SPECIAL NEWS
  Mar 17, 2015
സ്‌പെസിമെന്‍ ഭാഗം മൂന്ന്: 'ഷുഷു ഡ്ഡപ്പ് ശുശു ലപ്'
വര: ജി. ദേവപ്രകാശ്‌

മൂന്നാം വര്‍ഷ ബെഡ് സൈഡ് ക്ലിനിക്കല്‍ ക്ലാസ്സുകളുമായി ഞങ്ങള്‍ ഇഴുകി ചേര്‍ന്നു കഴിഞ്ഞു. രാവിലെ ഏഴു മണി മുതല്‍ ഒരു മെഡിക്കല്‍ വാര്‍ഡില്‍ സംഭവിക്കുന്ന കാര്യങ്ങള്‍ എണ്ണിയെണ്ണി പറയാന്‍ ഞങ്ങള്‍ക്കിപ്പോള്‍ കഴിയും.

രോഗികളുടെ അടുത്തിരുന്ന് രോഗചരിത്രം വിശദമായി എഴുതി കേസ് ഷീറ്റില്‍ രേഖപ്പെടുത്തി വെയ്ക്കുന്ന ജോലി ഇപ്പോള്‍ഞങ്ങള്‍ക്കാണ്.

രോഗിയുടെ പേര്, മേല്‍വിലാസം, തൊഴില്‍, ഇപ്പോഴത്തെ പ്രധാന ബുദ്ധിമുട്ടുകള്‍, അവയുടെ വിശദ വിവരങ്ങള്‍, അസുഖം എങ്ങനെ തുടങ്ങി? എങ്ങനെയായി തീര്‍ന്നു? മുന്‍പുണ്ടായിരുന്ന രോഗങ്ങള്‍, രോഗവുമായി ബന്ധപ്പെട്ട കുടുംബചരിത്രം, വ്യക്തിപരമായ ശീലങ്ങള്‍, ചികില്‍സയുടെ ചരിത്രം, ഉപയോഗിച്ച മരുന്നുകള്‍ എന്നിങ്ങനെ സകല വിവരങ്ങളും അടങ്ങുന്നതാണ് രോഗചരിത്രം.

കുറ്റാന്വേഷണ വിദഗ്ദന്മാരെപ്പോലെ ഇവയെല്ലാം ചേര്‍ത്തുവെച്ച് രോഗനിര്‍ണ്ണയം നടത്താനും രോഗത്തെ അറസ്റ്റുചെയ്തു ഹാജരാക്കാനും ഇനി പരിശീലിക്കണം.


ഇപ്പറഞ്ഞ പഠനവും പരിശീലനവുമൊക്കെ നടക്കുന്നത് രോഗിയുടെ കട്ടിലിനുചുറ്റുമാണ്. രോഗി ഒരു കഴ്ചക്കാരനെ പോലെ ഞങ്ങളുടെ നടുവില്‍ ഇരിക്കുകയോ കിടക്കുകയോ ചെയ്യും. അയാളുടെ ഒരു വശത്ത് ഞങ്ങള്‍ വിദ്യാര്‍ത്ഥികളും മറുവശത്ത് അദ്ധ്യാപകനും നില്‍ക്കും. ഏകാംഗ സൈന്യമെങ്കിലും ഏതിര്‍ ഭാഗത്ത് നിന്നുള്ള ആക്രമണം നിര്‍ദാക്ഷണ്യമായിരിക്കും. ചോദ്യങ്ങള്‍ കൂര്‍ത്ത മുനയുള്ള അമ്പുകളായി പാഞ്ഞുവന്നുകൊണ്ടിരിക്കും. ഞങ്ങളുടെ ഉത്തരങ്ങളില്‍ കാല്പനികതയുടെ ഒരു തരിപോലും അനുവദനീയമല്ല. വസ്തുനിഷ്ഠത, കൂടുതല്‍ കൂടുതല്‍ വസ്തുനിഷ്ഠത..... അതാണ് വേണ്ടത്. ഒന്നിനു പിറകെ ഒന്നായെത്തുന്ന ചോദ്യങ്ങള്‍ ഞങ്ങളുടെ മതിഭ്രമങ്ങളെ ഓരോന്നായി വലിച്ചു കീറിക്കൊണ്ടിരിക്കും. അത് അങ്ങനെ തന്നെ വേണം. രോഗം ഹൃദയശൂന്യമാണ്. അതിന് ഭാവനയില്ല. സ്വപ്നങ്ങളുമില്ല. ഒരു വാളിന്റെ മൂര്‍ച്ചയുള്ള ഒരു ഭാഷ മാത്രമേ അതിനറിയൂ. മരണം! അവിടെ വിലപേശലില്ല. അതുകൊണ്ട് ഉത്തരങ്ങള്‍ കൃത്യവും സൂക്ഷ്മവും മരണവിനാശകനുമാവണം.

