മണ്ഡലനോട്ടം
അതിരുകള്‍ പൊളിച്ചെഴുതി കണ്ണൂര്‍
ദിനകരന് കൊമ്പിലാത്ത്
മണ്ഡല പുനര്‍നിര്‍ണയത്തെത്തുടര്‍ന്ന് ചില മണ്ഡലങ്ങള്‍ ഇല്ലാതാവുകയും ചിലവ പുതുതായി രൂപമെടുക്കുകയും ചെയ്തിട്ടുണ്ട്. ചിരകാലമായി തുടര്‍ന്നുവരുന്ന അവയുടെ രാഷ്ട്രീയ സ്വഭാവത്തിലും ഈ മാറ്റങ്ങള്‍ പ്രതിഫലിച്ചേക്കാം. ഇപ്പോഴുണ്ടായ മാറ്റങ്ങള്‍ സംബന്ധിച്ച്, ജില്ലകള്‍ കേന്ദ്രീകരിച്ച്
തയ്യാറാക്കിയ അവലോകനം ഇന്നുമുതല്‍
കണ്ണൂര്‍ , കാസര്‍കോട്, വയനാട് എന്നീ മൂന്നു ജില്ലകളിലായി 19 നിയമസഭാമണ്ഡലങ്ങള്‍, 145 പഞ്ചായത്തുകള്‍, 9 നഗരസഭകള്‍, ഇതില്‍ ഭൂരിപക്ഷം പഞ്ചായത്തുകളും എല്‍.ഡി.എഫിനൊപ്പം. അതേ സമയം കഴിഞ്ഞ ലോക്സഭാ, പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ പലയിടങ്ങളിലും രാഷ്ട്രീയഅട്ടിമറി നടന്നു. കണ്ണൂരില്‍ പുതിയ തിരഞ്ഞെടുപ്പിനെ വരവേല്‍ക്കുന്നത് മാറിയ മണ്ഡലങ്ങളാണ്. കണ്ണൂരില്‍ എല്ലാ മണ്ഡലങ്ങളുടെ അതിര്‍ത്തികളും മാറിമറിഞ്ഞു. ഇതു കാരണം ചില മണ്ഡലങ്ങളുടെ രാഷ്ട്രീയമുഖം അപ്പാടെ മാറിയത് ഇരു മുന്നണികള്‍ക്കും ആശങ്കയും പ്രതീക്ഷയും നല്‍കുന്നുണ്ട്. കാസര്‍കോട്, വയനാട് ജില്ലകളില്‍ മണ്ഡലപുനര്‍നിര്‍ണയത്തില്‍ കാര്യമായ മാറ്റം ഇല്ല. അതേ സമയം കണ്ണൂരില്‍ രണ്ടാം മണ്ഡലം പോവുകയും പുതുതായി മൂന്നു മണ്ഡലം വരികയും ചെയ്തു.
മാറിയ കണ്ണൂരില്‍ എന്തു സംഭവിക്കും?
മണ്ഡല പുനര്‍ നിര്‍ണയം കണ്ണൂരിലെ എല്ലാ നിയമസഭാമണ്ഡലങ്ങളുടെയും അതിര്‍ത്തികള്‍ മാറ്റിവരച്ച് നിലവിലുള്ള പത്ത് മണ്ഡലങ്ങള്‍ 11 ആയി വര്‍ധിച്ചു. കണ്ണൂര്‍, എടക്കാട്, അഴീക്കോട്, പേരാവൂര്‍, ഇരിക്കൂര്‍, കൂത്തുപറമ്പ്, തലശ്ശേരി, പെരിങ്ങളം, തളിപ്പറമ്പ്, പയ്യന്നൂര്‍ എന്നിങ്ങനെ പത്തുമണ്ഡലങ്ങളാണ് ജില്ലയില്‍ നേരത്തേയുണ്ടായിരുന്നത്. ഇതില്‍ എടക്കാട്, പെരിങ്ങളം എന്നീ മണ്ഡലങ്ങള്‍ തിരോഭവിക്കുകയും മട്ടന്നൂര്‍, കല്യാശ്ശേരി, ധര്‍മടം എന്നീ പുതിയ മണ്ഡലങ്ങള്‍ വരികയും ചെയ്തതാണ് പ്രത്യേകത.
