന് ഒരുകാര്യം പൂര്‍ണമായി മനസ്സിലായി തന്റെ തലവര വൈദ്യമല്ല, വരയാണ്.
വരിക്കാശ്ശേരി മനയിലെ ഡ്രൈവറായ ഏട്ടന്റെ കൂടെ മനയില്‍ച്ചെല്ലുമ്പോള്‍ അവിടത്തെ ചുമരുകളില്‍ക്കണ്ട ചിത്രങ്ങള്‍ പുതിയ ചില വാതിലുകള്‍ തുറക്കുകയായിരുന്നു. പൂന്തോട്ടം നമ്പൂതിരിയുടെ കോമ്പോസിഷനുകള്‍ക്കു മുന്നില്‍ വിസ്മയിച്ചുനിന്നു. മനയിലെ കൃഷ്ണന്‍ നമ്പൂതിരിക്ക് മദ്രാസ് സ്‌കൂള്‍ ഓഫ് ആര്‍ട്‌സില്‍ ചേരാനുള്ള കമ്പമുണ്ടായതും അക്കാലത്താണ്. സഹായിയായിപ്പോയ വാസുദേവന്‍ ചെന്നുപെട്ടത് കെ.സി.എസ്. പണിക്കര്‍, അബനീന്ദ്രനാഥ ടാഗോറിന്റെയും നന്ദലാല്‍ ബോസിന്റെയും സമ്പ്രദായങ്ങളോട് കലഹിച്ചുവന്ന ദേവീപ്രസാദ് റോയ് ചൗധരി എന്നിവര്‍ക്ക് മുന്നില്‍. ധാരണകളും അഭിനിവേശങ്ങളും അകംപുറം മറഞ്ഞ നാളുകള്‍, ഡബിള്‍ പ്രമോഷനോടെ പാസ്സായ പരീക്ഷകള്‍... പുതിയ നിറങ്ങള്‍... നിറഞ്ഞുകവിഞ്ഞ മനസ്സുമായാണ് പുറത്തുവന്നത്. പക്ഷേ, പുറത്ത് ആരും ആ ചിത്രകാരനെ കാത്തിരിപ്പുണ്ടായിരുന്നില്ല.
'മാതൃഭൂമി' ഒരു തണലായതെങ്ങനെയാണ് ?
പൂമുള്ളി നമ്പൂതിരി അടുത്ത മിത്രമായിരുന്നു. അദ്ദേഹത്തിന് വേനല്‍ക്കാലത്ത് ഊട്ടിയില്‍പ്പോയി താമസിക്കുന്ന പതിവുണ്ട്. ഒപ്പം ഞാനും പോയി. ചുറ്റിലും നീലഗിരിയുടെ നിറങ്ങള്‍. അപ്പോഴാണ് എം.വി. ദേവന്റെ കത്തുവരുന്നത്. ''കല്യാണം കഴിക്കാന്‍ പോവുന്നു, ലീവിലാണ്. മാതൃഭൂമിയില്‍ ഒഴിവുണ്ട്, ഒന്നുചെന്നന്വേഷിക്കുക.'' ചെന്നപ്പോള്‍, ലീവില്‍പ്പോയ ഒരാള്‍ക്കുപകരം ആളെ എടുക്കുന്ന സമ്പ്രദായം ഇല്ല എന്നുപറഞ്ഞു. മടങ്ങി. ഒരാഴ്ച കഴിഞ്ഞപ്പോള്‍ എന്‍.വി. കൃഷ്ണവാര്യരുടെ കത്തുവന്നു; ജോലിയില്‍ ചേരാന്‍ സാധിക്കുമോ എന്നായിരുന്നു ചോദ്യം. ചെന്നു, ചേര്‍ന്നു. വലിയൊരു തുരുത്തായി.
എന്‍.വി.യും എം.ടി.യും എ.എസ്സും ജി.എന്‍. പിള്ളയും ചേര്‍ന്ന ആ ജോലിക്കാലം നമ്പൂതിരിയില്‍ എങ്ങനെയാണ് പ്രവര്‍ത്തിച്ചത് ?
