എത്ര പെട്ടെന്നാണ് മെഡിക്കല്‍ കോളേജിലെ പൂമരുതുകളുടെ ചോട്ടില്‍നിന്ന് അന്‍സാര്‍ ദില്ലിയിലേക്കും വിനോദ് ചണ്ടിഗഢിലേക്കും സാജന്‍ അഹമ്മദാബാദിലെക്കും പി.ജി പഠനത്തിനുപോയത്. രാജീവ് മാത്രം തിരുവനന്തപുരത്തെ പഴയ മെഡിക്കല്‍ വാര്‍ഡിലേക്ക് തിരിച്ചുവന്നു. 1992 ന്റെ തുടക്കത്തില്‍ ഇന്റേണല്‍ മെഡിസിന്‍ പി.ജി വിദ്യാര്‍ത്ഥിയായി അവന്‍ കൊളേജില്‍ ചേര്‍ന്നു.
പതിനാറാം നമ്പര്‍ ബെഡ്ഡില്‍ നിന്ന് ഹരിഹരനെ അവസാനത്തെ തവണ ഡിസ്ചാര്‍ജ്് ചെയ്തത് അതിന് ഒരാഴ്ച മുമ്പായിരുന്നു. രണ്ട് വര്‍ഷം കൊണ്ട് അയാളുടെ അവസ്ഥ തീരെ മോശമായി. ഫോറം വില്‍പ്പനയും പൂരിപ്പിക്കലും ചെരിപ്പുതുന്നലും എല്ലാമിപ്പോള്‍ സുലൈമാനാണ്. ഹരിഹരന് കഴിയുന്നത് കത്തെഴുതുക മാത്രം. പതിവുപോലെ ഇക്കൊല്ലവും പുതുവത്സരത്തിന് സുലൈമാന്‍ തല്ലുകൂടി. നിസ്സാരമായിരുന്നു തുടക്കം. ജമാ അത്ത് കമ്മറ്റിയിലെ പുതുമുഖം അബുബക്കര്‍ പ്രഭാതനടത്തം കഴിഞ്ഞു വരുന്ന വഴി സുലൈമാന്റെ അടുത്തുവന്നു. മുമ്പ് പള്ളിയേയും ഖത്തീബിനെയും പരിഹസിച്ചിരുന്ന സുലൈമാന്റെ ചിത്രം അയാളുടെ ഓര്‍മയിലുണ്ട്.
'എടാ, അറിഞ്ഞല്ലോ, നിന്റെ സ്വര്‍ഗരാജ്യം പതിനാറ് കഷണമായി പെരുവഴീല്‍ കെടക്കുന്നു(1). വലുതും ചെറുതുമായി പതിനാറ് സ്വര്‍ഗം. കബറടക്കം കഴിഞ്ഞ് നീ ഏതിലാണ് താമസിക്കാന്‍ പോകുന്നത്?'
'ഞങ്ങള്‍ തിരിച്ചുവരും. ദൂമയില്‍ ഇപ്പോഴും ഞങ്ങള്‍ക്കാ ഭൂരിപക്ഷം'.
കൈവിരല്‍ കൊണ്ടുള്ള സുഖകരമല്ലാത്ത അംഗവിക്ഷേപത്തോടൊപ്പം 'നിന്റെ മറ്റവന്റെ ഒരു ദൂമ' എന്ന് പറഞ്ഞുതീര്‍ന്നയുടന്‍, 'സുലൈമാനി, വേണ്ട' എന്ന് ഹരിഹരന് പറയാനിടം കിട്ടുന്നതിനു മുമ്പുതന്നെ സുലൈമാന്റെ അടി കൃത്യമായി അബൂബക്കറിന്റെ മുഖത്തുവീണു. അതിന്റെ പോലീസ് ഇതുവരെ എത്തിയിട്ടില്ല. പക്ഷെ വരും. വരികതന്നെ ചെയ്തു.
ഹരിഹരയ്യര്‍ രക്തം ചുമച്ചുതുപ്പിയ അന്ന് രാത്രി. പതഞ്ഞു പുറത്തുവന്ന കഫത്തില്‍ പിങ്ക് നിറത്തിലുള്ള പാമ്പിന്‍ കുഞ്ഞുങ്ങളെ പോലെ രക്തം ചുരുണ്ടുകൂടി കിടന്നു. തന്റെ ശ്വാസകോശങ്ങള്‍ സര്‍പ്പക്കാവുകളായി മാറിക്കഴിഞ്ഞെന്ന് ഹരിഹരന് ബോധ്യമായി. നെഞ്ചില്‍ നിന്ന് കഴുത്തിലേക്കുകയറി നാവില്‍ നീലനിറത്തില്‍ കരിനാഗങ്ങള്‍ പത്തിതാഴ്ത്തി കിടക്കുന്നു. രക്തക്കുഴലുകള്‍ ശ്വാസകോശങ്ങളിലേക്ക് പോകുന്നതിന് പകരം ചര്‍മ്മത്തിന്റെ ഉപരിതലത്തിലേക്ക് തുറന്ന് പ്രാണവായു നേരിട്ട് വലിച്ചെടുത്തിരുന്നെങ്കില്‍... അയാള്‍ ആഗ്രഹിച്ചുപോയി.
മെഡിക്കല്‍കോളേജിലേക്ക് ഹരിഹരനെ കൊണ്ടുപോകാനായി ഓട്ടോ റിക്ഷ കാത്ത് ശ്രീചിത്തിരതിരുനാള്‍ ഗ്രന്ഥശാലയുടെ മുന്നില്‍ നില്‍ക്കുമ്പോള്‍ സുലൈമാനെ അന്വേഷിച്ചു പോലീസ് ജീപ്പ് വന്നു. ജീപ്പിന്റെ പുറകില്‍ തുറന്നുവെച്ച ഹാഫ് ഡോറിനെ നോക്കി സുലൈമാന്‍ പറഞ്ഞു.
'സാര്‍, ഹരിയെ ആശുപത്രിയിലാക്കിയ ശേഷം ഉടന്‍ തന്നെ സ്റ്റേഷനില്‍ വന്നോളാം'.
ജീപ്പിന്റെ വാതില്‍ ബലിഷ്ടമായ ഒരു കൈയ്യായി നീണ്ടുവന്ന് സുലൈമാന്റെ മടിക്കുത്തില്‍ പിടിച്ചുവലിച്ചകത്തിട്ടു. അകത്തെ കറുകറുപ്പില്‍ ഇരുട്ടിനെയെങ്കിലും തിരിച്ചറിയാന്‍ കണ്ണുകള്‍ ശ്രമിച്ചുകൊണ്ടിരിക്കേ, മുതുകത്തുവീണ ആദ്യത്തെ ഇടിയില്‍ തന്നെ ശ്വാസം വിലങ്ങി ജീപ്പിനുള്ളില്‍ നിലത്ത് സുലൈമാന്‍ ഇരുന്നു.