ജീവിതത്തിനും മരണത്തിനും ഇടയില്‍, ദിനംപ്രതി തുടരുന്ന ഒരു സംവാദമാണിത്. ഡോ: ജോയ് ഫിലിപ്പും ഡോ: വേണുഗോപാല്‍ റെഡ്ഡിയും ഡോ: മധുസൂദനനും ക്ലാസ്സുകള്‍എടുത്തു കഴിഞ്ഞു. ഇനി വരാനുള്ളത് പ്രൊഫസര്‍ മാത്രമാണ്.


മൂന്നാം വര്‍ഷക്കാരുടെ അടുത്തേക്ക് അപൂര്‍വ്വമായാണ് അദ്ദേഹം വരിക. പിജി വിദ്യാര്‍ത്ഥികളെയും ഫൈനല്‍ ഇയറുകാരെയും അദ്ദേഹം പഠിപ്പിക്കുന്നത് ദൂരെ നിന്ന് ഞങ്ങള്‍ കണ്ടു. എങ്ങനെയായിരിക്കും ഒരു പ്രൊഫസര്‍ കാര്യങ്ങള്‍ വിശദീകരിക്കുക എന്ന ആകാംക്ഷയുമായി ഞങ്ങള്‍ കഴിയവേ, അപ്രതീക്ഷിതമായി ഒരു ദിവസം അദ്ദേഹം ഞങ്ങളുടെ അടുത്തേക്ക് വന്ന് നീളന്‍കോട്ടിന്റെ പോക്കറ്റില്‍ കൈകള്‍ കടത്തിനിന്നു. 'ഏത് കേസാണ് നിങ്ങള്‍ അവതരിപ്പിക്കാന്‍ പോകുന്നത്?' ആ നില്‍പ്പിന്റെ അര്‍ത്ഥം അതാണ്.

ഈശ്വരാ, പ്രശ്‌നം ഗൗരവമാണല്ലോ. പ്രൊഫസറുടെ മുന്നില്‍ ആദ്യമായി കേസ് പ്രസന്റ് ചെയ്യുക! ആര്‍ക്കാണതിനാവുക! ഞങ്ങള്‍ രാജീവിനെ നോക്കി. കടുത്ത കാര്യങ്ങള്‍ തുടങ്ങിവെയ്ക്കാന്‍ അവന് മാത്രമാണ് കഴിയുക. രാജീവിന് ഒരു കൂസലുമില്ല. അവന്‍തന്റെ കേസ് ഡയറി തുറന്നു വെച്ച് വായിച്ചുതുടങ്ങി.

'സര്‍, രോഗിയുടെ പേര് ഹരിഹരയ്യര്‍. വയസ്സ് 50. അവിവാഹിതന്‍'

'വഞ്ചിയൂര്‍ കോടതിക്ക് സമീപം താമസം. കോടതിയുടെ മുന്നില്‍ പെട്ടിക്കട നടത്തുകയാണ്. എല്ലാവിധ ഫാറങ്ങളും വില്‍ക്കും. പൂരിപ്പിച്ചും കൊടുക്കും. ഞായറാഴ്ചകളില്‍ ചാല കമ്പോളത്തിലെ തമിഴ് തൊഴിലാളികള്‍ നാട്ടിലേക്ക് കത്തെഴുതിപ്പിക്കാന്‍ വരും. പണ്ട് പഴയ പുസ്തകങ്ങള്‍ അച്ചടിച്ച്...'

'രാജീവ്, ആര്‍യു ടെല്ലിങ്ങ് എ സ്റ്റോറി ഓര്‍ പ്രെസന്റിംഗ് എ മെഡിക്കല്‍ കേസ്?' രാജീവ്, ഇത് കഥയോ രോഗചരിത്രമോ?

'സര്‍, രോഗിയുടെ ഇപ്പോഴത്തെ അവസ്ഥക്ക് തൊഴിലുമായി ബന്ധമുണ്ട്'

'ശരി. കേള്‍ക്കട്ടെ'

'പുസ്തകങ്ങള്‍ അച്ചടിച്ച് വീടുകളിലും ഓഫീസുകളിലും വില്‍ക്കുകയായിരുന്നു ജോലി. പക്ഷെ, പഴയ പുസ്തകങ്ങളില്‍ ഇക്കാലത്ത് ആര്‍ക്കാണ് താല്പര്യം. മാത്രമല്ല, നടക്കാന്‍ രോഗിക്ക് പ്രയാസവുമാണ്. അങ്ങനെ പെട്ടിക്കട ആരംഭിച്ചു.'

ഞങ്ങള്‍ ഒരു യുദ്ധമുഖത്തെത്തിയിരിക്കുന്നു. രാജീവ് തുടരുകയാണ്.

'രോഗിക്ക് ഇപ്പോള്‍ ബന്ധുക്കള്‍ ആരുമില്ല. കൂടെയുള്ളത് ഒരു പഴയ സുഹൃത്താണ്. സുലൈമാന്‍'.

അന്നാദ്യമായാണ് സുലൈമാന്‍ എന്ന പേര് ഞങ്ങള്‍കേള്‍ക്കുന്നത്.

'പെട്ടിക്കടയോട് ചേര്‍ന്ന് ചെരുപ്പ് കുത്തിയായി അയാള്‍ ജോലി ചെയ്യുന്നു. പക്ഷെ ഇപ്പോള്‍ ജയിലിലാണ്.'

