ഓര്‍മകള്‍ മരിക്കുമോ...

കെ. സജീവ്‌ Posted on: 06 Jan 2014

മെഹ്ബൂബ് പോയി; ബാബുരാജും. ആ സുന്ദര കാലഘട്ടത്തിന്റെ ഓര്‍മകള്‍ നല്‍കിയ ഉദയഭാനുവും വിട പറഞ്ഞു.

ബാബുരാജും മെഹ്ബൂബും ഉദയഭാനുവിന്റെ പ്രിയ സുഹൃത്തുക്കളായിരുന്നു. ഉരുകിയൊഴുകി കളമൊഴിയാന്‍ വെമ്പുന്ന സായാഹ്നവെയില്‍പോലെ വിഷാദമുരുകി വീഴും ഇവരുടെ സംഗീതം കര്‍ണപുടങ്ങളില്‍ പതിഞ്ഞാല്‍. ഈ 'വിഷാദികള്‍' ആയിരുന്നു നമ്മുടെ സംഗീതശാഖയെ ഏറെ ആര്‍ദ്രമാക്കിയത്. കരുത്തേകിയത്. ഏതോ വസന്തവനിയിലെ ഗായകരായും സംഗീതത്തിന്റെ ശില്പികളായും ഇവര്‍ പാട്ട് നിര്‍ത്തി. ജീവിതത്തിന്റെ സ്വരരാഗങ്ങള്‍ക്ക് മംഗളം പാടി ഉദയഭാനു കൂടി മടങ്ങിയിരിക്കുന്നു.

മലയാളം ഉള്ളിടത്തോളം കാലം ഏത് തലമുറയും പാടും ഉദയഭാനുവിന്റെ സ്വരം ഉരുകിവീണ ഈ ഗാനം.
'കാനനഛായയിലാടുമേയ്ക്കാന്‍ ഞാനും വരട്ടെയോ...' എന്ന ഗാനം പഴയ തലമുറയുടേത് എന്ന് നിസാരവത്കരിച്ചാല്‍ തെറ്റി. ആ പാട്ട് പുതുതലമുറയുടേത് കൂടിയാണ്. കണ്ണീരുപ്പുകലര്‍ന്ന വിഷാദഗാനങ്ങളേറെപ്പാടി ഉദയഭാനു. കയ്പുകലര്‍ന്ന നിരവധി അനുഭവങ്ങളുമുണ്ടായി.

തനിക്കായി നീക്കിവെച്ച പാട്ടുകള്‍ മറ്റുള്ളവര്‍ 'കൊണ്ടുപോകുന്നത്' കണ്ണു നിറഞ്ഞ് നോക്കി നിന്നയാളാണ് ഉദയഭാനു. താന്‍ പാടേണ്ട പാട്ട് ഗത്യന്തരമില്ലാതെ മറ്റൊരാളെ പഠിപ്പിച്ച് പാടിച്ചിട്ടുമുണ്ട് ഈ മനുഷ്യന്‍. കണ്ണുകള്‍ നിറഞ്ഞുപോയ ഇത്തരം അനുഭവങ്ങളുണ്ടായിട്ടും ആരും കാണാതെ കണ്ണുനീര്‍ തുടച്ച്, പരിഭവമേതുമില്ലാതെ ഉദയഭാനു ജീവിതത്തിന്റെ നേര്‍വഴിയിലൂടെ നടന്നുനീങ്ങി.

'ഉമ്മ' എന്ന സിനിമയിലെ ഗാനങ്ങളാണ് ഈ അനുഭവങ്ങളില്‍ ഓര്‍ത്തെടുക്കാവുന്നവയില്‍ പ്രധാനം. 1960 ല്‍ പുറത്തിറങ്ങിയ ഈ ചിത്രത്തിലെ ഗാനങ്ങള്‍ നമ്മളെല്ലാം കേട്ടത് എ.എം. രാജയുടെ ശബ്ദത്തിലാണ്. ''ബാബുരാജും ഞാനും അന്ന് ഉറ്റസുഹൃത്തുക്കളാണ്. കോഴിക്കോട്ട് ആകാശവാണിയില്‍ ഞാന്‍ ജോലി നോക്കുന്ന കാലം. 'ഉമ്മ' എന്ന പടത്തിലേക്ക് ക്ഷണം ലഭിച്ചപ്പോഴേ ബാബു എനിക്ക് വാക്കു തന്നു- നോക്കിക്കോ, ഈ പടത്തില്‍ താന്‍ പാടും''- ഉദയഭാനു അക്കാലത്തെക്കുറിച്ച് ഓര്‍ത്തെടുക്കുന്നതിങ്ങനെ (എങ്ങനെ നാം മറക്കും- രവിമേനോന്‍).