വലിയ പ്രതിഭകള്‍ക്കൊപ്പം പ്രവര്‍ത്തിക്കുക എന്ന ചാരിതാര്‍ഥ്യം തന്നെയായിരുന്നു പ്രധാനം. എന്ത് സംശയവും ചോദിക്കാവുന്ന എന്‍സൈക്ലോപീഡിയ ആയിരുന്നു എന്‍.വി. ഒപ്പം സാഹിത്യവും കവിതയുമുണ്ട്. ഏറ്റവും അടുത്തവരോടുപോലും മിതഭാഷിയാണ് എം.ടി. അത് അഹങ്കാരം കൊണ്ടോ സാമര്‍ഥ്യം കൊണ്ടോ ഒന്നുമല്ല. സ്വന്തം സര്‍ഗാത്മകതയെ കാത്തുസൂക്ഷിക്കുന്ന ഒരു എഴുത്തുകാരന്റെ ഏകാഗ്രതയാണ്. എഴുത്തിനെ തകര്‍ക്കുന്ന ഒന്നിനും അന്നും ഇന്നും എം.ടി.യെ കിട്ടില്ല. അതുകൊണ്ടാണ് അദ്ദേഹം മുകളിലേക്കു മുകളിലേക്കു മാത്രം പോയത്.
ഘടദീപം പോലായിരുന്നു ജി.എന്‍. പിള്ള. അദ്ദേഹത്തിന്റെ പാണ്ഡിത്യത്തിന്റെ ഒരു തരി മാത്രമേ നമുക്കറിയൂ. കാരണം അത്രയേ എഴുതിയിട്ടുള്ളൂ. എ.എസ്. രസികനായിരുന്നു, അതേസമയം പ്രാക്ടിക്കലും. ഗഹനമായ ചര്‍ച്ചകള്‍ക്കൊന്നും അദ്ദേഹം വരില്ല. ഇവരെല്ലാം എന്റെ കലയെ ഏതൊക്കെയോ വിധത്തില്‍ പോഷിപ്പിച്ചിട്ടുണ്ട്.
'മാതൃഭൂമി' നമ്പൂതിരിയെ മോള്‍ഡ്‌ചെയ്തു എന്നാണോ?
അങ്ങനെ പറയാമോ എന്നറിയില്ല. സര്‍ഗസമ്പന്നമായ ഒരു അന്തരീക്ഷം ഉണ്ടാക്കിത്തന്നിട്ടുണ്ട്. ചിത്രകാരനായ എനിക്ക് ചിത്രകാരന്മാരുമായിട്ടല്ലായിരുന്നു ബന്ധം. എഴുത്തുകാരുമായിട്ടായിരുന്നു. വലിയ എഴുത്തുകാരെ കാണാനും പരിചയിക്കാനും സാധിച്ചു. അവരുടെ കൈയെഴുത്തു പ്രതികളിലൂടെ കടന്നുപോകാന്‍ സാധിച്ചു. എന്റെ വരകള്‍ക്കെന്തെങ്കിലും സുഗന്ധമുണ്ടെങ്കില്‍ അത് അവര്‍ തൂവിയതാണ്.
അതേസമയം ഒരു സ്വതന്ത്ര കലാകാരന്‍ എന്ന നിലയില്‍ ഏതെങ്കിലും തരത്തിലുള്ള മാനസിക സംഘര്‍ഷം ഉണ്ടായിരുന്നോ ?
ഉവ്വ്. എഴുതപ്പെട്ട രചനകള്‍ക്കപ്പുറം സ്വന്തമായി ഒന്നും വരയ്ക്കാന്‍ സാധിക്കുന്നില്ലല്ലോ എന്ന സങ്കടം കലശലായിരുന്നു. എന്നിലെ പെയിന്റര്‍ സ്വയം അണഞ്ഞുപോവുന്നതായി എനിക്കുതോന്നി. തീവ്രമായ മാനസിക സംഘര്‍ഷം അനുഭവിച്ച കാലമായിരുന്നു അത്.
എങ്ങനെയാണ് അതിനെ മറികടന്നത് ?