'എന്താണ് കുറ്റം?'

'വെട്ടുകേസ്' കുത്താനും കൊല്ലാനും മടിയില്ലാത്ത ഒരു നിര്‍ദ്ദയ രൂപം മുന്നില്‍ തെളിഞ്ഞു. സാത്വികനായ ഹരിഹരന് ഇങ്ങനെ ഒരു സുഹൃത്തോ?

'സര്‍, രോഗചരിത്രം തുടരുകയാണ്. നടക്കുമ്പോള്‍ കിതപ്പും നെഞ്ചിടിപ്പും ശ്വാസംമുട്ടലും കൂടുതലായി അനുഭവപ്പെടുന്നതാണ് രോഗിയുടെ ഇപ്പോഴത്തെ ബുദ്ധിമുട്ട്. രോഗിയുടെ പ്രത്യേക സാഹചര്യം കണക്കിലെടുത്ത് പതിവില്‍ നിന്ന് വ്യത്യസ്തമായി രോഗത്തിന്റെ ഭൂതകാലത്തില്‍ നിന്ന് നാം ആരംഭിക്കുന്നത് ഉചിതമായിരിക്കുമെന്ന് തോന്നുന്നു.'


കണ്ണട താഴ്ത്തി പ്രൊഫസര്‍ രാജീവിനെ സൂക്ഷിച്ചുനോക്കി.

'35 വര്‍ഷം മുന്‍പ് സ്‌കൂള്‍കുട്ടിയായിരിക്കുമ്പോഴാണ് രോഗിക്ക് ആദ്യമായി രോഗലക്ഷണങ്ങള്‍ അനുഭവപ്പെടുന്നത്. ഇന്ത്യന്‍ സ്വാതന്ത്ര്യ പ്രഖ്യാപനത്തിന് തൊട്ടുമുന്‍പ്, കൃത്യമായി പറഞ്ഞാല്‍ 1947 ജൂണ്‍ 13-ന് തിരുവിതാംകൂറിലെ പേട്ടയില്‍ രാജഭരണത്തിന് എതിരെ നരേന്ദ്രന്‍ എന്ന യുവ കോണ്‍ഗ്രസ് പ്രവര്‍ത്തകന്റെ നേതൃത്വത്തില്‍ ഒരു വലിയ യോഗം സംഘടിപ്പിക്കുകയും സ്‌കൂള്‍ വിദ്യാര്‍ത്ഥിയായിരുന്ന രോഗി അതില്‍ പങ്കെടുക്കുകയും ചെയ്തു. യോഗത്തിനിടയില്‍ ഏ. എസ്സ്. പി ഗംഗാധരന്റെ നേതൃത്വത്തില്‍ നടന്ന വെടിവെയ്പ്പില്‍നിന്ന് ഓടി അകന്നുമാറാന്‍ശ്രമിക്കുമ്പോഴാണ് രോഗിക്ക് ആദ്യമായി ശ്വാസംമുട്ടലും നെഞ്ചിടിപ്പും അനുഭവപ്പെടുന്നത്. രോഗിയുടെ പിതാവ് തിരുവിതാംകൂര്‍ സര്‍ക്കാരിലെ ഉയര്‍ന്ന ഉദ്യോഗസ്ഥന്‍ ആയിരുന്നെങ്കിലും കൂടുതല്‍ പരിശോധനകള്‍ നടത്തി രോഗം കണ്ടുപിടിക്കാന്‍ അന്ന് കഴിഞ്ഞില്ല. രാജഭരണത്തിനെതിരായ പ്രക്ഷോഭണവും തുടര്‍ന്നുണ്ടായ സംഭവങ്ങളും രോഗിയുടെ പില്‍ക്കാല ജീവിതത്തെ നിര്‍ണ്ണയിക്കുന്ന ഘടകങ്ങളായി തീര്‍ന്നു.'

'രാജീവ്, നീ പഠിക്കുന്നത് ചരിത്രമോ വൈദ്യമോ?' പൊട്ടിച്ചിരിച്ചു കൊണ്ട് പ്രൊഫസര്‍ചോദിച്ചു.

'ഹച്ച്‌സിസന്‍സ് ക്ലിനിക്കല്‍മെത്തേഡ്‌സ് (1) എന്ന ഗ്രന്ഥത്തിന്റെ ആദ്യ ആദ്ധ്യായത്തില്‍ രോഗചരിത്രം എഴുതേണ്ടതെന്ന് എങ്ങനെയെന്ന് വിവരിച്ചിട്ടുണ്ട്. രാജീവ്, അത് ശ്രദ്ധിച്ചു വായിക്കണം'

രാജീവ് അതിനുത്തരം പറഞ്ഞത് ഫൈനല്‍ ഇയറിലാണ്..

ബെഡ് നമ്പര്‍ പഴയത് തന്നെ, 16. രോഗിയും പഴയത് തന്നെ. ഹരിഹരന്‍. വാര്‍ഡ് ഒന്നും.

