SPECIAL NEWS
  Feb 23, 2015
സ്‌പെസിമെന്‍ ഭാഗം ഒന്ന്: ക്രോമോസോം
ഡോ.ജി.ആര്‍.സന്തോഷ്‌കുമാര്‍

വര: ദേവപ്രകാശ്

സൂര്യന്‍ അസ്തമിച്ചു. സ്തബ്ധമായിപോയ ജലപ്പരപ്പ് ഒരിക്കല്‍കൂടി ചുവന്നു. ഉപ്പിന്റെ രുചിയുള്ള സാന്ധ്യാപ്രകാശം കൊഴിഞ്ഞു വീഴാന്‍ ഇരുട്ട് കാത്തുനില്‍ക്കുകയാണ്. ജലവിതാനത്തിന് മുകളിലേക്ക് രാത്രിയുടെ ഫണമുയര്‍ന്നു.


ആഴങ്ങളില്‍ ഉറങ്ങുകയായിരുന്ന ദിനോസറുകള്‍ കരയിലേക്ക് ഓടിയെത്തും പോലെ തിരമാലകള്‍ ആയത്തില്‍ വരുന്നത് മൂന്നാംനിലയിലെ ബാല്‍ക്കണിയില്‍ നിന്ന് ഞാന്‍ കണ്ടു. ഏറെ വര്‍ഷങ്ങള്‍ക്കു ശേഷം ഞങ്ങള്‍ സുഹൃത്തുക്കള്‍ ഒത്തുചേരുന്ന ആ വൈകുന്നേരത്തിന് വിരാമമിട്ടുകൊണ്ട് ഹോട്ടലിന്റെ അസ്തിവാരം തിരമാലകളുടെ ഊക്കില്‍ തകര്‍ന്നു പോകുമെന്ന് ഞാന്‍ ഭയപ്പെട്ടു.

വരാന്‍ പോകുന്ന രാത്രിയുടെ വിഷാദാത്മകമായ ആമുഖം പോലെ ഒരു തണുത്ത കാറ്റ് അപ്പോള്‍ അതുവഴി കടന്നുപോയി. എത്രയോ നൂറ്റാണ്ടുകളായി ഈ കാറ്റ് ഇങ്ങനെ തന്നെയായിരിക്കണം.

ഒരു കപ്പല്‍ത്തട്ടിനെ ഓര്‍മ്മിപ്പിച്ചുകൊണ്ട് ബാല്‍ക്കണി കടലിലേക്ക് ഉന്തി നില്‍ക്കുകയാണ്. ഇവിടെ നില്‍ക്കുന്ന ആരേയും പ്രാചീനനായ ഒരു സമുദ്രസഞ്ചാരിയെ പോലെയാവും ഉള്‍ക്കടലിലെ ഇരുളിലേക്ക് പോവുന്ന യാത്രികര്‍ കാണുക.

അകത്ത് ഒരു ഇടവേളയാണ്.

ഏറെക്കാലമായി ഒഴിഞ്ഞുകിടക്കുകയായിരുന്ന സൗഹൃദചഷകത്തില്‍ വാക്കുകള്‍ നുരഞ്ഞുപതഞ്ഞു. രാത്രിഞ്ചരനായ ഒരു നിലാവ് പിന്‍വഴികളിലൂടെ അവിടേക്ക് നടന്നെത്തും.

എല്ലാവര്‍ക്കും ഭക്ഷണമൊരുക്കണം. ഹോട്ടലിലെ പരിചാരകനോട് വിഭവങ്ങളെകുറിച്ച് സംസാരിക്കുകയാണ് സുഹൃത്തുക്കള്‍, സഹപാഠികള്‍.

കാര്‍ഡിയോ തൊറാസിക് സര്‍ജന്‍ വിനോദ് ചന്ദ്രന്‍, അനസ്‌തേഷ്യോളജിസ്റ്റ് അന്‍സാര്‍ അഹമ്മദ്, ഓര്‍ത്തോപീടിക് സര്‍ജന്‍ ജയപ്രകാശ് മാധവന്‍.

