ഓര്‍മയിലെ ജ്വലിക്കുന്ന സൗന്ദര്യം ക്യാപ്റ്റന്‍ ലക്ഷ്മിയുടേതാണ്. സിംഗപ്പൂരില്‍ ചെലവഴിച്ച കുട്ടിക്കാലത്താണ് ഞാനവരെ ആദ്യം കാണുന്നത്. ഞങ്ങളുടെ ഫാമിലി ഡോക്ടറായിരുന്നു. അമ്മ അസുഖമായി കിടക്കുമ്പോള്‍ ചികിത്സിക്കാന്‍ ഇടയ്ക്കിടെ വീട്ടില്‍ വരും. അന്നു ഞാന്‍ തീരെ ചെറിയ കുട്ടിയാണ്. കണ്ടുനില്ക്കുന്നവരെ വിസ്മയസ്തബ്ധരാക്കാന്‍ പോന്ന ഒരു ഊര്‍ജം അവരുടെ ശരീരത്തില്‍നിന്ന് പ്രസരിച്ചിരുന്നു. പ്രൗഢിയുള്ള ലാവണ്യം. നല്ല ഉയരം, കൊത്തിയെടുത്തപോലുള്ള ശരീരഘടന, ചിരിക്കുന്ന കണ്ണുകള്‍. അവരാണ് ഒരിക്കല്‍ എന്നെ നേതാജി സുഭാഷ് ചന്ദ്രബോസിനെ കാണാന്‍ കൊണ്ടുപോകുന്നത്. ആരിലും ആദരവും അദ്ഭുതവും ജനിപ്പിക്കാന്‍ പോന്ന അദൃശ്യമായ ഒരു പരിവേഷം (ഹാലോ) അവര്‍ക്കുണ്ടായിരുന്നതായി തോന്നിയിട്ടുണ്ട്. പ്രായമേറെയായിട്ടും പഴയ സൗന്ദര്യത്തിന്റെ മിന്നലാട്ടം അവരുടെ രൂപത്തില്‍ കാണാം. അന്നും ഇന്നും ഞാനൊരു സൗന്ദര്യാരാധകനാണ്. ഭംഗിയുള്ള വ്യക്തികള്‍ പ്രത്യേകിച്ച് സ്ത്രീകള്‍ - പ്രായഭേദമന്യേ എന്നും എന്നെ ആകര്‍ഷിക്കുന്നു. സെക്‌സ് ദൈവത്തിന്റെ വരദാനമാണെന്നു വിശ്വസിക്കുന്നയാളാണ് ഞാന്‍. ആസ്വദിച്ചു ചെയ്യേണ്ട പ്രവൃത്തിയാണ് ഇണചേരല്‍. സൗന്ദര്യത്തെക്കുറിച്ചു സംസാരിക്കുന്ന അതേ ആസ്വാദ്യതയോടെ സെക്‌സിനെക്കുറിച്ചും സംസാരിക്കാനും ചിന്തിക്കാനും കഴിയണം. അവിടെ അറപ്പിന്റെയോ വെറുപ്പിന്റെയോ പ്രശ്‌നമില്ല. സെക്‌സിലുള്ള താത്പര്യമാണ് മനുഷ്യനെ നിത്യയൗവനം കാത്തുസൂക്ഷിക്കാന്‍ സഹായിക്കുന്നതെന്നു തോന്നിയിട്ടുണ്ട്.
അടുത്ത കാലത്ത് എന്നെ വളരെയേറെ ആകര്‍ഷിച്ച ഒരു പെണ്‍കുട്ടിയുണ്ട് - ഓസ്‌ട്രേലിയക്കാരി ഹാന പാക്ക് വുഡ്. പെര്‍ത്തിലെ ഏതോ ജ്വല്ലറിയില്‍ ജോലി ചെയ്യുകയാണ്. പ്രായം 20 വയസ്സ്. ലണ്ടനില്‍ സംഗീതപരിപാടിയില്‍ പങ്കെടുത്തശേഷം എമിറേറ്റ്‌സ് എയര്‍ലൈന്‍സില്‍ ദുബായിലേക്കു യാത്രചെയ്യവേയാണ് ഞാന്‍ ഹാനയെ കണ്ടുമുട്ടിയത്. ഞങ്ങള്‍ക്കിടയില്‍ ശൂന്യമായ ഒരു സീറ്റിന്റെ അകലമേ ഉണ്ടായിരുന്നുള്ളൂ. അവള്‍ എന്നെ ഇങ്ങോട്ടു പരിചയപ്പെടുകയായിരുന്നു. പൂര്‍വജന്മത്തില്‍ പരസ്പരം സ്‌നേഹിച്ചിരുന്നവരെപ്പോലെ ഞങ്ങള്‍ സംസാരിച്ചുകൊണ്ടേയിരുന്നു. നല്ല വെളുത്ത, രക്തം തുടിക്കുന്ന ശരീരമായിരുന്നു ഹാനയുടേത്. സാധാരണ മദാമ്മമാരെപ്പോലെ വിളര്‍ത്തതല്ല. അവളുടെ വളരെ ഷാര്‍പ്പായ ഫീച്ചേഴ്‌സ് ആണ് എന്നെ ആകര്‍ഷിച്ചത്. പ്രത്യേകിച്ച് മൂക്ക്. പിന്നെ ആ കണ്ണുകള്‍ മനസ്സിനകത്തൊരു പെണ്ണ്, മയില്‍പ്പീലിക്കണ്ണ് എന്ന തന്റെതന്നെ പഴയ ഗാനമാണ് ഓര്‍മവന്നത്.