ഹരിഹരന്റെ ഓര്‍മ്മ തീരെ മങ്ങിപ്പോയിരുന്നു. എന്താണ് സംഭവിച്ചതെന്ന് അയാള്‍ക്ക് മനസ്സിലായില്ല. സുലൈമാന്‍ എവിടെ? ആരാണ് അയാളെ കൂട്ടിക്കൊണ്ടുപോയത്? രാത്രിയുടെ ഇലപ്പടര്‍പ്പുകളെ വകഞ്ഞുമാറ്റി 'സുലൈമാനി' എന്ന് ഹരിഹരന്‍ വിളിച്ചു. പക്ഷെ ഓരോപ്പു കടലാസിനെപോലെ ഇരുട്ട് അയാളുടെ ശബ്ദത്തെ വലിച്ചെടുത്തുകളഞ്ഞു.. ശരീരത്തിനു മേലുള്ള തന്റെ നിയന്ത്രണം നഷ്ടപ്പെടുകയാണ്. നെഞ്ച് ഒരു നീര്‍ത്തടാകം പോലെ കെട്ടി നിറയുന്നു. വേഗം മെഡിക്കല്‍ കോളേജില്‍ എത്തണം. ഒന്നാം വാര്‍ഡില്‍ എത്രയെത്ര ഡോക്ടര്‍മാര്‍ കേട്ട ഒരു ഹൃദയമാണ് ഉള്ളില്‍ കിടന്നു വെമ്പുന്നത്! ചുറ്റും നനഞ്ഞുകുതിര്‍ന്നു തുടങ്ങിയിരുന്ന അന്ധകാരത്തിലൂടെ മെഡിക്കല്‍ കോളേജിലേക്കുള്ള വഴി ഓര്‍മ്മയില്‍ പരതി ഹരിഹരന്‍ നടന്നു. എങ്കിലും മുമ്പൊരിക്കലും ഉണ്ടായിട്ടില്ലാത്ത ഒരു പ്രശാന്തത അനുഭവപ്പെടുന്നതായി അയാള്‍ക്ക് തോന്നി. എന്താണ് തനിക്ക് സംഭവിക്കാന്‍ പോകുന്നതെന്ന് ഉടന്‍ അയാള്‍ക്ക് വെളിപ്പെട്ടു. പൊടുന്നനെ ശബ്ദവും വെട്ടവും കൂടിക്കുഴഞ്ഞ് ഒറ്റ ബിന്ദുവിലേക്ക് ചുരുങ്ങി, ഹരിഹരന്‍ അതിനുള്ളില്‍ മുങ്ങി താഴ്ന്നു.
രാത്രി പെട്രോളിംഗ് നടത്തുകയായിരുന്ന ട്രാഫിക് പോലിസ് ഹരിഹരനെ മെഡിക്കല്‍കോളേജ് കാഷ്വാല്‍റ്റിയില്‍ എത്തിക്കുമ്പോള്‍, പെയ്തുകഴിഞ്ഞ് അവശേഷിച്ച ഒറ്റ ജലത്തുള്ളിയെ പോലെ ഹൃദയമിടിപ്പും ശ്വസനവും ഇറ്റുവീഴാന്‍ ഒരുങ്ങിനില്‍ക്കുകയായിരുന്നു. തീവ്രപരിചരണത്തിനായി കാഷ്വാല്‍റ്റിയിലെ ഒബ്‌സെര്‍വേഷന്‍ റൂമില്‍ കിടത്തിയ ശേഷം ഡ്യുട്ടി ഡോക്ടര്‍ രോഗിയെ വാര്‍ഡിലേക്ക് അയച്ചെങ്കിലും, ഒരു അഡ്മിഷന്‍ ദിനത്തിന്റെ രാത്രിയില്‍ ഒന്നാംവാര്‍ഡില്‍ ഉണ്ടാകുന്ന തിക്കും തിരക്കും കൂട്ടക്കുഴച്ചിലും നേരിട്ട് കണ്ടിട്ടുള്ളവര്‍, ഹരിഹരനെ പോലെ കൂട്ടിരിപ്പുകാരില്ലാത്ത ഒരു രോഗി, രാവിലെ വാര്‍ഡിന്റെ വരാന്തയില്‍ മരിച്ചു കിടന്നത് അസ്വാഭാവികമായി കരുതില്ല. ചുറ്റും ആരുമില്ലാതെ പോയതിനാല്‍ അയാള്‍ എപ്പോഴാണ് മരിച്ചതെന്നോ, മരണസമയത്ത് എന്താണ് പറഞ്ഞതെന്നോ, എന്തെങ്കിലും പറയാന്‍ അയാള്‍ ആഗ്രഹിച്ചിരുന്നുവെന്നോ അറിയാനായില്ല.
രാജീവ് വിവരങ്ങള്‍ അറിഞ്ഞത് നേരം പുലര്‍ന്നതിനു ശേഷമാണ്. രാവിലെ പി.ജി ഹോസ്റ്റലില്‍ നിന്ന് ആശുപത്രിയിലേക്ക് വരുന്നവഴി മെയിന്‍ഗേറ്റിനു മുന്നില്‍ വലിയ ബഹളവും ആളുകള്‍ ഓടികൂടുന്ന ശബ്ദവും കേട്ട് അവന്‍ അവിടേയ്ക്ക് ചെന്നു.
'അയാളെ പിടിച്ചു നിറുത്തൂ, ലോക്കപ്പില്‍ നിന്ന് ചാടിപോന്നതാണ്!' എന്ന് ആരോ വിളിച്ചു പറയുന്നു. തൊട്ടു പുറകെ സുലൈമാന്‍ ആശുപത്രി കവാടത്തിലേക്ക് ഓടിവരുന്നതും പോലീസ് അയാളെ പിന്തുടരുന്നതും കണ്ടു.
'അടിച്ചു വീഴ്ത്തവനെ!'
പുതുവര്‍ഷം പ്രമാണിച്ച് ആശുപത്രി പരിസരം ശുചീകരിക്കാന്‍ എത്തിയ യുവജനസംഘടയുടെ നേതാവ് മുന്നോട്ടുവന്ന് സുലൈമാനെ ഒറ്റയടിക്കു നിലത്തുവീഴ്ത്തി. അടിയുടെ ശക്തിയില്‍ താനാരാണെന്നും എവിടെയാണെന്നും ഓര്‍ക്കാന്‍ കുറെനേരത്തേക്ക് അയാള്‍ക്ക് കഴിഞ്ഞില്ല. അപ്പോഴേക്കും പോലീസ് അയാളെ പൊക്കിയെടുത്ത് ജീപ്പിലേക്ക് എറിഞ്ഞു കഴിഞ്ഞിരുന്നു.