ഈ കാലയളവില്‍, പതോളജിയുടെയും മൈക്രോബയോളജിയുടെയും ഫര്‍മക്കൊളജിയുടെയും തടിയന്‍ പുസ്തകങ്ങള്‍ ഞങ്ങള്‍ വായിച്ചു തീരുന്നതിനിടയില്‍ പല തവണ ആശുപത്രിയില്‍വന്നും പോയുമിരുന്ന ഹരിഹരനെ പെട്ടെന്ന് രോഗം മൂര്‍ച്ചിച്ചു മെഡിക്കല്‍ വാര്‍ഡില്‍പ്രവേശിപ്പിച്ചിരിക്കുകയാണ്. നീരുവീണ ഇരുകാലുകളും തൂക്കിയിട്ട്, ശ്വാസംമുട്ടല്‍ കാരണം നടക്കാനും കിടക്കാനും വയ്യാത്ത അവസ്ഥയിലാണ് അയാള്‍. എങ്കിലും ശ്വാസംമുട്ടലിനുള്ളിലൂടെ അയാള്‍ ഞങ്ങളെ നോക്കി ചിരിച്ചു.

പ്രൊഫസര്‍ പഴയതുപോലെ രാജീവിനെ കണ്ണടയുടെ മുകളിലൂടെ നോക്കിനില്‍ക്കുകയാണ്.

'സര്‍, ഹച്ച്‌സിസന്‍സ് ക്ലിനിക്കല്‍മെത്തേഡ്‌സിന്റെ ആദ്യ അദ്ധ്യായം ആരംഭിക്കുന്നത് ഇങ്ങനെയാണ്.' രാജീവ് പറഞ്ഞു തുടങ്ങി.

'ദ വൈസ് ഡോക്ടര്‍ഷുഡ് തിങ്ക് ഓഫ് ഹിംസെല്‍ഫ് നോട്ട് അസ് എ ഡയഗ്‌ണോസ്റ്റീഷ്യന്‍ ബട്ട് റാതര്‍ അസ് സംവണ്‍ഹു എലൂസിഡേറ്റ്‌സ് ഹ്യുമന്‍ പ്രോബ്ലെംസ്.'

വിവേകിയായ ഡോക്ടര്‍ ഒരു രോഗനിര്‍ണ്ണയ വിദഗ്ദ്ധനായിട്ടല്ല, മനുഷ്യദുരിതങ്ങളെ നിര്‍ദ്ധാരണം ചെയ്യുന്ന ഒരാളായിട്ടാവും സ്വയം കരുതുക.

'രോഗപീഡയെ ചരിത്രത്തിലൂടെയല്ലാതെ നിര്‍ദ്ധാരണം ചെയ്യാന്‍കഴിയില്ല, സര്‍.'

പ്രൊഫസര്‍കണ്ണടയൂരി തുടച്ചു.

ഞങ്ങള്‍ ഭയന്നുപോയി. പ്രൊഫസര്‍ കണ്ണടയൂരി നോക്കുന്നത് അശുഭലക്ഷണമാണ്. പരീക്ഷയില്‍ തോല്‍വിയായി അത് പ്രതിഫലിക്കുമെന്ന് പലരും അടക്കിപ്പിടിച്ചു പറയുന്നത് കേട്ടിട്ടുണ്ട്. എന്നാല്‍ തോല്‍ക്കാന്‍ തയ്യാറായി നില്‍ക്കുന്ന ഒരാളെ ആര്‍ക്കാണ് വീണ്ടും തോല്‍പ്പിക്കാന്‍ കഴിയുക.

പക്ഷെ, പ്രൊഫസര്‍ എല്ലാവരെയും ഒടുവില്‍ അത്ഭുതപ്പെടുത്തുകയാണ് ചെയ്തത്.

ഫൈനല്‍ ഇയര്‍ പ്രായോഗിക പരീക്ഷയുടെ അവസാനമുള്ള ക്ലിനിക്കല്‍ ഡിസ്‌ക്കഷന് ശേഷം ഹസ്തദാനം നല്‍കി പിരിയും മുന്‍പ് അദ്ദേഹം പറഞ്ഞു.

'രാജീവ്, നീ ശരിയായ ദിശയിലാണ്. എന്നാല്‍ ഒരു കാര്യം ഓര്‍ക്കുക. മനുഷ്യന്റെ ദുരിതങ്ങളെ വൈദ്യവത്ക്കരിച്ച് രക്ഷപ്പെടാന്‍ ചരിത്രത്തെ ഭിഷഗ്വരന്‍ അനുവദിക്കരുത്. രോഗാതുരമായ ചരിത്രത്തെ ജനങ്ങള്‍ക്ക് മുന്നില്‍ അനാവരണം ചെയ്യുക എന്നത് ഭിഷഗ്വരന്റെ കടമയാണ്. നമ്മെ കടന്നുപോകുന്ന കാലത്തെ നിര്‍വ്വചിച്ചും വ്യാഖ്യാനിച്ചും നമുക്കോപ്പം സഞ്ചരിക്കുന്ന ഒരു പ്രതീകം കൂടിയാണ് രോഗം.'