ഇടയ്ക്ക് ക്ഷീണം തോന്നിയപ്പോള്‍ അവള്‍ സീറ്റില്‍ കിടക്കാന്‍ അനുവാദം ചോദിച്ചു. അടുത്തടുത്ത രണ്ടു സീറ്റുകളിലായി അവള്‍ മലര്‍ന്നുകിടന്നു. ഒരു വെണ്ണക്കല്‍ ശില്പംപോലെ. കാലുകള്‍ എന്റെ മടിയില്‍ വെച്ചുകൊള്ളാന്‍ ഞാന്‍ അനുവാദം കൊടുത്തു. മൃദുലമായ ആ പാദങ്ങള്‍ ഞാന്‍ പതുക്കെ തലോടി. അവള്‍ അത് ഇഷ്ടപ്പെടുന്നുണ്ടായിരുന്നു. എന്നിലെ റൊമാന്റിക്കിനെ തിരിച്ചറിഞ്ഞാവണം, ഹാന ആകര്‍ഷകമായി ചിരിച്ചുകൊണ്ടേയിരുന്നു. ഉറക്കത്തിലേക്കു വഴുതുന്നതുവരെ. മുഖസൗന്ദര്യം അപ്രസക്തമാകുന്ന മേഖലയാണ് എന്റേത്- സംഗീതം. അവിടെ ശബ്ദസൗന്ദര്യത്തിനേ പ്രസക്തിയുള്ളൂ. ലതാമങ്കേഷ്‌കര്‍ പാടുമ്പോള്‍ നാമവരുടെ മുഖം ഓര്‍ക്കാറില്ല. ആ ശബ്ദത്തില്‍നിന്ന് നാമൊരു സാങ്കല്പികരൂപം നിര്‍മിക്കുന്നു. അലൗകികസൗന്ദര്യമായിരിക്കും ആ രൂപത്തിന്. ഒരിക്കലുമൊരിക്കലും ചിത്രത്തില്‍പോലും കണ്ടിട്ടില്ലാത്ത ഗായകരില്‍നിന്ന് നമ്മളിങ്ങനെ സുന്ദരിമാരെയും സുന്ദരന്മാരെയും വാര്‍ത്തെടുത്തിട്ടില്ലേ?
എങ്കിലും ചിലരുടെ ആലാപനത്തിന് അവരുടെ രൂപസൗഭഗം വശ്യത കൂട്ടും. മുഹമ്മദ് റഫിയും യേശുദാസും പാടുന്നതു കേള്‍ക്കാന്‍ മാത്രമല്ല കാണാനുമുണ്ട് ചന്തം. ജി. വേണുഗോപാലിനുമുണ്ട് ഈ പ്രത്യേകത. സൗമ്യമായ ഭാവം; ചുണ്ടില്‍ സദാ തങ്ങിനില്ക്കുന്ന പുഞ്ചിരി. വെറുതെയല്ല സ്ത്രീകള്‍ക്കേറ്റവും ഇഷ്ടമുള്ള ഗായകനായി വേണുമാറിയത്. ഗായികമാരില്‍ സുജാതയും ചിത്രയും പാടുമ്പോള്‍ ഞാനവരെ നോക്കിയിരുന്നുപോയിട്ടുണ്ട്. അവരുടെ സുന്ദരഭാവങ്ങള്‍ ഗാനത്തെ അനായാസമായി നമ്മുടെ മനസ്സില്‍ എത്തിക്കുന്നു. പുതിയവരില്‍ മഞ്ജരിക്കും ഗായത്രിക്കുമൊക്കെ ഈ സവിശേഷതയുണ്ട്. സാനിയാ മിര്‍സയെയാണ് മഞ്ജരിയെ കാണുമ്പോള്‍ എനിക്കോര്‍മവരിക. പുതിയ തലമുറയ്‌ക്കൊപ്പം പാടുമ്പോള്‍ എന്നിലെ റൊമാന്റിക്, പ്രത്യേകിച്ചൊരു ഊര്‍ജം സംഭരിക്കുന്നതായി അനുഭവപ്പെട്ടിട്ടുണ്ട്. അതുകൊണ്ടാവാം പല യുവസുഹൃത്തുക്കളും എന്നെ അവരിലൊരാളായി കാണുന്നത്.
നിറങ്ങളോടുമുണ്ട് എനിക്കു പ്രണയം. ചുവപ്പ്, നീല, പച്ച എന്നിങ്ങനെയുള്ള കടുംനിറങ്ങള്‍ എനിക്കിഷ്ടമാണ്. വര്‍ണപ്പകിട്ടുള്ള വസ്ത്രങ്ങള്‍ ധരിക്കാന്‍ ഞാന്‍ ശ്രദ്ധിക്കുന്നു. ഏത് ആള്‍ക്കൂട്ടത്തിലും ശ്രദ്ധിക്കപ്പെടണമെന്ന ആഗ്രഹവും അതിനു പിന്നിലുണ്ടാകാം. നിറപ്പകിട്ടുള്ള വസ്ത്രമണിഞ്ഞ സ്ത്രീകളെ ഞാന്‍ ഇഷ്ടപ്പെടുന്നു. നിറങ്ങളില്ലാതെ എന്തു ജീവിതം?