SPECIAL NEWS
  Jul 01, 2014
മാസ്‌ക് (അഥവാ ഒരു വൈദ്യ പരിശോധനപഠന പദ്ധതി)


വര്‍ഷങ്ങള്‍ക്ക് മുന്‍പാണ്. ഹൗസ് സര്‍ജന്‍സി ആരംഭിച്ച സമയം, ഗൈനക്കോളജി ആന്റ് ഒബ്‌സ്റ്റട്രിക് വിഭാഗത്തില്‍ ആദ്യത്തെ പോസ്റ്റിങ്ങ്, ഗവ മെഡിക്കല്‍ കോളേജിലെ പ്രശസ്തമായ എസ്.എ.റ്റി ആശുപത്രിയുടെ മുന്നിലെത്തുന്നു. മുകളിലെ ക്ലോക്കില്‍ സമയം പത്തര. എന്‍ട്രന്‍സിലൂടെ ഉള്ളില്‍ കടന്നപ്പോള്‍ മൂന്ന് മാസത്തേക്കുള്ള ക്ലിനിക്കല്‍ ജീവിതം ആശുപത്രിക്കുള്ളില്‍ പത്തിമടക്കിക്കിടക്കുന്നു. പരിശീലനപട്ടിക ഇങ്ങനെ:
ഗൈനക്കോളജി വാര്‍ഡ് ഒരു മാസം, ഒരു മാസം ലേബര്‍ റൂം, പിന്നെ പീഡിയാട്രിക്‌സ്, ഗൈനക്കോളജി വാര്‍ഡില്‍ നമ്മള്‍ പോസ്റ്റിങ്ങഗ് കഴിഞ്ഞവര്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു. 'ഡേയ്, ഈ പരിപാടി നമ്മള്‍ ആണുങ്ങള്‍ക്കുള്ളതല്ല. ശ്രീമതിമാരുടെ സ്‌പെഷ്യാലിറ്റിയാണ്, അവര്‍ കാര്യം വെടിപ്പായി നോക്കിക്കൊള്ളും. പത്തര പതിനൊന്നാവുമ്പോള്‍ റൗണ്ട്‌സ് കഴിയും, നീ ഉടന്‍ സ്ഥലം വിട്ടോണം.'

ഇതെന്ത് അനീതി? ഗൈനക്കോളജിയും ഒബ്‌സ്റ്റട്രിക്‌സും പരിശീലിക്കാതെ ഈ രാജ്യത്തെ നിന്ദിതരും പീഡിതരുമായ സ്ത്രീജനങ്ങളെ രക്ഷിക്കുന്നതെങ്ങനെ? ഇവരുടെ വാക്കു കേട്ടാല്‍ ആകെ അലങ്കോലമാകും. അത് വേണ്ട. അങ്ങനെ, സ്ത്രീസ്വാതന്ത്ര്യം, ലിംഗസമത്വം തുടങ്ങിയ ചിന്തകളുടെ ദുഃഖഭാരം ചുമക്കുന്ന ഒരു യുവഡോക്ടറന്‍ ചരിത്രം കൂര്‍ക്കം വലിക്കുന്ന ഗൈനക് വാര്‍ഡില്‍ കാലുകുത്തുന്നു. കട്ടിലിലും, അടിയിലും, നിലത്തും, ഒഴിഞ്ഞപെട്ടിയിലും, മച്ചിലും വരാന്തയിലും പുരപ്പുറത്തും എവിടെയും രോഗിണികള്‍ തന്നെ. ഉത്സവപ്പറമ്പിന്റെ ആരവം. എവിടെയും ആഘോഷവും ആഹ്ലാദവും പൊട്ടിച്ചിരിയും. സ്ത്രീകള്‍ ഒരു മരുഭൂമിയെ പൂങ്കാവനമാക്കിയിരിക്കുന്നു. ഭയങ്കരികള്‍!! രോഗം ഇത്ര സുഖമുള്ള ഏര്‍പ്പാടാണോ? കൊള്ളാമല്ലോ, അങ്ങനെ അതിശയിച്ച് ഗൈനക് ഡിപ്പാര്‍ട്ടുമെന്റില്‍ എത്തിച്ചേര്‍ന്നു. പ്രൊഫസറെ കണ്ടു ചിരിച്ചു.
'കോട്ടിടണം' പ്രൊഫസ്സര്‍.