പുനര്‍നിര്‍ണയം വലിയ മാറ്റങ്ങള്‍ ഉണ്ടാക്കിയ മണ്ഡലം എക്കാലവും യു.ഡി.എഫിന്റെ കോട്ടയായ കണ്ണൂര്‍ നിയമസഭാമണ്ഡലം തന്നെ. കെ.സുധാകരന്റെ മണ്ഡലവും ഇപ്പോള്‍ ഉപതിരഞ്ഞെടുപ്പിലൂടെ എ.പി.അബ്ദുള്ളക്കുട്ടിയുടെ സിറ്റിങ് സീറ്റുമായ കണ്ണൂര്‍ പുനര്‍നിര്‍ണയത്തിലൂടെ എല്‍.ഡി.എഫിന് അനുകൂലമായി എന്നതാണ് പ്രത്യേകത. എന്നാല്‍ പുനര്‍ നിര്‍ണയത്തിന് ശേഷം നടന്ന ലോക്സഭാതിരഞ്ഞെടുപ്പില്‍ കണ്ണൂര്‍ മണ്ഡലം കെ.സുധാകരന് അനുകൂലമായാണ് വിധിയെഴുതിയത്. അതേ സമയം എല്‍.ഡി.എഫ്. ശക്തി കേന്ദ്രമായിരുന്ന അഴീക്കോട് യു.ഡി.എഫിന് അനുകൂലവുമായി.
പുതുതായി രൂപം കൊണ്ട മൂന്ന് മണ്ഡലങ്ങളായ കല്യാശ്ശേരി, മട്ടന്നൂര്‍, ധര്‍മടം എന്നിവ എല്‍.ഡി.എഫിന്റെ ശക്തി കേന്ദ്രങ്ങളാണ്. ഈ മണ്ഡലങ്ങളിലുള്‍പ്പെടുന്ന ബഹു ഭൂരിപക്ഷം പഞ്ചായത്തുകളും കാലാ കാലങ്ങളായി സി.പി.എമ്മിന്റെ ഭരണത്തിലാണ്. അഞ്ചരക്കണ്ടി, ചെമ്പിലോട്, കടമ്പൂര്, മുഴപ്പിലങ്ങാട്, പെരളശ്ശേരി, ധര്‍മടം, പിണറായി, വേങ്ങാട് എന്നിവ ചേര്‍ന്നാണ് പുതിയ ധര്‍മടം മണ്ഡലം രൂപവത്കരിച്ചത്. തലശ്ശേരി, കൂത്തുപറമ്പ്, നേരത്തേയുള്ള എടക്കാട് എന്നീ മണ്ഡലങ്ങളിലെ ചില പഞ്ചായത്തുകള്‍ കൂട്ടിച്ചേര്‍ത്താണ് ഈ പുതിയ മണ്ഡലത്തിന്റെ പിറവി.
ഇരിക്കൂര്‍. പേരാവൂര്‍, കൂത്തുപറമ്പ് നിയോജക മണ്ഡലങ്ങളിലെ ചില പഞ്ചായത്തുകള്‍ അടര്‍ത്തിമാറ്റിയാണ് പുതിയ മട്ടന്നൂര്‍ മണ്ഡലം രൂപപ്പെടുത്തിയത്. മട്ടന്നൂര്‍ നഗരസഭ, ചിറ്റാരിപ്പറമ്പ്, കൂടാളി, കീഴല്ലൂര്‍, മാലൂര്‍, മാങ്ങാട്ടിടം, കോളയാട് തില്ലങ്കേരി, പടിയൂര്‍, കല്യാട് എന്നി പഞ്ചായത്തുകള്‍ ആണ് മട്ടന്നൂരിന്റെ പരിധിയില്‍ വരിക. യു.ഡി.എഫിന്റെ ശക്തി കേന്ദ്രമായ ഇരിക്കൂര്‍ മണ്ഡല പുനര്‍ നിര്‍ണയത്തോടെ മുന്നണിക്ക് കൂടുതല്‍ കരുത്തുള്ളതായി. ചെങ്ങളായി, ഏരുവശ്ശി, ഇരിക്കൂര്‍, പയ്യാവൂര്‍, ശ്രീകണ്ഠപുരം, ആലക്കോട്, നടുവില്‍, ഉദയഗിരി, ഉളിക്കല്‍ എന്നീ പഞ്ചായത്തുകള്‍ ചേര്‍ന്നതാണ് ഇരിക്കൂര്‍.