കെ.കെ.രമേഷ്‌കുമാര്‍
|
വയനാടിന്റെ വാഗ്ദാനമാണ് വെറ്ററനറി സര്‍വകലാശാല. താമരശ്ശേരി ചുരം പിന്നിട്ടാല്‍ ലക്കിടിയെന്ന മഞ്ഞുപുതയുന്ന താഴ്‌വാരത്തിലാണ് മനോഹരമായ കാമ്പസ്. പച്ചപ്പുകള്‍ നിറഞ്ഞ കുന്നുകള്‍ക്കിടയില്‍ പഠനങ്ങളും പുതിയ ഗവേഷണങ്ങളുമായി ഇതിനകം ശ്രദ്ധേയമാണ് സര്‍വകലാശാല ആസ്ഥാനം. 2000 ത്തില്‍ തുടങ്ങിയ സ്ഥാപനം പടിപടിയായി ഉയരങ്ങള്‍ കീഴടക്കുന്ന വേളയില്‍ പുതിയ അനേകം കോഴ്‌സുകളും ഇവിടെ വരാനിരിക്കുന്നു. എന്നും വികസനത്തിന്റെ പാതകള്‍ അടയുന്ന വയനാടിന് വെറ്ററനറി സര്‍വകലാശാലയുടെ കാര്യത്തിലും ഒടുവില്‍ വെല്ലുവിളി വരികയാണ്. സര്‍വകലാശാല പരിധിയിലുള്ള സ്ഥലം പാരിസ്ഥിതിക ലോല പ്രദേശത്ത് വരുന്നതാണെന്നും ഇവിടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ഒന്നും തന്നെ നടത്താന്‍ പാടില്ലെന്ന നിലപാടിലാണ് വനംവകുപ്പ്.നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവെക്കണമെന്നാവശ്യപ്പെട്ട് വനം വകുപ്പ് സര്‍വകലാശാലയ്ക്ക് സ്റ്റോപ്പ് മെമ്മോയും നല്‍കിയിരിക്കുകയാണ്. കേരളത്തിലെ ഏറ്റവും വലിയ വെറ്ററനറി ആസ്ഥാനത്തിന്റെ വികസന കുതിപ്പിന് ഇതോടെ കടിഞ്ഞാണ്‍ വീഴുകയായി. പാരിസ്ഥിതിക സംരക്ഷണത്തിന്റെ പേരില്‍ വിലക്കുകള്‍ വരുന്നതോടെ സര്‍വകലാശാലയും ചുരമിറങ്ങാന്‍ ഇനി കാലതാമസമില്ല.
മുന്‍ സര്‍ക്കാരിന്റെ കാലത്താണ് വയനാട്ടിലെ പൂക്കോട് സര്‍വകലാശാല ആസ്ഥാനം അനുവദിക്കുന്നത്. യൂണിയന്‍ ഗവര്‍മെന്റ് 2011ല്‍ നൂറുകോടി രൂപ ഇന്‍സ്റ്റ്റ്റിയൂഷണല്‍ ഡെവലപ്പ്‌മെന്റിനായി അനുവദിക്കുകയും ചെയ്തു.15 പി.ജി കോഴ്‌സുകളും ഡിപ്‌ളോമ കോഴ്‌സുകളിലായി 200 പുതിയ സീറ്റുകളുമായിരുന്നു വരാനിരിക്കുന്നത്.ആദിവാസി വിദ്യാര്‍ത്ഥികളടക്കമുള്ളവര്‍ക്ക് ഗുണകരമാവുന്നതായിരുന്നു സര്‍വകലാശാലയിലെ മിക്ക കോഴ്‌സുകളും.പ്രധാന നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്കായി 80 കോടി രൂപ നീക്കിവെച്ച് ആഗസ്റ്റ് മാസത്തില്‍ മണ്ണുനീക്കല്‍ തുടങ്ങവെയാണ് വനം വകുപ്പിന്റെ തടസ്സവാദങ്ങള്‍ വരുന്നത്.