'അയാളെ വിട്! എനിക്കയാളെ അറിയാം' എന്ന് വിളിച്ചു കൊണ്ട് രാജീവ് ഓടിയെത്തുമ്പോഴേക്കും ജീപ്പ് ആശുപത്രിയുടെ പ്രധാന കവാടം കടന്നുകഴിഞ്ഞിരുന്നു.
ജീപ്പിന്റെ പുറകില്‍ പോലീസുകാരുടെ നടുവില്‍ എഴുന്നേറ്റിരുന്നു കൊണ്ട് സുലൈമാന്‍ പറഞ്ഞു.
'എനിക്ക് എന്റെ സഖാവിനെ കാണണം'.
'മിണ്ടാതിരുന്നോ, നീ എന്റെ കൈകൊണ്ടു തീരും'.
'അല്ലെങ്കില്‍ ഞാന്‍ ഇനിയും ചാടും'.
'നിന്റെ സഖാവിന്റെ പ്രതിമ റോഡില്‍ അടിച്ചു പൊട്ടിച്ച് ആളുകള്‍ അരിശം തീര്‍ക്കുകയാണ്(2). ദാ, ഇങ്ങനെ'. ഹെഡ് കോണ്സ്റ്റബിള്‍ പത്മനാഭന്‍ സുലൈമാന്റെ തലയുടെ പിന്‍ഭാഗം പിടിച്ചു താഴ്ത്തി, കഴുത്തിനും വലതു തോളിനുമിടയില്‍ മുഷ്ടിചുരുട്ടി ആഞ്ഞോരിടികൊടുത്തു.
ഒരു നിമിഷം അറച്ചുനിന്ന ശേഷം വേദന പൊടുന്നനെ വെന്തുപൊങ്ങി രണ്ടായി പിരിഞ്ഞ്, ഒന്ന് വലതു തോളിന്റെ അസ്ഥിസന്ധിയെ ഞെരിച്ചു വിരലുകളുടെ കുഴകളിലൂടെ അയാള്‍ പിടിച്ചിരുന്ന ഇരുമ്പു കമ്പിയില്‍ കുത്തിക്കയറി. അടുത്തത്, നെട്ടെല്ലിലൂടെ താഴേക്ക് തുരന്നിറങ്ങി അരക്കെട്ടിനെ ചവുട്ടിമെതിച്ച് കുടലുകളെയും മൂത്രാശയത്തേയും ഞെക്കിപ്പിഴിഞ്ഞ ശേഷം രണ്ടായി തിരിഞ്ഞ് താഴെ തുടകളിലൂടെ പാദങ്ങളെത്തുളച്ച് ജീപ്പിന്റെ ലോഹപ്രതലത്തില്‍ തറച്ചുനിന്നു. അതിഭയങ്കരമായി ചര്‍ദ്ദിക്കാനും വിസര്‍ജ്ജിക്കാനും തോന്നിയ വ്യഗ്രതയെ കടിച്ചമര്‍ത്തി ഒന്നും ശബ്ദിക്കാനാവാതെ സുലൈമാന്‍ അവിടെ തന്നെയിരുന്നു.
******
'ജള പ്രഭുത്വമസ്തകം പൊളിച്ചുകൊണ്ടുകേറുവാന്‍
ചലിച്ചിടാതെ ഞങ്ങളോവരുന്നിതാ ജനങ്ങളും'.
1947 ജൂണ്‍ 13 ന് നടന്ന വെടിവെയ്പ്പിനെതിരെ പ്രതിഷേധിക്കാന്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥികളുടെയും കോളേജ് വിദ്യാര്‍ത്ഥികളുടെയും ഒരു സംഘം പള്ളിമുക്കില്‍ ഒത്തുകൂടിയിരിക്കുകയാണ്. വെടിവെയ്പ്പില്‍ മൂന്ന് പേരാണ് മരിച്ചത്. മരിച്ചവരില്‍ ഒരാള്‍ 14 വയസ്സുകാരനായ രാജേന്ദ്രന്‍ എന്ന വിദ്യാര്‍ത്ഥിയാണ്.
സംഭവത്തെ കുറിച്ച് തിരുവിതാംകൂര്‍ ഗവണ്മന്റ് പ്രസ്സ് നോട്ടില്‍ എഴുതിയിരുന്നത് ഇങ്ങനെയാണ്.
അസ്വസ്ഥതകളുടെ ഫലമായി ഉദ്ദേശം പതിനാറുപേര്‍ക്ക് മുറിവേറ്റിട്ടുണ്ട്. മുറിവേറ്റവരില്‍ ഉള്‍പ്പെട്ട ഒരു വാണിയന്‍ ജനറല്‍ ആശുപത്രിയില്‍ മരിച്ചു. സ്റ്റേറ്റ് കോണ്‍ഗ്രസ്സ് ആക്രമപരമായ ഒരു സമരത്തിനിറങ്ങിയിരിക്കുന്നു എന്ന് ഈ സംഭവങ്ങള്‍ തെളിയിക്കുന്നു. പല കൊളേജുകളിലും സ്‌കൂളുകളിലും ഉള്ള വിദ്യാര്‍ത്ഥികളെയും അവര്‍ പണിമുടക്കിനായി പ്രേരിപ്പിക്കുന്നു.
പ്രകടനത്തില്‍ പങ്കെടുക്കാനെത്തിയ ശ്രീമൂല വിലാസം സ്‌കൂളിലെ വിദ്യാര്‍ത്ഥിയായ ഹരിഹരന്റെ തൊട്ടടുത്തു നിന്നിരുന്ന മെലിഞ്ഞ ഒരു പയ്യന്‍ പറഞ്ഞു.
'ഞാന്‍ സുലൈമാന്‍. താങ്കളുടെ ആരാധകനും അനുയായിയും'. ഹരിഹരന്‍ അത്ഭുതപ്പെട്ടു. തനിക്കും ഒരനുയായിയോ?
'ഞാന്‍ കണ്ടിട്ടില്ലല്ലോ'.
'നമ്മള്‍ ഒരു സ്‌കൂളിലാണ്. ഞാന്‍ ഞാന്‍ ഒരു വര്‍ഷം ജൂനിയര്‍. സ്റ്റഡി ക്ലാസ്സുകളില്‍ ഞാന്‍ പങ്കെടുക്കാറുണ്ട്'.
'പ്രസ്ഥാനത്തില്‍ ആദ്യമായിട്ടാണോ?'
'അല്ല. പേട്ടയില്‍ ഞാനുണ്ടായിരുന്നു. മലയിന്‍കീഴും, നെയ്യാറ്റിന്‍കരയിലും പെരിങ്ങമലയിലും സഖാവിനെ ഞാന്‍ പിന്തുടര്‍ന്നു. നിങ്ങളാണ് എന്റെ നേതാവ്'.