ഇനി വന്നുചേരേണ്ടവര്‍ രണ്ടുപേരാണ്. റെസ്പിറേറ്ററി ഫിസിഷ്യന്‍ സാജന്‍ വര്‍ഗ്ഗീസും ജനറല്‍ ഫിസിഷ്യന്‍ രാജീവ് രാജനും. ഫിസിഷ്യന്മാര്‍ പൊതുവേ സന്ദേഹികളാണ്, അവര്‍ വൈകും.

'സാര്‍, കിച്ചന്‍എട്ട് മണിക്ക് അടക്കണം', റൂംബോയ് തിരക്ക് കൂട്ടുകയാണ്. നഗരത്തില്‍ ഒരു തരം പനി പടര്‍ന്നു പിടിച്ചിരിക്കുന്നു. കടല്‍ത്തീരം ശൂന്യമാകും മുന്‍പ് കുക്കിന് അവസാനവണ്ടി പിടിക്കണം.

അയാളുടെ ഭാര്യയും മകനും വീട്ടില്‍ തനിച്ചാണ്. പനി എവിടെയും നുഴഞ്ഞുകയറാം.

ഡോ. വിനോദ് ചന്ദ്രന്റെ ഇഷ്ടവിഭവം ബീഫ് ഉലര്‍ത്തിയതാണ്. അന്‍സാര്‍ ചിക്കന്‍ വരട്ടിയത് ഓര്‍ഡര്‍ ചെയ്തു. ജയപ്രകാശ് ചിക്കന്‍സിക്റ്റി ഫൈവും.

സര്‍ജിക്കല്‍ ടീം സൗഹൃദത്തിന്റെ മുറിയെ ഇന്ന് അറവുശാലയാക്കും.

കോളേജിലെ പഴയ വിദ്യാര്‍ഥി സമരകാലത്തെ കമ്മറ്റികളിലൊന്നിനെ ഓര്‍ത്തുകൊണ്ട് വിനോദ് ഏഴുന്നേറ്റു നിന്നു.

'ജയപ്രകാശ്, ഇന്ത്യന്‍ സൈന്യം യുദ്ധകാലത്ത് കണ്ടുപിടിച്ച ഒരു ഭക്ഷണമാണ് ചിക്കന്‍ സിക്‌സ്റ്റി ഫൈവ്.'

'ചിയേഴ്‌സ്.'

'അപ്പോള്‍ കൂടുതല്‍ സന്തുഷ്ടരാകുക എന്നതിനര്‍ത്ഥം കൂടുതല്‍ ആക്രമണകാരികളാകുക എന്നതാണ്.'

'നിന്റെ കുക്കിനോട് ധൈര്യമായി പോയ്‌ക്കൊള്ളാന്‍ പറയൂ'.

'അതെ. പനിക്കഴുവേറീടെ കാര്യം ഞങ്ങള്‍ നോക്കിക്കൊള്ളാം'.

റൂംബോയ് മടങ്ങിപ്പോയി. തൊട്ടടുത്ത നിമിഷം വാതില്‍ തുറന്ന് ഡോ. സാജന്‍ വര്‍ഗ്ഗീസ് അകത്തേക്ക് വന്നു. ജനറല്‍ ആശുപത്രിയിലെ ശ്വാസകോശരോഗ വിഭാഗത്തിലെ ഒരേയൊരു ഫിസിഷ്യനാണയാള്‍. ഒ.പിയും വാര്‍ഡും പകര്‍ച്ചപ്പനിയില്‍ വിയര്‍ക്കുകയാണ്. പക്ഷേ, വിശ്രമമില്ലാതെ അയാള്‍ ആകെ ഉണങ്ങി വരണ്ടുപോയിരിക്കുന്നു.

