Mathrubhumi
IST:
Mathrubhumi Parampara
മണ്ഡലനോട്ടം




അതിര്‍ത്തികള്‍ മാറുന്നു; കണക്കുകൂട്ടലുകളും


കെ.ജി. മുരളീധരന്‍


മണ്ഡലപുനഃസംഘടനയും അതിര്‍ത്തികള്‍ മാറിമറിഞ്ഞതും മധ്യതിരുവിതാംകൂറിന്റെ രാഷ്ട്രീയചിത്രംതന്നെ മാറ്റിവരച്ചിരിക്കുന്നു. സാമുദായിക സംഘടനകളെന്ന ഹൈക്കമാന്‍ഡിലേക്ക് നോക്കി രാഷ്ട്രീയനിലപാടുകള്‍ സ്വീകരിക്കുകയും തള്ളുകയും ചെയ്യുന്ന ഈ മേഖല പൊതുവെ യു.ഡി.എഫിന്റെ ശക്തികേന്ദ്രങ്ങളായാണ് അറിയപ്പെടുന്നത്. എന്നാല്‍ 2006-ലെ നിയമസഭാതിരഞ്ഞെടുപ്പ് ഫലങ്ങള്‍ ഈ ധാരണയും തിരുത്തി. പത്തനംതിട്ട, കോട്ടയം, ഇടുക്കി എന്നീ ജില്ലകളിലെ 22 നിയമസഭാമണ്ഡലങ്ങളില്‍ 12 ഇടത്ത് ഇടതുമുന്നണിക്കായിരുന്നു ജയം.

എന്നാല്‍ പുനഃസംഘടന മണ്ഡലങ്ങളുടെ ഭൗതികചിത്രം മാറ്റിവരച്ചപ്പോള്‍ ജാതി-മത സമവാക്യങ്ങളും തെറ്റിച്ചിരിക്കുന്നു. രാഷ്ട്രീയത്തെക്കാളേറെ മത സമുദായിക പരിഗണനകള്‍ക്ക് മുന്‍തൂക്കം കിട്ടുന്ന ഒട്ടേറെ മണ്ഡലങ്ങള്‍ ഇവിടെയുണ്ട്.

മണ്ഡല പുനഃസംഘടനകൊണ്ട് ഏറ്റവും വലിയ രാഷ്ട്രീയനഷ്ടമുണ്ടായതും ഇവിടെത്തന്നെയാണ്. 2006-ലെ 22-ന്റെ സ്ഥാനത്ത് നിയമസഭാ മണ്ഡലങ്ങള്‍ 19 ആയി ചുരുങ്ങി. കോട്ടയം ജില്ലയില്‍ വാഴൂരും പത്തനംതിട്ട ജില്ലയില്‍ കല്ലൂപ്പാറയും പത്തനംതിട്ടയും ചിത്രത്തിലില്ലാതായി. സംവരണമണ്ഡലമായ പന്തളവും ഇതോടൊപ്പം അപ്രത്യക്ഷമായി. (അടൂരില്‍ ലയിച്ച പന്തളം ആലപ്പുഴ റവന്യൂ ജില്ലയുടെ കണക്കിലാണ് വരുന്നത്). വാഴൂരും കല്ലൂപ്പാറയും വര്‍ഷങ്ങളായി കേരള കോണ്‍ഗ്രസ് മാണി വിഭാഗത്തിന്റെ സിറ്റിങ് സീറ്റാണ്. പത്തനംതിട്ട കോണ്‍ഗ്രസ്സിന്റെയും പന്തളം ജെ.എസ്.എസ്സിന്റെയും സീറ്റുകളാണ്. സ്വാഭാവികമായും സ്വന്തം സീറ്റുകള്‍ നഷ്ടപ്പെട്ട പാര്‍ട്ടിക്ക് അവ നികത്തിക്കിട്ടാന്‍ അര്‍ഹതയുണ്ട്. പക്ഷേ, അവര്‍ക്ക് പകുതി നല്കാന്‍ ഈ മേഖലയില്‍ യു.ഡി.എഫിന്റെ കൈവശം സീറ്റുകള്‍ ബാക്കിയില്ല. കൈവശം ഇരിക്കുന്നത് വിട്ടുകൊടുത്ത് 'ത്യാഗം' ചെയ്യാന്‍ ആരും തയ്യാറുമല്ല. സീറ്റ് ചര്‍ച്ചകള്‍ക്ക് മുമ്പേ, കോണ്‍ഗ്രസ്സും കേരള കോണ്‍ഗ്രസ് മാണി വിഭാഗവും തമ്മില്‍ നടക്കുന്ന ഒളിയുദ്ധത്തിന്റെ പ്രധാന കാരണം ഇതുതന്നെയാണ്.