ആണ്‍ ഡോക്‌സ് ഓവര്‍കൊട്ടിടാതെ നെഞ്ചുവിരിച്ച് മേയുന്ന കാലമാണ്. കരിങ്കാലിയാകും, എന്നാലും സാരമില്ല. പത്തരക്കുള്ള മുങ്ങലിനോട് വിദ്വേഷമുള്ളതിനാല്‍ നിര്‍ദ്ദേശം ഇഷ്ടപ്പെട്ടു.

'ഉവ്വ്'

അടുത്ത വെടി ഉടന്‍ പൊട്ടി.

'റൗണ്ട്‌സ് സമയത്ത് മാസ്‌ക് കെട്ടണം'

ങേ

പുറകെ വിശദീകരണവും വന്നു

'അല്ലെങ്കില്‍ പുരുഷന്മാര്‍ ഡോക്ടര്‍മാരാണെന്ന് അവര്‍ക്ക് തോന്നുകയില്ല'

അത് കൊള്ളാം, ലിംഗസമത്വം നടപ്പിലാക്കാന്‍ ഇതിലും മികച്ച് മാര്‍ഗം വേറെയില്ല. നല്ല ആശയം.

'എട്ടുമണിക്ക് വരണം താമസിച്ചാല്‍ ഹാജരില്ല'.

'ഉവ്വ്്'

ഞാന്‍ ചുറ്റും നോക്കി. മുഴുവന്‍ മാഡംസ്, സഹ ഹൗസ് സര്‍ജന്‍മാരും മാഡംസ്. ഗൗരവമായ ചുറ്റുപാടാണ്. എല്ലാവരുടെയും നടുവില്‍ ഹൗസ് സര്‍ജന്‍മാരുടെ കന്‍ടോണ്‍മെന്റ് സ്‌റ്റേഷനായ അസോസിയേറ്റ് പ്രൊഫസ്സര്‍ പിസ ഗോപുരം പോലെ ഉയര്‍ന്നു കാണുന്നു. അവരെന്നെ ചരിഞ്ഞു നോക്കി.

'ഇവനേത്'

വണ്ടി അങ്ങനെ സെക്കന്‍ഡ് ഗിയറിലേക്ക് കയറി. കൃത്യം 8 മണിക്ക് ഹാജര്‍. പിന്നെ മാസ്‌ക്, റൗണ്ട്‌സ്, കേസ് ഷീറ്റ് എഴുത്ത് … ഒടുവില്‍ പ്രൊഫസ്സര്‍ സൈന്യസമേതം എത്തുന്നു. എല്ലാവരും മാഡംസ് വിത്ത് നോ മാസ്‌ക്... പാര്‍ശ്വവര്‍ത്തികള്‍ക്ക് സ്വതന്ത്രശ്വാസം നിഷിദ്ധമായതിനാല്‍ ഞാന്‍ വീണ്ടും മാസ്‌കില്‍ കയറുന്നു. പിന്നെ റൗണ്ട്‌സ്, കേസ് ഷീറ്റ് വായന, റിപ്പീറ്റടി, സംവാദം, വിശകലനം, ജേര്‍ണല്‍ ക്വട്ടേഷനുകളുടെ മാലപ്പടക്കം, കൊടിയേറ്റം ഗോപിയെ പോലെ ഞാന്‍ മിഴിച്ചു നിന്നു. 'എന്തൊരു സ്പീഡ്!!' നിലത്തും മച്ചിലും പെട്ടികളിലും കിടക്കുന്നവര്‍ ഓരോരുത്തരായി തലയുയര്‍ത്തി നോക്കി, ഇതേത് വേഷം? അങ്ങനെ സമയം പത്തരയാകുന്നു. ഫ്ലൂഗ് മാര്‍ച്ച് ചുരുട്ടിക്കെട്ടി മാഡംസുകള്‍ ഉത്സവപ്പറമ്പിനുള്ളില്‍ ഒളിത്താവളങ്ങളിലേക്ക് ഉന്നതതല ചര്‍ച്ചകള്‍ക്കായി തലവടിക്കുന്നു. മുഖംമൂടി പെരുവഴിയില്‍ ഒറ്റയ്ക്ക്, നിന്ദിതര്‍ സഹതാപത്തോടെ മാസ്‌കിലേക്ക് നോക്കി,

'മോനെ നെനക്ക് എന്നതാ രോഗം?'

