മണ്ഡലനോട്ടം
സീറ്റുകള്‍ കൂടി; വീതംവെപ്പ് നിര്‍ണായകം
ജനപങ്കാളിത്തത്തിലും ഭരണപങ്കാളിത്തത്തിലും മലപ്പുറം ജില്ലയ്ക്ക് അനിഷേധ്യമായ സ്ഥാനം ലഭിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പാണ് വരാനിരിക്കുന്നത്. പതിനാറു നിയമസഭാംഗങ്ങളാണ് ജില്ലയില്‍ നിന്ന് ഇക്കുറി നിയമസഭയിലെത്തുക. കേരളത്തിന്റെ തെക്കന്‍ ജില്ലകളില്‍ ഏഴ് നിയമസഭാമണ്ഡലങ്ങള്‍ കുറയുമ്പോള്‍ ഏഴെണ്ണം വര്‍ധിക്കുന്നത് മലബാറിലാണ്. കോഴിക്കോട്, പാലക്കാട് , കണ്ണൂര്‍ എന്നീ ജില്ലകള്‍ ഓരോന്നു വീതം പങ്കിട്ടെടുക്കുമ്പോള്‍ മലപ്പുറത്തിന് ലഭിക്കുന്നത് നാലെണ്ണമാണ്.
സംസ്ഥാനത്തെ ഏറ്റവും അധികം വോട്ടര്‍മാരുള്ള ജില്ലയെന്ന പ്രത്യേകതയും മലപ്പുറത്തിനവകാശപ്പെട്ടതാണ്. ഇരുപത്തഞ്ചു ലക്ഷത്തിലധികം വോട്ടര്‍മാരാണ് സമ്മതിദാനാവകാശം വിനിയോഗിക്കുക. ശരാശരി ഒന്നരലക്ഷം വോട്ടര്‍മാരുടെ മനസ്സിലാണ് ഓരോ സ്ഥാനാര്‍ഥിയും കയറിക്കൂടേണ്ടത്.2004-ലെയും 2006-ലെയും തിരഞ്ഞെടുപ്പുകള്‍ മലപ്പുറത്ത് യു.ഡി.എഫിലും പ്രത്യേകിച്ച് മുസ്‌ലിം ലീഗിലും സൃഷ്ടിച്ച ആഘാതം ചില്ലറയായിരുന്നില്ല. അതില്‍ നിന്ന് അവര്‍ കരകയറിയത് 2009 ലെ ലോക്‌സഭാതിരഞ്ഞെടുപ്പോടെയായിരുന്നു. പേര് മാറി മലപ്പുറമായ പഴയ മഞ്ചേരി തിരിച്ചു പിടിക്കുകമാത്രമല്ല ജില്ലയിലെ മൊത്തം നിയമസഭാമണ്ഡലങ്ങളില്‍ ലീഡ് നിലനിര്‍ത്തി മുസ്‌ലിം ലീഗും യു.ഡി.എഫും അവരുടെ പ്രാഭവകാലത്തേക്ക് മടങ്ങി എത്തുകയും ചെയ്തു. തുടര്‍ന്നു നടന്ന തദ്ദേശ തിരഞ്ഞെടുപ്പില്‍ പൂര്‍ണ ആധിപത്യം പുലര്‍ത്തി ലീഗും യു.ഡി.എഫും തങ്ങളുടെ മേല്‍ക്കോയ്മയ്ക്ക് അടിവരയിടുകയും ചെയ്തു.
ഈയൊരു പശ്ചാത്തലത്തിലാണ് പുതിയ നാല് നിയമസഭാമണ്ഡലങ്ങളുമായി ജില്ല തിരഞ്ഞെടുപ്പിലേക്ക് നടന്നടുക്കുന്നത്. പൊന്നാനി, തവനൂര്‍, കോട്ടക്കല്‍, വേങ്ങര, തിരൂര്‍, താനൂര്‍, തിരൂരങ്ങാടി, വള്ളിക്കുന്ന്, കൊണ്ടോട്ടി, ഏറനാട്, നിലമ്പൂര്‍, വണ്ടൂര്‍, മഞ്ചേരി, മലപ്പുറം, മങ്കട, പെരിന്തല്‍മണ്ണ എന്നിവയാണ് ജില്ലയിലെ മണ്ഡലങ്ങള്‍. തവനൂര്‍, വേങ്ങര, ഏറനാട്, വള്ളിക്കുന്ന് എന്നിവയാണ് പുതുതായി വന്നത്. ഒരു മണ്ഡലത്തിന്റെ ഭൂമിശാസ്ത്രപരമായ ഘടനകള്‍ക്കൊപ്പം പേരും മാറി. 2006 ല്‍ സംസ്ഥാനത്തെ തന്നെ ഏറ്റവും വലിയ അട്ടിമറികളിലൊന്നു നടന്ന കുറ്റിപ്പുറം മണ്ഡലം ഇല്ലാതായി. പകരം കോട്ടക്കലായി. കുറ്റിപ്പുറത്തിന്റെ ചിലഭാഗങ്ങളും തിരൂരിന്റെ ചില ഭാഗങ്ങളും കൂട്ടിച്ചേര്‍ത്താണ് കോട്ടക്കലുണ്ടാക്കിയത്. തിരൂര്‍, പൊന്നാനി പ്രദേശങ്ങളിലെ ചില ഭാഗങ്ങളുള്‍പ്പെടുത്തിയാണ് തവനൂരായത്. കൊണ്ടോട്ടിയും നിലമ്പൂരിന്റെ പ്രദേശങ്ങളും കൂട്ടിച്ചേര്‍ത്ത് ഏറനാടും തിരൂരങ്ങാടി, കൊണ്ടോട്ടി മണ്ഡലങ്ങളിലെ ചില പഞ്ചായത്തുകള്‍ കൂട്ടി വള്ളിക്കുന്നും മലപ്പുറത്തും തിരൂരങ്ങാടിയിലും ഉണ്ടായിരുന്ന പഞ്ചായത്തുകള്‍ ചേര്‍ത്ത് വേങ്ങരയും രൂപപ്പെട്ടു. വണ്ടൂരാണ് എസ്.സി. സംവരണമണ്ഡലം.