കോട്ടയം, പത്തനംതിട്ട, ഇടുക്കി എന്നീ ജില്ലകള്‍ കേരള കോണ്‍ഗ്രസ്സുകാര്‍ അവരുടെ 'വൃഷ്ടിപ്രദേശ'മായാണ് കണക്കാക്കുന്നത്. അവിടെ മേധാവിത്വം ഉറപ്പിക്കുക എന്നത് അവരുടെ രാഷ്ട്രീയ നിലനില്പിന്റെ പ്രശ്‌നമാണ്. മലബാര്‍ മേഖലയില്‍ പുതുതായി സൃഷ്ടിക്കപ്പെടുന്ന മണ്ഡലങ്ങളില്‍ തങ്ങള്‍ക്ക് രാഷ്ട്രീയവേരോട്ടമില്ലെന്ന് കേരളാ കോണ്‍ഗ്രസ് നേതൃത്വത്തിനറിയാം. അവിടെ ഭാഗ്യപരീക്ഷണം നടത്താമെന്നേയുള്ളൂ.

പക്ഷേ, കേരള കോണ്‍ഗ്രസ്സിന്റെ സമ്മര്‍ദതന്ത്രങ്ങള്‍ക്ക് ഇനിയും വഴങ്ങുന്നത് ഈ മേഖലയില്‍ ആത്മഹത്യാപരമായിരിക്കുമെന്ന നിലപാടിലാണ് കോണ്‍ഗ്രസ്. കെ.എം. മാണിക്കെന്നപോലെ ഉമ്മന്‍ചാണ്ടിക്കും ഇതുതന്നെയാണ് രാഷ്ട്രീയ അടിത്തറ. കോട്ടയത്ത് കഴിഞ്ഞ തവണ ആറു മേഖലകളില്‍ കേരള കോണ്‍ഗ്രസ് സ്ഥാനാര്‍ഥികളാണ് മത്സരിച്ചത്. കോണ്‍ഗ്രസ് നാലിടത്തും. ഇനിയും കോണ്‍ഗ്രസ് തന്നെ ത്യാഗം സഹിക്കണമെന്നു പറയുന്നത് അംഗീകരിക്കില്ല. അതാണ് അവരുടെ നിലപാട്.് വാഴൂര്‍ ഇല്ലാതായതാണ് ഇവിടെ പ്രശ്‌നം. വാഴൂരിന്റെ ഭാഗമായിരുന്ന ആറു പഞ്ചായത്തുകള്‍ കാഞ്ഞിരപ്പള്ളി മണ്ഡലത്തില്‍ ലയിപ്പിച്ചു. അതിനാല്‍ പഴയ വാഴൂരാണ് പുതിയ കാഞ്ഞിരപ്പള്ളി. അതാണ് കേരള കോണ്‍ഗ്രസ്സിന്റെ വാദം. 2006-ല്‍ തങ്ങള്‍ മത്സരിച്ച കാഞ്ഞിരപ്പള്ളിക്ക് മാണി വിഭാഗം അവകാശവാദമുന്നയിക്കുമ്പോള്‍ ഇതേ മാനദണ്ഡംവെച്ച് പൂഞ്ഞാര്‍ കോണ്‍ഗ്രസ്സിന്റെ മണ്ഡലമാണെന്ന മറുവാദം ഉയര്‍ന്നുകഴിഞ്ഞു. കാഞ്ഞിരപ്പള്ളിയുടെ ഭാഗമായ ഈ നാല് പഞ്ചായത്തുകള്‍ പൂഞ്ഞാറിലേക്ക് മാറിയതാണ് അവര്‍ ഉയര്‍ത്തിക്കാട്ടുന്നത്.

