
വായ്പ്പുണ്ണിന് പ്രധാനകാരണം മലബന്ധം, നീരിറക്കം, ഉള്പുഴുക്കം വര്‍ധിക്കുന്ന ആഹാരങ്ങള്‍ മുതലായവയാണ്. കരളിന്റെ പ്രവര്ത്തനവ്യത്യാസവും കാരണമാകുന്നു. അജീര്ണങ്ങളും മലിനങ്ങളുമായ ആഹാരസാധനങ്ങളുടെ നിരന്തരഉപയോഗം നിമിത്തം അഗ്നിമാന്ദ്യം സംഭവിച്ച് ധാതുപരിണാമപ്രവര്ത്തനങ്ങള്ക്കു തടസ്സം സൃഷ്ടിക്കുന്നു. അതിനാല്‍ വായ്പ്പുണ്ണ് ഒരു രോഗം എന്നതിലുപരി രോഗലക്ഷണമാകാനും മതി.
ചിലരില്‍ വായിലുണ്ടാകുന്ന അര്‍ബുദത്തിന്റെ ലക്ഷണവുമാകാം. അതുകൊണ്ട് ഇത്തരം ബുദ്ധിമുട്ടുണ്ടാകുമ്പോള്‍ മരുന്നുകടകളില്‍ നിന്ന് ഗുളികവാങ്ങി സ്വന്തംചികിത്സ നടത്താതെ വൈദ്യോപദേശം തേടേണ്ടത് അത്യാവശ്യമാണ്. കൂടാതെ കരിനൊച്ചിയില ചവയ്ക്കുന്നതും അതുപോലെയുള്ള നാട്ടുവൈദ്യരീതികള് ചെയ്യുന്നതും വൈദ്യനിര്ദേശപ്രകാരമായിരിക്കണം. കാരണം ആയുര്വേദമതപ്രകാരം എല്ലാ രോഗങ്ങളും സംഭവിക്കുന്നതും ചികിത്സിക്കുന്നതും ത്രിദോഷസിദ്ധാന്ത അടിസ്ഥാനത്തിലാണ്. അങ്ങനെ നോക്കുമ്പോള്‍ മേല്‍പ്പറഞ്ഞ കരിനൊച്ചിയില പ്രയോഗം വാതപ്രകൃതികാര്ക്കാണുത്തമം.
വായ്പ്പുണ്ണ് ഉള്ളവര്‍ക്കും സാധാരണയായി വരുന്നവര്‍ക്കും മരുന്ന് എന്നതിലുപരി പ്രധാനം നിയന്ത്രിത ഭക്ഷണങ്ങളും നിത്യശോധനയുമാണ്. മലബന്ധം ഉണ്ടായാല്‍ ആമാശയത്തില്‍ ഉള്പുഴുക്കം വര്‍ധിക്കുകയും തന്നിമിത്തം കരളിന്റെ പ്രവര്‍ത്തനം താളംതെറ്റുകയും ദഹനപ്രക്രിയയെ ബാധിക്കുകയും ചെയ്യും. അതിനാല്‍ മലമൂത്രവിസര്‍ജനങ്ങള്‍ നിത്യേന യഥാക്രമം നടത്തുക. മാതാപിതാക്കള്‍ കുട്ടികളില്‍ നിത്യശോധനാശീലം ബാല്യത്തിലേ പഠിപ്പിക്കുക. വായ്പ്പുണ്ണുള്ളവര്‍ ഈസ്റ്റ്, സാക്രിന്‍, പ്രിസര്‍വേറ്റീവ് മുതലായവ ചേര്‍ന്ന ഭക്ഷണങ്ങള്‍, തൈര്, അച്ചാര്‍, പപ്പടം, ഉണക്കമീന്‍, മസാല ചേര്‍ന്നത് തുടങ്ങിയ ഉള്പുഴുക്കം വര്‍ധിപ്പിക്കുന്ന ഭക്ഷണങ്ങള്‍ പാടേ ഒഴിവാക്കണം. നിത്യേന കുറഞ്ഞത് 18 ഗ്ലാസ് ചൂടുവെള്ളം കുടിക്കുക. തിളപ്പിച്ചാറിയത് നന്നല്ല. പഥ്യക്രമങ്ങള് നിര്‍ബന്ധമായി പാലിക്കുക.
ആയുര്‍വേദപ്രകാരം ശോധനചികിത്സയാണുത്തമം. അതായത് രോഗകാരണം മനസ്സിലാക്കി അതിനെ ഉന്മൂലനാശം ചെയ്താല്‍ മാത്രമേ വീണ്ടും വരാതിരിക്കുകയുള്ളൂ. നിത്യശോധനയ്ക്കായി അവിപത്തിചൂര്‍ണം, കല്യാണഗുളം, തൃവൃത്ലേഹ്യം, ചിരിവില്വാദികഷായം, ഗന്ധര്‍വഹസ്താദികഷായം, അഭയാരിഷ്ടം, പൂതിവല്ക്കാസവം തുടങ്ങിയവ വൈദ്യനിര്‍ദേശപ്രകാരം ഉപയോഗിക്കാം. കരളിനെ ത്വരപ്പെടുത്തുന്ന ഭക്ഷണക്രമവും ചികിത്സയുമാണ് ആയുര്‍വേദം നിര്‍ദേശിക്കുന്നത്. 'ഖദിരാദിഗുളിക' വായിലിട്ട് ചവച്ച് പുണ്ണുള്ളിടത്ത് തേക്കുന്നത് തല്ക്കാല ശാന്തി നല്‍കും.
ഡോ. കെ. ബാബു
എ.വി.പി. ആയുര്‍വേദ ഹോസ്പിറ്റല്‍, പാലക്കാട്