നിലവില്‍ എല്‍.ഡി.എഫിന്റെ കൈവശമുള്ള അഞ്ചെണ്ണം ഉള്‍പ്പെടെ പതിനാറു മണ്ഡലത്തിലും 2009 ല്‍ നടന്ന ലോക്‌സഭാതിരഞ്ഞെടുപ്പില്‍ യു.ഡി.എഫ്. ഭൂരിപക്ഷം നേടി. കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പില്‍ ഈ പതിനാറു മണ്ഡലങ്ങളിലും യു.ഡി.എഫ്. ജയിച്ചുവെന്നു മാത്രമല്ല, ലോക്‌സഭാ തിരഞ്ഞെടുപ്പിനേക്കാള്‍ ഭൂരിപക്ഷം നേടുകയും ചെയ്തു. മൊത്തം നൂറു പഞ്ചായത്തുകളില്‍ 91-ഉം ഏഴുമുനിസിപ്പാലിറ്റികളില്‍ ആറും നേടി വ്യക്തമായ മേധാവിത്വം നിലനിര്‍ത്തിയതോടെ ജില്ലയിലെ രാഷ്ട്രീയ ചിത്രം വ്യക്തമാകുന്നു. ഇടതുമുന്നണിയാകട്ടെ ഏറ്റവും കനത്ത പരാജയം അറിഞ്ഞത് ഗ്രാമപ്പഞ്ചായത്തുകളിലാണ്. സി.പി.എമ്മിന്റെ ഉരുക്കു കോട്ടകള്‍ എന്നറിയപ്പെടുന്ന നിരവധി പഞ്ചായത്തുകളിലാണ് അവര്‍ പരാജയം ഏറ്റുവാങ്ങേണ്ടി വന്നതെന്നത് തോല്‍വിയുടെ ആഴം കൂട്ടുന്നു. 27 പഞ്ചായത്തുകള്‍ കൈവശം ഉണ്ടായിരുന്ന സ്ഥാനത്ത് വെറും ഏഴു പഞ്ചായത്തുകള്‍ കൊണ്ട് തൃപ്തിപ്പെടേണ്ടി വന്നു. ഇത്തരമൊരു രാഷ്ട്രീയ പരിതഃസ്ഥിതിയിലാണ് നിയമസഭാതിരഞ്ഞെടുപ്പിനെ രണ്ടു മുന്നണികളും നേരിടുന്നത്.
എന്നാല്‍, കഴിഞ്ഞ തിരഞ്ഞെടുപ്പുകളുടെ രാഷ്ട്രീയ കാലാവസ്ഥ അനുകൂലമല്ലെങ്കിലും ചില കണക്കുകൂട്ടലുകള്‍ സി.പി.എം. കാണുന്നുണ്ട്. വിജയസാധ്യതയുള്ള മണ്ഡലങ്ങള്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കാനായിരിക്കും അവര്‍ ഒരുങ്ങുക. പുതുതായി വന്ന തവനൂര്‍, പൊന്നാനി, പെരിന്തല്‍മണ്ണ എന്നിവയായിരിക്കും ഇവര്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്ന മണ്ഡലങ്ങള്‍. ഈ മണ്ഡലങ്ങളിലെ നേട്ടങ്ങള്‍ ഉയര്‍ത്തിക്കാട്ടിയായിരിക്കും അതിനുള്ള ശ്രമം. പെരിന്തല്‍മണ്ണയില്‍ അലിഗഢ് ഓഫ് കാമ്പസ്സും പൊന്നാനിയില്‍ ഹാര്‍ബറും ചമ്രവട്ടവും ഇതിനുള്ള തുറുപ്പു ശീട്ടുകളായിരിക്കും.