നൂറുകണക്കിന് വിദ്യാര്‍ത്ഥികള്‍ വന്നുനിറയുകയാണ്. ഒരു കൂറ്റന്‍ തിരമാലയായി നഗരവീഥികളുടെ മുകളിലൂടെ അത് ഉയര്‍ന്നുപൊങ്ങി.
കടക്കുവിന്‍ കടക്കുവിന്‍ കടക്കുവിന്‍ വിദേശികള്‍
കടന്നുപോകിനിക്കരയ്ക്കു വേണ്ട നിങ്ങളിത്തരം.
സ്വതന്ത്രമാണു വഞ്ചിനാടിതെന്നു ചോല്‍വതതാരഹോ,
കുതന്ത്രശാലി സത്തമന്‍ വിദേശിയായ മന്ത്രിയോ?
ഭാരതീയരാണു നമ്മള്‍ കേരളീയരൊക്കെയും
ഭാരതീയരായി നിന്നു വാഴണം ജയിക്കണം. (3)
പിറ്റേന്ന് മൂന്ന് പോലീസുകാര്‍ കോണ്‍സ്റ്റബിള്‍ കൊലാപ്പിള്ളയുടെ നേതൃത്വത്തില്‍ ശ്രീമൂല വിലാസം സ്‌കൂളിലെത്തി ഹരിഹരനെയും സുലൈമാനെയും പോലീസ് സ്റ്റേഷനിലേക്ക് കൊണ്ടുവന്നു. ഹെഡ് കോണ്സ്റ്റബിള്‍ വൈദ്യനാഥന്‍ ആദ്യം ആവശ്യപ്പെട്ടത് സ്‌കൂള്‍ ട്രൗസര്‍ ഊരിവെയ്ക്കാനാണ്. ട്രൗസര്‍ ഊരാന്‍ തുടങ്ങിയ ഹരിയോട് 'മോനോടല്ല, മാറിനില്‍ക്ക് ' എന്ന് വൈദ്യനാഥന്‍ പറഞ്ഞു.
ശൂന്യാകാശത്തില്‍ നിന്ന് താഴേക്ക് പതിച്ച വിളഞ്ഞ ചൂരലിന്റെ ആദ്യ പ്രഹരത്തില്‍ തന്നെ സുലൈമാന്റെ ശരീരം രണ്ടായി പിളര്‍ന്നു.
'പഠിച്ചു വലുതാവേണ്ട കുട്ടികളെ നശിപ്പിക്കും, അല്ലേടാ'.
ഹരിക്ക് വീണ്ടും ശ്വാസം മുട്ടി. പുറത്തേക്ക് ചാടാന്‍ തുടങ്ങിയ ഹൃദയത്തെ അയാള്‍ അമര്‍ത്തി പ്പിടിച്ചു.
'ഞാനാണ് അവന്റെ നേതാവ്. എന്നെയാണ് തല്ലേണ്ടത്'.
'മോന്‍ നമ്മുടെ കുട്ടിയാണ്. മണിശങ്കരന്‍ പറഞ്ഞിട്ടുണ്ട്. കോലാപ്പിള്ളേ'.
ഹരിഹരനെ കൊലാപ്പിള്ള ഇന്‍സ്‌പെക്ടര്‍ വേലായുധന്‍ നാടാരുടെ മുറിയില്‍ കൊണ്ടുപോയി കുറ്റിയിട്ടു.
വേദനയുടെ കൂര്‍ത്ത മുനയില്‍ നില്‍ക്കുമ്പോള്‍ സുലൈമാന്‍ അത്ഭുതകരമായ ഒരു സത്യം കണ്ടുപിടിച്ചു. തനിക്ക് ശരീരത്തില്‍ നിന്ന് പുറത്തേക്ക് ഇറങ്ങിവരാന്‍ കഴിയും! സെല്ലിന്റെ അഴികളില്‍ പിടിച്ചു നില്‍ക്കുന്ന തന്റെ ശരീരത്തിന് മേല്‍ പതിനാറ് തവണ ചൂരല്‍ ആഞ്ഞുവീഴുന്നത് റൈറ്ററുടെ മേശയുടെ അടിയിലിരുന്നു കൊണ്ട് സുലൈമാന്‍ എണ്ണി. പതിനേഴാമത്തേതിന് മുമ്പ് താഴെ വീണുപോയ കുട്ടിയെ വീണ്ടും അടിക്കാനോങ്ങിയ വൈദ്യനാഥനു മുമ്പില്‍ കോലാപ്പിള്ള കയറി നിന്നു.
'ഞാനാണ് വിളിച്ചിറക്കിയത്. തന്റെ സൂക്കേട് എന്റെ ചെലവില്‍ തീര്‍ക്കേണ്ടട.
നിലത്തുകിടക്കുന്ന ശരീരത്തിന് നേരെ വിരല്‍ ചൂണ്ടി വൈദ്യനാഥന്‍ വിളിച്ചു പറഞ്ഞു.
'ദാ, ഇതുപോലെ മിണ്ടാതെ കിടന്നോണംട.
പിതൃസ്വത്തായി ലഭിച്ച സൈക്കിളില്‍ കാലൂന്നി ഹരിഹരനുവേണ്ടി പത്മതീര്‍ത്ഥകുളത്തിന്റെ കരയില്‍ അടുത്തദിവസം സുലൈമാന്‍ കാത്തുനിന്നു. സ്വതന്ത്രവും ധീരവുമായ പുതിയ ലോകത്തേക്കുള്ള അവരുടെ ആ യാത്രയുടെ ഓര്‍മ്മയില്‍ സുലൈമാന്റെ ശരീരം കൊരിത്തരിച്ചു.
സ്റ്റേഷനുള്ളില്‍ പ്രത്യേക മൂലയില്‍ ഭിത്തിയോട് ചാരിനിറുത്തി സുലൈമാന്റെ മുതുകത്ത് രണ്ടാമത്തെ ഇടി കൊടുക്കാന്‍ ഹെഡ് കോണ്സ്റ്റബിള്‍ പത്മനാഭന്‍ ഒരുങ്ങുമ്പോഴും സുലൈമാന്‍ പഴയ ഓര്‍മ്മകളിലായിരുന്നു. പെട്ടെന്ന് ഇടി പിന്‍വലിച്ച് ഒട്ടും വിശ്വസിക്കാനാവാതെ പത്മനാഭന്‍ സ്വന്തം കൈകളിലേക്ക് നോക്കി. സര്‍വീസില്‍ ആദ്യമായിട്ടാണ് തന്റെ ഇടിയില്‍ ഒരു പുള്ളിക്ക് രോമാഞ്ചം ഉണ്ടാകുന്നത്. ലോകത്ത് ചില മാറ്റങ്ങള്‍ സംഭവിക്കുന്നുണ്ട്. തല്‍ക്കാലം തുടര്‍മര്‍ദ്ദനം റദ്ദാക്കാം.