പുനര്‍നിര്‍ണയം സി.പി.എം നേതാവ് പി.ജയരാജന് പ്രതിനിധീകരിക്കുന്ന കൂത്തുപറമ്പ് മണ്ഡലത്തിന്റെ കെട്ടും മട്ടും ആകെ മാറ്റിയിട്ടുണ്ട്. സോഷ്യലിസ്റ്റ് ജനതയിലെ കെ.പി.മോഹനന്റെ മണ്ഡലമായ പെരിങ്ങളം ഇല്ലാതായതോടെ അതിലുള്‍പ്പെട്ട ഭൂരിപക്ഷം പഞ്ചായത്തുകളാണ് കൂത്തു പറമ്പില്‍ കയറിയത്. പഴയ കൂത്തുപറമ്പ് മണ്ഡലത്തില്‍പ്പെട്ട കൂത്തു പറമ്പ് നഗരസഭ മാത്രമാണ് ഇന്ന് മണ്ഡലത്തോടൊപ്പമുള്ളത്. എന്നും സി.പി.എമ്മിന് വന്‍ ഭൂരിപക്ഷം നല്കുന്ന കൂത്തുപറമ്പില്‍ കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പില്‍ യു.ഡി.എഫിന് 7000ത്തിലധികം വോട്ടിന്റെ ഭൂരിപക്ഷം ലഭിച്ചു. എന്നാല്‍ തൊട്ട് നടന്ന പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ 6000ത്തിലധികം വോട്ടിന്റെ ഭൂരിപക്ഷം എല്‍.ഡി.എഫിനായിരുന്നു.
സി.പി.എം കോട്ടകളെന്ന് അറിയപ്പെടുന്ന തളിപ്പറമ്പ്, പയ്യന്നൂര്‍ എന്നീ മണ്ഡലങ്ങളിലും മാറ്റം വന്നിട്ടുണ്ട്. പക്ഷേ, അത് രാഷ്ട്രീയമായ അട്ടിമറി ഉണ്ടാക്കുന്നതല്ല. നേരത്തെ തൃക്കരിപ്പൂര്‍ മണ്ഡലത്തിന്റെ ഭാഗമായ മൂന്ന് മണ്ഡലങ്ങള്‍ ഇപ്പോള്‍ പയ്യന്നൂരിന്റെ ഭാഗമായി. കഴിഞ്ഞ മണ്ഡല പുനര്‍നിര്‍ണയത്തില്‍ തളിപ്പറമ്പിനും ഏറെ മാറ്റമുണ്ടായി. നേരത്തേ തളിപ്പറമ്പില്പ്പെട്ട പട്ടുവം കല്യാശ്ശേരിയിലും ചെങ്ങളായി ഇരിക്കൂര്‍ മണ്ഡലത്തിനോടും കൂട്ടിച്ചേര്‍ത്തപ്പോള്‍ ഇരിക്കൂറില്‍ പെട്ട മലപ്പട്ടം തളിപ്പറമ്പിനോട് ചേര്‍ത്തു.
ആഭ്യന്തര മന്ത്രി കോടിയേരി ബാലകൃഷ്ണന് പ്രതിനിധീകരിക്കുന്ന തലശ്ശേരി മണ്ഡലത്തില്‍ തലശ്ശേരി നഗരസഭ കൂടാതെ ചൊക്ലി, എരഞ്ഞോളി, കതിരൂര്‍, ന്യൂമാഹി, പന്ന്യന്നൂര്‍ എന്നീ പഞ്ചായത്തുകളും ചേരുന്നു. കഴിഞ്ഞ പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ എല്‍.ഡി.എഫിന് 27,000ത്തിലധികം ഭൂരിപക്ഷമുണ്ട്. അതേ സമയം ലോക്സഭയില്‍ 9000ത്തില്‍ താഴെയേ വരുന്നുള്ളൂ.