മൂക്കൊലിപ്പും തോണ്ടവേദനയുമായാണ് പനി തുടങ്ങുക. പിന്നെ ചുമയായി അത് നെഞ്ചിലേക്കിറങ്ങും. ഏതു ശരീരത്തിലാണ് പനി ചുറ്റിപ്പിണയുന്നതെന്ന് പറയാനാവില്ല. കാലില്‍ പിടിച്ചുതാഴ്ത്തും പോലെ നിന്നനില്‍പ്പിലാവും രോഗി ശ്വാസംമുട്ടിലേക്ക് മുങ്ങിപോവുക. അതാരാണ്? എപ്പോഴാണ്? ആര്‍ക്കറിയാം!

വാര്‍ഡിലെ റൗണ്ട്‌സിന് മുന്‍പ് മുഖത്ത് കെട്ടിയിരുന്ന മാസ്‌ക് അഴിച്ചുമാറ്റാന്‍ മറന്നത് ഇപ്പോഴും അവന്റെ കഴുത്തില്‍ തന്നെയുണ്ട്. കാലുകള്‍ ഉയര്‍ത്തിവച്ച് സോഫയില്‍ വീഴും മുന്‍പ് മുഖവുരയില്ലാതെ സാജന്‍ പറഞ്ഞു.

'നമ്മുടെ സുലൈമാനും മരിച്ചു'.

മുറി ഒരു നിമിഷം നിശ്ശബ്ദമായി. ഏത് സുലൈമാന്‍ എന്നാരും ചോദിച്ചില്ല. ഞങ്ങള്‍ക്ക് അറിയാമായിരുന്നത് അങ്ങനെ ഒരാളെ മാത്രമായിരുന്നു.

* * * *

എണ്‍പതുകളില്‍, തിരുവനന്തപുരം മെഡിക്കല്‍ കോളേജ് വാര്‍ഡ് നമ്പര്‍ ഒന്ന്, ബെഡ് നമ്പര്‍ പതിനാറിലെ പതിവ് ഹൃദ്രോഗിയായിരുന്ന ഹരിഹരന്റെ സുഹൃത്ത്, ഭൂമിയിലെ ഒരേയൊരു സുലൈമാന്‍. 'ഹരിഹരസുലൈമാന്‍ ക്രൊമോസോമി'ല്‍ അവശേഷിച്ച ഏകദളം.

'ഫൈനലി ദി ക്രോമോസോം ഹാഡ് ഇറ്റ്‌സ് ലാസ്റ്റ് ബ്രെത്ത്'. ക്രോമോസോം നിശബ്ദമായി.

മെഡിക്കല്‍ കോളേജ് ആശുപത്രിക്കുള്ളിലെ മെഡിസിന്‍ ലക്ചര്‍ ഹാളില്‍ നിമിഷങ്ങളോളം നീണ്ടുനിന്നിരുന്ന പഴയ ഒരു പൊട്ടിച്ചിരിയുടെ മുഴക്കവും ശൂന്യമായ ജനലിലേക്ക് നോക്കി നില്‍ക്കുകയായിരുന്ന രാജീവ് രാജന്റെ ചിത്രവും ഒരു നിമിഷം ഞങ്ങള്‍ക്കിടയിലൂടെ മിന്നിമറഞ്ഞു പോയി.

'അവന്‍ എവിടെ? അവനാണ് ആദ്യമറിയേണ്ടത്'.

ബാല്‍ക്കണിയിലേക്ക് വന്ന് ഇരുണ്ട കടലിലേക്ക് കൈകള്‍ ഉയര്‍ത്തി അന്‍സാര്‍ ഉറക്കെ വിളിച്ചു.

'രാജീവ്!'

മെഡിക്കല്‍കോളേജിലെ ഇന്‍ഫെക്ഷ്യസ് ഡിസീസ് യൂണിറ്റിലെ ഫിസിഷ്യനാണ് രാജീവ്.

'അവന്‍ ഇപ്പോഴും രക്തസാമ്പിള്‍ നിറച്ച ടെസ്റ്റൂബുകള്‍ക്ക് നടുവിലായിരിക്കും', തണുത്ത കാറ്റിലേക്ക് മുഖം പൂഴ്ത്തിക്കൊണ്ട് ജയപ്രകാശ് പറഞ്ഞു.