വരയ്ക്കാന്‍ ലഭിച്ച രചനകളില്‍ എഴുത്തുകാരന്‍ സങ്കല്പിച്ചുവെച്ചതിനപ്പുറം രൂപങ്ങള്‍ക്ക് മാനങ്ങള്‍ നല്‍കാന്‍ തുടങ്ങി. യാന്ത്രികത മാറി, അണഞ്ഞുകിടന്ന സര്‍ഗാത്മകത ഉണരുന്നത് ഞാനറിഞ്ഞു. മനോധര്‍മം എന്നുതന്നെ പറയാം. അതാണ് പിന്നീട് ഞാന്‍ വികസിപ്പിച്ചുകൊണ്ടുവന്നത്.
സര്‍ഗാത്മകമായ അരാജകപാതയിലൂടെയാണ് ചിത്രകാരന്മാരുടെ ജീവിതം പലപ്പോഴും സഞ്ചരിക്കുന്നത് കണ്ടിട്ടുള്ളത്. ചുറ്റിലും ഒരുപാട് അരാജകജീവികള്‍ ഉണ്ടായിരുന്നിട്ടും എങ്ങനെയാണ് തുടക്കംമുതലേ അതില്‍നിന്നു രക്ഷപ്പെട്ടുനിന്നത് ?
ചിത്രകാരന്മാരെക്കുറിച്ചുള്ള ആ ധാരണ എങ്ങനെയോ വന്നുപെട്ടതാണ്. പലപ്പോഴും മദ്യം, മയക്കുമരുന്ന് തുടങ്ങിയ ശീലങ്ങളാണ് ആ അവസ്ഥയിലേക്ക് എത്തിക്കുന്നത്. അപ്പോള്‍, 'താന്‍ മാത്രമാണ് കേമന്‍, താനാണ് വലിയ കലാകാരന്‍, മറ്റുള്ളവരെല്ലാം ഒന്നുമറിയാത്തവര്‍' എന്ന തോന്നല്‍ വരും. അവിടെയാണ് പിഴയ്ക്കുന്നത്. ഓര്‍ത്താല്‍ നമ്മള്‍ ഒന്നും ഒന്നുമല്ല. മഹാബലിപുരത്തെ ഒരു തൂണില്‍ കൊത്തിയ രൂപം പോലെ ഒന്ന് നിര്‍മിക്കാന്‍ ഒരായുസ്സ് മുഴുവന്‍ എടുത്താലും നമുക്ക് സാധിക്കില്ല. സ്വന്തം പേരുപോലും എഴുതാതെയാണ് ആ മഹാപ്രതിഭകള്‍ മറഞ്ഞത്. രാമായണവും മഹാഭാരതവും പിറന്ന മണ്ണാണിത്. അതിനുമുകളില്‍ എന്താണ് നമുക്ക് ചെയ്യാന്‍ പറ്റുക? ഈയൊരു ചോദ്യവും ബോദ്ധ്യവും കുട്ടിക്കാലത്തേ ഭാഗ്യത്തിന് എന്നിലുണ്ട്. അതാണ് എന്നെ രക്ഷിച്ചത്. ഇന്നും ഒരു കഥ കൈയില്‍ കിട്ടിയാല്‍ എനിക്ക് പരിഭ്രമം തുടങ്ങും. നേരെയാവുമോ എന്നാണ് ആശങ്ക. അത്രയേയുള്ളൂ നമ്മള്‍.
വരയ്ക്കാന്‍ വേണ്ടിയല്ലാത്ത വായനയില്‍ രൂപങ്ങള്‍ മനസ്സില്‍ തെളിയാറുണ്ടോ ?
വരയ്ക്കാന്‍ വേണ്ടിയല്ലാതെ ഞാന്‍ വായിക്കാറില്ല എന്നതാണ് സത്യം. വായിച്ച് വായിച്ച് മുഷിഞ്ഞതാണ്. വലിയ എഴുത്തുകാരുടെ കൃതികള്‍ വായിക്കും. അത് നമ്മളെ അത്ഭുതപ്പെടുത്തും. എഴുത്ത് ലളിതവുമായിരിക്കും. ചെലര് എഴുതണത് വായിച്ചാല്‍ എന്തിനാ എഴുതണത് എന്ന് തോന്നിപ്പോകും. വെറുതെ എഴുതുക തന്നെയാണ്. നിര്‍ത്തൂല്യ. വായനക്കാരന് അത് കേമമായിരിക്കും. നമ്മള് ബുദ്ധിമുട്ടി വായിക്കണംന്നില്ല്യല്ലോ.