*******
വാക്കു തന്നപോലെ ഹരിഹരന്‍ ഒടുവില്‍ ഒരു ഫോസില്‍ മരമായി ഉയര്‍ത്തെഴുന്നേല്‍ക്കുക തന്നെ ചെയ്തു.
മെഡിക്കല്‍കോളേജിലെ ഇന്റേണല്‍ മെഡിസിന്‍ വിഭാഗം സംഘടിപ്പിക്കുന്ന ക്ലിനിക്കല്‍ ക്ലബ് ആരംഭിക്കുകയാണ്. സവിശേഷമായ മെഡിക്കല്‍കേസുകളെ കുറിച്ച് മുതിര്‍ന്ന ഡോക്ടര്‍മാര്‍ ഇന്ന് ചര്‍ച്ച ചെയ്യും. യൂണിറ്റ് ചീഫുമാരും അസോസിയേറ്റ്, അസിസ്റ്റന്റ് പ്രൊഫസര്‍മാരും ബിരുദാനന്തര ബിരുദ വിദ്യാര്‍ത്ഥികളും മെഡിസിന്‍ ലക്ചര്‍ ഹാളില്‍ വന്നു നിറഞ്ഞു. മുഖ്യാതിഥിയും ഡിപ്പാര്‍ട്ട്‌മെന്റിന്റെ മുന്‍മേധാവികളില്‍ ഒരാളുമായ പ്രൊഫസര്‍ ശങ്കരനാരായണനും എത്തിച്ചേര്‍ന്നു.
ഞങ്ങളുടെ പ്രൊഫസര്‍ എഴുന്നേറ്റു.
'ശരീരത്തിന്റെയും ആത്മാവിന്റെയും മേല്‍ ഇരുള്‍ മൂടി കിടന്നിരുന്ന പാപിഷ്ടമായ രോഗതുരതയുടെ ഭൂതകാലത്തില്‍ നിന്ന് നാം പുറത്തു വന്നിരിക്കുന്നു. സ്വാതന്ത്ര്യത്തിന്റെ കാഠിന്യത്തെ അതിജീവിക്കുന്നവ നിലനില്‍ക്കും. ചരിത്രം പുരാവസ്തുക്കളിലൂടെ കഥാരചന തുടരുകയും ചെയ്യും'.
തുടര്‍ന്ന് മുഖ്യാതിഥി പ്രൊഫസര്‍ ശങ്കരനാരായണന്‍ വേദിയുടെ മുന്നിലേക്ക് വന്ന് വെള്ള തിരശ്ശീല കൊണ്ട് മറച്ചുവച്ചിരുന്ന ഒരു സ്‌പെസിമെന്‍ അനാച്ഛാദനം ചെയ്തതു.
ഹരിഹരന്റെ എംബാംചെയ്ത ശരീരത്തില്‍നിന്ന് മുറിച്ചുമാറ്റിയ ഹൃദയമായിരുന്നു അത്. ഭാവിയിലെ എല്ലാ ഭിഷഗ്വരന്മാര്‍ക്കുംവേണ്ടി അത് സംരക്ഷിക്കപ്പെടും.
വിദ്യാര്‍ത്ഥികള്‍ക്ക് കൗതുകം അടക്കാനായില്ല. മൂന്നാംവര്‍ഷം മുതല്‍ തങ്ങള്‍ കേട്ടിരുന്ന വിചിത്രമായ ഹൃദയാലാപത്തിന്റെ ഉറവിടത്തെ ഫോര്‍മാലിന്‍ നിറച്ച ജാറിനുള്ളില്‍ അവര്‍ നേരിട്ട് കാണുകയാണ്. അരികുകളില്‍ നേര്‍ത്ത് ചിത്രപ്പണി ചെയ്തതു ഭംഗിയാക്കിയ ജാറിന്റെ ചില്ലുഭിത്തിയുടെ പിന്നില്‍ ഇരുന്നുകൊണ്ട് ഹരിഹരന്റെ ഹൃദയം അപ്പോള്‍ സദസ്യരെ നോക്കുകയായിരുന്നു. മുന്നില്‍ ഇരിക്കുന്നവരെല്ലാം പരിചയക്കാര്‍. എത്രയോ വര്‍ഷങ്ങളായി തന്റെ കൈപിടിച്ചു നടന്നുപോയവര്‍.
മെഡിസിന്‍ ലെക്ചര്‍ഹാളിന്റെ ജാലകത്തിനരികില്‍ നിശബ്ദനായിരുന്ന് രാജീവ് അതുകണ്ടു. ഉള്‍ഭാഗം കാണാന്‍ പാകത്തില്‍ ഹരിഹരന്റെ ഹൃദയം രണ്ടായി മുറിച്ചു തുറന്നുവച്ചിരിക്കുന്നു. 1933 ലെ ആറാട്ട് ദിനത്തിന്റെ രാത്രിയില്‍ പിറന്നുവീണപ്പോള്‍ ഹൃദയ ഭിത്തിയിലുണ്ടായിരുന്ന ദ്വാരം ഇപ്പോഴും അങ്ങനെ തന്നെ കാണാം. സ്വതന്ത്രഭാരതത്തിലെ തെരുവോരജീവിതം, ഹൃദയത്തിന്റെ ഇടത് വാല്‍വ്, ഇളംമഞ്ഞനിറത്തില്‍ കുമ്മായംപോലെ കട്ടപിടിച്ചിരിക്കുന്നു.
പെട്ടെന്ന്, തുറന്നു കിടന്നിരുന്ന ജനലിനപ്പുറം ആരോ വന്നു നില്‍ക്കുന്നതായി രാജീവിന് തോന്നി.
സുലൈമാന്‍! 'താങ്കള്‍ വീണ്ടും ജയിലുചാടിയോ? എങ്ങനെ ഇവിടെയെത്തി?'
'നിങ്ങള്‍ക്ക് ഇനി എന്തുമാകാമല്ലോ!'
സുലൈമാന്‍ ഒരപരിചിതനെ പോലെ സംസാരിക്കുന്നു.
'സുലൈമാന്‍, ഇത് ശാസ്ത്രമാണ്. ഞാന്‍ എല്ലാം വ്യക്തമാക്കാം'.
'നിങ്ങള്‍ക്ക്് വേണ്ടത് സഖാവിന്റെ ഹൃദയമല്ലേ? എടുത്തോ. പക്ഷെ ശരീരമെവിടെ? അദ്ദേഹത്തെ എനിക്ക് സംസ്‌കരിക്കണം. അന്ത്യാഭിവാദ്യങ്ങള്‍ അര്‍പ്പിക്കണം'.
'ശരിയാണ്. ശരീരമെവിടെ?'
മെഡിസിന്‍ ലെക്ചര്‍ ഹാള്‍ നിശ്ചലമായി.
