Mathrubhumi
IST:
Mathrubhumi Parampara
മണ്ഡലനോട്ടം




ഇരുമുന്നണികള്‍ക്കും പ്രതീക്ഷ നല്‍കി തെക്കന്‍ കേരളം



ഇടതുപക്ഷ പ്രസ്ഥാനങ്ങള്‍ക്ക് വളക്കൂറുള്ള മണ്ണാണെങ്കിലും ഒരു രാഷ്ട്രീയചേരിയോടും ദക്ഷിണകേരളം സ്ഥിരമായി മമത പുലര്‍ത്താറില്ല. പുനര്‍നിര്‍ണയ പ്രക്രിയവഴി നിയമസഭാ മണ്ഡലങ്ങളുടെ മുഖം മിനുക്കിയപ്പോള്‍ തെക്കന്‍ കേരളത്തിന് മൂന്ന് സീറ്റ് നഷ്ടം. ആലപ്പുഴ ജില്ലയില്‍ രണ്ട് മണ്ഡലങ്ങള്‍ കുറഞ്ഞപ്പോള്‍ കൊല്ലം ജില്ലയില്‍ ഒരു മണ്ഡലം ഇല്ലാതായി. കയര്‍-കശുവണ്ടി പരമ്പരാഗത മേഖലയിലെ തൊഴിലാളി വോട്ട് ബാങ്കിന് നിര്‍ണായക സ്വാധീനമുള്ള ദക്ഷിണ കേരളത്തിലെ മണ്ഡലങ്ങളുടെ എണ്ണം 37ല്‍നിന്ന് 34 ആയി കുറഞ്ഞിരിക്കുകയാണ്.
പുനര്‍നിര്‍ണയിക്കപ്പെട്ട മണ്ഡലങ്ങളുടെ അടിസ്ഥാനത്തില്‍ തെക്കന്‍ കേരളത്തിലെ വോട്ട്‌നില പരിശോധിക്കുമ്പോള്‍ 2009ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ യു.ഡി.എഫ്. 25 മണ്ഡലങ്ങളിലും എല്‍.ഡി.എഫ്. 9 മണ്ഡലങ്ങളിലും മുന്നിട്ടുനിന്നു. എന്നാല്‍ 2010ലെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്ക് നടന്ന തിരഞ്ഞെടുപ്പില്‍ 19 മണ്ഡലങ്ങളില്‍ എല്‍.ഡി.എഫ്. മേധാവിത്വം നേടിയപ്പോള്‍ യു.ഡി.എഫ്. 15 മണ്ഡലങ്ങളില്‍ മേല്‍ക്കൈ നേടി.
ലോക്‌സഭാ തിരഞ്ഞെടുപ്പിലും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് നടന്ന തിരഞ്ഞെടുപ്പിലും ചേരിമാറാതെ മുന്നണിക്ക് ഉറച്ച പിന്തുണ നല്‍കിയ മണ്ഡലങ്ങള്‍ ഇനി പറയുന്നവയാണ്. മണ്ഡലങ്ങള്‍, ബ്രാക്കറ്റില്‍ ജില്ല എന്ന ക്രമത്തില്‍.
യു.ഡി.എഫിനെ പിന്തുണച്ച മണ്ഡലങ്ങള്‍-കാട്ടാക്കട, അരുവിക്കര, നെയ്യാറ്റിന്‍കര, തിരുവനന്തപുരം, കോവളം (തിരുവനന്തപുരം ജില്ല), പത്തനാപുരം, ചവറ, കുന്നത്തൂര്‍ (കൊല്ലം ജില്ല), അരൂര്‍, കുട്ടനാട്, ഹരിപ്പാട്, കായംകുളം (ആലപ്പുഴ ജില്ല).
എല്‍.ഡി.എഫിനെ പിന്തുണച്ച മണ്ഡലങ്ങള്‍: ആറ്റിങ്ങല്‍, നെടുമങ്ങാട്, ചിറയിന്‍കീഴ് (തിരുവനന്തപുരം ജില്ല), പുനലൂര്‍, ചടയമംഗലം, ചാത്തന്നൂര്‍ (കൊല്ലം ജില്ല), മാവേലിക്കര (ആലപ്പുഴ ജില്ല).