പാരീസില്‍ ഒരിക്കല്‍പ്പോലും പോകാത്ത ചിത്രകാരനാണ് നമ്പൂതിരി എന്നത് ഒരു വൈരുദ്ധ്യമല്ലേ ?
ഏയ് അല്ല. പൊറത്ത് ഞാന്‍ ഗള്‍ഫില്‍ മാത്രേ പോയിട്ടുള്ളൂ. പാരീസില്‍പ്പോയി വന്നവര്‍ പറഞ്ഞത് കേട്ടപ്പോള്‍ പോവണ്ടാന്ന് തോന്നീട്ടുണ്ട്. പിന്നെ, അവിട്‌ത്തെ പ്രശസ്തമായ ഗാലറികള്‍ ഒക്കെ കാണാം എന്നുള്ളതേ മെച്ചമായിട്ടുള്ളൂ. ചുറ്റുപാടും മുഴുവന്‍ മനുഷ്യനുണ്ടാക്കിയതാണ്. പ്രകൃതി ഇല്ലാതെ എനിക്കൊന്നും പറ്റില്ല.
നമ്പൂതിരിയില്‍ എത്രത്തോളം 'നമ്പൂരിത്തം' ഉണ്ട്. എത്ര മാത്രം ആധുനികനാണ് ?
നമ്പൂതിരിയിലുള്ള നന്മകളെ മുഴുവന്‍ എനിക്കിഷ്ടമാണ്. കളവിലോ പിടിച്ചുപറിയിലോ കൊലപാതകത്തിലോ ഒന്നും പൊതുവെ അവര്‍ പെട്ടുകാണാറില്ല. സ്വതേ ഉള്ള ശുദ്ധത കൊണ്ടാവും. അതേസമയം നമ്പൂതിരി മാത്രമേ കേമനായിട്ടുള്ളൂ എന്നും അവര്‍ ചെയ്യുന്നതേ മഹത്തരമായിട്ടുള്ളൂ എന്നുമുള്ള തരത്തിലുള്ള ഘോഷിക്കലുകളില്‍ എനിക്ക് വിശ്വാസമില്ല.
സംഗീതത്തില്‍ കമ്പമുണ്ടോ ?
ഉവ്വ്. ശാസ്ത്രീയസംഗീതമാണ് പ്രിയം. പാശ്ചാത്യം അത്രക്കങ്ങ്ട് മനസ്സിലാവണില്യ. മനസ്സിലാവാത്തതും കമ്യൂണിക്കേറ്റ് ചെയ്യാത്തതുമായ ഒന്നും എനിക്ക് വയ്യ. അത് ആ സൃഷ്ടിയുടെ കുറവല്ല, എന്റെ പ്രാപ്തിക്കുറവായിട്ടാണ് ഞാന്‍ കാണുന്നത്.
വരയ്ക്ക് സംഗീതം പ്രചോദനമായിട്ടുണ്ടോ ?
അങ്ങനെ ചോദിച്ചാല്‍ കണിശമായി പറയാന്‍ വയ്യ. എഴുത്തും സംഗീതവും വരയും ഒക്കെ സന്ധിക്കുന്ന ഒരിടമുണ്ട് ഹൃദയം. അപ്പോള്‍ അവ പരസ്?പരം കലര്‍ന്നേക്കാം. ഞാന്‍ പൂരം കാണാറുണ്ട്, കഥകളിക്കു മുന്നില്‍ ഇരിക്കാറുണ്ട്. കച്ചേരി കേള്‍ക്കാറുണ്ട്. ഒന്നും കടകവിരുദ്ധമായി തോന്നിയിട്ടില്ല്യ.
സിനിമ ?
സിനിമ കാണാറുണ്ട്, ഇഷ്ടവുമാണ്. പക്ഷേ, അത് ഒരാളുടെ തനിച്ചുള്ള കലാസൃഷ്ടിയല്ലല്ലോ എന്ന തോന്നല്‍ എപ്പോഴും മനസ്സില്‍ ഉണ്ടാവും. എല്ലാറ്റിന്റെയും കണക്കുകള്‍ ഉള്ളിലുള്ള സംവിധായകന്‍ ഉണ്ടെങ്കിലും. എന്നാലും ഞാന്‍ സിനിമ ആസ്വദിക്കാറുണ്ട്.