എവിടെയാണ് ശരീരം?
എഴുന്നേറ്റു നില്ക്കുന്ന രാജീവിനെ എല്ലാവരും അമ്പരന്ന് നോക്കി.
'സുലൈമാന്‍ പോകരുത്. നില്‍ക്കൂ'.
അപ്പോഴേക്കും ശൂന്യമായിപ്പോയിരുന്ന ജനലിലേക്ക് നോക്കി രാജീവ് വിളിച്ചു പറഞ്ഞു.
'രാജീവ്, ആര്‍ യു സ്റ്റില്‍ ഓണ്‍ റെയില്‍സ്?', പ്രൊഫസര്‍ ചോദിച്ചു. 'ഇപ്പോഴും നീ തെറ്റായ സ്റ്റേഷനില്‍ ഇറങ്ങിയിരിക്കുന്നു'.
ലക്ചര്‍ ഹാള്‍ ഒന്നടങ്കം പൊട്ടിച്ചിരിച്ചു.
വര്‍ഷങ്ങളുടെ പുറകില്‍നിന്ന് കാതങ്ങള്‍ താണ്ടിയെത്തിയ ആ മുഴക്കം തണുത്ത കാറ്റിനൊപ്പം എന്റെ മുഖത്തു വന്നു പതിച്ചു.
******
വര്‍ഷങ്ങള്‍ക്കുശേഷം സുലൈമാനെ ഡോ. സാജന്‍ വീണ്ടും കാണുന്നത് ജനറല്‍ ആശുപത്രിയുടെ ഐ.സി യുവില്‍ വെച്ചാണ്. ന്യുമോണിയ ബാധിച്ച് അര്‍ദ്ധ ബോധാവസ്ഥയിലായ രോഗിയെ കാഷ്വാലിറ്റിയില്‍ നിന്ന് നേരേ സാജന്റെ മുന്‍പിലേക്ക് കൊണ്ടുവരികയായിരുന്നു. പേട്ട മൈതാനത്ത് പകര്‍ച്ചപ്പനില്‍ വിറച്ച് കിടന്നിരുന്ന രോഗിയെ കണ്ടെത്തിയത് പോലീസാണ്.
മരിക്കുന്നതിന് മുമ്പ് വിദൂരതയിലേയ്ക്ക് തുറന്നുവച്ചിരുന്ന അയാളുടെ കണ്ണുകള്‍ അസാധാരണമായി തിളങ്ങിയിരുന്നതായി റോസ് ഓര്‍ക്കുന്നു.
വിസ്തൃതമായ ഗോതമ്പ് വയലുകള്‍ക്ക് മീതെ വീശുന്ന കാറ്റിന്റെ സീല്‍ക്കാരം സുലൈമാന്‍ അപ്പോള്‍ കേള്‍ക്കുകയായിരുന്നു. കറുത്ത വസന്തത്തിന് മുകളിലേക്ക് പീതവര്‍ണ്ണം പെയ്തിറങ്ങുന്നത് അയാള്‍ കണ്ടു. വയല്‍ വരമ്പുകളില്‍ മഞ്ഞയരളികള്‍ പൂത്തുനില്‍ക്കുന്നു. സ്വര്‍ണ്ണവര്‍ണ്ണകമായ വയലുകള്‍ക്ക് മുകളില്‍ ചുവന്ന സൂര്യന്‍ അസ്തമിക്കുകയാണ്. മുന്നില്‍ ജ്വലിക്കുന്ന കതിര്‍മണികള്‍. കുട്ടികളായ ഹരിയും അക്‌സീനിയയും സുലൈമാനും പാടങ്ങളുടെ നടുവിലേക്ക് ഓടിയിറങ്ങി. അക്‌സീനിയയുടെ ശിരോവസ്ത്രത്തിലെ ചുവന്ന പുള്ളിക്കുത്തുകള്‍ പക്ഷികളായി വിരിഞ്ഞ് അവര്ക്ക് മീതേ ചിറകടിച്ചു. ചുവപ്പിന്റെ വര്‍ണ്ണക്കുട ഉയരത്തില്‍ വിടര്‍ന്നു. കുട്ടികള്‍ അതിനു താഴെ പരസ്പരം പുണര്‍ന്നു നിന്നു. വിളഞ്ഞ ഗോതമ്പിന്റെ ഗന്ധമുള്ള അക്‌സീനയയുടെ തലമുടിചുരുളുകളില്‍ മുഖം താഴ്ത്തി സുലൈമാന്‍ ഹരിയെ ചേര്‍ത്തു പിടിച്ചു.
മഴമേഘങ്ങള്‍ മറന്നുപോയിരുന്ന ഒരു ജലപ്പരപ്പില്‍ നൂറ്റാണ്ടുകള്‍ക്ക്് ശേഷം പെയ്യുന്ന ആദ്യ മഴയെന്നപോലെ സുലൈമാന്റെ രോമകൂപങ്ങള്‍ ഒരു സംഗീതാലാപത്തിന്റെ ഉച്ചസ്ഥായിയിലേക്ക് ഉയര്‍ത്തെഴുന്നേറ്റു.
സ്വതന്ത്രമായ് സ്വതന്ത്രമായ് സ്വതന്ത്രമായി ഭാരതം
സ്വതന്ത്രമായി കേരളം സ്വതന്ത്രമായ് സമസ്തവും
തന്റെ സന്യാസ ജീവിതത്തിലെ അനര്‍ഘമായ ആ നിമിഷത്തെ അത്ഭുതാദരങ്ങളോടെ എതിരേറ്റ് സിസ്റ്റെര്‍ റോസ് പ്രാര്‍ത്ഥനയില്‍ മുഴുകി നില്‍ക്കെ, ഡോ: സാജന്‍ കേസ് ഷീറ്റില്‍ എഴുതി.
'ബ്രോങ്കോന്യൂമോണിയ, ഡെലീറിയം, ഡിമെന്‍ഷ്യ'.
******
ആരോ കേള്‍ക്കുന്നുണ്ടാവും എന്ന തോന്നലില്‍ ഞാന്‍ ഇതുവരെ സംസാരിക്കുകയായിരുന്നു. ഒരുപാട് കാര്യങ്ങള്‍ പറയാന്‍ വിട്ടുപോയി. രാജീവ് ഉണ്ടായിരുന്നെങ്കില്‍ കൂടുതല്‍ സൂക്ഷ്മമായി അടുക്കും ചിട്ടയോടും കൂടി പറയുമായിരുന്നു.