കല്‍ക്കത്തയില്‍നിന്ന് വന്ന എക്‌സ്റ്റേണല്‍ എക്‌സാമിനറും സീനിയര്‍ പ്രൊഫസറുമായ ഡോ. സുബോധ് ദാസ് ഹരിഹരന്റെ നെഞ്ചിനു മുകളില്‍ തലങ്ങും വിലങ്ങും സ്റ്റെതസ്‌ക്കൊപ്പ് വെച്ച് അത്ഭുതപൂര്‍വ്വം നിന്നുപോയി. ഇത്ര പരിപൂര്‍ണ്ണവും അപൂര്‍വ്വവുമായ ഒരു ഹൃദയാലാപം തന്റെ ക്ലിനിക്കല്‍ ജീവിതത്തില്‍ അദ്ദേഹം കേട്ടിട്ടുണ്ടായിരുന്നില്ല. ഹരിഹരന്റെ നേരേ വിരല്‍ ചൂണ്ടി അദ്ദേഹം പ്രോഫസറോട് പറഞ്ഞു.

'ഹി ഈസ് എ ലിവിംഗ് സ്‌പെസിമെന്‍ ഓഫ് ആന്‍ എയ്ജ് ഓള്‍ഡ് ഡിസീസ്.' വിസ്മൃതമാവുന്ന ഒരു രോഗത്തിന്റെ ജീവിക്കുന്ന മാതൃകയാണ് ഈ മനുഷ്യന്‍.

'ഹി ഷുഡ് ബി പ്രിസര്‍വ്ഡ്'

ഇയാള്‍എല്ലാക്കാലത്തേക്കുമായി സംരക്ഷിക്കപ്പെടണം

പരീക്ഷവസ്തുക്കളായി കൊണ്ടുവന്ന രോഗികളുടെ ഇടയില്‍ ഇരിക്കുകയായിരുന്നു ഹരിഹരന്‍. ഞാന്‍ അയാളെ നോക്കി. എപ്പോഴുമെന്നപോലെ അയാള്‍ ചിരിക്കുന്നു.

ഹരിഹരന്‍, ഞാന്‍ പറഞ്ഞല്ലോ, ബയോസ്‌ക്കോപ്പുകള്‍ പൂവായി വിടര്‍ന്നു നില്‍ക്കുന്ന ഒരു ഫോസില്‍ മരമാണ് താങ്കള്‍. മണ്ണിനു മുകളിലേക്ക് വീണ്ടും വീണ്ടും കിളിര്‍ത്തു വരുന്ന ഒരു പൂമരം. അവിടേക്ക് ബിരുദ വിദ്യാര്‍ത്ഥികളും ബിരുദാന്തര വിദ്യാര്‍ത്ഥികളും ശലഭങ്ങളെ പോലെ പറന്നുവരും. ഓരോരുത്തര്‍ക്കും ഓരോരോ കാഴ്ചകള്‍ താങ്കള്‍ ഉള്ളില്‍ കരുതിവെയ്ക്കണം.

'ദിസ് ഈസ് എ കേസ് ഓഫ് മിഡ് ഡയസ്റ്റൊളിക് മര്‍മര്‍ ആന്‍ഡ് ദി ഡയഗ്‌നോസിസ് ഈസ് മൈട്രല്‍സ്റ്റീനോസിസ്. ദി പ്രോബബിള്‍ കോസ് ഈസ് റുമാറ്റിക് ഹാര്‍ട്ട് ഡിസീസ്.'

ഇതാണ് ഹരിഹരന്റെ രോഗത്തെ കുറിച്ചുള്ള വൈദ്യഭാഷ്യം.

ഹൃദയത്തിന്റെ ഇടതുഭാഗത്ത്, മുകളില്‍നിന്ന് താഴേക്ക് രക്തം പോവുന്നത് ഒരു വാല്‍വിനുള്ളിലൂടെയാണ്.

മൈട്രല്‍ വാല്‍വ്.

അത് കട്ടി പിടിച്ച് ചുരുങ്ങി അടയുന്നതാണ് മൈട്രല്‍ സ്റ്റീനോസിസ്.

ഹരിഹന്റെ ഹൃദയത്തിന്റെ തകരാറ് അതാണ്.

വ്യാസം കുറഞ്ഞ വാല്‍വിലൂടെ രക്തം കടന്നു പോകുമ്പോള്‍ ഒരു പ്രത്യേക ശബ്ദം ഉണ്ടാവും.

ആ ശബ്ദത്തെ ഞങ്ങള്‍ മിഡ് ഡയസ്റ്റൊളിക് മര്‍മര്‍ എന്ന് വിളിക്കും.

ശരി. വാല്‍വ് കട്ടിപിടിക്കാന്‍എന്താണ് കാരണം?

'റുമാറ്റിക് ഫീവര്‍.'എന്ന ഒരു തരം വാതപ്പനി.

രക്തത്തിലൂടെ അത് ഹൃദയത്തിന്‍റെ വാല്‍വിനെ ബാധിക്കും.

എല്ലാത്തിനും അടിസ്ഥാനകാരണം അതാണ്.

