
ഹോര്‍മോണുകളുടെ പ്രവര്‍ത്തനത്തില്‍ വരുന്ന വ്യതിയാനങ്ങളോ രക്തത്തെ ബാധിക്കുന്ന ചില രോഗാവസ്ഥകളോ നിമിത്തം ശരീരത്തില്‍ നീര്‍ക്കെട്ട് വരുന്ന അവസ്ഥകളില്‍ ഈ അസുഖം ഉണ്ടാകുവാന്‍ സാധ്യതയുണ്ട്. അതുകൊണ്ടുതന്നെ മധ്യവയസ്സു കഴിഞ്ഞ സ്ത്രീകളിലാണ് ഈ അസുഖം കൂടുതലായി കാണുന്നത്. ഗര്‍ഭിണികള്‍ക്കും ഈ രോഗാവസ്ഥ ഉണ്ടാകാന്‍ സാധ്യതയുണ്ട്.
പാരമ്പര്യമായി ചില കുടുംബങ്ങളില്‍ കണ്ടുവരുന്ന ഈ അസുഖം രക്തവാതം, ഗൗട്ട്, തൈറോയ്ഡ് ഗ്രന്ഥിയുടെ പ്രവര്‍ത്തനക്കുറവ്, പ്രമേഹം എന്നീ രോഗങ്ങള്‍ക്ക് അനുബന്ധമായും കണ്ടുവരുന്നു. മണിബന്ധസന്ധിയിലുണ്ടാകുന്ന ചില അസ്ഥിഭംഗങ്ങള്‍ ശരിയായ രീതിയില്‍ രോപണം ചെയ്യപ്പെടാതാവുമ്പോള് ഈ തുരങ്കത്തിന്റെ ഘടനയില്‍ വരുന്ന വ്യതിയാനങ്ങളും അസുഖമായി മാറാന്‍ കാരണമായേക്കാം. ഇവയ്ക്കെല്ലാം പുറമേ തൊഴിലുമായി ബന്ധപ്പെട്ടുണ്ടാവുന്ന ഒരു പ്രധാന വാതവ്യാധിയാണിത്. ബീഡിതെറുപ്പുകാര്‍, വീട്ടുജോലിക്കാര്‍, ക്ലര്‍ക്കുമാര്‍, കമ്പ്യൂട്ടര്‍ ഓപ്പറേറ്റര്‍മാര്‍ എന്നിങ്ങനെ കൈകള്‍ കൂടുതലായി ഉപയോഗിക്കുന്ന വലിയൊരു വിഭാഗം തൊഴിലാളികളില്‍ ഈ അസുഖം കൂടുതലായി കണ്ടുവരുന്നു.
രാത്രിയില്‍ പലപ്പോഴും ഈ രോഗം അധികരിക്കുന്നു. ഉറങ്ങാന്‍ പറ്റാത്തവിധത്തില്‍ വേദന ശല്യം ചെയ്യുന്നതായി കാണുന്നു. പച്ചക്കറികള്‍ അരിയുക, കൈകൊണ്ട് എന്തെങ്കിലും പിടിക്കുക, ബസ്സിലെ കമ്പിയില്‍ പിടിച്ച് യാത്ര ചെയ്യുക എന്നിവയൊന്നും സാധിക്കാതെ വരുന്നു.
കാരണമാവുന്ന മറ്റു വ്യാധികള്‍ കൃത്യമായ ചികിത്സകളിലൂടെ നിയന്ത്രണവിധേയമാകുമ്പോള്‍ ഈ അസുഖവും ഭേദമാവുന്നു. തൊഴിലുമായി ബന്ധപ്പെട്ടുണ്ടാകുന്നതാണെങ്കില് ഒരുപരിധിവരെ വ്യായാമത്തിലൂടെയും വിശ്രമത്തിലൂടെയും പ്രതിരോധിക്കാവുന്നതാണ്.
അധികരിച്ച അവസ്ഥയിലെത്തുമ്പോള് ശസ്ത്രക്രിയ ആവശ്യമായിവരുന്ന ഈ അസുഖം ആദ്യാവസ്ഥയില്ത്തന്നെ ചികിത്സിക്കേണ്ടതാണ്. കൃത്യമായ കാരണമറിഞ്ഞും പ്രതിരോധമാര്‍ഗങ്ങള്‍ കൈക്കൊണ്ടും സുഖപ്പെടുത്താവുന്ന ഈ അസുഖത്തിന് ആയുര്‍വേദ ചികിത്സ വളരെ ഫലപ്രദമാണ്.
ഡോ. കെ. ശോഭ
മെഡിക്കല്‍ ഓഫീസര്‍, ഗവ. ആയുര്‍വേദ ഡിസ്പെന്‍സറി,
കടമ്പഴിപ്പുറം