പത്തനംതിട്ട ജില്ലയിലെ കല്ലൂപ്പാറ ഇല്ലാതായപ്പോള്‍ അവിടത്തെ പഞ്ചായത്തുകള്‍ തിരുവല്ലയെയും റാന്നിയെയുമാണ് കൂട്ടിച്ചേര്‍ത്തത്. തിരുവല്ലയ്ക്ക് പുറമെ റാന്നിയും തങ്ങള്‍ക്കര്‍ഹതയുണ്ടെന്ന് കേരള കോണ്‍ഗ്രസ് വാദിക്കുന്നുണ്ട്. എന്നാല്‍, പത്തനംതിട്ട മണ്ഡലം ഇല്ലാതായതോടെ വിഷമത്തിലായ കോണ്‍ഗ്രസ്സിന് ഇത് അംഗീകരിക്കാനും കഴിയില്ല. നഷ്ടം മുഴുവന്‍ കോണ്‍ഗ്രസ്സിന്റെ കണക്കിലെടുക്കാന്‍ ഇനിയും തയ്യാറല്ല. കോണ്‍ഗ്രസ്-കേരള കോണ്‍ഗ്രസ് മൂപ്പിളമത്തര്‍ക്കത്തിലാണ് ഇടതുപക്ഷം പ്രതീക്ഷയര്‍പ്പിച്ചിരിക്കുന്നത്.

എണ്ണം മാറിയില്ല; രൂപം മാറി

മണ്ഡലപുനര്‍നിര്‍ണയം ഇടുക്കി ജില്ലയിലെ മണ്ഡലങ്ങളുടെ എണ്ണത്തിലോ പേരിലോ മാറ്റം വരുത്തിയിട്ടില്ല. എന്നാല്‍, തൊടുപുഴ ഒഴികെയുള്ള നാല് മണ്ഡലങ്ങളുടെയും രൂപം മാറി. തൊടുപുഴയില്‍ ചിത്രം മറ്റൊന്നാണ്. അവിടെ കഴിഞ്ഞ തവണയും എല്‍.ഡി.എഫ്. ടിക്കറ്റില്‍ മത്സരിച്ച് മന്ത്രിയായ പി.ജെ.ജോസഫ് ഇത്തവണ കളംമാറി യു.ഡി.എഫിലെത്തിയത് വരുന്ന തിരഞ്ഞെടുപ്പില്‍ നിര്‍ണായകമാവും. യു.ഡി.എഫില്‍ കഴിഞ്ഞ 20 വര്‍ഷമായി കോണ്‍ഗ്രസ് മത്സരിക്കുന്ന സീറ്റ് അവര്‍ ഇത്രയും കാലം എതിര്‍ത്തുപോന്ന രാഷ്ട്രീയഎതിരാളിക്ക് വിട്ടുകൊടുക്കാന്‍ തയ്യാറല്ല. ജോസഫിന്റേത് പിന്‍വാതില്‍ വഴിക്കുള്ള മുന്നണിപ്രവേശനമാണെന്ന നിലപാടിലും അവര്‍ മാറ്റം വരുത്തിയിട്ടില്ല. എന്നാല്‍, കേരളാകോണ്‍ഗ്രസ്സുകളുടെ ലയനം യാഥാര്‍ഥ്യമാണെന്നും പഞ്ചായത്ത് തിരഞ്ഞെടുപ്പിലെന്നപോലെ ജോസഫ് ഗ്രൂപ്പിന്റെ സിറ്റിങ് സീറ്റുകള്‍ വിട്ടുകിട്ടണമെന്നതില്‍ ഒരു വീട്ടുവീഴ്ചയുമില്ലെന്ന് മാണി വിഭാഗവും വാദിക്കുന്നു.