നാലു സീറ്റുകള്‍ വര്‍ധിക്കുന്നതിനാല്‍ അതു സംബന്ധിച്ച ചര്‍ച്ചകളും നിര്‍ണായകമാണ്. യു.ഡി.എഫില്‍ ലീഗും കോണ്‍ഗ്രസ്സും ഇതു സംബന്ധിച്ച വിവാദമൊഴിവാക്കി ധാരണകളിലെത്തേണ്ടിവരും . തെക്കു നിന്നു നഷ്ടപ്പെടുന്ന സീറ്റുകള്‍ വീതംവെപ്പില്‍ നിര്‍ണായകമായിരിക്കും. എല്‍.ഡി.എഫില്‍ സീറ്റു വിഭജനം അത്ര പ്രയാസമുണ്ടാകില്ല. ജയസാധ്യതയുള്ള സീറ്റുകളില്‍ സി.പി.എം. ഏകപക്ഷീയമായ നിലപാടുകളെടുക്കുന്നെന്ന സി.പി.ഐ.യുടെ പരാതി ഉയരുമെന്നു മാത്രം.
കോഴിക്കോട്ട് ഒരു സീറ്റ് കൂടി
പരമ്പരാഗതമായി എല്‍.ഡി.എഫിന് സ്വാധീനമുള്ള ജില്ലയാണ് കോഴിക്കോട്; പ്രത്യേകിച്ച് സി.പി.എമ്മിന്. എന്നാല്‍, ആ സ്വാധീനത്തിന് ഇളക്കം തട്ടിയ കാഴ്ചയാണ് 2009 ലെ ലോക്‌സഭാ തിരഞ്ഞെടുപ്പ് കാണിച്ചത്. രണ്ടു ലോക്‌സഭാ മണ്ഡലങ്ങളും തിരിച്ചു പിടിച്ച് യു.ഡി.എഫ്. വെന്നിക്കൊടി പാറിച്ചു. തുടര്‍ന്നു നടന്ന തദ്ദേശ തിരഞ്ഞെടുപ്പിലും ആ സ്ഥിതി തുടരാന്‍ യു.ഡി.എഫിനു കഴിഞ്ഞു. വരാനിരിക്കുന്ന നിയമസഭാതിരഞ്ഞെടുപ്പിന്റെ കണക്കുകൂട്ടലുകളില്‍ ഇതൊക്കെ പ്രധാന ഘടകമാണ്.
ഒരു നിയമസഭാസീറ്റ് വര്‍ധിച്ച് പതിമ്മൂന്നു സീറ്റുകളാണ് ജില്ലയിലുള്ളത്. കോഴിക്കോട് സൗത്ത്, കോഴിക്കോട് നോര്‍ത്ത്, ബേപ്പൂര്‍ , എലത്തൂര്‍, ബാലുശ്ശേരി, കുന്ദമംഗലം, കൊടുവള്ളി, വടകര, കുറ്റിയാടി, കൊയിലാണ്ടി, പേരാമ്പ്ര, നാദാപുരം, തിരുവമ്പാടി എന്നിവയാണ് ഈ മണ്ഡലങ്ങള്‍. എലത്തൂരാണ് പുതുതായി വന്ന മണ്ഡലം . ബാലുശ്ശേരിയുടെ ചില ഭാഗങ്ങളും കോഴിക്കോട് കോര്‍പ്പറേഷന്റെ ചില ഡിവിഷനുകളും ചേര്‍ന്നാണ് എലത്തൂര്‍ മണ്ഡലമായത്. അതോടൊപ്പം മേപ്പയ്യൂരിന്റെ പേര് മാറി കുറ്റിയാടിയാവുകയും ചെയ്തു. കോഴിക്കോട് 1, കോഴിക്കോട് 2 എന്നിവയുടെയും പേരുമാറി കോഴിക്കോട് സൗത്ത്, കോഴിക്കോട് നോര്‍ത്ത് എന്നിവയായി മാറി. നേരത്തേ സംവരണ മണ്ഡലമായിരുന്ന കുന്ദമംഗലത്തിനു പകരം ബാലുശ്ശേരി എസ്.സി. സംവരണമായി മാറി. മണ്ഡല പുനഃക്രമീകരണം മൂലം തിരുവമ്പാടി ഒരു ക്രിസ്ത്യന്‍ ഭൂരിപക്ഷ പ്രദേശമായി മാറിയിട്ടുണ്ട്.
ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ വോട്ടിങ് നിലയനുസരിച്ച് നാലു നിയമസഭാമണ്ഡലങ്ങളിലാണ് എല്‍.ഡി.എഫിന് ലീഡ്. എന്നാല്‍, പഞ്ചായത്ത് തിരഞ്ഞെടുപ്പ് എത്തിയപ്പോഴേക്കും അത് അഞ്ചായി ഉയര്‍ന്നു. കോഴിക്കോട് സൗത്ത്, ബേപ്പൂര്‍ , എലത്തൂര്‍, പേരാമ്പ്ര, നാദാപുരം മണ്ഡലങ്ങളാണിവ. മറ്റുള്ളിടത്തെല്ലാം യു.ഡി.എഫ്. മേല്‍ക്കോയ്മ നേടി. തദ്ദേശ തിരഞ്ഞെടുപ്പില്‍ കോഴിക്കോട് കോര്‍പ്പറേഷനും രണ്ടു മുനിസിപ്പാലിറ്റികളും എല്‍.ഡി.എഫ്. നിലനിര്‍ത്തിയപ്പോള്‍ ഗ്രാമതലത്തില്‍ യു.ഡി.എഫ്. വന്‍ മുന്നേറ്റമാണ് ഉണ്ടാക്കിയത്. 75 പഞ്ചായത്തുകളില്‍ 37 പഞ്ചായത്തുകള്‍ യു.ഡി.എഫ്. നേടി. 2005ലെ തദ്ദേശ തിരഞ്ഞെടുപ്പില്‍ ഒമ്പത് പഞ്ചായത്തുകള്‍ നേടിയിടത്താണ് ഈ വലിയ നേട്ടം.
