സിനിമയിലെ വിഷാദഗാന സമ്രാട്ട് ആയിരുന്നെങ്കിലും ജീവിതം എന്നും ആഘോഷഭരിതമാക്കാന്‍ ആഗ്രഹിച്ചു കെ.പി. ഉദയഭാനു. വിവിധ വര്‍ണങ്ങളിലും വലിപ്പങ്ങളിലും രൂപങ്ങളിലും ഉള്ള തലപ്പാവുകള്‍, വിചിത്രമായ ഡിസൈനുകളില്‍ ഉള്ള കുപ്പായങ്ങള്‍, ഏറ്റവും പുതിയ ഫാഷനിലുള്ള ബെര്‍മുഡകള്‍, കൂളിങ് ഗ്ലാസ്സുകള്‍, വിദേശ നിര്‍മിത പെര്‍ഫ്യൂമുകള്‍... ഇതൊന്നുമില്ലാതെ സങ്കല്പിക്കാന്‍ പോലുമാകില്ല അദ്ദേഹത്തെ
സുഹൃത്തും ഗായകനുമായ എം.എസ്. നസീമിനെ കഴക്കൂട്ടത്തെ വീട്ടില്‍ ചെന്ന് കണ്ടു മടങ്ങവേ ആത്മഗതമെന്നോണം ഉദയഭാനു പറഞ്ഞു: ''ആര്‍ക്കും ഇങ്ങനെയൊരു ദുര്‍ഗതി വരുത്തരുതേ... പാട്ടുകാരന് ശബ്ദം നഷ്ടപ്പെടുക എന്ന് പറഞ്ഞാല്‍ എന്തൊരു ദുരന്തമാണ്; അതും പാടി കൊതി തീരാത്ത പ്രായത്തില്‍...''.
നിനച്ചിരിക്കാതെ വന്ന പക്ഷാഘാതം നസീമിന്റെ ശബ്ദം കവര്‍ന്നെടുത്തിട്ട് ഏറെ നാളായിരുന്നില്ല. തന്നോടൊപ്പം നിരവധി 'ഓള്‍ഡ് ഈസ് ഗോള്‍ഡ്' വേദികളില്‍ എ.എം.രാജയുടെ പാട്ടുകള്‍ പാടി സദസ്സിനെ കൈയിലെടുത്ത യുവഗായകന് വാക്കുകളും ശബ്ദവും തമ്മില്‍ വിളക്കിച്ചേര്‍ക്കാനാവാതെ തളര്‍ന്നിരിക്കുന്ന കാഴ്ച ഹൃദയഭേദകമായിരുന്നു ഉദയഭാനുവിന്. പൊതുവെ പ്രസാദാത്മകമായി മാത്രം ജീവിതത്തെ കാണാറുള്ള ഭാനുച്ചേട്ടന്റെ കണ്ണുകള്‍ ആദ്യമായി നിറഞ്ഞുകണ്ട നിമിഷം. അതേ ഉദയഭാനു, ശബ്ദത്തെയും വാക്കുകളെയും ചൊല്‍പ്പടിക്ക് നിര്‍ത്താനാകാതെ നഗരത്തിലെ ആസ്പത്രിക്കിടയില്‍ നിസ്സഹായനായി മലര്‍ന്നു കിടക്കുന്നതു കണ്ടപ്പോള്‍ വീണ്ടും മനസ്സില്‍ തികട്ടിവന്നത് ആ പഴയ വാക്കുകളാണ്- അറം പറ്റിയോ അവയ്ക്ക്?