ഗ്രീന്‍ കാമ്പസ് പൂക്കോടിന്റെ ലക്ഷ്യം
പരിസ്ഥിതിക്ക് യാതൊരു കോട്ടവും തട്ടാതെയുള്ള ഗ്രീന്‍ കമ്പസ് താന്നെയായിരുന്നു പൂക്കോട് ലക്ഷ്യമിട്ടുരുന്നത്. ആറോളം അന്തര്‍ദേശിയ സ്ഥാപനങ്ങളുമായി സഹകരിച്ച് ഇതിനുള്ള രൂപരേഖയും ഉണ്ടാക്കിയിരുന്നു. 2012ല്‍ പ്‌ളാനില്‍ വ്യക്തത വരുത്തി 100 കോടി രൂപയുടെ ടെണ്ടര്‍ നടപടികളും പൂര്‍ത്തിയാക്കി. ബി.എസ്.എന്‍.എല്‍ സിവില്‍ വിഭാഗത്തിനായിരുന്നു നിര്‍മ്മാണ ചുമതല. റവന്യ വിഭാഗത്തിന്റെ അനുമതിയും ലഭിച്ചതോടെ നിര്‍മ്മാണ പ്രവൃത്തികള്‍ തുടങ്ങുകയായിരുന്നു. ഒന്നും രണ്ടും അക്കാഡമി ബ്ലോക്കുകളുടെ നിര്‍മ്മാണം 15 മാസത്തിനുള്ളില്‍ തീര്‍ക്കുകയായിരുന്നു ലക്ഷ്യം. 1979 ലെ ഭൂമിയുടെ സ്ഥിതിയാണ് വനം വകുപ്പ് ഉയര്‍ത്തിക്കാട്ടുന്നത്. എന്നാല്‍ ആദിവാസികള്‍ക്കായി വിവിധ പദ്ധതികള്‍ നടപ്പാക്കാനായി സുഗന്ധഗിരി പ്രോജക്ടിന് അനുവദിച്ച സ്ഥലത്തിന്റെ ഒരു ഭാഗമാണ് വെറ്ററനറി സര്‍വകലാശാലയ്ക്കായി നല്‍കിയിരുന്നത്. നിലവില്‍ പൂക്കോട് തടാകത്തിന് ചുറ്റും മാത്രമാണ് ഇ. എഫ്. എല്‍ പരിധിയില്‍ പെടുന്നത്. ഇതെങ്ങനെ സര്‍വകലാശാല കെട്ടിട നിര്‍മ്മാണത്തിനെ ബാധിക്കും എന്നാണ് സര്‍വകലാശാല അധികൃതരുടെ ചോദ്യം.
വനം വകുപ്പിന്റെ നിയമങ്ങളെ മറികടക്കുന്നതാണ് പുതിയ കെട്ടിട നിര്‍മ്മാണമെന്നാണ് വനം വകുപ്പിലെ ഉയര്‍ന്ന ഉദ്യോഗസ്ഥരുടെ വാദം.എന്നാല്‍ സര്‍ക്കാരിന്റെ പൂര്‍ണ്ണമായ ഉപദേശത്തോടെയാണ് കെട്ടിട നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയതെന്ന് സര്‍വകലാശാല അധികൃതര്‍ പറയുന്നു.വിവാദങ്ങള്‍ പരിഹരിക്കപ്പെട്ടില്ലെങ്കില്‍ പാലക്കടോ തൃശ്ശൂരിലോ ഈ ഫണ്ടുകള്‍ ചെലവഴിക്കേണ്ടി വരും.