ഞങ്ങള്‍ ബിരുദവിദ്യാര്‍ത്ഥികളില്‍ നിന്ന് പരീക്ഷകര്‍ പ്രതീക്ഷിക്കുന്നത് ഈ ഉത്തരങ്ങളായിരിക്കും.
പക്ഷെ ബിരുദാന്തര വിദ്യാര്‍ത്ഥികള്‍ ഇത്രയും പറഞ്ഞാല്‍ പോരാ. അവര്‍ കൂടുതല്‍ വിശദീകരിക്കേണ്ടതുണ്ട്.

'ദിസ് ഈസ്എ കേസ് ഓഫ് ലുട്ടെംബാക്കെര്‍ സിന്‍ഡ്രോം.'

പരീക്ഷകരോട് അവര്‍അങ്ങനെയാണ് പറയേണ്ടത്.

ഇത് ലുട്ടെംബാക്കെര്‍ സിന്‍ഡ്രോം. (2)

ലുട്ടെംബാക്കെര്‍? സിന്‍ഡ്രോം.? എന്താണത്?

ഫൈനല്‍ ഇയര്‍ഡി.എം. കാര്‍ഡിയോളജി പി. ജി വിദ്യാര്‍ത്ഥിയായ ഡോ. പത്മകുമാറാണ് ലുട്ടെംബാക്കെറിലേക്കുള്ള വഴി തുറന്നത്.

ഒരു ദിവസം, സ്റ്റെതെസ്‌കോപ്പ് എടുത്തു പത്മകുമാര്‍ എന്റെ ചെവിയില്‍ വെച്ചുതന്നു.

'ഈ ശബ്ദം അറിയാമല്ലോ'

'അറിയാം 'ഡപ്', ഒന്നാമത്തെ ഹൃദ്‌സ്പന്ദം'

'വെറും ഡപ് അല്ല'

'ഡ്ഡപ്പ്'

'അതെ. ലൌഡ് ഫസ്റ്റ് സൌണ്ട്' ഒച്ച കൂടിയ ഒരുഒന്നാംഹൃദ്‌സ്പന്ദം

'അതിനു മുമ്പിലുള്ള ഈ 'ഷുഷു' കേട്ടല്ലോ'

'അറിയാം. മിഡ് ഡയസ്റ്റൊളിക് മര്‍മര്‍. വാല്‍വ് കട്ടി പിടിച്ചു ചുരുങ്ങിയിരിക്കുന്നു.'

'ശരി. കൊള്ളാം.'ഡ്ഡപ്പി'ന് ശേഷം മറ്റൊരു മര്‍മര്‍ കേട്ടോ'

'ങേ,..പിന്നെയും ഒരു മര്‍മരമോ? ശരിയാണല്ലോ... ഒരു 'ശുശു'. നേരത്തേ ശ്രദ്ധിച്ചില്ല. പെട്ടെന്ന് അറിയാനാവില്ല.'

'ഇപ്പൊ മര്‍മരം....'

'രണ്ടായി.'

'ഇനി രണ്ടാമത്തെ ഹൃദ്‌സ്പന്ദം കേള്‍ക്കൂ'

'കേട്ടു. ലപ്'

'സൂക്ഷിച്ചു കേള്‍ക്കൂ'

'ലലപ്'

അതെ. രണ്ടാമത്തെ ഹൃദ്‌സ്പന്ദത്തിന് മുറിവേറ്റിട്ടുണ്ട്.
'ഇനി ലുട്ടെംബാക്കെര്‍സിഡ്രോം എന്താണെന്ന് പറയു'

'ഷുഷുഡ്ഡപ്പ്ശുശുലലപ്'

'അതുതന്നെ. വാല്‍വ് കട്ടിയായി ചുരുങ്ങുന്നതിനോപ്പം ഒരു മര്‍മരവും മുറിവും കൂടി ചേര്‍ന്നാല്‍ ലുട്ടെംബാക്കെറായി.

വാല്‍വ് അടഞ്ഞിട്ടുണ്ട്. പക്ഷെ അതിനും മുന്‍പ് ഹൃദയത്തില്‍ ഒരു വിള്ളല്‍ വീണിട്ടുണ്ട്. ഒറ്റ ഹൃദയത്തില്‍ തന്നെ ചുരുങ്ങലും വിള്ളലുമുള്ളതിനാല്‍ അതൊരു 'സിന്‍ഡ്രോം' ആകുന്നു.'

ഒരു ആര്‍ക്കിയോളജിസ്റ്റിന്റെ ഖനനഭൂമി പോലെയാണ് ഹരിഹരന്റെ ശരീരം. ആഴങ്ങളില്‍ അത് തെളിമയാര്‍ന്നു വരും.

* * * * * * *

ഫൈനല്‍ പരീക്ഷക്ക് നാലുമാസം മുന്‍പ്, പ്രൊഫസറുടെ മുന്നിലുള്ള കേസ് പ്രസന്റേഷന് ശേഷമുള്ള ഒരു ദിവസം, രാവിലെ ഞങ്ങള്‍ വാര്‍ഡിലെത്തുമ്പോള്‍ പൊക്കം കുറഞ്ഞു കൃശഗാത്രനായ ഒരാള്‍ ഹരിഹരന്റെ പുറം തടവിക്കൊണ്ടിരിക്കുന്നു. ഞങ്ങളെ കണ്ടതും മെലിഞ്ഞ ആ മനുഷ്യന്‍ നേരെ മുന്നിലേക്ക്‌വന്നു സ്വയം പരിചയപ്പെടുത്തി.