കഴിഞ്ഞ ത്രിതലപഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ പത്തനംതിട്ട ജില്ലയില്‍ 38 ഇടത്ത് ഭരണം ഉറച്ച യു.ഡി.എഫിന് പുനര്‍നിര്‍ണയത്തില്‍ മണ്ഡലങ്ങളുടെ എണ്ണം കുറഞ്ഞത് ദോഷകരമല്ലെന്ന കാഴ്ചപ്പാടാണ്. എന്നാല്‍, അതിര്‍ത്തി മാറ്റത്തിലൂടെ യു.ഡി.എഫിന് അഞ്ച് മണ്ഡലങ്ങളിലും ജയസാധ്യത വര്‍ധിച്ചിരിക്കുകയാണെന്ന പക്ഷക്കാരനാണ് കണ്‍വീനര്‍ പീലിപ്പോസ് തോമസ്. എന്നാല്‍ ആറന്മുള, റാന്നി, തിരുവല്ല മണ്ഡലങ്ങളില്‍ കൂട്ടിച്ചേര്‍ക്കപ്പെട്ട പ്രദേശങ്ങള്‍ എല്‍.ഡി.എഫിന് അനുകൂലമായി ചിന്തിക്കുമെന്നാണ് ജില്ലാ കണ്‍വീനര്‍ അലക്‌സ് കണമലയുടെ പക്ഷം. ചില മണ്ഡലങ്ങളില്‍ സ്വതന്ത്രന്മാരെ പിന്തുണയ്ക്കാനും എല്‍.ഡി.എഫ്. ചിന്തിക്കുന്നുണ്ട്.

കോട്ടയം ജില്ലയില്‍ മണ്ഡലപുനര്‍നിര്‍ണയം ചില മണ്ഡലങ്ങളുടെ രാഷ്ട്രീയജാതകം മാറ്റിയെഴുതിയേക്കാം. മാറ്റമില്ലാതെ തുടര്‍ന്ന ഏക മണ്ഡലം ചങ്ങനാശ്ശേരിയാണ്. 2006-ല്‍ 482 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ ഇടതുപക്ഷത്തോട് കൂറ് ആവര്‍ത്തിച്ച കോട്ടയവും ത്രികോണ മത്സരത്തില്‍ ഇടതുപക്ഷത്തേക്ക് ഒരിക്കല്‍ക്കൂടി തിരിഞ്ഞ കാഞ്ഞിരപ്പള്ളിയും അതിര്‍ത്തികള്‍ മാറിമറിഞ്ഞതോടെ ഇത്തവണ ശക്തമായ മത്സരങ്ങള്‍ക്ക് കളമൊരുങ്ങിയിരിക്കയാണ്. ഇടതുപക്ഷത്തിന് മേല്‍കൈയുള്ള കുമരകവും തിരുവാര്‍പ്പും കോട്ടയത്തുനിന്ന് ഏറ്റുമാനൂരിലേക്ക് മാറിയതാണ് യു.ഡി.എഫിന് പ്രതീക്ഷ നല്‍കുന്നത്. ത്രിതല പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ 4500 വോട്ടിന്റെ മുന്‍തൂക്കവും അവര്‍ക്ക് കിട്ടി. എന്നാല്‍, കോട്ടയം നഗരസഭയുടെ ഭാഗമായി മാറിയ കുമരനല്ലൂരും പുതുപ്പള്ളിയില്‍ നിന്ന് മാറിവന്ന പനച്ചിക്കാടും എക്കാലത്തും തങ്ങളുടെ പക്ഷത്തായിരുന്നുവെന്ന ആത്മവിശ്വാസം എല്‍.ഡി.എഫിനുണ്ട്.