ആസ്ഥാനം മാറ്റാനുള്ള തന്ത്രം
പലര്‍ക്കും ജോലിപരമായ ആവശ്യങ്ങള്‍ക്കായി പോലും വയനാടിന്റെ ചുരം കയറി വരുന്നത് ഇഷ്ടമല്ല. വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥരെല്ലാം വയനാടിനെ പഴിക്കാത്തതായി ഒരു ദിവസം പോലുമില്ല. ട്രെയിനില്ല, വിമാനമില്ല, വന്നുമടങ്ങാന്‍ വാഹനമില്ല എന്നൊക്കെയാണ് പരാതികള്‍. ജോലി പരമായ ഉത്തരവാദിത്തം പണിഷ്‌മെന്റായും ചിലര്‍ നിരീക്ഷിക്കുന്നു. ഇക്കാരണങ്ങളെല്ലാം പറഞ്ഞ് അങ്ങ് ദൂരെ വീടുകളില്‍ മാസത്തില്‍ പകുതി ദിവസവും വിശ്രമിച്ച് പ്രതിമാസ ശമ്പളം പറ്റുന്ന ഉദ്യോഗസ്ഥര്‍ അനേകമുണ്ട്. നാലു ദിവസം കൊണ്ട് തീര്‍ക്കേണ്ട ജോലികള്‍ നാനൂറ് ദിവസങ്ങള്‍ കഴിഞ്ഞാലും നടക്കാത്തതിനു കാരണവും ഇതുതന്നെയാണ്. ഭൂമിശാസ്ത്രപരമായ വയനാടിന്റെ നിലനില്പ്പുകളും ഔദ്യോഗികമായ നടത്തിപ്പുകളും വളരെ അന്തരമുള്ളതിനാല്‍ ജില്ലയുടെ പിന്നാക്കാവസ്ഥയും മാറുന്നില്ല.
പൂക്കോട് വെറ്റിറനറി കോളേജും ജില്ലയ്ക്ക് പുറത്തേക്ക് മാറ്റണമെന്ന ശഠിക്കുന്നവരുമുണ്ട്. സൗകര്യപ്രദമായ കേന്ദ്രമാണ് ഇവരുടെയും ലക്ഷ്യം.അനേകം കോഴ്‌സുകളുമായി വളരാന്‍ പോകുന്ന സ്ഥാപനത്തിന് നഗരത്തിനടുത്ത ആസ്ഥാനമാണ് വേണ്ടതെന്നാണ് ഇവരുടെ അഭിപ്രായം. ഇതിന്റെയൊക്കെ ഗൂഢാലോചനയാണ് വിവാദങ്ങളുടെ പിന്നിലെന്നും ആരോപണമുണ്ട്.
ലക്ഷ്യം തെറ്റുന്ന പരിസ്ഥിതി സ്‌നേഹം.
വയനാടിന്റെ മുക്കിലും മൂലയിലും റിസോര്‍ട്ടുകളുണ്ട്. വനമേഖലയായ തിരുനെല്ലിയിലും വൈത്തിരിയിലുമെല്ലാം കൂണുകള്‍ പോലെ മുളച്ചുപൊന്തിയ റിസോര്‍ട്ടുകള്‍ കാണാം. വനനിയമങ്ങളെല്ലാം കാറ്റില്‍ പറത്തിയാണ് പലതിന്റെയും നിര്‍മ്മാണം. ഇവര്‍ക്കെതിരെയൊന്നും നടപടിയെടുക്കാന്‍ വനം വകുപ്പ് ഇതുവരെയും തുനിഞ്ഞിറങ്ങിയിട്ടില്ല. പകരം സര്‍വകലാശാലയുടെ കെട്ടിട നിര്‍മ്മാണം പോലുള്ളവ തടയാനാണവര്‍ക്ക് താല്‍പ്പര്യം. വന്‍കിട പ്രോജക്ടുകളെല്ലാം വയനാടിനെ കൈയ്യൊഴിഞ്ഞ് പോവുകയാണ്. മിക്കതിന്റെയും കാരണങ്ങള്‍ പരിസ്ഥിതിയുമായി ബന്ധപ്പെട്ടതാണ്.