തദ്ദേശ തിരഞ്ഞെടുപ്പില്‍ നിന്നു വ്യത്യസ്തമായ രാഷ്ട്രീയ നിലപാട് നിയമസഭാ തിരഞ്ഞെടുപ്പില്‍ ഉണ്ടാവുക സ്വാഭാവികമാണ്. പ്രാദേശിക വികസന രാഷ്ട്രീയ കാഴ്ചപ്പാടുകളെക്കാളേറെ കേരളത്തിന്റെ രാഷ്ട്രീയ നിലപാടുകള്‍ക്കായിരിക്കും നിയമസഭാ തിരഞ്ഞെടുപ്പില്‍ സ്ഥാനം ലഭിക്കുക.
എല്‍.ഡി.എഫിലും യു.ഡി.എഫിലും ഇതിന്റെ മാറ്റങ്ങള്‍ പ്രകടമാകാതിരിക്കില്ല. കഴിഞ്ഞ രണ്ടു തിരഞ്ഞെടുപ്പുകളുടെ ആനുകൂല്യവും കെ.മുരളീധരന്റെ മടങ്ങിവരവും യു.ഡി.എഫിലും പ്രത്യേകിച്ച് കോണ്‍ഗ്രസ്സിലും പുതിയ ഉണര്‍വുണ്ടാക്കും. കരുണാകരന്റെ ഡി.ഐ.സി. ഇടതുപക്ഷത്തോടൊപ്പമുണ്ടായിരുന്ന ഘട്ടത്തിലായിരുന്നു ഇടതു പക്ഷത്തിന് തദ്ദേശ തിരഞ്ഞെടുപ്പില്‍ മൃഗീയ ഭൂരിപക്ഷമുണ്ടായിരുന്നതെന്ന വസ്തുത കൂടി കണക്കിലെടുക്കണം. അത്തരമൊരു സാഹചര്യത്തില്‍ അനുകൂലകാലാവസ്ഥ എത്രമാത്രം ഉപയോഗപ്പെടുത്താന്‍ കഴിയുമെന്നതാണ് അറിയേണ്ടത്. കോഴിക്കോട്ടും വടകരയിലും സോഷ്യലിസ്റ്റ് ജനതയ്ക്കുള്ള സ്വാധീനവും ഇടതുപക്ഷത്തു നിന്നു വിട്ടുവന്ന ഐ.എന്‍.എല്ലിന്റെ സാന്നിധ്യവും യു.ഡി.എഫിന് അനുകൂല ഘടകങ്ങളാണ്.
സി.പി.എമ്മിന്റെ ശക്തിസ്ഥലങ്ങളില്‍ അവര്‍ക്കേല്‍ക്കുന്ന തിരിച്ചടികള്‍ തന്നെയാണ് അവരുടെ പ്രതിസന്ധി. വടകര, നാദാപുരം, മേപ്പയ്യൂര്‍ നിയമസഭാമണ്ഡലങ്ങളില്‍ സ്വാധീനം ചെലുത്താവുന്ന ശക്തി സി.പി.എം. വിമതര്‍ക്കുണ്ട്. ഒഞ്ചിയത്തു നിന്നാരംഭിച്ച വിമത ശബ്ദം ഉണ്ടാക്കുന്ന തലവേദന കുറച്ചൊന്നുമായിരിക്കില്ല. എങ്കിലും പരമ്പരാഗതമായുള്ള സ്വാധീനം അവര്‍ക്ക് വലിയ കൈമുതലാണ്. സീറ്റുവര്‍ധനയും സംവരണ മണ്ഡലം മാറുന്നതും ഇരുമുന്നണികള്‍ക്കുള്ളിലും ചില ആശയക്കുഴപ്പങ്ങള്‍ക്ക് വഴിവെക്കും. അതുകൊണ്ടുതന്നെ സംസ്ഥാനാടിസ്ഥാനത്തില്‍ നടക്കുന്ന ചര്‍ച്ചകളുടെ അടിസ്ഥാനത്തിലായിരിക്കും നീക്കുപോക്കുകളുടെ സാധ്യത.