വാഴൂരില്‍ നിന്ന് യു.ഡി.എഫിന് ശക്തമായ സ്വാധീനമുള്ള ആറു പഞ്ചായത്തുകള്‍ വന്നുചേര്‍ന്നത് കാഞ്ഞിരപ്പള്ളി തിരിച്ചുപിടിക്കാനുള്ള യു.ഡി.എഫിന്റെ ആത്മവിശ്വാസം വര്‍ധിപ്പിച്ചിട്ടുണ്ട്. എന്നാല്‍, മണ്ഡലത്തില്‍ നടപ്പാക്കിയ വന്‍ വികസനപ്രവര്‍ത്തനങ്ങള്‍ വോട്ടായി മാറുമ്പോള്‍ സീറ്റ് നിലനിര്‍ത്താമെന്ന പ്രതീക്ഷ ഇടതുമുന്നണിക്കുമുണ്ട്. സൊസൈറ്റിക്ക് വര്‍ധിച്ച സ്വാധീനമുള്ള മണ്ഡലമായി കാഞ്ഞിരപ്പള്ളി മാറി. പള്ളിക്കത്തോട് പഞ്ചായത്തു കൂടി ഇവിടേക്ക് വന്നതാണ് കാരണം.

കേരള കോണ്‍ഗ്രസ് മാണി-ജോസഫ് വിഭാഗങ്ങള്‍ ലയിച്ച ശേഷമുള്ള തിരഞ്ഞെടുപ്പില്‍ കടുത്തുരുത്തി യു.ഡി.എഫിന്റെ ഉരുക്കുകോട്ടയായി മാറുമെന്ന പ്രതീക്ഷയിലാണ് നേതൃത്വം. 1991 മുതല്‍ നാല് തിരഞ്ഞെടുപ്പുകളില്‍ മാണി-ജോസഫ് വിഭാഗങ്ങള്‍ മാറി മാറി ജയിച്ച മേഖലയാണിത്. പാലായുടെ ഭാഗമായിരുന്ന നാലു പഞ്ചായത്തുകള്‍ കടുതുരുത്തിയിലേക്ക് ചേര്‍ന്നതും ഇടതുപക്ഷത്തിന് നിര്‍ണായക സ്വാധീനമുള്ള കല്ലറ പഞ്ചായത്ത് വൈക്കത്തേക്ക് പോയതും ഇടതുപക്ഷത്തിന് ക്ഷീണം ചെയ്തു.

കഴിഞ്ഞ 11 തിരഞ്ഞെടുപ്പുകളിലും പാലായ്ക്ക് കെ.എം മാണി എന്നല്ലാതെ മറ്റൊരു നേതാവിനെപ്പറ്റി ചിന്തിക്കേണ്ടിവന്നിട്ടില്ല. മേഖലാപുനര്‍നിര്‍ണയത്തോടെ 12 പഞ്ചായത്തുകളും പാലാ നഗരസഭയും അടങ്ങുന്ന മണ്ഡലം യു.ഡി.എഫിന് റെക്കോഡ് ഭൂരിപക്ഷം നല്കുമെന്ന ഉറച്ചവിശ്വാസത്തിലാണ് നേതൃത്വം.