നമ്പൂതിരിയുടെ ചിത്രങ്ങളിലെ മനുഷ്യര്‍ സുഭഗരാണ്. എന്നാല്‍ താങ്കള്‍കൂടി ഭാഗഭാക്കായ അരവിന്ദന്റെ കാഞ്ചനസീതയിലെ കഥാപാത്രങ്ങള്‍ നമ്മുടെ സങ്കല്പത്തിലേതുപോലെ സുഭഗരല്ല. ആ തിരഞ്ഞെടുപ്പ് ശരിയായി തോന്നിയിട്ടുണ്ടോ ?
ആന്ധ്രയിലേക്കാണ് ഞങ്ങള്‍ ലൊക്കേഷന്‍ നോക്കാന്‍ പോയത്. ഒരുപാട് ക്ഷേത്രങ്ങളില്‍ പോയി. ചുമരില്‍ നിറയെ കൊത്തുപണികളുടെ കടലാണ്. ഒരുപാട് കണ്ടപ്പോള്‍ അരവിന്ദന് മടുത്തു. ഇങ്ങനെയല്ല രാമനും ലക്ഷ്മണനും സീതയും. സാധാരണ മനുഷ്യരാവണം എന്ന് തോന്നി. ഒപ്പം അവിടത്തെ ഗോത്രവര്‍ഗക്കാരെയും കണ്ടു. ഇത് രണ്ടും കൂടിച്ചേര്‍ന്നാണ് അങ്ങനെ സംഭവിച്ചത്. രവിവര്‍മച്ചിത്രങ്ങളിലെ പുരാണ കഥാപാത്രസങ്കല്പങ്ങളോട് അന്നും ഇന്നും എനിക്ക് മമതയില്ല.
അബു എബ്രഹാം ഒരിക്കല്‍ 'മാതൃഭൂമി'യില്‍ വന്ന് നമ്പൂതിരിയുടെ ചിത്രങ്ങള്‍ ആദരപൂര്‍വം വാങ്ങിയതായി കേട്ടിട്ടുണ്ട് ?
അദ്ദേഹം അന്ന് എം.പി.യാണ്. ഒരുദിവസം വി.എം. നായര്‍ വന്നുപറഞ്ഞു 'അബു എബ്രഹാം വരുന്നുണ്ട്. എല്ലാവരും ഉണ്ടാവണം.' വന്ന് എല്ലാവരെയും പരിചയപ്പെട്ട് എന്റെയടുത്തുവന്നു. ചില ചിത്രങ്ങള്‍ തരുമോ എന്നു ചോദിച്ചു. ഞാന്‍ കൊടുത്തു. അന്ന് വൈകുന്നേരം തന്നെ ഒരു പത്രസമ്മേളനത്തില്‍ എന്നെയും എന്റെ ചിത്രങ്ങളെയുംകുറിച്ച് പ്രശംസിച്ച് പറഞ്ഞു. വലിയ സന്തോഷമുള്ള കാര്യമായിരുന്നു അത്, പ്രത്യേകിച്ച് ഒരു തുടക്കക്കാരന്.
ശിഷ്ടകാലം വള്ളുവനാടിന്റെ ഈ ശാന്തതയില്‍ ചെലവിടാന്‍ തീരുമാനിച്ചതിനു കാരണമെന്താണ് ?
കാരണമായിട്ടൊന്നും പറയുകവയ്യ. ഈ പ്രദേശത്തിന് വല്ലാത്തൊരു ലാളിത്യമുണ്ട്. എഴുത്തില്‍ അത് തെളിഞ്ഞുകാണാം. അതെനിക്കിഷ്ടമാണ്. അതുകൊണ്ട് ഇവിടെക്കൂടി.
നമ്പൂതിരി ഇങ്ങനെയൊക്കെയാണ്. സ്വന്തം വരകളെപ്പോലെ ലളിതം... ലാഘവം... എങ്കിലും ഉള്ളില്‍ ഇപ്പോഴും ഏതൊക്കെയോ രൂപങ്ങള്‍ നിഴലുകളായുണ്ട്... നാളെ നിറങ്ങളണിയാന്‍...