ലാഭചേതങ്ങളില്‍ കണ്ണുനട്ട്
നിയമസഭാ മണ്ഡലങ്ങളുടെ അതിര്‍ത്തിക്കല്ലുകള്‍ മാറ്റിയിട്ട് അതിന്റെ രാശിനോക്കി ജയസാധ്യത ഉറപ്പിക്കാന്‍ കഴിയാത്തതരത്തിലാണ് മധ്യകേരളത്തിലെ മൂന്ന് ജില്ലകളിലെ നിയമസഭാ മണ്ഡലങ്ങള്‍. പാലക്കാട്, തൃശ്ശൂര്‍, എറണാകുളം എന്നീ ജില്ലകളില്‍ മണ്ഡലങ്ങളുടെ അതിര്‍ത്തി പുനര്‍നിര്‍ണയത്തെ തുടര്‍ന്ന് അധികമായി ഒരു മണ്ഡലം ലഭിച്ചത് പാലക്കാട് ജില്ലയ്ക്ക് സ്വന്തം. പതിനൊന്ന് നിയമസഭാ മണ്ഡലങ്ങളുണ്ടായിരുന്ന പാലക്കാടിന് ഷൊറണൂര്‍ കൂടി ലഭിച്ച് 12 ആയി.
അതിര്‍ത്തി പുനര്‍നിര്‍ണയത്തിന്റെ കനത്ത വെട്ടിത്തിരുത്തലുകളില്‍ 14 മണ്ഡലങ്ങളുണ്ടായിരുന്ന തൃശ്ശൂരിന് നഷ്ടമായത് ഒന്ന്. അതും അന്തരിച്ച കെ. കരുണാകരന്റെ മണ്ഡലമെന്ന് അറിയപ്പെട്ടിരുന്ന മാള. എന്നാല്‍ പുനര്‍നിര്‍ണയത്തിന് ശേഷവും എറണാകുളം ജില്ലയിലെ മണ്ഡലങ്ങളുടെ എണ്ണത്തില്‍ മാറ്റമുണ്ടായില്ല. 14 മണ്ഡലങ്ങളില്‍ കിഴക്കന്‍ മേഖലയിലെ അഞ്ച് മണ്ഡലങ്ങളില്‍ ചെറിയ മാറ്റങ്ങളേ ഉണ്ടായിട്ടുള്ളൂ. എന്നാല്‍ ബാക്കിയുള്ള ഒമ്പത് മണ്ഡലങ്ങളില്‍ പഴയ പള്ളുരുത്തി, ഞാറയ്ക്കല്‍, മട്ടാഞ്ചേരി, വടക്കേക്കര എന്നീ മണ്ഡലങ്ങള്‍ ഇല്ലാതായി. വടക്കേക്കര, പള്ളുരുത്തി എന്നീ മണ്ഡലങ്ങള്‍ വിഭജിച്ച് ഇല്ലാതായപ്പോള്‍ മട്ടാഞ്ചേരി കൊച്ചിയിലും, ഞാറയ്ക്കല്‍ വൈപ്പിനിലും കൂടുമാറി. കൂടാതെ തൃക്കാക്കര, കളമശ്ശേരി എന്നീ പുതിയ മണ്ഡലങ്ങളും പുനര്‍നിര്‍ണയത്തിലൂടെ രൂപംകൊണ്ടു. അതോടെ പറവൂര്‍, തൃപ്പൂണിത്തുറ, ആലുവ, അങ്കമാലി എന്നീ മണ്ഡലങ്ങളുടെ അതിര്‍ത്തികളില്‍ കാര്യമായ മാറ്റങ്ങള്‍ വരുത്തി.
പുനര്‍നിര്‍ണയത്തെ തുടര്‍ന്ന് തൃശ്ശൂര്‍ ജില്ലയില്‍ മാള അക്കത്തിലും അക്ഷരത്തിലും ഇല്ലാതായപ്പോള്‍ ചേര്‍പ്പ് മണ്ഡലം വീതംവെച്ചുതന്നെ അപ്രത്യക്ഷമായി. ഈ മണ്ഡലത്തിലെ നാല് പഞ്ചായത്തുകള്‍ പൂര്‍ണമായി പുതിയ നാട്ടികയോട് ചേര്‍ത്ത് തീരദേശ മണ്ഡലമെന്ന് അറിയപ്പെട്ടിരുന്ന നാട്ടിക മണ്ഡലത്തിന്റെ രൂപംതന്നെ മാറ്റി. യു.ഡി.എഫ്. സിറ്റിങ് സീറ്റായിരുന്ന നാട്ടികയെ വെട്ടിമുറിച്ച് പുതുതായി രൂപംകൊണ്ട കൈപ്പമംഗലം മണ്ഡലത്തിലും ഗുരുവായൂര്‍ , മണലൂര്‍ എന്നീ മണ്ഡലങ്ങളിലുമാക്കി. മാള മണ്ഡലത്തിലുണ്ടായിരുന്ന ഭൂരിപക്ഷം പഞ്ചായത്തുകളും കൊടുങ്ങല്ലൂര്‍ മുനിസിപ്പാലിറ്റിയും ചേര്‍ത്ത് കൊടുങ്ങല്ലൂര്‍ പേരിന് തന്നെ നിലനിര്‍ത്തി.