ഒരു ചോദ്യം കട്ടിലിന്റെ അടിയില്‍ നിന്ന് എണീറ്റ് കട്ടിലിന്റെ മുകളില്‍ ഒരറ്റത്ത് വന്നിരുന്നു.

'രോഗിയല്ല ഡോക്ടറാ'

'നിന്നെയാരപ്പാ മോറ കെട്ടിവിട്ടത്'

ലിംഗസമത്വം എന്ന് പറയാന്‍ ഒരുങ്ങിയെങ്കിലും ചോദ്യം ഉത്തരത്തെ എങ്ങനെ മനസ്സിലാക്കും എന്ന് നിശ്ചയമില്ലാത്തതിനാല്‍ മാസ്‌കിന് അകത്തും പുറത്തുമായിരുന്ന് രണ്ടുപേരും ചിരിച്ചു.

'പിള്ളക്ക് ബി. പി. നോക്കാനറിയോ?'

'ഉവ്വ്'

'എന്നാ ഇച്ചിരി ബി.പി.നോക്കി താ'

'എന്താ പ്രശ്‌നം?'

'മൊഴ. ഓപ്പറേഷന്‍ നടക്കണേല്‍ ബി.പി.കൊറയണം'

'അതെന്താ? ഗുളിക കഴിക്കുന്നില്ലേ?'

'ഗുളിയ മൊറപോലെ പോവുന്നൊണ്ട്. കൊറഞ്ഞോന്നറിയാന്‍ കൈയ്യീകെട്ടി നോക്കണ്ടേ'

'ഓഹോ ... അവസാനം എന്നാ നോക്കിയത്? '

'വന്നപ്പം, കട്ടിലിന്റടീല്‍ ആരും നോക്കൂല'

'ഇപ്പം നോക്കാം.'

ദാക്ഷായണിയമ്മയുടെ കേസ്ഷീറ്റ് നോക്കി. എന്തതിശയമേ!! അഡ്മിറ്റായി ഒരാഴ്ച മുന്‍പ് മുതല്‍ ഇന്നുവരെയുള്ള ബി.പി.ഏതോ ഒരദൃശ്യശക്തി ദിവസം നാല് നേരം നോക്കി കൃത്യമായി രേഖപ്പെടുത്തിവെച്ചിരിക്കുന്നു. വന്ന ദിവസത്തെപ്പോലെ ഇപ്പോഴും നല്ല കൂടുതല്‍ തന്നെ. മര്‍ദ്ദം കുറയാത്തതുകൊണ്ട് ചികിത്സ സെക്കന്‍ഡ് ലൈന്‍ പിടിച്ചിരിക്കുകയാണ്.

'സിസ്റ്റര്‍, ബി.പി.അപ്പാരറ്റസ് വേണം'

'ഇവിടില്ല, കേടാണ്

'അപ്പൊ?'

'വേണ്ടവര്‍ അപ്പുറത്തെ വാര്‍ഡില്‍ നിന്നെടുത്തോളും'
കണ്ടപ്പോള്‍ തന്നെ അപ്പുറത്തെ സഹോദരിക്ക് കാര്യം പിടികിട്ടിപ്പോയി.

'രാവിലെ ഉണ്ടായിരുന്നു. ഞാന്‍ കണ്ടതാ'

'കുറെ മുമ്പേ പുള്ളിക്കാരന്‍ ഇവിടെന്ന് ഇറങ്ങിപ്പോയതാ. ഇതുവരെ തിരിച്ചു വന്നില്ല'

'എവിടെ കാണും'

'അന്വേഷിപ്പിന്‍ കണ്ടെത്തും'. സിസ്റ്റര്‍ കുരിശ് വരച്ചു.
സംഗതി അതാണ്, ഒരൊറ്റ അപ്പാരറ്റസ് ആണ് ആ കഥ മുഴുവന്‍ കൊണ്ടുപോകുന്നത്. ഇനി എന്തു ചെയ്യും? കട്ടിലിന്റടീല്‍ വാക്കുകൊടുത്തതാണ്.