ശരിയാണ്. രോഗാണുക്കളും പ്രതിവസ്തുക്കളും നിറഞ്ഞ ഭൂമികയിലെ നിത്യസഞ്ചാരിയാണയാള്‍.

'അല്ലെങ്കില്‍, ഒരു ഡിറ്റക്റ്റീവിനെപോലെ പനിയുടെ നുഴഞ്ഞുകയറ്റക്കാരായ വൈറസുകളെ അന്വേഷിച്ചു നടക്കുകയുമാവാം'.

ഒരു പക്ഷെ, ഞങ്ങളുടെ പ്രൊഫസര്‍ ചോദിച്ചപോലെ, 'രാജീവ്, ആര്‍ യു സ്റ്റില്‍ ഓണ്‍ റെയില്‍സ്?'

നിലയ്ക്കാതെയോടുന്ന സ്വപ്നത്തീവണ്ടിയിലെ ഒരു യാത്രക്കാരനുമാവാം. ഇറങ്ങേണ്ടപ്പോള്‍ എപ്പോഴും തെറ്റായ സ്റ്റേഷന്‍ തിരഞ്ഞെടുക്കുന്ന ഒരാള്‍.

'സാജന്‍, എന്തായിരുന്നു സുലൈമാന്റെ മരണകാരണം?', അന്‍സാര്‍ചോദിച്ചു.

ഒരര്‍ധമയക്കത്തിന് മുകളില്‍ പഞ്ഞിക്കെട്ടുപോലെ പൊന്തിക്കിടക്കുകയായിരുന്ന സാജന്‍ കണ്ണുകളെ മൂടിക്കിടന്ന പഴകിയ ക്ഷീണം മെല്ലെയുയര്‍ത്തി ആ ദിവസത്തെ ഓര്‍ക്കാന്‍ ശ്രമിച്ചു.

ഉച്ചതിരിഞ്ഞ് ജനറല്‍ ആശുപത്രി ഒഴിഞ്ഞു തുടങ്ങിയിരുന്നു. അറ്റന്‍ഡര്‍ ഒ.പിയിലെ മുറികള്‍ ഒന്നൊന്നായി അടച്ചു. രോഗികളും കൂട്ടിരിപ്പുകാരും ആശുപത്രിയുടെ അങ്കണത്തില്‍ നിറഞ്ഞു കിടന്നിരുന്ന പുളിമരത്തിന്റെ നിഴലിലേക്ക് നോക്കുകയായിരുന്നു. അദൃശ്യമായ ഒരു കാത്തിരിപ്പ് വിരസവും നിശ്ചലവുമായ നിഴലിനുള്ളില്‍ ഘനീഭവിച്ചു നില്‍ക്കുന്നു. നിഴലിന്റെ ജലാശയങ്ങള്‍ക്കപ്പുറം ജെറിയാട്രിക് വാര്‍ഡ്. അവിടം പനിബാധിതരെ മറ്റുള്ളവരില്‍നിന്ന് മാറ്റി പാര്‍പ്പിച്ച് ചികിത്സിക്കാനുള്ള സ്ഥലമാക്കി മാറ്റിയിരിക്കുകയാണ്. അതിനോട് ചേര്‍ന്ന് കാണുന്ന മെഡിക്കല്‍ ഐ.സി.യുവിനുള്ളില്‍ സുലൈമാന്റെ ശരീരത്തിന്റെയരികെ ഇരിക്കുകയായിരുന്ന ഡോ. സാജന്‍ വര്‍ഗ്ഗീസ് പ്രൊഫസറുടെ വാക്കുകള്‍ ഓര്‍ത്തു.

'കോസ് ഓഫ് ഡെത്ത് ഷുഡ് ബി ബ്രീഫ് ആന്‍റ്റ് ആക്യുറേറ്റ്'.

