Home>Fitness
FONT SIZE:AA

ഫിറ്റ്‌നസ് ഫസ്റ്റ്‌

ഫഹ്മി റഹ്മാനി

മസ്സിലുവീര്‍പ്പിച്ച് കാമ്പസില്‍ സ്റ്റാറാകണമെന്ന് അരുണ്‍ ഒരിക്കല്‍പോലും ചിന്തിച്ചിട്ടില്ല. സല്‍മാന്‍ ഖാന്‍, ജോണ്‍ എബ്രഹാം, ലിങ്കണ്‍, അക്ഷയ് കുമാര്‍ തുടങ്ങിയവരുടെ മസ്സില്‍ പ്രകടനങ്ങള്‍ അവനെ കോരിത്തരിപ്പിച്ചിട്ടുമില്ല. പക്ഷേ, ക്ലാസിലെ പെണ്‍പിള്ളേര് 'ടാാാ... തടിയാാാ...' എന്ന് വിളിച്ചപ്പോള്‍ അവന്‍ ചൂളിപ്പോയി. അമ്മയടക്കമുള്ളവര്‍ പലതവണ പറഞ്ഞിട്ടും തടിയനക്കാന്‍ തയ്യാറാകാത്ത അരുണ്‍ അങ്ങനെയാണ് ശരീരം ഫിറ്റാക്കാന്‍ തീരുമാനിച്ചത്. ജിമ്മില്‍ പോയി 'അദ്ധ്വാനിക്കാന്‍' അവന് താല്‍പ്പര്യമില്ലായിരുന്നു. പട്ടി ഓടിച്ചതോടെ രാവിലത്തെ നടത്തം നിന്നു. അതില്‍പ്പിന്നെയാണ് അരുണ്‍ ഫിറ്റ്‌നസ് ഉപകരണങ്ങള്‍ വാങ്ങിയത്.

തിരക്കേറിയ ജീവിതം നഗരവാസികളുടെ ആരോഗ്യത്തെ കാര്യമായി ബാധിച്ചിട്ടുണ്ട്. അമിത ഭക്ഷണവും ശരിയായ വ്യായാമം ഇല്ലാത്തതും ജീവിതശൈലീരോഗങ്ങള്‍ വ്യാപകമാക്കി.

അമിതവണ്ണവും ഹൃദയസംബന്ധമായ പ്രശ്‌നങ്ങളും പതിവ് ഭീഷണിയായി. ജീവിതം അഴിച്ചുപണിയാന്‍ പല മാര്‍ഗങ്ങളും തേടുന്നുണ്ട്. ജിമ്മില്‍ പോയും നടക്കാനിറങ്ങിയും ശരീരം ഫിറ്റാക്കുന്നവരുണ്ട്. എന്നാല്‍, നഗരത്തിലെ ഭൂരിപക്ഷം പേര്‍ക്കും പുറത്തുപോയി വ്യായാമം ചെയ്യാന്‍ സമയമില്ല. സ്ഥലപരിമിതികൂടി ആയതോടെ പലരും ഫിറ്റ്‌നസ് ഉപകരണങ്ങള്‍ വാങ്ങി വ്യായാമം വീട്ടിലേക്ക് മാറ്റി.

സ്ത്രീകളും യുവാക്കളുമടക്കമുള്ളവര്‍ ഫിറ്റ്‌നസ് ഉപകരണങ്ങളിലേക്ക് തിരിയുന്നുവെന്നാണ് ഷോപ്പുടമകള്‍ പറയുന്നത്. വീട്ടിലിരുന്ന് വ്യായാമം ചെയ്യുന്നതിലെ സ്വകാര്യതയും സുരക്ഷയുമാണ് സ്ത്രീകളെ ആകര്‍ഷിക്കുന്നത്. ഓരോരുത്തര്‍ക്കും സൗകര്യപ്രദമായ സമയം തിരഞ്ഞെടുക്കാമെന്നതും ഇതിന്റെ പ്രത്യേകതയാണ്.

ട്രെഡ് മില്ലുകളാണ് കൂടുതല്‍ പേര്‍ തിരഞ്ഞെടുക്കുന്നത്. നടത്തം, ഓട്ടം, ജോഗിങ് എന്നിവയ്ക്കാണ് ട്രെഡ് മില്ലുകള്‍ ഉപയോഗിക്കുന്നത്. 15 ലധികം മോഡലുകളില്‍ ട്രെഡ് മില്ലുകള്‍ ലഭ്യമാണ്. 20,000 മുതല്‍ ഒരുലക്ഷം വരെയാണ് ഇവയ്ക്ക് വില. 20,000 നും 40, 000 നും ഇടയില്‍ വിലവരുന്ന ട്രെഡ് മില്ലുകളാണ് കൂടുതല്‍ വിറ്റുപോകുന്നത്. വൈദ്യുതിയുടെ സഹായത്തോടെയാണ് ട്രെഡ് മില്ലുകളുടെ പ്രവര്‍ത്തനം. ഡി.സി. മോട്ടോറുകളാണ് ഇവയില്‍ ഉപയോഗിക്കുന്നത്. അതുകൊണ്ടുതന്നെ ഇവയ്ക്ക് കുറഞ്ഞ വൈദ്യുതി മതി.

ട്രെയിനറുകള്‍ക്കും ആവശ്യക്കാരേറെയുണ്ട്. വൈദ്യുതി ആവശ്യമില്ലാത്തതിനാല്‍ ഏത് സമയത്തും ഉപയോഗിക്കാമെന്നത് ഇതിനെ ആകര്‍ഷകമാക്കുന്നു. ട്രെയിനറുകളിലെ വ്യായാമത്തിലൂടെ ശരീരം മൊത്തം ഇളക്കാനാകും. എലിപ്റ്റിക് ട്രെയിനറുകളാണ് നിലവിലെ ട്രെന്‍ഡ്. 7,000 മുതല്‍ 25,000 രൂപ വരെയാണ് ട്രെയിനറുകളുടെ വില. ഡംബെല്ലുകള്‍, വെയ്റ്റ്‌സ്, ജിം ബാള്‍, പുഷ് അപ്പ് ബാര്‍ തുടങ്ങിയ ഉപകരണങ്ങള്‍ക്കും ഡിമാന്റുണ്ട്.

ഫിറ്റ്‌നസ് ഉപകരണങ്ങളുമായി കൂടുതല്‍ കമ്പനികള്‍ രംഗത്തെത്തിയതോടെ വിപണിയില്‍ മല്‍സരം മുറുകിയിട്ടുണ്ട്. കൂടുതല്‍ മോഡലുകളും എത്തിത്തുടങ്ങി. കഴിഞ്ഞ മൂന്ന് വര്‍ഷത്തിനിടെ വിലയില്‍ കാര്യമായ കുറവുണ്ടായതായി ഷോപ്പുടമകള്‍ പറയുന്നു. മഴക്കാലമാകുന്നതോടെ ഫിറ്റ്‌നസ് ഉപകരണങ്ങളുടെ വില്‍പ്പന കൂടുമെന്നാണ് പ്രതീക്ഷ.
Loading