പശ്ചിമഘട്ട മലനിരകളില്‍ സുപ്രധാനമായ ബാണാസുര മലനിരകളില്‍ ഇപ്പോഴും പാറഖനനങ്ങള്‍ സജീവമാണ്. വന്‍കിട യന്ത്രവത്കൃത ക്വാറികളാണ് ഇവിടെ പ്രവര്‍ത്തിക്കുന്നത്. ഇടക്കാലത്തിനുശേഷം ഇവ മലയോരങ്ങളില്‍ പ്രകമ്പനങ്ങള്‍ തീര്‍ക്കുമ്പോള്‍ നടപടികളെല്ലാം വൈകുകയാണ്. വയനാടിന്റെ ശീതളമായ കാലാവസ്ഥയടക്കം നിര്‍ണ്ണയിക്കുന്ന ഗിരി നിരകളില്‍ വനം വകുപ്പിന്റെ ഭൂമി കയ്യേറിയടക്കമാണ് ഖനനം.
എന്തുകൊണ്ട് വയനാട്.
വെറ്ററിനറി സര്‍വകലാശാല നിലനില്ക്കണമെന്നത് വയനാട്ടുകാരടെ മാത്രം ആവശ്യമല്ല, വയനാടിനെ അറിയുന്നവരുടെയെല്ലാം അഭിപ്രായമാണ്. കന്നുകാലി വളര്‍ത്തലിനും മൃഗസംരക്ഷണ മേഖലയിലും വയനാടിനെ പിന്തള്ളാന്‍ മറ്റുജില്ലകള്‍ക്ക് കഴിഞ്ഞിട്ടില്ല. അനുകൂലമായ കാലാവസ്ഥയാണ് ഇതിനാധാരം. ഇപ്പോഴും വയനാട്ടില്‍ 70 ശതമാനം കുടുംബങ്ങള്‍ കാര്‍ഷിക ജീവിതത്തെ ആശ്രയിച്ചു കഴിയുന്നു. കാര്‍ഷിക മേഖലയിലെ പുതിയ മുന്നേറ്റങ്ങളെല്ലാം ഇവര്‍ക്ക് പ്രാപ്യമാക്കുന്നതില്‍ എന്താണ് തെറ്റ്. കര്‍ഷകര്‍ക്കിടയില്‍ മൃഗ സംരക്ഷണ പ്രവര്‍ത്തനങ്ങള്‍ക്കൊപ്പം ഗവേഷണവും നടത്തുന്നതുവഴി സംസ്ഥാനത്തിനാകമാനം മുതല്‍ക്കൂട്ടാവുന്ന വിധത്തില്‍ സര്‍വകലാശാലയുടെ വളര്‍ച്ചയും മാതൃകപരമാവില്ലേ? അനിമല്‍ സയന്‍സ്, വൈല്‍ഡ് അനിമല്‍ റിസെര്‍ച്ച്, തുടങ്ങിയവക്കെല്ലാം അനുകൂല ഘടകങ്ങള്‍ വയനാട്ടില്‍ നിലനില്ക്കുമ്പോള്‍ സര്‍വകലാശാലയും വയനാടിന് വേണം. ഇതു സംബന്ധിച്ചുള്ള തര്‍ക്കങ്ങള്‍ക്ക് ഇനിയും പരിഹാരമായിട്ടില്ല.മന്ത്രിതല ചര്‍ച്ചകളില്‍ ഈ വിഷയത്തില്‍ പൂര്‍ണ്ണമായ തീരുമാനം അനിശ്ചിതമാണ്.ഭൂമി തര്‍ക്കങ്ങളില്‍ തീരുമാനം വൈകും തോറും അനുവദിച്ച ഫണ്ടുകള്‍ കാത്തിരിക്കണമെന്നുമില്ല.
|
|
|
|