മരണകാരണം ഹൃസ്വവും കൃത്യവുമാണ്. വിശദമായി പറയുമ്പോള്‍ അത് അവ്യക്തവും അര്‍ത്ഥശൂന്യവുമായിത്തീരും.

അന്നുച്ചതിരിഞ്ഞ് മൂന്ന് മണിക്ക് സുലൈമാന്റെ മരണചരിത്രം പൂര്‍ത്തിയാക്കാന്‍ ഡോ. സാജന് വേണ്ടിവന്നത് വെറും മൂന്ന് വാക്കുകള്‍ മാത്രമാണ്.

ബ്രോങ്കോന്യുമോണിയ (1), ഡെലീറിയം (2), ഡിമെന്‍ഷ്യ (3).

കേസ്ഷീറ്റില്‍ ആദ്യപുറത്തിന്റെ താഴെ അവ രേഖപ്പെടുത്തിക്കഴിഞ്ഞപ്പോള്‍ സാജന്റെ വിരലുകള്‍ വിറച്ചു. എത്ര പെട്ടെന്നാണ് ഒരാള്‍ മൂന്ന് വാക്കുകളിലേക്ക് ചുരുങ്ങിപ്പോയത്!

മരണത്തിന് പുളിയുടെ രുചിയാണുള്ളതെന്ന് ഡോ: സാജന്‍ അന്നാണ് മനസ്സിലാക്കിയത്. ഐ. സി. യുവില്‍ എരിയുന്ന ഒരു അമ്ലഗന്ധം വന്നു നിറഞ്ഞു.

വാര്‍ഡുകള്‍ക്കുള്ളിലും ഇടനാഴികളിലും കെട്ടിനിന്നിരുന്ന പനിയുടെ തീഷ്ണമായ ഉച്ഛ്വാസവായുവില്‍ വെന്ത് തന്റെ ശരീരം പാളികളായി ഇളകി പോവുകയാണെന്ന് ഡോ.സാജന് തോന്നി. മെഡിക്കല്‍ ഓഫീസറുടെ പേരും ഒപ്പും സ്ഥാനചിഹ്നവും അടയാളപ്പെടുത്തി കേസ്ഷീറ്റ് നേഴ്‌സിനെ ഏല്‍പ്പിച്ച ശേഷം എത്രയും വേഗം ഐ. സി. യുവില്‍നിന്ന് പുറത്തേക്ക് പോകാന്‍ അയാള്‍ ആഗ്രഹിച്ചു.

എന്നാല്‍ ഡോക്ടര്‍ മടങ്ങിപ്പോയതും കേസ്ഷീറ്റ് തന്നെ ഏല്‍പ്പിച്ചതും മറന്ന്, സിസ്റ്റര്‍ റോസ് അത്ഭുതത്തോടെ സുലൈമാന്റെ ശരീരത്തിനടുത്തു തന്നെ നിന്നു.
* * * *

കൃത്യം രണ്ട് മാസങ്ങള്‍ക്ക് മുന്‍പാണ് റോസ് സുലൈമാനെ ആദ്യമായി കാണുന്നത്. ശ്രീമൂലവിലാസം സ്‌കൂളെന്ന് തെറ്റിദ്ധരിച്ച് ജനറല്‍ ആശുപതിയില്‍ എത്തിയതായിരുന്നു അയാള്‍. ആശുപത്രിയുടെ മുന്നില്‍ നിന്ന് വാര്‍ഡുകളുടെ നേരേ അയാള്‍ ഭീഷണി മുഴക്കുന്നത് തൈറോയ്ഡ് ക്ലിനിക്കില്‍ നില്‍ക്കുകയായിരുന്ന സിസ്റ്റര്‍ കണ്ടു. തന്റെ ചരിത്ര അദ്ധ്യാപകന്‍ വാര്യര്‍ സാറിനെയും സീനിയര്‍ വിദ്യാര്‍ത്ഥി ഹരിഹരനെയും അയാള്‍ അന്വേഷിക്കുകയായിരുന്നു. സഹപാഠികളെ മുഴുവന്‍ ഇറക്കിവിട്ട് ക്ലാസ്സുമുറികള്‍ കയ്യേറിയ രോഗികളെ അയാള്‍ ഉച്ചത്തില്‍ ശകാരിച്ചു. വഴികള്‍ കൂടിക്കുഴഞ്ഞ് വൃദ്ധന്‍ ആകെ പരിഭ്രമിച്ചു പോയിരിക്കുന്നു. അയാളെ സാന്ത്വനിപ്പിക്കാന്‍ ഇറങ്ങിവന്ന റോസിനെ സുലൈമാന്‍ പെട്ടെന്ന് തിരിച്ചറിഞ്ഞു.