'മാഡംസേ, നാളെ മുതല്‍ ഞാനെന്റെ സ്വന്തം ബി.പി.അപ്പാരട്ടസില്‍ വരും'
അങ്ങനെയാണ്, ഹൗസ് സര്‍ജന്മാര്‍ 1500 രൂപ മാസസ്റ്റൈപ്പന്റ് വാങ്ങുന്ന പൂര്‍വ പുത്തന്‍ സാമ്പത്തിക നയകാലഘട്ടത്തില്‍, എണ്ണൂറ്റി അന്‍പതു കൊടുത്ത് ഒരു ബി.പി.മെഷീന്‍ വാങ്ങുന്നത്.
രാവിലെ തന്നെ കട്ടിലിന്റടീല്‍ എത്തി. ക്ഷമ പറയും മുന്‍പേ ഫയര്‍ ഇങ്ങോട്ട് വന്നു.

'വാക്കിന് വെല വേണം'

'നിങ്ങള്‍ക്ക് വേണ്ടി ഞാനെന്റെ സ്വന്തം..' മെഷീന്‍ ഞാന്‍ പുറത്തെടുത്തു.

'ഇത് വ്യാജനാ കള്ളലക്ഷണം'

'അയ്യോ അല്ല തനി സത്യന്‍. രൂപ എണ്ണൂറ്റി അന്‍പത്'

'വിശ്വസിക്കാവോ'

'അതല്ലേ പ്രധാനം'

ദാക്ഷായണിയമ്മ കൈ നീട്ടി, സൂചി ചുറ്റിത്തിരഞ്ഞു. 120/80 കൃത്യം. സന്തോഷം സഹിക്കാഞ്ഞ് അവര്‍ ബി.പി.കഫില്‍ ഉമ്മവച്ചു.

'അപ്പൊ ഓപ്പറേഷന്‍ നടക്കും?'

'നടക്കും'

സൂചി ഉച്ചക്കും ചുറ്റിത്തിരിഞ്ഞു. വാശിയാണ്, ബി.പി.120/80 തന്നെ രോഗിണികളും കൂട്ടിരിപ്പുകാരും സത്യനെ ആരാധനയോടെ നോക്കി. എല്ലാവര്‍ക്കും ഇച്ചിരി ബി.പി.വേണം. സൂചിക്കും സന്തോഷം. അത്ഭുതം വീണ്ടും തലപൊക്കി. വൈകീട്ടും രാത്രിയിലും അദൃശ്യശക്തി രണ്ട് നേരം ബി.പി.നോക്കിയിരിക്കുന്നു!! കേസ് ഷീറ്റില്‍ രാവിലെ വടിവൊത്ത അക്കങ്ങളില്‍ കിടക്കുന്നു. 120/80 ശക്തി അദൃശ്യമെങ്കിലും പാരയല്ല എന്നുറപ്പായി. അങ്ങനെ രണ്ട് നേരം ഞാന്‍ രണ്ട് നേരം അദൃശ്യകക്ഷി, മൂന്നാം ദിവസം ദാക്ഷായണിയമ്മ ഫിറ്റായി. നാലാം ദിവസം തിയേറ്ററില്‍ പോയി. വാര്‍ത്ത ഉത്സവപ്പറമ്പില്‍ കത്തിയെരിഞ്ഞു. മുഖംമൂടി ബി.പി.സാറായി രൂപാന്തരപ്പെട്ടു.
റൗണ്ട്‌സിനിടയില്‍ നോണ്‍ വെര്‍ബല്‍ കമ്മ്യൂണിക്കേഷന്‍ അങ്ങോട്ടും ഇങ്ങോട്ടും പാഞ്ഞു.