പതിറ്റാണ്ടുകളോളം മലയാളിയുടെ സംഗീത മനസ്സില്‍ ആര്‍ദ്രമായി പെയ്തിറങ്ങിയ ആ ശബ്ദം നിലയ്ക്കുന്നതിനു ദിവസങ്ങള്‍ മാത്രം മുന്‍പ്, ഉദയഭാനുവിനെ അദ്ദേഹത്തിന്റെ ഫ്ലാറ്റില്‍ ചെന്ന് കണ്ടതോര്‍ക്കുന്നു. തലങ്ങും വിലങ്ങുമായി ചിതറിക്കിടക്കുന്ന അവാര്‍ഡുകള്‍ക്കും ഉപഹാര ദീപങ്ങള്‍ക്കും മെമന്റോകള്‍ക്കും നടുവില്‍ വീല്‍ചെയറില്‍ ഇരുന്ന് ഉദയഭാനു അന്ന് പാടിത്തന്നതേറെയും മുകേഷിന്റെ പാട്ടുകളാണ്- ദോ റോസ്‌മേ വോ പ്യാര്‍ കാ ആലം ഗുസര്‍ ഗയാ, കഹി ദൂര്‍ ജബ്ദിന്‍ ഡല്‍ ജായേ, സാരംഗാ തെരീ യാദ് മേ...'' വിഷാദ ഗാനങ്ങളോട് എനിക്കല്‍പ്പം മമത കൂടുതലുണ്ട് പണ്ടേ. പ്രത്യേകിച്ച് മുകേഷിന്റെ പാട്ടുകളോട്''- ഭാനു പറഞ്ഞു. ''മുകേഷ് ആയിരുന്നു ബാബുരാജിന്റെയും ഇഷ്ട ഗായകന്‍. സിനിമാ ജീവിതത്തിന്റെ ആരംഭകാലത്ത് മദ്രാസിലെ സ്വാമീസ് ലോഡ്ജിലെ സ്വന്തം മുറിയിലിരുന്ന് ഒരു രാത്രി മുഴുവന്‍ എന്നെക്കൊണ്ട് മുകേഷിന്റെ പാട്ടുകള്‍ പാടിച്ചിട്ടുണ്ട് ബാബു. വിഷാദ ഗാനങ്ങളാണ് എന്റെ ശബ്ദത്തിന് ഇണങ്ങുക എന്ന് വിശ്വസിച്ചു അദ്ദേഹം- 'നിണമണിഞ്ഞ കാല്പാടുകളി'ലെ അനുരാഗ നാടകത്തില്‍, 'ലൈലാമജ്‌നു'വിലെ ചുടു കണ്ണീരാല്‍, 'ലൈലാ മജ്‌നു'വിലെ പ്രണയ ഗാനമായ താരമേ താരമേയില്‍ പോലും ഉണ്ട് നേര്‍ത്ത വിഷാദ സ്പര്‍ശം. ദുഃഖിച്ചു മടുത്തു, ഇനി കുറച്ചു സന്തോഷമുള്ള പാട്ടുകള്‍ തന്നുകൂടേ എന്ന് ചോദിച്ചപ്പോഴാണ് 'മായാവി'യിലെ വള കിലുക്കും വാനമ്പാടീ, 'തറവാട്ടമ്മ'യിലെ ഉടലുകള്‍ അറിയാതുയിരുകള്‍ രണ്ടും, 'തങ്കക്കുട'ത്തിലെ മന്ദാരപ്പുഞ്ചിരി, 'കുട്ടിക്കുപ്പായ'ത്തിലെ പൊന്‍വളയില്ലെങ്കിലും എന്നീ പാട്ടുകളൊക്കെ തന്നത്...''
സിനിമയിലെ വിഷാദഗാന സമ്രാട്ട് ആയിരുന്നെങ്കിലും ജീവിതം എന്നും ആഘോഷഭരിതമാക്കാന്‍ ആഗ്രഹിച്ചു ഉദയഭാനു... വിവിധ വര്‍ണങ്ങളിലും വലിപ്പങ്ങളിലും രൂപങ്ങളിലും ഉള്ള തലപ്പാവുകള്‍, വിചിത്രമായ ഡിസൈനുകളില്‍ ഉള്ള കുപ്പായങ്ങള്‍, ഏറ്റവും പുതിയ ഫാഷനിലുള്ള ബെര്‍മുഡകള്‍, കൂളിങ് ഗ്ലാസ്സുകള്‍, വിദേശ നിര്‍മിത പെര്‍ഫ്യൂമുകള്‍... ഇതൊന്നുമില്ലാതെ സങ്കല്പിക്കാന്‍ പോലുമാകില്ല അദ്ദേഹത്തെ. എന്തുകൊണ്ട് ഈ ആര്‍ഭാടങ്ങള്‍ എന്ന് ചോദിച്ചപ്പോള്‍ ഉദയഭാനു നല്‍കിയ മറുപടി ഓര്‍മയുണ്ട്: ''ഏത് ആള്‍ക്കൂട്ടത്തിലും ശ്രദ്ധിക്കപ്പെടണം എന്ന മോഹം തന്നെയാണ് കാരണം. പിന്നെ, പൊതുവെ ഒരു റൊമാന്റിക് ആണ് ഞാന്‍. പ്രണയവും യൗവനവും എക്കാലവും ഉള്ളില്‍ കൊണ്ടു നടക്കണം എന്ന് ആഗ്രഹിക്കുന്ന ആള്‍...''.