'അക്‌സീനിയ' (4). റോസ് അപ്പോള്‍ തന്നെ അത് തിരുത്തുകയും ചെയ്തു.

'അല്ല. സിസ്റ്റര്‍ റോസ് അസീറിയ'

കുട്ടിക്കാലത്തെ ഭാവനകളില്‍ ഡോണ്‍ നദീതീരത്ത് ഒപ്പം കളിച്ചുവളര്‍ന്ന ഒരു കൊസ്സാക്ക് പെണ്‍കുട്ടിയെയാണ് വൃദ്ധന്‍ മുന്നില്‍ കാണുന്നതെന്ന് കന്യാസ്ത്രീയായ റോസിന് എങ്ങനെ ഊഹിക്കാന്‍ കഴിയും!

അയാളുടെ ശ്രദ്ധ അക്‌സീനിയയുടെ ശിരോവസ്ത്രത്തിലായിരുന്നു.

'എവിടെ ചുവന്ന പുള്ളിക്കുത്തുകള്‍?'

'അവ പക്ഷികളായി വിരിഞ്ഞു പറന്നുപോയി'. റോസ് അത്ഭുതപ്പെട്ടു. തന്റെയുള്ളിലേക്ക് ആരാണ് ഈ വാചകത്തെ പറഞ്ഞയച്ചത്?

'എന്റെ ഹരി എവിടെയാണ്?', വാര്‍ഡുകളായിത്തീര്‍ന്ന 'ക്ലാസുമുറി'കളിലേക്ക് നോക്കി സുലൈമാന്‍ ചോദിച്ചു.

അതിനുത്തരമായി റോസ്അയാളുടെ ശുഷ്‌കിച്ചുപോയ കൈകളില്‍ തൊടുകയാണ് ചെയ്തത്. സുദീര്‍ഘമായ ഒരു ചരിത്രം കുറുകിയ ലിഖിതങ്ങളായി അയാളുടെ വിരലുകളില്‍ വരഞ്ഞുകിടക്കുന്നതായി റോസിന് തോന്നി. പക്ഷെ സുലൈമാന്‍ അപ്പോള്‍ വിളഞ്ഞ ഗോതമ്പ് വയലുകളുടെ ഗന്ധത്തെ പിഞ്ചിപ്പോയ തന്റെ ഇന്ദ്രിയങ്ങളിലൂടെ കൊരുത്തെടുക്കുകയായിരുന്നു. നിഴല്‍ ജലാശയത്തിന്റെ മുകളിലായി ചുവപ്പിന്റെ ഒരു വര്‍ണ്ണക്കുട വിടര്‍ന്നു വരുന്നതായി അയാള്‍ കണ്ടു. അതിന് ചുവട്ടില്‍ അക്‌സീനിയക്ക് ഒപ്പം നിന്ന് അയാള്‍ സമാധാനത്തെ വീണ്ടെടുത്തു. അറുപതു വര്‍ഷങ്ങള്‍ക്ക് മുന്നേയുള്ള ഒരു സ്‌കൂള്‍ വരാന്തയില്‍ നിന്ന് ഉയര്‍ന്നു കേട്ടുകൊണ്ടിരുന്ന ആരവങ്ങളെ മുറിച്ചുകടന്ന് സിസ്റ്റര്‍ റോസിന്റെ കൈകളില്‍ പിടിച്ച് സുലൈമാന്‍ ജെറിയാട്രിക് വാര്‍ഡിനുള്ളിലേക്ക് കയറി. പിറ്റേദിവസം ന്യൂറോളജി ക്ലിനിക്കിന്റെ ഇന്‍ചാര്‍ജ് ഡോ. ശ്യാംസുന്ദര്‍ നേഴ്‌സിംഗ് അസിസ്റ്റന്‍റ്റിനൊപ്പം അയാളെ കൂടുതല്‍ പരിശോധനകള്‍ക്കായി മെഡിക്കല്‍ കോളേജിലെ 'ഡിമെന്‍ഷ്യ ക്ലിനിക്കി'ലേക്ക് പറഞ്ഞയക്കുകയും ചെയ്തു.