തിരുവനന്തപുരം ജില്ലയിലാണ് മണ്ഡലപുനര്‍നിര്‍ണയം പഴയ മണ്ഡലങ്ങളുടെ പരിധി കൂടുതല്‍ മാറ്റിമറിച്ചിരിക്കുന്നത്. അഞ്ച് പുതിയ മണ്ഡലങ്ങള്‍ സൃഷ്ടിക്കപ്പെട്ടു. ഇവിടെ മാറ്റം ഒട്ടുമിക്ക മണ്ഡലങ്ങളെയും കാര്യമായി ബാധിച്ചിട്ടുണ്ട്. കൊല്ലം, ആലപ്പുഴ ജില്ലകളില്‍ ചില്ലറ മാറ്റങ്ങളേയുള്ളൂ. ഇവിടെ പുതിയ മണ്ഡലങ്ങള്‍ക്ക് രൂപം നല്‍കിയിട്ടില്ല.
കണക്കുകള്‍ വരച്ച ചിത്രപ്രകാരം ഇത് മുന്നണികള്‍ക്ക് ഷുവര്‍ മണ്ഡലങ്ങളാണോ എന്നത് വ്യക്തമായി ഉറപ്പിക്കാന്‍ കഴിയില്ലെന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെ അഭിപ്രായം.
ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ തിരുവനന്തപുരം മണ്ഡലത്തില്‍ ശശി തരൂരിന്റെയും ആലപ്പുഴയില്‍ കെ.സി. വേണുഗോപാലിന്റെയും താരത്തിളക്കം യു.ഡി.എഫിന് നേട്ടമുണ്ടാക്കിയെന്നതില്‍ സംശയമില്ല. ഈ രണ്ട് ലോക്‌സഭാ മണ്ഡലത്തിന്റെ പരിധിയിലുള്ള 16 നിയമസഭാ മണ്ഡലങ്ങളില്‍ യു.ഡി.എഫ്. ലീഡ് നേടിയിരുന്നു. ഇതുകൊണ്ട് ഇവയില്‍ ചിലയിടത്ത് പഞ്ചായത്ത് തിരഞ്ഞെടുപ്പിലും മുന്നില്‍ എത്തിയതിന്റെ പേരില്‍ ഉറച്ച സീറ്റുകളായി കണക്കാക്കാന്‍ കഴിയില്ലെന്നാണ് രാഷ്ട്രീയനിരീക്ഷകരുടെ അഭിപ്രായം.

തിരുവനന്തപുരം


പതിന്നാല് നിയമസഭാ മണ്ഡലങ്ങള്‍ ഉണ്ടായിരുന്ന തിരുവനന്തപുരം ജില്ലയില്‍ ഇപ്പോഴും പതിന്നാല് മണ്ഡലങ്ങള്‍തന്നെയുണ്ടെങ്കിലും പഴയ അഞ്ചുമണ്ഡലങ്ങള്‍ ഇല്ലാതായി. പകരം പുതിയ അഞ്ചുമണ്ഡലങ്ങള്‍ ഉദയംകൊണ്ടു. പഴയ മണ്ഡലങ്ങളില്‍ത്തന്നെ പലതിലും സമൂലമായ മാറ്റം വന്നിട്ടുണ്ട്.
തിരുവനന്തപുരം നോര്‍ത്ത്, തിരുവനന്തപുരം വെസ്റ്റ്, തിരുവനന്തപുരം ഈസ്റ്റ്, കിളിമാനൂര്‍, ആര്യനാട് എന്നീ മണ്ഡലങ്ങളാണ് അപ്രത്യക്ഷമായത്. ഇവയ്ക്കുപകരം തിരുവനന്തപുരം, വട്ടിയൂര്‍ക്കാവ്, അരുവിക്കര, കാട്ടാക്കട, ചിറയിന്‍കീഴ് എന്നീ പുതിയ മണ്ഡലങ്ങള്‍ നിലവില്‍വന്നു. തിരുവനന്തപുരം ഈസ്റ്റ്, തിരുവനന്തപുരം നോര്‍ത്ത് മണ്ഡലങ്ങളുടെ പകുതി ഉള്‍ക്കൊണ്ടാണ് വട്ടിയൂര്‍ക്കാവിന്റെ പിറവി. തിരുവനന്തപുരം ഈസ്റ്റ്, തിരുവനന്തപുരം വെസ്റ്റ് എന്നിവയുടെ പകുതിഭാഗം കൂട്ടിച്ചേര്‍ത്താണ് പുതിയ തിരുവനന്തപുരത്തിന് രൂപം നല്കിയത്. പഴയ നേമത്തില്‍ ഉള്‍പ്പെട്ട ഭൂരിഭാഗം പ്രദേശങ്ങള്‍ കാട്ടാക്കടയിലേക്ക് പോയപ്പോള്‍ ഇല്ലാതായ ആര്യനാട്ടിന്റെ സിംഹഭാഗങ്ങള്‍ ഉള്‍ക്കൊണ്ട് ജന്മമെടുത്തതാണ് അരുവിക്കര മണ്ഡലം. പഴയ ആറ്റിങ്ങലിന്റെ ഭൂരിഭാഗം ചേര്‍ത്ത് ചിറയിന്‍കീഴ് രൂപവത്കരിച്ചപ്പോള്‍ പഴയ കഴക്കൂട്ടത്തിന്റെ ഏതാനും ഭാഗംകൂടി ഇതില്‍പ്പെട്ടിട്ടുണ്ട്. സംവരണമണ്ഡലമായ കിളിമാനൂര്‍ ഇല്ലാതായതോടെ ആറ്റിങ്ങല്‍ ആണ് പുതിയ സംവരണമണ്ഡലം.