ആദ്യമായി ഉദയഭാനുവിനെ കണ്ടത് കോഴിക്കോട്ട് കുന്നക്കുടി വൈദ്യനാഥന്റെ ഒരു വയലിന്‍ കച്ചേരിക്കിടയിലാണ്. ഇടവേളയില്‍ മലയാളത്തിലെ പ്രമുഖ ഗായകനെ ആരോ കുന്നക്കുടിക്ക് പരിചയപ്പെടുത്തിയപ്പോള്‍, കണ്ണടയ്ക്കുള്ളിലൂടെ ഭാനുവിനെ ചുഴിഞ്ഞു നോക്കി ചിരിച്ച് വയലിന്‍ സമ്രാട്ട് 'ഇടനില'ക്കാരനോട് പറഞ്ഞു: ''താങ്കള്‍ ജനിക്കും മുന്‍പേ എനിക്ക് ഈ സാറിനെ അറിയാം. 'നിണമണിഞ്ഞ കാല്‍പ്പാടുകള്‍' എന്ന സിനിമയിലെ അദ്ദേഹത്തിന്റെ പാട്ടിന് വയലിന്‍ വായിച്ചത് ഞാനാണ്. ഭാവഗാംഭീര്യമാര്‍ന്ന ആ ആലാപനത്തില്‍ മുഴുകിയിരുന്നു വയലിന്‍ മീട്ടാന്‍ മറന്നു പോയത് ഇന്നലെ എന്നപോലെ ഓര്‍ക്കുന്നു...'' ഉദയഭാനുവിനെപ്പോലും ആത്ഭുതപ്പെടുത്തിയ വെളിപ്പെടുത്തല്‍. മനസ്സുകൊണ്ട് ബാബുരാജിന് നന്ദി പറഞ്ഞിരിക്കണം അദ്ദേഹം.
പി.ബി. ശ്രീനിവാസന് പാടാന്‍വെച്ച പാട്ടായിരുന്നു സത്യത്തില്‍ 'അനുരാഗ നാടകത്തില്‍ അന്ത്യമാം രംഗം തീര്‍ന്നു'. പി.ബി.എസ്. പഠിച്ചു പാടിക്കേട്ടപ്പോള്‍ ബാബുരാജിന് തൃപ്തി പോരാ. എങ്കില്‍ പിന്നെ റെക്കോര്‍ഡിങ് കാണാന്‍ തന്നോടൊപ്പം വന്ന ഉദയഭാനു പാടിനോക്കട്ടെ എന്നായി അദ്ദേഹം. കൊച്ചു കൊച്ചു കുസൃതികളും തമാശകളുമായി സ്റ്റുഡിയോയില്‍ പൊട്ടിച്ചിരികള്‍ക്ക് തിരി കൊളുത്തുന്ന തിരക്കിലായിരുന്ന ഗായകന്‍, മൈക്കിനു മുന്നില്‍ നില്‍ക്കുമ്പോള്‍ മറ്റൊരാളായി മാറുന്നത് വിസ്മയത്തോടെ കണ്ടു നിന്നു സംഗീത സംവിധായകനും നിര്‍മാതാവും ഉള്‍പ്പെടെയുള്ളവര്‍. റെക്കോര്‍ഡിങ് കഴിഞ്ഞപ്പോള്‍ സ്റ്റുഡിയോയില്‍ പടര്‍ന്ന നിശബ്ദത എന്നും കാതില്‍ സൂക്ഷിച്ചിരുന്നു ഭാനു. ''താന്‍ സംഗീതം നല്‍കിയവയില്‍ ബാബുരാജിന് ഏറ്റവും ഇഷ്ടപ്പെട്ട പാട്ടുകളില്‍ ഒന്നായിരുന്നു അത്. മലബാറില്‍ ധാരാളം കല്യാണ വീടുകളില്‍ ഒരുമിച്ചു സദിരുകള്‍ നടത്തിയിട്ടുണ്ട് ഞങ്ങള്‍. പരിപാടി തുടങ്ങും മുന്‍പേ ബാബു ചട്ടം കെട്ടും: ''ഭാനൂ അനുരാഗ നാടകത്തില്‍ എനിക്ക് വിട്ടുതരണം. അത് ഞാന്‍ പാടും''. ബാബുരാജ് പാടിത്തന്നതിന്റെ എഴുപതു ശതമാനമേ തനിക്ക് ആലാപനത്തില്‍ കൊണ്ടു വരാന്‍ കഴിഞ്ഞുള്ളൂ എന്ന് വിനയപൂര്‍വം സമ്മതിക്കാനും മടിച്ചിട്ടില്ല ഉദയഭാനു.