വീണ്ടും റോസ് അയാളെ കണ്ടുമുട്ടുന്നത് ഇപ്പോള്‍ ഐ.സി.യുവിലാണ്. പകര്‍ച്ചപ്പനി പിടികൂടിയവരുടെ കൂട്ടത്തിലെ ഒരാളായി. വൈറസ് ബാധിച്ച് മരിച്ചു കഴിഞ്ഞാല്‍ ശരീരം സൂക്ഷ്മതയോടുകൂടി സംസ്‌കരിക്കണം. പക്ഷെ സുലൈമാന്റെത് ഒരു പൊതുശരീരമാണ്. മറ്റാര്‍ക്കും അതില്‍ അവകാശമില്ല. അയാള്‍ക്കുമില്ല.

ജീവിച്ചിക്കുമ്പോള്‍ അയാളെപ്പോലുള്ളവര്‍ എപ്പോഴും നഗരത്തിലെ പോലീസ് സ്റ്റേഷനുകളുടെ പ്രത്യേക നിരീക്ഷണത്തിലായിരിക്കും. നിറം കെട്ടതും വിസര്‍ജ്യത്തിന്റെ ഗന്ധം നിറഞ്ഞതുമായ സ്റ്റേഷന്റെ ഇരുണ്ട കോണുകളില്‍ നൂറുനൂറു കണക്കിന് മര്‍ദ്ദനങ്ങളിലൂടെയും ഭേദ്യം ചെയ്യലിലൂടെയും നീതിന്യായവ്യവസ്ഥക്ക് അനുഗുണമായി പരുവപ്പെടുത്തിയ സുലൈമാന്റെ ശരീരത്തിന്റെ ഉടമസ്ഥാവകാശം ഇപ്പോഴും പോലീസിന് തന്നെയാണുള്ളത്. അവര്‍ കൃത്യമായി അന്വേഷിച്ചെത്തുകയും ചെയ്തു. ജെറിയാട്രിക് വാര്‍ഡിന്റെ മുന്നില്‍ ആംബുലന്‍സുമായി പോലീസ് വരുമ്പോള്‍ സിസ്റ്റര്‍ റോസ് ഐ.സി.യുവിനുള്ളിലെ നേഴ്‌സസ്സ് റൂമില്‍ മൗനമായി പ്രാര്‍ത്ഥിക്കുകയായിരുന്നു. സുലൈമാന്റെ ശരീരം ആശുപത്രിയില്‍നിന്ന് നീക്കംചെയ്യുമ്പോള്‍ പോലീസിന് ധരിക്കാനുള്ള പ്രത്യേക മാസ്‌ക്കും ഗൌണും ഏപ്രണും നല്‍കാനായി റോസ് പുറത്തേക്ക് വന്നു. അവയുടെ കനത്ത സുരക്ഷിതത്വത്തിനുള്ളിലും പോലീസ് ഭയത്തോടെ നിന്നു.

'മരിച്ചവരില്‍ നിന്ന് വൈറസ് പകരുമോ?', സിസ്റ്റര്‍ റോസിനോട് അവര്‍ വീണ്ടും വീണ്ടും ചോദിച്ചു. കൂട്ടം തെറ്റിയ ജീവന്റെ തുള്ളികളില്‍ ഒരെണ്ണം വഴി മറന്ന് ശരീരത്തില്‍ അവശേഷിച്ചിരുന്നെങ്കില്‍ സുലൈമാന്‍ അപ്പോള്‍ ചിരിച്ചുപോകുമായിരുന്നു.