മാറ്റങ്ങളില്ലാതെ വയനാട്
വയനാട് ജില്ലയില്‍ മണ്ഡല പുനര്‍ നിര്‍ണയം നേരിയ മാറ്റം മാത്രമാണ് വരുത്തിയത്. വടക്കേ വയനാട്, കല്‍പ്പറ്റ, സുല്‍ത്താന്‍ബത്തേരി എന്നീ മൂന്നു മണ്ഡലങ്ങളാണ് നേരത്തേയുണ്ടായിരുന്നത്. അതില്‍ വടക്കേ വയനാടിന്റെ പേര് മാനന്തവാടിയായി. മാത്രമല്ല വടക്കേ വയനാടില്‍ നേരത്തേയുള്‍പ്പെട്ടിരുന്ന കണ്ണൂര്‍ ജില്ലയില്‍പ്പെട്ട കേളകം, കൊട്ടിയൂര്‍ എന്നീ പഞ്ചായത്തുകള്‍ പേരാവൂരിനോട് ചേര്‍ന്നു. മാനന്തവാടിയും സുല്‍ത്താന്‍ ബത്തേരിയും ഇക്കുറി സംവരണ മണ്ഡലമാണ്. യു.ഡി.എഫിന്റെ ശക്തി കേന്ദ്രമായ വയനാട്ടില്‍ കഴിഞ്ഞ നിയമസഭാതിരഞ്ഞെടുപ്പില്‍ മൂന്നു മണ്ഡലവും എല്‍.ഡി.എഫിനായിരുന്നു. അതേ സമയം കഴിഞ്ഞ ലോക്സഭാ, പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ യു.ഡി.എഫ് വയനാട്ടില്‍ ചരിത്രം കുറിച്ച വിജയം നേടി. പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ 30 വര്‍ഷത്തിന് ശേഷം ആദ്യമായി കല്പറ്റ നഗരസഭ യു.ഡി.എഫിനൊപ്പമായി. സോഷ്യലിസ്റ്റു ജനത യു.ഡി.എഫിലേക്ക് വന്നതോടെ മുന്നണി ശക്തി നേടി. ജില്ലാ പഞ്ചായത്തും നാല് ബ്ലോക്ക് പഞ്ചായത്തും യു.ഡി.എഫിനൊപ്പം നിന്നു. മാനന്തവാടിയിലെ ഏഴില്‍ ആറും, സുല്‍ത്താന്‍ ബത്തേരിയിലെ എട്ടില്ഏഴും കല്‍പ്പറ്റയിലെ പത്തില്‍ ഒമ്പത് പഞ്ചായത്തും മുന്നണിക്ക് ലഭിച്ചു. കാര്‍ഷിക കടാശ്വാസ പദ്ധതികളും തൊഴിലുറപ്പ് പദ്ധതിയും വയനാട്ടില്‍ വലിയ മാറ്റം ഉണ്ടാക്കിയിട്ടുണ്ട്.
കാസര്‍കോട്ടും ചെറിയ മാറ്റം മാത്രം
പരമ്പരാഗതമായി എല്‍.ഡി.എഫിനോട് എന്നും ശക്തമായ ചായ്വ് കാണിക്കുന്ന ജില്ലയാണ് കാസര്‍കോട്. ആകെ അഞ്ചു നിയോജക മണ്ഡലങ്ങളില്‍ ഒന്നൊഴികെ നാലും 2006 ലെ തിരഞ്ഞെടുപ്പില്‍ എല്‍.ഡി.എഫിനൊപ്പമായിരുന്നു. മഞ്ചേശ്വരം, ഉദുമ, കാസര്‍കോട്, ഹോസ്ദുര്‍ഗ്, തൃക്കരിപ്പൂര്‍ എന്നീ മണ്ഡലങ്ങള്‍ക്ക് പുതിയ മണ്ഡല പുനര്‍നിര്‍ണയത്തില്‍ ചെറിയ മാറ്റം മാത്രമേ ഉണ്ടായിട്ടുള്ളൂ. സി.പി.ഐയിലെ പള്ളിപ്രം ബാലന് പ്രതിനിധീകരിക്കുന്ന ഹോസ്ദുര്‍ഗ് പുനര്‍ നിര്‍ണയത്തില്‍ കാഞ്ഞങ്ങാടായി. കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിന്റെ കണക്കുവെച്ചു നോക്കുമ്പോള്‍ മണ്ഡലം യു.