എല്‍.ഡി.എഫ്. സിറ്റിങ് സീറ്റായ വടക്കാഞ്ചേരി മണ്ഡലത്തില്‍നിന്ന് അഞ്ചു പഞ്ചായത്തുകള്‍ കുന്ദംകുളത്തിന് നല്‍കി. പകരം കുന്ദംകുളത്തിന്റെ പരിധിയില്‍പ്പെട്ടിരുന്ന നാല് പഞ്ചായത്തുകളും തൃശ്ശൂര്‍ മണ്ഡലത്തിന്റെ രണ്ട് പഞ്ചായത്തുകളും ചേര്‍ത്ത് ആറെണ്ണം വടക്കാഞ്ചേരിയോട് ചേര്‍ത്തു. കൊടകര മണ്ഡലം പേരില്‍ ഇല്ലാതായി. പകരം പുതുക്കാട് രൂപംകൊണ്ടു. കൊടകര പഞ്ചായത്ത് പൂര്‍ണമായും ചാലക്കുടി മണ്ഡലത്തില്‍ ചേര്‍ത്തു. പേരുകൊണ്ട് പുതിയ മണ്ഡലമായ പുതുക്കാടിനും കിട്ടി പഴയ ചേര്‍പ്പ് മണ്ഡലത്തില്‍ ചില ഭാഗങ്ങള്‍.
മണ്ഡലങ്ങളുടെ അതിര്‍ത്തിനിര്‍ണയത്തിന് ശേഷം നടന്ന പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ തൃശ്ശൂര്‍ ജില്ലയിലെ മൊത്തമുള്ള 88 പഞ്ചായത്തുകളില്‍ 58 ലും യു.ഡി.എഫ്. നേടി. അതുകൊണ്ടുതന്നെ അതിര്‍ത്തിമാറ്റം വലിയൊരളവുവരെ രാഷ്ട്രീയമായി എല്‍.ഡി.എഫിനെ തുണച്ചില്ലെന്നുവേണം കരുതാന്‍. പാലക്കാട് ജില്ലയില്‍പ്പെട്ട പുതിയ ആലത്തൂര്‍ പാര്‍ലമെന്റ് മണ്ഡലത്തിന്റെ പരിധിയിലാണ് ചേലക്കര, വടക്കാഞ്ചേരി, കുന്ദംകുളം എന്നീ മണ്ഡലങ്ങള്‍.
കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ 14 ല്‍ 11 സീറ്റും കരസ്ഥമാക്കിയാണ് എല്‍.ഡി.എഫ്. ജില്ലയില്‍ ആധിപത്യം സ്ഥാപിച്ചത്. തൃശ്ശൂര്‍, നാട്ടിക, ഇരിങ്ങാലക്കുട എന്നീ മണ്ഡലങ്ങള്‍ മാത്രമാണ് യു.ഡി.എഫിനെ തുണച്ചത്. എന്നാല്‍ പുതിയ സാഹചര്യത്തില്‍ കഴിഞ്ഞ തിരഞ്ഞെടുപ്പിലെ മേല്‍ക്കോയ്മ നിലനിര്‍ത്താന്‍ എല്‍.ഡി.എഫിന് കഴിയില്ലെന്നാണ് നിരീക്ഷണം.
എറണാകുളം ജില്ലയിലെ പുതുതായി രൂപവത്കരിച്ച തൃക്കാക്കര മണ്ഡലത്തിന്റെ ഘടന ഇപ്പോള്‍ യു.ഡി.എഫിന് അനുകൂലമാണ്. തൃപ്പൂണിത്തുറ മണ്ഡലത്തിലെയും എറണാകുളം മണ്ഡലത്തിലെയും യു.ഡി.എഫ്. അനുകൂലപ്രദേശങ്ങള്‍ കൂട്ടിച്ചേര്‍ത്താണ് തൃക്കാക്കര മണ്ഡലം ഉണ്ടാക്കിയതെന്ന് പറയാം. കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പിലും ലോക്‌സഭാ തിരഞ്ഞെടുപ്പിലും യു.ഡി.എഫിന് മണ്ഡലത്തില്‍ നല്ല മുന്നേറ്റമുണ്ടാക്കാന്‍ കഴിഞ്ഞിട്ടുണ്ട്. എന്നാല്‍ പുതുതായുണ്ടായ കളമശ്ശേരി മണ്ഡലത്തിന്റെ സ്ഥിതി വ്യത്യസ്തമാണ്. ആലുവ, വടക്കേക്കര, പറവൂര്‍ മണ്ഡലങ്ങളില്‍ നിന്നുള്ള സ്ഥലങ്ങള്‍ ചേര്‍ത്ത് രൂപവത്കരിച്ച കളമശ്ശേരി രണ്ട് മുന്നണികള്‍ക്കും നല്ല വേരോട്ടമുള്ള മണ്ഡലമാണ്. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ഇടതുമുന്നണിക്ക് മണ്ഡലത്തില്‍ മുന്നേറ്റമുണ്ടാക്കാന്‍ കഴിഞ്ഞപ്പോള്‍, തദ്ദേശ തിരഞ്ഞെടുപ്പില്‍ യു.ഡി.എഫ്. മികച്ച മുന്നേറ്റമാണ് കാഴ്ചവെച്ചത്. തൃക്കാക്കര വേര്‍പെട്ടുപോയപ്പോള്‍ തൃപ്പൂണിത്തുറ മണ്ഡലം ഇടതുമുന്നണിക്ക് കൂടുതല്‍ പ്രതീക്ഷ നല്‍കുന്നതായി. തദ്ദേശ തിരഞ്ഞെടുപ്പില്‍ ഇടതുമുന്നണിക്ക് ഇവിടെ നിലംതൊടാനായില്ലെങ്കിലും ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ മണ്ഡലത്തില്‍ വ്യക്തമായ ഭൂരിപക്ഷം നേടാന്‍ എല്‍.ഡി.എഫിന് കഴിഞ്ഞു. പൊതുവെ പറഞ്ഞാല്‍ സി.പി.എമ്മിന് നല്ല രാഷ്ട്രീയാടിത്തറയുള്ളസ്ഥലങ്ങള്‍ ഒന്നിച്ചുവരുന്ന മണ്ഡലമാണ് തൃപ്പൂണിത്തുറ.