നോണ്‍ വെര്‍ബല്‍ 'സാര്‍'

നോണ്‍ വെര്‍ബല്‍ 'പത്തര കഴിയട്ടെ'

നോണ്‍ വെര്‍ബല്‍ 'ഡോക്ടറെ എന്റെ ബി.പി'

നോണ്‍ വെര്‍ബല്‍ 'വെയ്റ്റ്'

നോണ്‍ വെര്‍ബല്‍ 'എന്നെ മൈന്റില്ല'

നോണ്‍ വെര്‍ബല്‍ 'മൈന്റൂം'

നോണ്‍ വെര്‍ബല്‍ 'അണ്ണാ'

നോണ്‍ വെര്‍ബല്‍ 'ഓ'

ശൂ..ശൂ... ബി.പി. കഫില്‍ നിന്ന വായു അകത്തേക്കും പുറത്തേക്കും പോകുന്ന ശബ്ദത്താല്‍ ഗൈനക് വാര്‍ഡുകള്‍ മുഖരിതമായി. മോണിറ്ററിലെ സൂചി മൂന്ന് തവണ ഭൂമിയെ വലംവെച്ചു വന്നപ്പോള്‍ നിലത്തും വരാന്തയിലും ഇഴഞ്ഞു നടന്നിരുന്ന രക്തസമ്മര്‍ദ്ദം ഒരാഴ്ച കൊണ്ട് പെട്ടിക്കുള്ളിലായി.

ഒരു മഹാസത്യം അതിനിടയിലാണ് വെളിവായത്. സ്ത്രീകള്‍ എന്നാല്‍ യൂട്രസ്സും അനുബന്ധ അവയവങ്ങളും മാത്രമല്ല. ഉദാഹരണം, നാരായണി വെറും ഒരു ഫൈബ്രോയിഡ് അല്ല. മനോവേദനയും ക്ഷീണവുമായിരുന്നു അവരുടെ പ്രശ്‌നം. ഒ.പി.യിലെ വിദ്വാന്‍ അവരില്‍ നിന്ന് ഒരു ഫൈബ്രോയിഡ് തപ്പിയെടുത്ത് ഗൈനക് വാര്‍ഡിലാക്കി. എന്താ അവര്‍ക്ക് ഡിപ്രഷന്‍. കോറി ഹൈപ്പോ തൈറോയിഡിസം വിത്ത് ഫൈബ്രോയിഡ് ആയാല്‍ കുഴപ്പമുണ്ടോ? ജമീല (60 വയസ്സ്, കച്ചവടം, കടുത്ത പുകവലിക്കാരി) വെറും പ്രോലാപസ് മാത്രമല്ല അവരുടെ ബുദ്ധിമുട്ട്. ശ്വാസംപിടുത്തവും ചുമയും ചൊറിച്ചിലുമാണ്. മറ്റുള്ളവരുടെ പ്രശ്‌നം പ്രോലപസും. അവര്‍ക്ക് സിയോപീഡി, അലര്‍ജിക് എക്‌സിമ വിത്ത് പ്രോലാപസ് ആണെന്ന് പറയാന്‍ എന്താ തടസ്സം? അടങ്ങിയിരുന്നോണം എന്ന് ഇപ്പോഴും ശകാരം കേള്‍ക്കുന്ന സിനി ഒരു ഡിസ്‌മെനോറിയ മാത്രമല്ല ബിപോളാര്‍ കൂടിയാണോ?
ആയതിനാല്‍ സുഹൃത്തുക്കളെ, നാരായണി, ജമീല, സിനി എന്നിവര്‍ യഥാക്രമം ഫൈബ്രോയിഡും, പ്രോലാപസും, ഡിസ്‌മെനോറിയയും ആയതിനാല്‍ മനുഷ്യരല്ലാതാവുമോ? അങ്ങനെയാണ് പീഡിതര്‍ക്ക് വേണ്ടിയുള്ള ഒരു പരിശോധന പദ്ധതി തയ്യാറാക്കുന്നത്. അതിന്റെ ഭാഗമായാണ് സ്റ്റെത്ത്, ബി.പി. അപ്പാരറ്റസ് എന്നീ സ്ഥിരം ഐറ്റങ്ങള്‍ കൂടാതെ ഹാമര്‍, ട്യൂണിംഗ് ഫോര്‍ക്കുകള്‍, ടേപ്പ്, മധുരം, ഉപ്പ് എന്നിവ അടങ്ങിയ ഡപ്പികള്‍, ചാര്‍ട്ടുകള്‍, ടൂളുകള്‍ തുടങ്ങി സര്‍വായുധങ്ങളുമായി ബി.പി.സാര്‍ ഗൈനക് വാര്‍ഡില്‍ അവതരിക്കുന്നത്.
ശേഷം കാര്യപരിപാടി ഇങ്ങനെ:

1.റൗണ്ട്‌സ്

2.ശൂ...ശൂ...ശൂ

3. വിശദപഠനം (ഒന്ന്)

അങ്ങനെ വൈദ്യപരിശീലനം സുന്ദരസുരഭിലമായി മുന്നോട്ട് കുതിക്കാന്‍ ഒരുങ്ങി നില്‍ക്കെ, ഒരു ദിവസം:
ക്രമ നം: (1) (2) കഴിഞ്ഞ ശേഷം (3)ലേക്ക് പ്രവേശിക്കുന്നു. പരിശോധന ഉപകരണങ്ങള്‍ ട്രാന്‍സ്‌പെരന്‍സി പ്രമാണിച്ച് പ്രദര്‍ശിപ്പിച്ചിട്ടുണ്ട്.

പെട്ടെന്ന് ഒരശ്ശരീരി,

'എടോ'

നോക്കുമ്പോള്‍ അശ്ശരീരിയല്ല. പിന്‍വിളിയാണ്. പുറകിലേക്ക് ഫ്ലൂഷ് മിന്നിയപ്പോള്‍ കണ്‍റ്റോണ്‍മെന്റ് സ്‌റ്റെഷനാണ്. പിസ്സാ ഗോപുരം താഴേക്ക് നോക്കി നില്‍ക്കുന്നു.

(സ്ത്രീവിരുദ്ധന്‍ എന്ന് മുദ്രകുത്തപ്പെടാന്‍ സാധ്യതയുള്ളതിനാല്‍ ഇനിയുള്ള സംഭാഷണങ്ങള്‍ സംസ്‌കൃതത്തിലാണ്. ഒറിജിനല്‍ ഡോക്യുമെന്റുകളില്‍ താല്പര്യമുള്ളവര്‍ക്ക് സാധനം ബ്രാക്കറ്റില്‍ കൊടുത്തിട്ടുണ്ട്)

'ഭവാന്‍'
(എടോ)
അസോസിയേറ്റ് പ്രൊഫസ്സര്‍ ഭൂമധ്യരേഖയിലാണ്.

'മാതാശ്രീ'
(എസ്സ് മാഡം)

'സമയകാല രഥത്തില്‍ ഭവാന്‍ ഏത് ദശാസന്ധിയിലാണ്?'
(എന്തായടോ സമയം?)

'മാതാശ്രീ മധ്യാഹ്നത്തിന് ഒരു വിനാഴിക പൂര്‍വാര്‍ദ്ധം'
(പത്തര കഴിഞ്ഞ മാഡം)

'ഭവാന്‍ അനുഗാമികളായ ഗോക്കളും, ഗോകുലപാലകരുമെവിടെ?'
(തന്റെ കൂടെയുള്ളവരെവിടെ?)

'സര്‍വം ഗമനം'
(എല്ലാവരും സ്ഥലംവിട്ടു)

'തരുലതാദികള്‍ ഉദ്യാനത്തില്‍ കാത്തുനില്‍ക്കെ, ഭവാന്‍ ഭ്രമണപഥത്തില്‍ ഏകനായ് തുടരുവതെന്തെ? മനോരഥം എവിടെ?'