ഉമ്മയിലെ രണ്ടു പാട്ടുകള്‍ ബാബുരാജ് ഉദയഭാനുവിനെ പാടിപഠിപ്പിക്കുകയും ചെയ്തു. പാലാണ് തേനാണെന്‍ ഖല്‍ബിലെ പൈങ്കിളിക്ക്..., എന്ന സോളോയും എന്‍ കണ്ണിന്റെ കടവിലെടുത്താല്‍ എന്ന യുഗ്മഗാനവുമായിരുന്നു അവ. ഈ പാട്ടുകളുടെ റെക്കോര്‍ഡിങ്ങിനായി ചെന്നൈയില്‍ ആഹ്ലദത്തോടെ വന്നിറങ്ങി ഉദയഭാനു. ആ പാട്ടുകള്‍ സിനിമയുടെ നിര്‍മാതാവ് കുഞ്ചാക്കോ മാറ്റി വെച്ചിരിക്കുന്നത് ഗായകന്‍ രാജയ്ക്ക്. കുഞ്ചാക്കോയുടെ കല്ലേപ്പിളര്‍ക്കുന്ന കല്പനയ്ക്ക് മുന്നില്‍ അപേക്ഷകളെല്ലാം തിരസ്‌കരിക്കപ്പെട്ടു. ഒടുവില്‍ പാട്ടുകള്‍ രാജ തന്നെ പാടി. ആ പാട്ട് അദ്ദേഹത്തെ പാടി പഠിപ്പിച്ചതാകട്ടെ ഉദയഭാനുവും. താന്‍ പാടേണ്ട പാട്ടുകള്‍ രാജയ്ക്ക് പാടി കേള്‍പ്പിക്കുമ്പോള്‍ ഉദയഭാനുവിന്റെ ഹൃദയം വിങ്ങി.

സിനിമയില്‍ പാടിത്തുടങ്ങിയ ശേഷം ഉദയഭാനുവിന്റെ ശബ്ദത്തില്‍ നിരവധി ഗാനങ്ങള്‍ നമ്മുടെ ഹൃദയത്തില്‍ തൊട്ടു. ബാബുരാജിന്റെ ഗാനങ്ങള്‍ ഏറെ അദ്ദേഹം പാടി. ''ബാബുരാജിന് എന്റെ ശബ്ദം വലിയ ഇഷ്ടമായിരുന്നു. ശോകഗാനങ്ങള്‍ ഞാന്‍ പടിയാലേ ശരിയാകൂ എന്നദ്ദേഹം എന്നോട് തന്നെ പറയുമായിരുന്നു. സ്വന്തം മെഹ്ഫിലുകളില്‍ ഞാന്‍ പാടിയ ഗാനങ്ങളാണ് ബാബു ഏറെയും പാടുക''. ബാബുരാജുമായുള്ള ആത്മബന്ധത്തെക്കുറിച്ച് ഉദയഭാനു ഓര്‍ത്തെടുക്കുന്നതും ഇങ്ങനെ.

നഷ്ടങ്ങളുടെ പട്ടികയില്‍ മറക്കാനാവാത്ത ആ ഗാനം ഉദയഭാനു ഓര്‍ക്കും. അറിയാതെ മൂളും. 'റോസി'യിലെ പ്രശസ്തമായ അല്ലിയാമ്പല്‍ കടവില്‍... പ്രകാശ് സ്റ്റുഡിയോയില്‍ റെക്കോര്‍ഡിങ് നടക്കുമ്പോള്‍ ഉദയഭാനുവിന് തീരെ സുഖമില്ല. സംഗീതസംവിധായകന്‍ ജോബും പി.ജെ. ആന്റണിയും ചേര്‍ന്ന് പുതുഗായകനായ ഫോര്‍ട്ട് കൊച്ചിക്കാരനായ യേശുദാസിന് പാടാന്‍ അവസരം നല്‍കുന്നു. ഉദയഭാനുവിന് വിഷമമാകും എന്ന് കരുതി യേശുദാസ് തന്നെ ആ പാട്ടുപാടന്‍ വിമുഖത കാട്ടി. ഒടുവില്‍ ഭാനു തന്നെ നിര്‍ബന്ധിച്ചാണ് യേശുദാസിനെക്കൊണ്ട് ആ പാട്ട് പാടിക്കുന്നത്.