പലതും എനിക്കറിയില്ല. സ്റ്റേറ്റ് കോണ്‍ഗ്രസ്സിന്റെ സമരത്തില്‍ പങ്കെടുക്കാന്‍ സ്‌കൂള്‍ വിട്ടിറങ്ങിയ വാര്യര്‍ സാറിന്റെ സമര്‍ത്ഥരായ രണ്ട് വിദ്യാര്‍ത്ഥികളില്‍ ഒരാള്‍ ഒരു തെരുവോര എഴുത്തുകാരനും മറ്റെയാള്‍ ഒരു ചെരുപ്പുകുത്തിയുമായി തീര്‍ന്നതെങ്ങനെയെന്നത് ഇപ്പോഴും എനിക്കത്ഭുതമാണ്. മലയാള വിവര്‍ത്തനം വരുംമുമ്പ് തന്നെ റഷ്യന്‍, ഫ്രഞ്ച് കഥകള്‍ കുട്ടികള്‍ക്ക് പറഞ്ഞുകൊടുത്തിരുന്ന അദ്ധ്യാപകനാണ് ശങ്കരവാര്യര്‍. ഹരിഹരന്‍ തിരുവനന്തപുരത്ത് പ്രശസ്തമായിരുന്ന ചന്ദ്രാപ്രസ്സിലും സുലൈമാന്‍ ട്രാവന്‍കൂര്‍ ലെതെര്‍മാര്‍ട്ടിലും കുറച്ചുകാലം ജോലി ചെയ്തിരുന്നുവെന്ന് രാജീവ് സൂചിപ്പിച്ചിട്ടുണ്ട്. വീടുവിട്ടിറങ്ങിയ ശേഷമുള്ള അവരുടെ രാഷ്ട്രീയജീവിതത്തെക്കുറിച്ചും എനിക്കറിവൊന്നുമില്ല. രോഗചരിത്രം രേഖപ്പെടുത്തുന്നതിനപ്പുറത്ത് അവരുടെ ഭൂതകാലം ഞാന്‍ അന്വേഷിച്ചിട്ടില്ല എന്നതാണ് വാസ്തവം. ഒരു മെഡിക്കല്‍ വിദ്യാര്‍ഥി അത്തരം കാര്യങ്ങളുടെ പുറകെ പോകുന്നത് ഞങ്ങളുടെ അദ്ധ്യാപകര്‍ നിരുത്സാഹപ്പെടുത്തുകയാണ് പതിവ്.
തല്ലുകൂടിയിട്ടുണ്ടെങ്കിലും സുലൈമാന്‍ ആരെയും വെട്ടിയിട്ടില്ലെന്ന് വ്യക്തമായി എനിക്കറിയാം. മറ്റൊരു വഴിയുമില്ലാതെ പതിനായിരം രൂപ പ്രതിഫലത്തില്‍ മറ്റൊരാള്‍ക്ക് വേണ്ടി അയാള്‍ കുറ്റം ഏല്‍ക്കുകയായിരുന്നു. ഹരിയുടെ ശസ്ത്രക്രിയക്കായായിരുന്നു അത്. ഇടനിലക്കാര്‍ ഹെഡ് കോണ്സ്റ്റബില്‍ പത്മനാഭനും ഒരു പ്രാദേശിക നേതാവുമാണ്. ഹരിഹരന്‍ സംഭവം അറിയുന്നത് ഏറെ കഴിഞ്ഞാണ്. പണം പിന്നീട് ചാലയിലെ തൊഴിലാളിയായിരുന്ന സരളയുടെ മകള്‍ രാജലക്ഷ്മിയുടെ വിവാഹത്തിനു നല്‍കി. ജയിലില്‍ പോയി സുലൈമാനെ കണ്ടതും കക്ഷിയില്‍നിന്ന് രൂപ വാങ്ങി സരളയെ ഏല്‍പ്പിച്ചതും രാജീവാണ്. ഹരിഹരന്റെ രോഗം അപ്പോഴേക്കും ശസ്ത്രക്രിയ ചെയ്യാവുന്ന ഘട്ടം കഴിഞ്ഞിരുന്നു. ഈ ഏര്‍പ്പാടില്‍ കമ്മീഷന്‍ കിട്ടാതിരുന്ന ദേഷ്യം മുഴുവന്‍ പത്മനാഭന്‍ കൃത്യമായ ഇടവേളകളില്‍ സുലൈമാനെ മര്‍ദ്ദിച്ചു തീര്‍ത്തു.
പോലീസ് സ്റ്റേഷനില്‍ വൈദ്യനാഥന്റെ ചൂരലിന് താഴെ സുലൈമാന്‍ ബോധംകെട്ടുകിടന്ന ദിവസം ആഗ്രഹാരത്തില്‍ തിരിച്ചെത്തിയ ഹരി നേരെ മണിശങ്കരയ്യരുടെ മുറിയിലേക്കാണ് പോയത്. മകനെ പെട്ടെന്ന് അടുത്തു കണ്ടപ്പോള്‍ അച്ഛന്‍ പരിഭ്രമിച്ചു പോയി.
'നീ മട്ടും താന്‍ എനക്ക് മുഖ്യം'
'നീങ്കെ നിനക്കെറുതെല്ലാം എനക്ക് ഒത്തുകൊള്ള മുടിയാത്'.
പിതാവും പുത്രനും അങ്ങനെ വേര്‍പിരിഞ്ഞു. സുലൈമാന്റെ ബാപ്പ ഏറ്റവും ഇളയ മകളുടെ വിവാഹശേഷം ആത്മഹത്യ ചെയ്യുകയായിരുന്നു. 'സ്വന്തം മകന്‍ സുലൈമാനു' വേണ്ടി മാപ്പ് എന്നെഴുതി കീശയിട്ടിരുന്ന കുറിപ്പ് പ്രേതപരിശോധനയ്ക്കിടെ വൈദ്യനാഥന്‍ കീറിക്കളഞ്ഞു.
സംഭാഷണം ഞാന്‍ അവസാനിപ്പിക്കുകയാണ്.
വല്ലാത്ത ഒരസാധാരണത്വം ഹോട്ടലിന് ചുറ്റും രൂപപ്പെടുന്നതായി എനിക്ക് തോന്നുന്നു. ഒറ്റക്കണ്ണന്‍ പക്ഷിയെ കാണാനില്ല. പറന്നുപോയിട്ടുണ്ടാവും. അല്ലെങ്കില്‍ തണുപ്പില്‍ നിന്ന് രക്ഷനേടാന്‍ കറുത്ത മേഘങ്ങളെ വലിച്ചെടുത്ത് പുതച്ചു നില്‍ക്കുകയാവാം.