'ഞാന്‍ സുലൈമാന്‍. ഹരി നിങ്ങളെകുറിച്ച് പറഞ്ഞിട്ടുണ്ട്.'

നിര്‍ദ്ദയനും ആജാനബാഹുവും തല്ലാനും വെട്ടാനും മടിയില്ലാത്തവനുമായ സുലൈമാന്‍ ഇങ്ങനെയായതെങ്ങനെ? ഞങ്ങളുടെ പദ്ധതികള്‍ മുഴുവന്‍ അട്ടിമറിക്കപ്പെട്ടിരിക്കുന്നു. ഇദ്ദേഹത്തെ ഒരിക്കലും സ്വാഗതം ചെയ്യാന്‍പാടില്ല എന്നായിരുന്നു ഞങ്ങളുടെ തീരുമാനം.

'സുലൈമാനി'

ഹരിഹരന്‍ അയാളെ വിളിച്ചിരുന്നത് അങ്ങനെയാണ്.

'ഇനി ഓപ്പറേഷന്‍ചെയ്യാന്‍ കഴിയില്ല. ശ്വാസകോശത്തില്‍ മര്‍ദ്ദം കൂടിയതായി ഡോക്ടര്‍ പറയുന്നു. നന്നായി. ഇനി അതെക്കുറിച്ച് ആലോചിക്കേണ്ടല്ലോ. സുലൈമാനി ജയിലില്‍ പോകാതെ കൂടെയുണ്ടാവുകയും ചെയ്യും.'

അയാളുടെ മുഖം വലിഞ്ഞു മുറുകുന്നത് ഞാന്‍ കണ്ടു

'താനറിഞ്ഞോ, രോഗത്തിന്റെ ശരിയായ പേര്?'

ലുട്ടെംബാക്കെര്‍ സിന്‍ഡ്രോം.

'ഒരു പോര്‍ത്തുഗീസ് കോളനിയുടെ പേരുപോലുണ്ട്.'

സുലൈമാന്‍ കൌതുകത്തോടെ പറഞ്ഞു

'യഥാര്‍ത്ഥത്തില്‍ ഇത് ഫ്രഞ്ചാണ്.'

ഒരു പക്ഷെ പോര്‍ത്തുഗീസുകാര്‍ പിടിച്ചടക്കിയ ഒരു ഫ്രഞ്ചു കോളനിയായിരിക്കാം.

'അവിടെയുള്ള അടിമകളുടെ സംഗീതം കേള്‍ക്കണ്ടേ?'

സുലൈമാനെ തന്നിലേക്കടുപ്പിച്ചു അയാളുടെ ചെവി സ്വന്തം ഹൃദയത്തിനു മേല്‍ഹരിഹരന്‍ ചേര്‍ത്തുവച്ചു.

'ഷുഷുഡ്ഡപ്പ്ശുശുലലപ്'

സുലൈമാന്‍ താളം പിടിച്ചു.

തകിടത, തകിടത, തകിട തകിട തകിടത

'ഹരി, തിസ്രനടയാണ്.'

'ശരിയാണ്. സുലൈമാനി അതീതത്തില്‍ ആരംഭിക്കൂ...'

തുടര്‍ന്ന് ഗംഭീരമായ ഒരു സംഗീതം ഒന്നാം വാര്‍ഡില്‍മുഴങ്ങി.

'ഉണരുവിന്‍ എണീക്കുവിന്‍ അണിനിരന്നു കൊള്ളുവിന്‍
രണത്തിനുള്ള കാഹളം ശ്രവിക്കുവിന്‍മനോഹരം !
സ്വതന്ത്രമായ് സ്വതന്ത്രമായ് സ്വതന്ത്രമായി ഭാരതം
സ്വതന്ത്രമായി കേരളം സ്വതന്ത്രമായ് സമസ്തവും.' (3)

നിലത്തും കട്ടിലിലുമായി കിടന്നിരുന്ന രോഗികളും കൂട്ടിരിപ്പുകാരും ഉറക്കത്തില്‍ നിന്ന് ആരോ പിടിച്ചുണര്‍ത്തിയ പോലെ എഴുന്നേറ്റിരുന്നു. ആദ്യമായാണ് ഇത്ര പ്രതീക്ഷാനിര്‍ഭരമായ ഒരു സംഗീതം അവര്‍ കേള്‍ക്കുന്നത്. മെലിഞ്ഞ ഈ മനുഷ്യന്‍ തന്റെയുള്ളില്‍എവിടെയാണ് ഈ ഭാവതീവ്രത ഒളിപ്പിച്ചു വച്ചിരിക്കുന്നത്!