ബാബുരാജും രാഘവനുമായിരുന്നു സിനിമയില്‍ ഉദയഭാനുവിന്റെ ഗോഡ്ഫാദര്‍മാര്‍. രാഘവസൃഷ്ടികളില്‍ 'രമണനി'ലെ ഗാനങ്ങള്‍ എങ്ങനെ മറക്കാനാകും? കാനനച്ഛായയില്‍ പാടാത്ത വേദികളില്ല ഭാനുവിന്റെ ജീവിതത്തില്‍. ''റെക്കോര്‍ഡ് ചെയ്യുമ്പോള്‍ അത് ഇത്രത്തോളം സ്വീകരിക്കപ്പെടും എന്ന് പ്രതീക്ഷിച്ചിരുന്നില്ല''- ആ പാട്ടിനെക്കുറിച്ച് ഭാനു ഒരിക്കല്‍ പറഞ്ഞു. ''തലമുറകള്‍ മാറിയിട്ടും അത് ഇഷ്ടപ്പെടുന്നവരുടെ എണ്ണം കൂടിയിട്ടേ ഉള്ളൂ. വന്‍സദസ്സുകള്‍ തൊട്ട് എല്‍.പി.സ്‌കൂള്‍ വിദ്യാര്‍ഥികള്‍ വരെയുള്ളവര്‍ക്ക് മുന്നില്‍ ആ പാട്ട് പാടിയിട്ടുണ്ട്. പി. ലീല മുതല്‍ റിമി ടോമി വരെ ഉള്ള പാട്ടുകാര്‍ക്കൊപ്പം. എന്നും നിലയ്ക്കാത്ത ഹര്‍ഷാരവം മാത്രമേ ലഭിച്ചിട്ടുള്ളൂ. എല്ലാ സ്വകാര്യ ദുഃഖങ്ങളും അലിഞ്ഞ് ഇല്ലാതാകും ആ കൈയടിയില്‍. ഷാരൂഖ്ഖാനെയും ഐശ്വര്യറായിയേയും വച്ച് കാനനച്ഛായയില്‍ ഷൂട്ട് ചെയ്യുക എന്നതാണ് തന്റെ ഏറ്റവും വലിയ സ്വപ്നമെന്ന് പറഞ്ഞത് ചില്ലറക്കാരനല്ല; സന്തോഷ് ശിവന്‍.
മറ്റു സംഗീത സംവിധായകര്‍ക്ക് വേണ്ടിയും പാടിയിട്ടുണ്ട് ഭാനു; എണ്ണത്തില്‍ കുറവായിരുന്നു ആ പാട്ടുകള്‍ എന്നു മാത്രം. ഓരോ സംഗീത സംവിധായകന്റെയും ഏറ്റവും മികച്ച സൃഷ്ടികളുടെ കണക്കെടുത്താല്‍ അവയിലെല്ലാമുണ്ടാകും ഉദയഭാനുവിന്റെ ഒരു പാട്ടെങ്കിലും. ലീലയോടൊപ്പം പാടിയ 'പുതിയ ആകാശം പുതിയ ഭൂമി'യിലെ താമരത്തുമ്പീ വാവാ (എം.ബി. ശ്രീനിവാസന്‍), 'സത്യഭാമ'യിലെ വാടരുതീ മലരിനി (ദക്ഷിണാമൂര്‍ത്തി), 'കളഞ്ഞുകിട്ടിയ തങ്ക'ത്തിലെ എവിടെ നിന്നോ എവിടെ നിന്നോ (ദേവരാജന്‍) എന്നീ ഗാനങ്ങള്‍ ഓര്‍ക്കുക. സംഗീത സംവിധായകനായ ഉദയഭാനുവിനെ എന്നെന്നും ഓര്‍ക്കാന്‍ 'മയില്‍പ്പീലി' എന്ന് പുറത്തിറങ്ങാതെ പോയ ചിത്രത്തിന് വേണ്ടി ഒ.എന്‍.വി. എഴുതി യേശുദാസ് പാടിയ 'ഇന്ദുസുന്ദര സുസ്മിതം തൂകും' എന്ന ഒരൊറ്റ പാട്ട് മതി. 'ശബരിഗിരീശ്വര സൗഭാഗ്യദായക' എന്ന അയ്യപ്പഭക്തിഗാനം മറ്റൊരു അനിര്‍വാച്യമായ സംഗീതാനുഭവം.