ഡി.എഫിനൊപ്പമാണ്. പുനര്‍ നിര്‍ണയത്തില്‍ മറ്റൊരു മാറ്റം സി.പി.എമ്മിലെ കെ. കുഞ്ഞിരാമന് പ്രതിനിധീകരിക്കുന്ന തൃക്കരിപ്പൂര്‍ മണ്ഡലത്തിനാണ്. ഇപ്പോള്‍ കാഞ്ഞങ്ങാടായി പേരു മാറിയ ഹോസ്ദുര്‍ഗ് മണ്ഡലത്തില്‍പ്പെട്ട നീലേശ്വരം നഗരസഭ, ചെറുവത്തൂര്‍ എന്നിവ തൃക്കരിപ്പൂരിനോട് ചേര്‍ക്കുകയും തൃക്കരിപ്പൂരിനൊപ്പം ഉണ്ടായിരുന്ന കണ്ണൂര്‍ ജില്ലയില്‍പ്പെട്ട കരിവെള്ളൂര്‍, പെരളം, കാങ്കോല്‍, ആലപ്പടമ്പ് എന്നീപഞ്ചായത്തുകള്‍ പോവുകയും ചെയ്തു. മണ്ഡല മാറ്റം പാര്‍ട്ടി ബലാബലങ്ങളില്‍ യാതൊരു മാറ്റവുമുണ്ടാക്കില്ല. സംസ്ഥാനത്ത് രാഷ്ട്രീയനിരീക്ഷകര്‍ വളരെ താത്പര്യത്തോടെ നിരീക്ഷിക്കുന്ന രണ്ട് മണ്ഡലങ്ങളാണ് മഞ്ചേശ്വരവും കാസര്‍കോടും. ഇരു സ്ഥലത്തും ബി.ജെ.പിയാണ് രണ്ടാം സ്ഥാനത്ത്. .2006-ല്‍ കാസര്‍കോട്ട് യു.ഡി.എഫിലെ സി.ടി.അഹമ്മദലി ജയിച്ചപ്പോള്‍ എല്‍.ഡി.എഫ് മൂന്നാം സ്ഥാനത്തായി. അതേ സമയം മഞ്ചേശ്വരത്ത് സി.പി.എമ്മിലെ സി.എച്ച്.കുഞ്ഞമ്പു ജയിച്ചപ്പോള്‍ യു.ഡി.എഫിലെ ചെര്‍ക്കളം അബ്ദുള്ളയും മൂന്നാം സ്ഥാനത്തായി. എന്നാല്‍ കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പില്‍ രണ്ട് സ്ഥലത്തും എല്‍.ഡി.എഫ് . മൂന്നാം സ്ഥാനത്തൊതുങ്ങി.
കാസര്‍കോട് മണ്ഡലത്തില്‍പ്പെട്ട മൂളിയാര്‍ പഞ്ചായത്ത് ഉദുമയിലേക്ക് മാറിയതാണ് പുനര്‍ നിര്‍ണയത്തില്‍ ആ മണ്ഡലത്തില്‍ വന്ന ചെറിയ മാറ്റം. അതേ സമയം രാഷ്ട്രീയസമവാക്യങ്ങളില്‍ ഇത് ചലനമുണ്ടാക്കില്ല. സി.പി.എമ്മിലെ കെ.വി കുഞ്ഞിരാമന് പ്രതിനിധീകരിക്കുന്ന ഉദുമ മണ്ഡലത്തില്‍ യു.ഡി.എഫിന് മുന്‍തൂക്കമുള്ള മുളിയാര്‍ പഞ്ചായത്ത് വന്നപ്പോള്‍ നേരിയ മാറ്റം പ്രകടമായേക്കാം. അതേ സമയം കഴിഞ്ഞ ലോക്സഭാ, പഞ്ചായത്ത് തിരഞ്ഞെടുപ്പിന്റെ വോട്ടു നില നോക്കുമ്പോള്‍ ഭൂരിപക്ഷം എല്‍.ഡി.എഫിനാണ്. പുതിയ കാഞ്ഞങ്ങാട് മണ്ഡലത്തില്‍ മുന്‍പ് ഹോസ്ദുര്‍ഗ് സംവരണമണ്ഡലമായിരുന്നു. ഇപ്പോള്‍ മാറി. പുനര്‍ നിര്‍ണയത്തില്‍ നീലേശ്വരം, ചെറുവത്തൂര്‍ എന്നിവ പോയെങ്കിലും എല്‍.ഡി.എഫിന്റെ ശക്തിക്ക് കാര്യമായ കുറവ് വന്നിട്ടില്ല.
© Copyright 2009 Mathrubhumi. All rights reserved.