ജന്മനാ വിധി നല്‍കിയ വൈകല്യത്തെ ചിത്രരചനകൊണ്ട് അതിജീവിക്കുകയാണ് സജയ്. കാലുകളുടെ സഹായത്തോടെ മനോഹരമായ ചിത്രങ്ങള്‍ വരച്ചാണ് സജയ് വിധിയെ എതിര്‍ക്കുന്നത്. രണ്ടുകൈകളുമില്ലാതെ പിറന്നുവീണ സജയ് മറ്റുകുട്ടികള്‍ കൈകൊണ്ടു ചെയ്യുന്നവയെല്ലാം മനഃശക്തി കൈവിടാതെ കാലുകൊണ്ടു ചെയ്യാന്‍ ചെറുപ്പത്തിലേ ശീലിക്കുകയായിരുന്നു. എഴുതുക, വരയക്കുക തുടങ്ങി തുണി കഴുകുന്നതുവരെ കാലുപയോഗിച്ചാണ് സജയ് ചെയ്യുന്നത്.

അച്ഛനില്ലാത്ത സജയിനെയും അനിയത്തിയെയും കൂലിപ്പണി ചെയ്താണ് അമ്മവളര്‍ത്തിയത്. കൊച്ചു സജയിന് വേണ്ടത്ര ശ്രദ്ധ ലഭിക്കാന്‍ രണ്ടുവയസുമുതല്‍ പത്തനാപുരം ആശാഭവന്‍ അവന് തുണയായെത്തി.

ശാരീരിക വൈകല്യമുള്ള കുട്ടികളുടെ വ്യക്തിത്വ വികസനം ലക്ഷ്യമാക്കി 1981ല്‍ പ്രവര്‍ത്തനം തുടങ്ങിയ മാര്‍ത്തോമാ കെയര്‍ സെന്ററാണ് പിന്നീട് ആശാഭവനായി മാറിയത്. 1984 ല്‍ പത്തനാപുരത്ത് പിടവൂരില്‍ പ്രവര്‍ത്തനം തുടങ്ങിയ സ്ഥാപനം 1990 ല്‍ ശാരീരിക വെല്ലുവിളികള്‍ നേരിടുന്ന കുട്ടികള്‍ക്കായുള്ള ആശാഭവനായി മാറി.




പോളിയോ, സെറിബ്രല്‍ പാള്‍സി തുടങ്ങിയ രോഗങ്ങളെയും ജന്മനായുണ്ടാകുന്ന വൈകല്യങ്ങളെയും അംഗീകരിച്ച് അവയെ അതിജീവിക്കാനും വ്യത്യസ്ഥമാര്‍ന്ന കഴിവുകള്‍ കണ്ടെത്തി വികസിപ്പിക്കാനും പ്രാപ്തരാക്കുവാനും അടിസ്ഥാനവിദ്യാഭ്യാസമെങ്കിലും നല്‍കി അവരെ സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് എത്തിക്കുകയുമാണ് ആശാഭവന്റെ ലക്ഷ്യം.

ജാതിമതഭേദമെന്യേ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന കുടുംബങ്ങളിലെ അഞ്ചുമുതല്‍ 19 വയസ്സുവരെയുള്ളവര്‍ക്കാണ് ആശാഭവനില്‍ പ്രവേശനം ലഭിക്കുക.

നൂറിലേറെ കുട്ടികള്‍ ഇതേവരെ ആശാഭവനില്‍നിന്നും പഠന-പരിശീലനങ്ങള്‍ പൂര്‍ത്തിയാക്കിക്കഴിഞ്ഞു. നിലവില്‍ 50 കുട്ടികളാണ് ഇവിടെ പഠിക്കുകയും പരിശീലനം തേടുകയും ചെയ്യുന്നത്.

ആശാഭവനിലെ അന്തേവാസികള്‍ക്ക് ഭക്ഷണം, താമസം, പഠനം, ചികിത്സ, തുടങ്ങിയവ സൗജന്യമായി ലഭിക്കും. ഇവര്‍ക്ക് സഹായികളായി 15 ജീവനക്കാരും ആശാഭവനിലുണ്ട്.

ഫിസിയോ തെറാപ്പി സെന്റര്‍, തയ്യല്‍ കമ്പ്യൂട്ടര്‍ തുടങ്ങിയവ ഉള്‍പ്പെടുന്ന പരിശീലനകേന്ദ്രം എന്നിവയും ആശാഭവനോട് അനുബന്ധമായി പ്രവര്‍ത്തിക്കുന്നു.സജയിനെപ്പോലെ വ്യത്യസ്ത കഴിവുകളുള്ളവരാണ് ഇവിടുത്തെ അന്തേവാസികളില്‍ അധികവും.

പ്ലസ് ടു വരെ ആശാഭവനില്‍ പഠിച്ച സജയ് മാവേലിക്കര രാജാ രവിവര്‍മ്മ ഇന്‍സ്റ്റിറ്റിയൂട്ടില്‍ നിന്നും ഫൈന്‍ ആര്‍ട്‌സില്‍ ബിരുദമെടുത്തു. ഹൈദരാബാദിലോ ബറോഡയിലോ പേയി ഉപരിപഠനം നടത്തണമെന്നായിരുന്നു സജയിന്റെ ആഗ്രഹം. എന്നാല്‍ സാഹചര്യങ്ങള്‍ കാരണം ഇപ്പോള്‍ തൃപ്പൂണിത്തുറ ആര്‍.എല്‍.വിയില്‍ മാസ്റ്റര്‍ ഓഫ് ഫൈന്‍ആര്‍ട്‌സ് (ക്രിയേറ്റീവ് ആര്‍ട്ട്) വിദ്യാര്‍ത്ഥിയാണ് സജയ്.

തന്നെപോലുള്ളവര്‍ ഡിസേബിള്‍ഡ് അല്ല, ഡിഫറന്റളി ഏബിള്‍ഡ് ആണെന്നാണ് സജന്റെ പക്ഷം. സഹതാപമല്ല ഇത്തരക്കാര്‍ക്ക് ആവശ്യമെന്നും സജയ് പറയുന്നു. ആശാഭവനിലെ അന്തേവാസികളെ സ്‌പോണ്‍സര്‍ ചെയ്യാനുള്ള അവസരം മറ്റുള്ളവര്‍ ഉപയോഗിക്കണമെന്നും സജയ് പറയുന്നു.

കാന്‍വാസുകളുള്‍പ്പെടെയുള്ള സാമഗ്രികള്‍ വാങ്ങുന്നത് പോലും സജയിന് താങ്ങാനാവുന്നില്ല. ചിത്രരചനയിലൂടെ തന്നെ ഉപജീവനം കണ്ടെത്തണമെന്നാണ് സജയിന്റെ ആഗ്രഹം. മറ്റുള്ളവര്‍ക്കായി പോര്‍ട്രയിറ്റുകളും മറ്റും വരച്ചുകൊടുത്തും സജയ് പണം പഠനാവശ്യത്തിനുള്ള പണം കണ്ടെത്തുന്നുണ്ട്.

ഗീത ആര്‍.