ഇപ്പോഴും ഉണ്ടെങ്കിലും പുതിയ ആറ്റിങ്ങല്‍, നേമം മണ്ഡലങ്ങള്‍ പാടേ മാറിയിട്ടുണ്ട്. ഒഴിവാക്കപ്പെട്ട പഴയ കിളിമാനൂരിന്റെ ഭൂരിഭാഗം ആറ്റിങ്ങലിലേക്ക് കൂട്ടിച്ചേര്‍ത്തപ്പോള്‍ പഴയ തിരുവനന്തപുരം ഈസ്റ്റിന്റെയും വെസ്റ്റിന്റെയും കുറേ പ്രദേശങ്ങള്‍ നേമത്തിലായി. പുതിയ സംവിധാനത്തില്‍ തിരുവനന്തപുരം സിറ്റിയുടെ പരിധിയില്‍ തിരുവനന്തപുരം, വട്ടിയൂര്‍ക്കാവ് മണ്ഡലങ്ങള്‍ ഉള്‍പ്പെടും. അടുത്തകാലത്ത് കോര്‍പ്പറേഷന്‍ പരിധി വികസിപ്പിച്ചതിനെത്തുടര്‍ന്ന് തിരുവനന്തപുരം, വട്ടിയൂര്‍ക്കാവ്, കഴക്കൂട്ടം, നേമം എന്നീ മണ്ഡലങ്ങള്‍ കോര്‍പ്പറേഷന്‍ പരിധിയില്‍ വരുന്നുവെന്നതാണ് മറ്റൊരു പ്രത്യേകത.
മണ്ഡല പുനര്‍നിര്‍ണയം യു.ഡി.എഫിന് ഗുണകരമാണെന്നു ഡി.സി.സി. പ്രസിഡന്റ് വി.എസ്. ശിവകുമാര്‍ അവകാശപ്പെടുമ്പോള്‍ എല്‍.ഡി.എഫിന് കഴിഞ്ഞ തവണത്തെക്കാള്‍ മികച്ച പ്രകടനം കാഴ്ചവെക്കാന്‍ തറയൊരുങ്ങിയെന്നാണ് സി.പി.എം. ജില്ലാസെക്രട്ടറി കടകംപള്ളി സുരേന്ദ്രന്‍ പറയുന്നത്.

കൊല്ലം


കൊല്ലം ജില്ലയുടെ രാഷ്ട്രീയ ഭൂപടത്തില്‍ ഇപ്പോള്‍ നെടുവത്തൂര്‍ നിയമസഭാ മണ്ഡലമില്ല. നെടുവത്തൂര്‍ അപ്രത്യക്ഷമായതോടെ ജില്ലയിലെ നിയമസഭാ മണ്ഡലങ്ങളുടെ എണ്ണം 12ല്‍ നിന്ന് 11 ആയി കുറഞ്ഞു. നെടുവത്തൂരില്‍ ഉള്‍പ്പെട്ടിരുന്ന ഭൂരിഭാഗം പ്രദേശങ്ങളും കൊട്ടാരക്കരയോടാണ് കൂട്ടിച്ചേര്‍ക്കപ്പെട്ടിരിക്കുന്നത്. ശിഷ്ടഭാഗങ്ങള്‍ കുന്നത്തൂര്‍, ചടയമംഗലം, ചാത്തന്നൂര്‍ എന്നീ മണ്ഡലങ്ങളിലേക്ക് പോയി. ദീര്‍ഘകാലമായി നെടുവത്തൂര്‍ സംവരണമണ്ഡലമായിരുന്നു. രണ്ട് സംവരണമണ്ഡലങ്ങള്‍ ഉണ്ടായിരുന്ന ജില്ലയില്‍ ഇനി സംവരണനിറം കുന്നത്തൂരിനുമാത്രം.