'.എങ്കിലും, സുലൈമാന്‍, വിശ്വസിക്കാനാവുന്നില്ല, ...സ്യുയുമോട്ടോ പ്രകാരം വെട്ടുകേസില്‍ പോലീസ് അറസ്റ്റു ചെയ്തതും രണ്ട് കൊല്ലം കഠിനതടവിന് ശിക്ഷിച്ചു സെന്‍ട്രല്‍ ജയിലിലിട്ടതും ഈ നിങ്ങളെ തന്നെയാണോ?'

സുലൈമാന്റെ രൂക്ഷമായ നോട്ടത്തില്‍ ചോദ്യം കരിഞ്ഞു പോയി.

'പക്ഷെ, എന്തിനാണ് ഒരു കാര്യവുമില്ലാതെ ആളുകളുമായി തല്ലുകൂടി താങ്കള്‍ പോലീസ് സ്റ്റേഷന്‍ കയറിയിറങ്ങുന്നത്?'

'സുഹൃത്തെ, സുലൈമാന്‍ തേന്‍മെഴുക് പുരട്ടിയ നൂലും, പാറപ്പൊടീല്‍ ഉരച്ച ഉളിയും, ഇടിക്കട്ടേല്‍ പതം വന്ന തോലും പിടിച്ചു പത്തുമുപ്പതു വര്‍ഷമായി റോഡരികില്‍ ഇരിക്കയാണ്. അങ്ങനെയിരിക്കുമ്പോ എത്ര വിലക്കിയാലും ചില കാഴ്ചകള്‍ തള്ളിവരും. അപ്പൊ അരിശം തോന്നും. ചിലപ്പോ കരയാന്‍ തോന്നും. അല്ലേല്‍ ചാവാന്‍ തോന്നും. ഏതെങ്കിലും ഒരുത്തന്‍ വന്നുനിന്ന് അപ്പൊ പുലഭ്യം പറയും. ഞാന്‍ കൈ നീട്ടി ഒന്ന് കൊടുക്കും. പോലീസുകാര്‍ കൃത്യമായി വരും. സ്വന്തം ഇച്ഛക്കനുസരിച്ചു ജീവിക്കാനുള്ള സ്വാതന്ത്ര്യത്തില്‍ പെട്ടുകിടക്കുകയാണ് സുലൈമാന്‍.
* * * * * * * * *
ഒറ്റക്കണ്ണുള്ള വലിയ പക്ഷിയെപ്പോലെ കടലിന് മീതെ അടയിരിക്കുന്ന നക്ഷത്രബംഗ്ലാവിന്റെ പ്രകാശം പെട്ടെന്ന് ബാല്‍ക്കണിയുടെ മുന്നിലൂടെ കടന്നുപോയി. താഴെ വിരലുകളില്‍ തൊട്ടുതൊട്ട് തിരകള്‍ സഞ്ചരിക്കുന്നു. കനത്ത് സാന്ദ്രമായ രാത്രിയില്‍ കരയിലേക്കുള്ള ദിശ തെറ്റിപ്പോകുമെന്ന് അവ ഭയപ്പെടുന്നുണ്ടാവണം. ഞങ്ങളുടെ മുറി ഇപ്പോള്‍ കടലിന് മുകളിലെ ഇരുട്ടിലേക്ക് തുറന്നുവച്ചിരിക്കുന്ന ഒരു കോളാമ്പിയാണ്. ഓര്‍മ്മകളുടെ ഓരോ മര്‍മ്മരവും വിദൂരതയില്‍ പ്രതിധ്വനിക്കുന്നത് ഇവിടെ നിന്നാല്‍കേള്‍ക്കാം. (തുടരും)


കുറിപ്പുകള്‍:
(1) ഹച്ച്‌സിസന്‍സ് ക്ലിനിക്കല്‍ മെത്തേട്‌സ് (Hutchison's Clinical Methods) : രോഗികളെ പരിശോധിച്ച് രോഗനിര്‍ണ്ണയം നടത്തുന്ന രീതിശാസ്ത്രം വിവരിക്കുന്ന മെഡിക്കല്‍ പഠന ഗ്രന്ഥം.
(2) ലുട്ടെംബാക്കെര്‍സിന്‍ ഡ്രോം(Lutembacher syndrome): അപൂര്‍വ്വമായ ഒരു ഹൃദ്രോഗം. ഹൃദയത്തിന്റെ മുകള്‍ഭാഗത്ത് ഇടത്തും വലത്തുമുള്ള അറകള്‍ (Right and Leftt Arium)ക്കിടയിലെ ഭിത്തിയില്‍ ജന്മനാ ഒരു ദ്വാരമുണ്ടായിരിക്കും (Atrial Septal Defect).അതേ ഹൃദയത്തിന്റെ താഴെ ഇടതുഭാഗത്തെ അറയുടെ വാല്‍വ് പിന്നീട് റുമാറ്റിക് വാതപ്പനി (Rheumatic fever)എന്ന രോഗം പിടിപെട്ട് കട്ടിപിടിച്ചു ചുരുങ്ങുകയും ചെയ്യുന്നു.
(3) ബോധേശ്വരന്‍റെ 'അന്ത്യസമരഭേരി' എന്ന സ്വാതന്ത്ര്യസമര ഗീതത്തില്‍നിന്ന്.
 

Latest news

- -