(എന്നിട്ട് താന്‍ മാത്രം എന്താ കറങ്ങിത്തിരിഞ്ഞ് നില്‍ക്കുന്നത്? എന്താ തന്റെ ഉദ്ദേശം?)
പെട്ടന്ന്, കാത്തിരുന്നതുപോലെ പിറകില്‍ ഉച്ചത്തില്‍ ചിരി പൊട്ടി. തിരിഞ്ഞുനോക്കി. നിന്ദിതരും പീഡിതരും ചിരിച്ചുതകര്‍ക്കുന്നു.

'സഹോദരിമാരെ, നിങ്ങളും'

ചിരി മധ്യമത്തിലേക്ക് ശ്രുതി പിടിക്കുകയാണ്

'ഞാനല്ലേ നിങ്ങള്‍ക്ക് ബി.പി.എടുത്തു തന്നത്? ഞാനല്ലേ നിങ്ങളുടെ ഡിപ്രഷനും, ഹൈപ്പോ തൈറോയിഡിസവും, സിയോപിഡിയും, അലര്‍ജിക് എക്‌സിമയും, ബൈപോളാറും കണ്ടുപിടിച്ചത്?'

പിസ്സാ ഗോപുരം ചരിഞ്ഞുവന്നു അവസാനത്തെ ആണിയും അടിച്ചു.

'ഗന്ധര്‍വകുമാര, ഗന്ധമാദന പര്‍വ്വതത്തില്‍ നിന്ന് ഇറങ്ങിവന്നാലും' (എടൊ, മണപ്പിച്ച് നില്‍ക്കാതെ വേഗം സ്ഥലം വിട്)

ബി.പി.സാര്‍ മിഴിച്ചു നിന്നുപോയി. 'ഇതേത് ഭാഷ? മലയാളങ്ങള്‍ തന്നെയോ?' പശ്ചാത്തല സംഗീതം ഉച്ചസ്ഥായിയിലായി. ഒരു നിമിഷം ഗ്യാപ്പില്‍ ഓര്‍മ തിരിച്ചുകിട്ടിയപ്പോള്‍ മനസ്സിലായി, ലിംഗസമത്വം നഷ്ടപ്പെട്ട് ഞാന്‍ ഒരു പുരുഷനായിരിക്കുന്നു.

'അയ്യേ'

സ്റ്റെത്ത്, കോട്ട്, ബി.പി.അപ്പാരറ്റസ്, നീ ഹാമര്‍, ട്യൂണിംഗ് ഫോര്‍ക്ക്, ടേപ്പ്, മധുരകുപ്പി, ഉപ്പ് ഡപ്പി, ചാര്‍ട്ടുകള്‍ തുടങ്ങിയ എല്ലാവിധ സ്ഥാവര ജംഗമ വസ്തുക്കളും ബാഗിനുള്ളില്‍ കുത്തിക്കയറ്റി പുരുഷന്മാരുടെ ഹൗസ് സര്‍ജന്‍സ് ക്വാട്ടേഴ്‌സ് ലക്ഷ്യമാക്കി ഞാന്‍ ഓടി. അവിടെ മെഡിക്കല്‍ എന്‍ട്രന്‍സ് പുസ്തകങ്ങളും, ഗൈഡുകളും കൂട്ടം കൂടി ഭക്ഷിച്ചുകൊണ്ടിരുന്ന ആണ്‍പുലികള്‍ക്ക് നടുവില്‍ ചാടിക്കയറിയിരുന്ന് നാണം മറച്ചു.
ഒടുവില്‍ മാസ്‌ക് അഴിച്ചുമാറ്റി. ദീര്‍ഘമായി ശ്വസിച്ചു.

(ഗുണപാഠം: സുന്ദരവും മനോഹരവുമായ എന്‍ട്രന്‍സ് ഗൈഡുകള്‍ മുറിയിലിരിക്കെ, രോഗികളില്‍ നിന്ന് മെഡിസിന്‍ പഠിക്കാന്‍ ഇറങ്ങിത്തിരിക്കുന്നവന്‍മാര്‍ക്കെല്ലാം ഇത് ഫലം.)

മറ്റ് ഗുണപാഠങ്ങള്‍ മുകളില്‍ പറഞ്ഞിട്ടുള്ള സ്ഥിതിക്ക് ആവര്‍ത്തിക്കുന്നില്ല.

 

Latest news

- -