തിരുവനന്തപുരം: മലയാളിയുടെ ഗാനശാഖയിലേക്ക് വെള്ളിനക്ഷത്രത്തിന്റെ തിളക്കവുമായി കടന്നുവന്ന പ്രിയ പാട്ടുകാരനെ അവസാനമായി ഒരു നോക്കുകാണാന്‍ പ്രമുഖരും അല്ലാത്തവരുമായ നിരവധിപേരാണ് വീട്ടിലേക്കെത്തിയത്. മ്യൂസിയം ബെയിന്‍സ് കോമ്പൗണ്ടിലെ ചോയിസ് ഹൈറ്റ്‌സ് എന്ന അപ്പാര്‍ട്ടുമെന്‍റിലായിരുന്നു ദീര്‍ഘനാളായി ഉദയഭാനുവിന്റെ താമസം. ഇവിടെവെച്ചായിരുന്നു അന്ത്യവും.
ഉദയഭാനു അന്തരിച്ചെന്ന വാര്‍ത്തയറിഞ്ഞതോടെ സുഹൃത്തുക്കളും ആരാധകരും ബന്ധുക്കളും വീട്ടിലേക്കെത്തി. മന്ത്രി വി.എസ്.ശിവകുമാര്‍, ഡെപ്യൂട്ടി സ്പീക്കര്‍ എന്‍.ശക്തന്‍, എ.സമ്പത്ത് എം.പി, ഗായകരായ കാവാലം ശ്രീകുമാര്‍, കല്ലറ ഗോപന്‍ എന്നിവരും അവതാരകന്‍ ജയരാജ് വാര്യരും രാത്രി വീട്ടിലെത്തി അന്ത്യാഞ്ജലിയര്‍പ്പിച്ചിരുന്നു.
പാര്‍ക്കിന്‍സണ്‍ രോഗം ബാധിച്ച അദ്ദേഹത്തിന് അവസാനകാലത്ത് സംസാരശേഷിയും നഷ്ടമായിരുന്നു. അപ്പാര്‍ട്ടുമെന്‍റിലെ മുറിയില്‍ തന്റെ പാട്ടുകള്‍ കേട്ട് കിടക്കുന്നതായിരുന്നു ഉദയഭാനുവിന് ഇഷ്ടം. മൂന്നുവര്‍ഷം മുമ്പ് ഒരു ചാനല്‍ പരിപാടിക്കിടയില്‍ വീണതോടെയാണ്ശാരീരിക അസ്വസ്ഥതകള്‍ തുടങ്ങിയത്.
തിങ്കളാഴ്ച രാവിലെ 11 വരെ മ്യൂസിയത്തിലെ വീട്ടിലും തുടര്‍ന്ന് വി.ജെ.ടി ഹാളിലും ആരാധകര്‍ക്ക് പ്രിയഗായകന് അന്ത്യാഞ്ജലി അര്‍പ്പിക്കാം.