പുനര്‍ നിര്‍ണയത്തില്‍ എല്ലാ മണ്ഡലങ്ങളുടെയും പരിധിയില്‍ മാറ്റം ഉണ്ടായപ്പോള്‍ ചവറ മണ്ഡലം അതേപടി നില്‍ക്കുന്നുവെന്നത് ശ്രദ്ധേയമാണ്. നെടുവത്തൂരില്‍ എല്‍.ഡി.എഫിനുവേണ്ടി സ്ഥിരമായി മത്സരരംഗത്തിറങ്ങിയിരുന്ന സി.പി.എം. പകരം ഒരുസീറ്റ് കിട്ടാനുള്ള ശ്രമത്തിലാണ്. കരുനാഗപ്പള്ളി, പുനലൂര്‍, പത്തനാപുരം എന്നീ സീറ്റുകളില്‍ ഒരെണ്ണം കിട്ടിയാല്‍ കൊള്ളാമെന്നു സി.പി.എമ്മിനുണ്ട്. ഈ മൂന്നു സീറ്റിലും കഴിഞ്ഞതവണ മത്സരിച്ചത് സി.പി.ഐ.യാണ്. സി.പി.എമ്മിന്റെ ആഗ്രഹത്തിന് സി.പി.ഐ. വഴങ്ങിക്കൊടുക്കുമോയെന്നു കണ്ടറിയണം. നെടുവത്തൂരില്‍ യു.ഡി.എഫിന് വേണ്ടി മത്സരിച്ചിരുന്ന കോണ്‍ഗ്രസ്, ജില്ലയില്‍ ഇക്കുറി ഒരുസീറ്റുകൂടി ചോദിക്കാന്‍ സാധ്യതയുണ്ട്. പത്തനാപുരം, ചവറ എന്നീ മണ്ഡലങ്ങള്‍ ഒഴിച്ച് ഏതെങ്കിലും ഒരെണ്ണത്തിലാണ് അവരുടെ കണ്ണ്. ആര്‍. ബാലകൃഷ്ണപിള്ളയ്ക്ക് ഇക്കുറി മത്സരിക്കാന്‍ കഴിയാത്ത സാഹചര്യത്തില്‍ കൊട്ടാരക്കര ലഭ്യമാക്കുന്നതില്‍ വലിയ ബുദ്ധിമുട്ട് ഉണ്ടാകില്ലെന്നു കോണ്‍ഗ്രസ് നേതൃത്വം കണക്കുകൂട്ടുന്നുണ്ട്.
ഇക്കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ പത്തനാപുരം, കൊട്ടാരക്കര, കുന്നത്തൂര്‍, കരുനാഗപ്പള്ളി, ചവറ, കുണ്ടറ, കൊല്ലം, ഇരവിപുരം എന്നീ എട്ടു മണ്ഡലങ്ങളില്‍ യു.ഡി.എഫ്. ലീഡ് നേടിയപ്പോള്‍ പുനലൂര്‍, ചടയമംഗലം, ചാത്തന്നൂര്‍ എന്നീ മൂന്നുമണ്ഡലങ്ങളില്‍ മുന്നിലെത്താനേ എല്‍.ഡി.എഫിന് കഴിഞ്ഞുള്ളൂ.
എന്നാല്‍ കഴിഞ്ഞ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്കു നടന്ന തിരഞ്ഞെടുപ്പില്‍ എല്‍.ഡി.എഫ്. തിരിച്ചുവന്നു. പുനലൂര്‍, ചടയമംഗലം, കൊട്ടാരക്കര, കരുനാഗപ്പള്ളി, കുണ്ടറ, കൊല്ലം, ഇരവിപുരം, ചാത്തന്നൂര്‍ എന്നീ എട്ടു മണ്ഡലങ്ങളില്‍ എല്‍.ഡി.എഫ്. ലീഡു കരസ്ഥമാക്കിയപ്പോള്‍ പത്തനാപുരം, കുന്നത്തൂര്‍, ചവറ എന്നീ മൂന്നു മണ്ഡലങ്ങള്‍ മാത്രമേ യു.ഡി.എഫിന് ഒപ്പം നിന്നുള്ളൂ.
ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ 38,000ത്തില്‍പ്പരം വോട്ട് ജില്ലയില്‍ യു.ഡി.എഫിന് കൂടുതല്‍ ലഭിച്ചിരുന്നു. എന്നാല്‍ തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പില്‍ എല്‍.ഡി.എഫ് 30,000ത്തില്‍പ്പരം വോട്ടിന്റെ ലീഡ് നേടി. മണ്ഡലപുനര്‍നിര്‍ണയം തങ്ങള്‍ക്കുഗുണകരമാണെന്ന് ഡി.സി.സി. പ്രസിഡന്റ് കടവൂര്‍ ശിവദാസന്‍ അവകാശപ്പെടുമ്പോള്‍, ഗുണവും ദോഷവുമില്ലെന്ന അഭിപ്രായത്തിലാണ് സി.പി.എം. ജില്ലാ സെക്രട്ടറി കെ.രാജഗോപാല്‍.

ആലപ്പുഴ


1996ല്‍ വി.എസ്. അച്യുതാനന്ദന്റെ തോല്‍വിയോടെ ശ്രദ്ധേയമായ മാരാരിക്കുളം മണ്ഡലത്തിനൊപ്പം പന്തളം മണ്ഡലവും ഇല്ലാതായതോടെ നിയമസഭയിലേക്കുള്ള ആലപ്പുഴ ജില്ലയുടെ പ്രാതിനിധ്യം 11ല്‍ നിന്ന് ഒമ്പതായി കുറഞ്ഞിരിക്കുകയാണ്. മാരാരിക്കുളത്തിന്റെ പരിധിയില്‍ ഉള്‍പ്പെട്ടിരുന്ന പ്രദേശങ്ങള്‍ സി.പി.എമ്മിന്റെ ശക്തികേന്ദ്രങ്ങളായിരുന്നു. ഈ പ്രദേശങ്ങള്‍ യു.ഡി.എഫിന്റെ കുത്തകമണ്ഡലമായിരുന്ന ആലപ്പുഴയോട് കൂട്ടിച്ചേര്‍ക്കപ്പെട്ടിരിക്കുകയാണ്.
നേരത്തേ, ആലപ്പുഴ നഗരത്തിലെ 52 വാര്‍ഡുകള്‍ മാത്രം ഉള്‍പ്പെട്ടിരുന്ന ആലപ്പുഴമണ്ഡലമാകട്ടെ പാടേ മാറി. നഗരസഭയിലെ പകുതിയോളം വാര്‍ഡുകളും വടക്കന്‍മേഖലയിലെ ഗ്രാമപ്പഞ്ചായത്തുകളുംകൂടി ഉള്‍പ്പെട്ടതാണ് ആലപ്പുഴ മണ്ഡലം. നഗരസഭയിലെ ബാക്കി പകുതിയോളം വാര്‍ഡുകള്‍ അമ്പലപ്പുഴ മണ്ഡലത്തിലേക്ക് പോയി. ഭൂരിഭാഗം ആലപ്പുഴയില്‍ ഉള്‍പ്പെട്ടെങ്കിലും മാരാരിക്കുളത്തിന്റെ രണ്ടു ഗ്രാമപ്പഞ്ചായത്തുകള്‍ ചേര്‍ത്തല മണ്ഡലത്തിലേക്ക് കൂട്ടിച്ചേര്‍ത്തിട്ടുണ്ട്.
മാരാരിക്കുളം ഇല്ലാതായിരിക്കുന്ന സാഹചര്യത്തില്‍ ആലപ്പുഴയ്ക്കായി സി.പി.എം. അവകാശവാദമുന്നയിച്ചുകഴിഞ്ഞു. പഴയ ആലപ്പുഴ സി.പി.ഐ. സ്ഥിരമായി മത്സരിച്ചുവരുന്ന മണ്ഡലമാണ്. ചെങ്ങന്നൂരോ ഹരിപ്പാടോ സി.പി.ഐ.ക്ക് നല്കി ആലപ്പുഴയില്‍ മത്സരിക്കാന്‍ സി.പി.എം. ഒരുങ്ങുമ്പോള്‍ ആലപ്പുഴയ്ക്ക് പകരം മാവേലിക്കര വേണമെന്ന നിലപാടിലാണ് സി.പി.ഐ.