യു.ഡി.എഫ്. മണ്ഡലമെന്ന് അറിയപ്പെടുന്ന എറണാകുളം പുനര്‍നിര്‍ണയം കഴിഞ്ഞപ്പോള്‍ ഐക്യമുന്നണിക്ക് കൂടുതല്‍ അനുകൂലമായി. ഇരുമുന്നണികള്‍ക്കും നല്ല അടിത്തറയുള്ള മുളവുകാട് പഞ്ചായത്ത് എറണാകുളം മണ്ഡലത്തില്‍ നിന്ന് വിട്ടുപോയപ്പോള്‍, പകരംവന്ന ചേരാനല്ലൂര്‍ പഞ്ചായത്ത് യു.ഡി.എഫിന് അനുകൂലമായെന്നാണ് സൂചന. പറവൂരില്‍ രാഷ്ട്രീയ വോട്ട് ഇടതുമുന്നണിക്കാണ് കൂടുതല്‍. പുനര്‍നിര്‍ണയത്തില്‍ അതിര്‍ത്തികള്‍ മാറിയപ്പോള്‍ ഇടതുമുന്നണിക്ക് കൂടുതല്‍ പ്രതീക്ഷ വന്നിരിക്കുകയാണ്. സി.പി.എമ്മിന് നല്ല അടിത്തറയുള്ള വടക്കേക്കര, ചിറ്റാറ്റുകര പഞ്ചായത്തുകള്‍ പറവൂരില്‍ ചേര്‍ന്നു. എന്നാല്‍ യു.ഡി.എഫ്. ഭൂരിപക്ഷപ്രദേശമായ വരാപ്പുഴ, പറവൂരിനോട് കൂട്ടിച്ചേര്‍ത്തത് അവര്‍ക്ക് ആത്മവിശ്വാസം നല്‍കുന്നുണ്ട്.
മട്ടാഞ്ചേരി കൊച്ചി മണ്ഡലമായി അതിര്‍ത്തിമാറിയപ്പോള്‍ യു.ഡി.എഫിന് ശക്തികൂടുന്നുണ്ട്. പുതിയ കൊച്ചിയിലേക്ക് ചെല്ലാനം, കുമ്പളങ്ങി പഞ്ചായത്തുകള്‍ ചേര്‍ന്നപ്പോള്‍ അത് യു.ഡി.എഫിന് ഗുണം ചെയ്യുന്നതായി.
പഴയ ഞാറയ്ക്കല്‍ മണ്ഡലം വൈപ്പിനായി മാറിയപ്പോള്‍ മുളവുകാട് പഞ്ചായത്ത് കൂട്ടിച്ചേര്‍ക്കപ്പെട്ടു. രാഷ്ട്രീയബലത്തില്‍ ഇരുപക്ഷവും തുല്യശക്തികളായതിനാല്‍ പുനര്‍നിര്‍ണയം പ്രത്യേകിച്ച് ആര്‍ക്കും ഗുണം ചെയ്യുന്നില്ല. ആലുവ മണ്ഡലത്തിന്റെ അതിര്‍ത്തിമാറിയപ്പോള്‍ പ്രത്യക്ഷത്തില്‍ അത് യു.ഡി.എഫിന്റെ ശക്തി വര്‍ധിപ്പിച്ചിരിക്കുകയാണ്. കൈവിട്ടുപോയ കളമശ്ശേരി, ഏലൂര്‍ മേഖലയ്ക്കുപകരം കൂട്ടിച്ചേര്‍ക്കപ്പെട്ട കാഞ്ഞൂര്‍, നെടുമ്പാശ്ശേരി പഞ്ചായത്തുകള്‍ യു.ഡി.എഫിന് കരുത്ത് കൂട്ടും. ഇതോടൊപ്പം വന്ന ശ്രീമൂലനഗരം, ചെങ്ങമനാട് പഞ്ചായത്തുകളില്‍ ഇരുപക്ഷവും തുല്യശക്തികളാണ്. അങ്കമാലി പൊതുവെ യു.ഡി.എഫിന് മുന്‍തൂക്കമുള്ള മണ്ഡലമാണ്. സി.പി.എമ്മിന് രാഷ്ട്രീയ പിന്‍ബലമുള്ള പാറക്കടവ് പഞ്ചായത്തുകൂടി കൂട്ടിച്ചേര്‍ത്തിട്ടുണ്ടെങ്കിലും പാര്‍ട്ടി വോട്ടിന്റെ കാര്യത്തില്‍ ഐക്യമുന്നണിക്കുതന്നെയാണ് മുന്‍തൂക്കം.