40 വര്‍ഷമായി പുതുപ്പള്ളിക്കാര്‍ക്ക് അവരുടെ സ്ഥാനാര്‍ഥിയാരെന്നു സംശയമുണ്ടായിട്ടില്ല. ഉമ്മന്‍ചാണ്ടിയുടെ മണ്ഡലമെന്ന വിശേഷണം മാത്രം മതി അവര്‍ക്ക്. മണ്ഡലപുനര്‍നിര്‍ണയം കഴിഞ്ഞപ്പോള്‍ യു.ഡി.എഫിന്റെ ശക്തികേന്ദ്രങ്ങളായ വാകത്താനവും മണര്‍ക്കാടും പുതുപ്പള്ളിയിലേക്ക് ചേര്‍ന്നതോടെ ഉമ്മന്‍ചാണ്ടിയുടെ ഭൂരിപക്ഷം ഇത്തവണ എല്ലാ കണക്കുകൂട്ടലുകളും തെറ്റിക്കുമെന്നതില്‍ യു.ഡി.എഫ്. നേതൃത്വത്തിന് സംശയമില്ല. ഇത്തവണ മികച്ച പോരാട്ടം നടക്കുമെന്നാണ് എല്‍.ഡി.എഫ്. നല്കുന്ന വാഗ്ദാനം. അതിര്‍ത്തി പുനര്‍നിര്‍ണയം തങ്ങളുടെ സാധ്യതകള്‍ കുറച്ചിട്ടില്ല.

ഏറ്റുമാനൂര്‍ മണ്ഡലം പടിഞ്ഞാറോട്ട് വളര്‍ന്നപ്പോള്‍ ഇടതുപക്ഷത്തിന്റെ സ്വാധീന മേഖലകളായ തിരുവാര്‍പ്പും കുമരകവും കോട്ടയം വിട്ട് ഏറ്റുമാനൂരിന്റെ ഭാഗമായി. ആകെയുള്ള ഏഴില്‍ അഞ്ചു പഞ്ചായത്തുകളിലും ഭരണത്തിലുള്ള യു.ഡി.എഫിന് കഴിഞ്ഞ 20 വര്‍ഷമായി കേരള കോണ്‍ഗ്രസ് കൈയില്‍ വെക്കുന്ന ഏറ്റുമാനൂര്‍ സീറ്റ് നിലനിര്‍ത്താമെന്ന ഉറച്ച വിശ്വാസമുണ്ട്. തിരുവാര്‍പ്പില്‍ ഇത്തവണ എല്‍.ഡി.എഫിനെ അട്ടിമറിച്ച് ഭരണം പിടിച്ചെടുത്തതും അവര്‍ എടുത്തുകാട്ടുന്നു. എന്നാല്‍, എല്‍.ഡി.എഫ്. അട്ടിമറി പ്രതീക്ഷയിലാണ്.

പൂഞ്ഞാറിലാണെങ്കില്‍ ഇത്തവണ ചിത്രം ആകെ മാറി. നിലവിലുണ്ടായിരുന്ന ആറു പഞ്ചായത്തുകള്‍ പാലായ്ക്ക് വിട്ടുകൊടുത്തപ്പോള്‍ പകരം വന്നത് കാഞ്ഞിരപ്പള്ളിയില്‍ നിന്ന് നാലു പഞ്ചായത്തുകളാണ്. 2002-ല്‍ എല്‍.ഡി.എഫ്. പക്ഷത്തു മത്സരിച്ച കേരള കോണ്‍ഗ്രസ് (സെക്കുലര്‍) സ്ഥാനാര്‍ഥി പി.സി. ജോര്‍ജ് മാണി ഗ്രൂപ്പിന്റെ ബാനറിലാവും ഇത്തവണ അങ്കംകുറിക്കുക. ജില്ലയിലെ സംവരണ മണ്ഡലമായ ബെക്കനേവ് കല്ലറ പഞ്ചായത്ത് കൂടി വന്നതോടെ ഇടതുപക്ഷം വര്‍ധിച്ച ആവേശത്തിലാണ്. എന്നാല്‍, പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ ഇടതുകോട്ടകളില്‍ വിള്ളലുണ്ടാക്കാന്‍ കഴിഞ്ഞ ആത്മവിശ്വാസം യു.ഡി.എഫിലുമുണ്ട്. വൈക്കം നഗരസഭയിലും യു.ഡി.എഫിനാണ് ഭൂരിപക്ഷം.

(തുടരും)
First :: Prev :: [1] [2] [3] [4] :: Next :: Last
മറ്റു പരമ്പരകള്‍