നഷ്ടക്കണക്കുകള്‍ നിറഞ്ഞ ജീവിതത്തിലേക്ക് ഇടയ്‌ക്കൊക്കെ മനസ്സു കൊണ്ട് മടങ്ങിപ്പോകാറുണ്ടായിരുന്നു ഉദയഭാനു. അമ്മയെ നഷ്ടപ്പെട്ടത് എട്ടാം വയസ്സില്‍. തൊട്ടുപിന്നാലെ അച്ഛനുമായും പിരിയേണ്ടിവന്നു. സിനിമാജീവിതത്തിലും ഉണ്ടായി തിരിച്ചടികളുടെ പരമ്പര. ആദ്യം പാടാന്‍ ചെന്നപ്പോള്‍ അറിയുന്നു ആ പാട്ടുകള്‍ മറ്റൊരു പ്രശസ്ത ഗായകനെക്കൊണ്ട് പാടിക്കാന്‍ നിര്‍മാതാവ് തീരുമാനിച്ചു കഴിഞ്ഞു എന്ന്. സംഗീത സംവിധായകന്‍ കെ. രാഘവന്റെ വാശി തന്നെ വേണ്ടി വന്നു ഒടുവില്‍ 'നായര് പിടിച്ച പുലിവാലി'ല്‍ ഭാനുവിന് പാടാനുള്ള വഴി തെളിയാന്‍. 'ഉമ്മ' എന്ന സിനിമയില്‍ പാടാന്‍ ബാബുരാജ് ചെന്നെയിലേക്ക് വിളിച്ചു കൊണ്ടു പോയത് മറ്റൊരു 'നഷ്ട'സ്മരണ... ചെന്നപ്പോള്‍ പാട്ടുകാരന്‍ മാറിയിരിക്കുന്നു. പാടാന്‍ ചെന്ന ഉദയഭാനു, താന്‍ പാടി പഠിച്ച പാട്ടുകള്‍ എ.എം. രാജയെ പഠിപ്പിച്ചു മടങ്ങി എന്നതാണ് കഥാന്ത്യം. 'റോസി'യിലെ പ്രശസ്തമായ 'അല്ലിയാമ്പല്‍ കടവില്‍' അസുഖംമൂലം യേശുദാസിലേക്ക് വഴുതി നീങ്ങിയപ്പോഴും വിധിയുടെ കളി നിസ്സംഗനായി കണ്ടുനില്‍ക്കുക മാത്രം ചെയ്തു ഭാനു. സംഗീതസംവിധായകനായ ഉദയഭാനുവിനെ തനിക്കറിയില്ലെന്ന് പറഞ്ഞ് നിര്‍ദയം ഇറക്കിവിട്ട സംവിധായകന്റെ കഥ വേറെ. പുറത്തറിഞ്ഞവയും അറിയാത്തവയുമായി അങ്ങനെ എത്രയെത്ര അനുഭവങ്ങള്‍.
എന്നിട്ടും ജീവിതത്തെ എന്നും പ്രണയിച്ചു, ഉദയഭാനു; ഹൃദയം കൊണ്ടും ശബ്ദും കൊണ്ടും... ഭാനുവിനു പാടാന്‍ വേണ്ടി ഭാസ്‌കരന്‍ മാസ്റ്റര്‍ എഴുതിയ വരികളില്‍ നിന്ന് വായിച്ചെടുക്കാം ആ മനസ്സ്; ''വെണ്ണീറാകും വ്യാമോഹം, ഒരുനാള്‍ മണ്ണായ്ത്തീരും ദേഹം, മണ്ണടിയില്ലാ മഹിയിതിയിലെന്നും നിര്‍മലമാം അനുരാഗം, നമ്മുടെ സുന്ദരമാം അനുരാഗം...''.