പാലക്കാട് ജില്ലയില്‍ പുനര്‍നിര്‍ണയത്തെത്തുടര്‍ന്ന് കുഴല്‍മന്ദം, കൊല്ലങ്കോട്, ശ്രീകൃഷ്ണപുരം മണ്ഡലങ്ങള്‍ ഇല്ലാതായി. പകരം തരൂര്‍, നെന്മാറ, കോങ്ങാട് മണ്ഡലങ്ങള്‍ നിലവില്‍വന്നു. നിയമസഭാമണ്ഡലങ്ങളില്‍ തൃത്താല, പൊന്നാനി ലോക്‌സഭാ മണ്ഡലത്തിന്റെ ഭാഗമാണ്. നേരത്തേ ഇത് ഒറ്റപ്പാലം ലോക്‌സഭാ മണ്ഡലത്തിന്റെ ഭാഗമായിരുന്നു. ഒറ്റപ്പാലത്തിനുപകരം നിലവില്‍ വന്ന പട്ടികജാതി സംവരണ മണ്ഡലമായ ആലത്തൂരില്‍ തരൂര്‍(എസ്.സി.), ചിറ്റൂര്‍, നെന്മാറ, ആലത്തൂര്‍ എന്നീ മണ്ഡലങ്ങളും തൃശ്ശൂര്‍ ജില്ലയിലെ ചേലക്കര(എസ്.സി.), കുന്ദംകുളം, വടക്കാഞ്ചേരി മണ്ഡലങ്ങളുമാണ്.
കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ പട്ടാമ്പിയും ചിറ്റൂരും മാത്രമാണ് യു.ഡി.എഫ്. സ്ഥാനാര്‍ഥികള്‍ വിജയിച്ചത്. ശേഷിച്ച ഒമ്പതിലും ഇടതുപക്ഷത്തിനായിരുന്നു വിജയം. ഇതില്‍ മണ്ണാര്‍ക്കാട് സി.പി.ഐ.യും ശേഷിച്ച സ്ഥലങ്ങളില്‍ സി.പി.എമ്മും വിജയിച്ചു. നിയമസഭാ മണ്ഡല പുനര്‍നിര്‍ണയം ഇടതുമുന്നണിക്ക് മേല്‍ക്കൈ നല്‍കുംവിധമായിരുന്നുവെങ്കിലും ലോക്‌സഭ, പഞ്ചായത്ത് തിരഞ്ഞെടുപ്പുകള്‍ കഴിഞ്ഞതോടെ ഇരുമുന്നണികളും പകുതിയെന്നോണം വീതംവെക്കുന്നു. എല്‍.ഡി.എഫിന് മണ്ഡല പുനര്‍നിര്‍ണയം വഴി പ്രതീക്ഷിച്ച നേട്ടം ഉണ്ടാക്കാനായില്ലെന്നാണ് ഇത് സൂചിപ്പിക്കുന്നത്.
പഞ്ചായത്ത് തിരഞ്ഞെടുപ്പിലെ സ്ഥിതിഗതികള്‍ പരിഗണിക്കുമ്പോള്‍ കോങ്ങാട്, മണ്ണാര്‍ക്കാട്, ചിറ്റൂര്‍, പാലക്കാട്, പട്ടാമ്പി മണ്ഡലങ്ങളില്‍ യു.ഡി.എഫിന് മേല്‍ക്കൈയുണ്ട്. മണ്ഡല പുനര്‍വിഭജനത്തെത്തുടര്‍ന്ന് ജില്ലയില്‍ അധികമായിവന്ന ഷൊറണൂരില്‍ സി.പി.എമ്മിന് അനുകൂലമാണ് സ്ഥിതിഗതികളെങ്കിലും എം.ആര്‍. മുരളിയുടെ നേതൃത്വത്തിലുള്ള ഇടതുപക്ഷ ഏകോപന സമിതിയുടെ നിലപാടും ഇവിടെ നിര്‍ണായകമാണ്. എന്നാല്‍ ഒറ്റപ്പാലം, ആലത്തൂര്‍, തരൂര്‍, മലമ്പുഴ എന്നിവിടങ്ങളില്‍ എല്‍.ഡി.എഫിന് മേല്‍ക്കൈയുണ്ട്. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ സി.പി.എമ്മിന് സംസ്ഥാനത്തെ ഏറ്റവും കൂടിയ ഭൂരിപക്ഷങ്ങളിലൊന്ന് ആലത്തൂരായിരുന്നു. കഴിഞ്ഞ പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ പാലക്കാട് ജില്ലയിലെ 91 പഞ്ചായത്തുകളില്‍ 45 എണ്ണം എല്‍.ഡി.എഫും 42 പഞ്ചായത്തുകളില്‍ യു.ഡി.എഫും മേധാവിത്വം സ്ഥാപിച്ചു. ബാക്കി പഞ്ചായത്തുകളില്‍ ഇരുവിഭാഗവും ഭൂരിപക്ഷം ഉന്നയിക്കുന്നുണ്ട്.