'നായര് പിടിച്ച പുലിവാലില്‍' പാടാന്‍ ചെന്നപ്പോഴാണ് മെഹ്ബൂബുമായി ഉദയഭാനു സൗഹൃദത്തിലാകുന്നത്. പെട്ടെന്ന് തന്നെ ഇവര്‍ ആത്മസുഹൃത്തുക്കളായി. ചെന്നൈ നഗരം ചുറ്റി നടക്കുകയായിരുന്നു ഇവരുടെ വിനോദം. ഒരിക്കല്‍ പ്രശസ്ത ഹിന്ദി സംഗീതസംവിധായകന്‍ ചെന്നൈയിലെത്തി. വുഡ് ലാന്‍ഡ്‌സ് ഹോട്ടലിലാണ് താമസം. അദ്ദേഹത്തെ കാണാനുള്ള ആഗ്രഹം കലശല്‍. അങ്ങനെ ഞങ്ങള്‍ അവിടെയെത്തി. അദ്ദേഹത്തിന്റെ മുറിയുടെ ജനല്‍ കര്‍ട്ടന്‍ മെല്ലെമാറ്റി എത്തിനോക്കി. ടവ്വല്‍ മാത്രമുടുത്ത് രാമചന്ദ്ര കട്ടിലില്‍ ഇരിക്കുന്നു. ഞങ്ങളെ കണ്ടതും ക്ഷുഭിതനായി അദ്ദേഹം ചാടിയെണീറ്റു. ഞങ്ങള്‍ ഒറ്റയോട്ടം- മെഹ്ബൂബുമായുള്ള ബന്ധത്തെക്കുറിച്ച് പറയുമ്പോള്‍ ഉദയഭാനുവിന് ഏറെയുണ്ട് കാര്യങ്ങള്‍. ഗാനമേളകളില്‍ മെഹ്ബൂബിന്റെ ഗാനങ്ങള്‍ ആദരസൂചകമായി പാടാറുണ്ടായിരുന്നു മരണം വരെയും ഉദയഭാനു. കാരണവും ഉദയഭാനു തന്നെ പറയുന്നു. മെഹ്ബൂബിന്റെ ശബ്ദവും ആലാപനശൈലിയും അനുപമമാണ്. അനുകരിക്കാനാകാകാത്തതും.

ഏറെപ്പാടി ഉദയഭാനു. മനസ്സിനകത്തൊരുപെണ്ണ്.. (പാലാട്ട് കോമന്‍), ഒരു ജാതി ഒരു മതം ഒരു ദൈവം (കാല്‍പ്പാടുകള്‍), അനുരാഗനാടകത്തില്‍ അന്ത്യമാംരംഗം തീര്‍ത്തു(നിണമണിഞ്ഞ കാല്‍പ്പാടുകള്‍), യാത്രക്കാരാവഴിയാത്രക്കാരാ. (സുശീല), പെണ്ണായി പിറന്നെങ്കില്‍ മണ്ണായി തീരുവോളം (അമ്മയെക്കാണാന്‍), നാവുള്ള വീണയെന്ന് നാവോറ് പാടിയാട്ടേ (തച്ചോളി ഓതേനന്‍), പൊന്‍വളയില്ലെങ്കിലും പൊന്നാടയില്ലെങ്കിലും (കുട്ടിക്കുപ്പായം), കനകക്കിനാവിന്റെ കളിവള്ളമിറക്കുമ്പോള്‍ (ശ്യാമളച്ചേച്ചി), മന്ദാരപ്പുഞ്ചിരിപ്പൂക്കള്‍ (തങ്കക്കുടം), പാലാട്ടുകോമന്‍ വന്നാലും പരമുച്ചട്ടമ്പി മാറൂലാ (റൗഡി), വെള്ളിനക്ഷത്രമേ നിന്നെ നോക്കി, ചപല വ്യാമോഹങ്ങളാനയിക്കും, മണിമുഴക്കം സമയമായ് (രമണന്‍) തുടങ്ങി നിരവധി.

ഇവയില്‍ ബാബുരാജ്- ഭാനു ടീമിന്റെ നിരവധി ഹിറ്റുകളുണ്ടായി. മെഹ്ബൂബിന്റെ സ്വരമാധുരിയും നമ്മുടെ ഹൃദയത്തില്‍ വിങ്ങിനിറഞ്ഞു. മെഹ്ബൂബും ബാബുരാജും നേരത്തേപോയി. ഇപ്പോഴിതാ ഉദയഭാനുവും. ആ സുന്ദരകാലഘട്ടത്തിന്റെ ഓര്‍മകളുമായി.....



Adaranjalikal

 

ga
Photos