പന്തളം ഇല്ലാതായപ്പോള്‍ ഈ മണ്ഡലത്തില്‍ ഉള്‍പ്പെട്ടിരുന്ന അഞ്ചു ഗ്രാമപ്പഞ്ചായത്തുകള്‍ മാവേലിക്കരയിലേക്ക് ചേര്‍ക്കപ്പെട്ടു. ബാക്കി മൂന്നു പഞ്ചായത്തുകള്‍ അയല്‍ജില്ലയായ പത്തനംതിട്ടയിലെ അടൂര്‍ മണ്ഡലത്തിലാണ്. പന്തളത്ത് സ്ഥിരമായി മത്സരിച്ചിരുന്ന സി.പി.എം. ഇക്കുറി മാവേലിക്കര മുറുക്കിപ്പിടിക്കും. പഴയ മാവേലിക്കരയും സി.പി.എമ്മിന്റെ സ്ഥിരം സീറ്റാണ്. യു.ഡി.എഫിന്റെ ലേബലില്‍ പന്തളത്ത് മത്സരിച്ചുവന്നിരുന്ന ജെ.എസ്.എസ്. പകരം പത്തനം തിട്ട ജില്ലയിലെ അടൂരോ മാവേലിക്കരയോ ആണ് ഉന്നയിക്കുന്നത്. പന്തളം സംവരണമണ്ഡലമായിരുന്നു. മാവേലിക്കരയും അടൂരും ഇക്കുറി സംവരണമണ്ഡലങ്ങളാണ്. രണ്ടും കഴിഞ്ഞതവണ കോണ്‍ഗ്രസ് മത്സരിച്ചിരുന്ന സീറ്റുകളാണ്.
മാരാരിക്കുളത്ത് സ്ഥിരമായി മത്സരിക്കുന്ന കോണ്‍ഗ്രസ് ആലപ്പുഴയില്‍ പോരാടാനിറങ്ങുമെങ്കിലും ഫലത്തില്‍ കഴിഞ്ഞ തവണത്തെക്കാള്‍ ഒരുസീറ്റ് കുറവിലാണ് ഇക്കുറി മത്സരിക്കുക. മാരാരിക്കുളത്തും പന്തളത്തും മത്സരിച്ചിരുന്ന സി.പി.എമ്മിനും മുന്‍കാലത്ത് ജില്ലയില്‍ ലഭിച്ചിരുന്ന സീറ്റുകളില്‍ ഒരെണ്ണം കുറയും.
2009ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ജില്ലയിലെ പുതിയ ഒമ്പതു നിയമസഭാ മണ്ഡലങ്ങളില്‍ എട്ടിടത്തും യു.ഡി.എഫ്. മുന്നിലെത്തിയപ്പോള്‍ മാവേലിക്കരയില്‍ മാത്രമാണ് എല്‍.ഡി.എഫിന് മുന്‍തൂക്കം ലഭിച്ചത്. തദ്ദേശസ്വയംഭരണ തിരഞ്ഞെടുപ്പില്‍ എല്‍.ഡി.എഫ്. നില മെച്ചപ്പെടുത്തി. അരൂര്‍, കുട്ടനാട്, ഹരിപ്പാട്, കായംകുളം, ചെങ്ങന്നൂര്‍ എന്നീ അഞ്ചുമണ്ഡലങ്ങളില്‍ യു.ഡി.എഫിന് മുന്‍തൂക്കം ലഭിച്ചപ്പോള്‍ ചേര്‍ത്തല, ആലപ്പുഴ, അമ്പലപ്പുഴ, മാവേലിക്കര എന്നീ നാലുമണ്ഡലങ്ങളില്‍ എല്‍.ഡി.എഫിനായിരുന്നു മേല്‍ക്കൈ. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ജില്ലയില്‍ 69,000ത്തോളം വോട്ട് യു.ഡി.എഫ്. കൂടുതല്‍ നേടിയെങ്കില്‍ പഞ്ചായത്തു തിരഞ്ഞെടുപ്പില്‍ എല്‍.ഡി.എഫ്. ഈ ലീഡ് മറികടന്ന് 150 വോട്ടിന്റെ നേരിയ ലീഡ് കരസ്ഥമാക്കി.
മണ്ഡലപുനര്‍നിര്‍ണയം തങ്ങള്‍ക്ക് അനുകൂലമായ രാഷ്ട്രീയസ്ഥിതിവിശേഷം സൃഷ്ടിച്ചിരിക്കുകയാണെന്ന അഭിപ്രായത്തിലാണ് സി.പി.എം. ജില്ലാസെക്രട്ടറി സി.ബി. ചന്ദ്രബാബുവും ഡി.സി.സി. പ്രസിഡന്റ് എ.എ. ഷുക്കൂറും.




മറ്റു പരമ്പരകള്‍