അന്‍സാര്‍ തൊട്ടടുത്ത് ഗാഡനിദ്രയിലാണ്. അരണ്ടവെളിച്ചത്തില്‍ വിനോദും സാജനും ജയപ്രകാശും പഴയ ഹോസ്റ്റല്‍ ഇന്‍മേറ്റുകളായി നെടുകെയും കുറുകയും മുറിക്കുള്ളില്‍ കിടന്നുറങ്ങുന്നു. വര്‍ഷങ്ങള്‍ക്ക് ശേഷം പരസ്പരം കണ്ടെത്താനും, ഓര്‍മ്മകളെ തിരിച്ചുപിടിക്കാനും ഒത്തു ചേര്‍ന്നവരാണ്. പാഠപുസ്തകങ്ങളായിമാറി, മെഡിക്കല്‍ വാര്‍ഡിന്റെ ഇരുവശങ്ങളിലും ഞങ്ങളുടെ വരവും കാത്തിരുന്ന രോഗികളെ പോലെ വിദൂരസ്ഥമായ ഗ്രഹങ്ങളിലേയ്ക്ക് എല്ലാം ഒഴിഞ്ഞു പോയിരിക്കുന്നു. അതിന്റെ നിരാശയില്‍ കുറച്ചുമുന്‍പ് വരെ വഴക്കിട്ടും പരിഭവിച്ചും അവര്‍ മല്ലിടുകയായിരുന്നു. ചര്‍ച്ചയുടെ അന്ത്യത്തെ ഗ്രസിച്ച വിഷാദം ഇപ്പോഴും അവരുടെ മുഖത്ത് നിഴല്‍ വീണു കിടക്കുന്നു.
പെട്ടെന്ന് ഒരുവശം ചരിഞ്ഞ് ബാല്‍ക്കണിയുടെ നിലത്തേക്ക് ഞാന്‍ വീണു. എനിക്ക് ചിരിക്കാനാണ് തോന്നിയത്. വിസ്‌കി എനിക്ക് ശരിയാകില്ലെന്ന് വിനോദിനോട് ഞാന്‍ പറഞ്ഞതാണ്. എഴുന്നേല്‍ക്കാന്‍ ശ്രമിച്ചെങ്കിലും വീണ്ടും ഞാന്‍ നിലത്തു വീണു. പെട്ടെന്ന് ഭയത്തിന്റെ ഒരാവരണം എന്നെ വന്ന് മൂടി. ഞാന്‍ ഉറങ്ങുകയാണോ ഉണര്‍ന്നിരിക്കുകയാണോ? മുറി ഇരുവശത്തേയ്ക്കും ആടിയുലയുന്നു. എന്താണിത്? ഞാന്‍ സ്വപ്നം കാണുകയാണോ? അതെ. ഒടുവില്‍ അതുതന്നെ സംഭവിച്ചു. എപ്പോഴായിരുന്നു അത്? ബാല്‍ക്കണിയില്‍ നിന്ന് മാറാതെ മുഴുവന്‍ സമയവും ശ്രദ്ധയോടെ നിന്നിട്ടും എനിക്കത് മനസ്സിലാക്കാന്‍ കഴിഞ്ഞില്ല. ദിനോസറുകളെപോലെ കരയിലേയ്ക്ക് ഓടിയെത്തിയിരുന്ന തിരമാലകളുടെ ഊക്കില്‍ ഹോട്ടലിന്റെ അസ്ഥിവാരം തകര്‍ന്നു പോയിരിക്കുന്നു. ഇരുണ്ട ഒരു കൂറ്റന്‍ കപ്പല്‍ പോലെ ഞങ്ങളുടെ ഹോട്ടല്‍ കറുത്ത കടലിന് മുകളിലൂടെ ഒഴുകുകയാണ്. കരയില്‍ നിന്ന് ഞങ്ങളിപ്പോള്‍ ഏറെ അകന്നു കഴിഞ്ഞിട്ടുണ്ടാവും. വിനോദിനേയും, ജയപ്രകാശിനെയും, സാജനേയും, അന്‍സാറിനേയും വിളിച്ചുണര്‍ത്താന്‍ തോന്നി. വേണ്ട. അവര്‍ ഉറങ്ങട്ടെ.
രാജീവ് രാജന്‍ എവിടെയായിരിക്കും?
വൈകിയെത്തിയ അയാള്‍ കടല്‍ത്തീരത്തുനിന്ന് ഹോട്ടല്‍ അപ്രത്യക്ഷമായത് കണ്ട് പരിഭ്രമിച്ചുപോയിരിക്കുമോ? വഴി തിരക്കി അപരിചിതമായ സ്ഥലങ്ങളില്‍ അകപ്പെട്ടുപോയിരിക്കുമോ? പനി പടന്നു പിടിച്ചിരിക്കുന്ന കടല്‍ത്തീരം ഒട്ടും സുരക്ഷിതമല്ല. ആളുകള്‍ മാസ്‌ക്കുകള്‍ക്ക് പിന്നില്‍ പരസ്പരം അകന്നു നടക്കുന്നത് വൈകുന്നേരം ഹോട്ടലിലേക്ക് വരുന്ന വഴി ഞാന്‍ കണ്ടതാണ്. വൈറസുകള്‍ ഏത് നിമിഷവും അവര്ക്കിടയിലേക്ക് കടന്നുവരാം. എല്ലാവരും പരസ്പരം സംശയിച്ചു തുടങ്ങിയിരിക്കുന്നു. അടുത്തേക്ക് വരുന്നവന്‍ ശത്രുവാണ്. രാജീവിന് എന്തായിരിക്കും അവിടെ സംഭവിച്ചിരിക്കുക?
ഒരിക്കലും ഉത്തരം പറയാതെ ഇരുട്ടില്‍ ഒളിഞ്ഞിരിക്കുന്ന നിശബ്ദതയെ നോക്കി ഞാന്‍ ഉറക്കെ വിളിച്ചുചോദിച്ചു.
'രാജീവ്.......രാജന്‍....'
ഫോര്‍മലിന്‍ നിറച്ച ജാറിനുള്ളില്‍ സൂക്ഷിച്ചിരിക്കുന്ന പ്രാചീനരായ സമുദ്രസഞ്ചാരികളില്‍ ഒരാളായി മുന്നിലെ ശൂന്യതയിലേക്ക് നോക്കി കപ്പല്‍ത്തട്ടില്‍ ഞാന്‍ നിന്നു.
കുറിപ്പുകള്‍
(1) 1991 ആഗസ്റ്റ്, ഡിസംബര്‍ മാസങ്ങള്‍ക്കിടയില്‍ സോവിയറ്റ് യൂണിയന്‍ 16 രാജ്യങ്ങളായി വേര്‍പിരിഞ്ഞു.
(2) ടെലിവിഷന്‍ വഴി വ്‌ളാഡിമിര്‍ ലെനിന്റെ പ്രതിമ തകര്‍ക്കുന്ന ദൃശ്യം സംപ്രേഷണം ചെയ്തതിനെ കുറിച്ചുള്ള പരാമര്‍ശം.
(3) ബോധേശ്വരന്റെ 'അന്ത്യസമരഭേരി' എന്ന സ്വാതന്ത്ര്യസമരഗീതത്തില്‍ നിന്ന്.