വാര്‍ഡില്‍ നിന്ന് മെഡിക്കല്‍ റിക്കോര്‍ഡ് ലൈബ്രറിയിലേക്ക് റോസ് എത്തുമ്പോഴേക്കും സുലൈമാന്റെ കഥാന്ത്യരേഖ പല തട്ടുകളിലായി ഉയരത്തില്‍ അടുക്കിവച്ചിരുന്ന കേസ്ഷീറ്റുകളുടെ ഇടയില്‍ മറഞ്ഞുകഴിഞ്ഞിരുന്നു. ലൈബ്രറിയുടെ മുകളിലും താഴെയും വശങ്ങളിലും മുഴുവന്‍ കൃത്യമായ അക്കങ്ങളിലും ലേബലുകളിലും ശേഖരിച്ചു വെച്ചിരിക്കുന്നത് രോഗവിമുക്തിയുടെയും ഉയര്‍ത്തെഴുന്നെല്‍പ്പുകളുടെയും മരണത്തിന്റെയും നിദ്രാസക്തമായ ചരിത്രമാണ്. ഓരോന്നും ഒന്നിനൊന്ന് വ്യത്യസ്തം. മരണങ്ങള്‍ക്ക് പോലും സമാനതകളില്ല. ഇവയുടെയിടയിലാണ് പകര്‍ച്ചപ്പനിക്കാരുടെ രേഖകളും സൂക്ഷിച്ചിരിക്കുന്നത്. വര്‍ഷങ്ങള്‍ക്കുശേഷം അവയില്‍ നിന്നൊരെണ്ണം വേര്‍തിരിച്ച് വായിച്ചെടുക്കാന്‍ നിങ്ങള്‍ക്ക് ഒരു ഡോക്ടറുടെ സഹായം വേണ്ടിവന്നേക്കാം. പക്ഷെ സുലൈമാന്റെ സഹപാഠിയായിരുന്ന ഹരിഹരന്‍ ജീവിച്ചിരിപ്പുണ്ടായിരുന്നെങ്കില്‍ കേസ്ഷീറ്റുകളുടെ ആ കല്ലറക്കുള്ളില്‍ നിന്നുകൊണ്ട് ഇങ്ങനെ പറയുമായിരുന്നു:
'റോസ്, സുലൈമാന് മരിക്കാനാവില്ല. സ്വതന്ത്രനാവാന്‍ മാത്രമേ കഴിയൂ'.

സുലൈമാന്റെ കേസ് ഷീറ്റ് തുറന്നുവച്ചുകൊണ്ട് റോസ് ചോദിക്കും: 'അതെങ്ങനെ സാധ്യമാകും? സുലൈമാന് ഡിമെന്‍ഷ്യ ബാധിച്ചിരുന്നതായി മെഡിക്കല്‍ കോളേജിലെ ഡോക്ടര്‍മാര്‍ സ്ഥിരീകരിച്ചിട്ടുണ്ട്'.

'റോസ്, ഒരു മരം വേരിന്റെ ഓര്‍മയിലേക്ക് തിരിച്ചെത്തുന്നതാണ് ഡിമെന്‍ഷ്യ'.

'അപ്പോള്‍ ഡെലീറിയമോ?'

'അപാരതയുടെ സംഗീതം. അതിന്റെ ഉന്മാദപഥങ്ങളിലൂടെ രോഗി സമുദ്രതീരത്തേക്ക് പോകുന്നു. അവിടെ തിരകള്‍ക്കപ്പുറം നിത്യതയുടെ സര്‍പ്പങ്ങള്‍ ആകാശത്തോളം കെട്ടുപിണഞ്ഞു കിടക്കുന്നു. ഫണം വിടര്‍ത്തിയാടുന്നു.

'എങ്കില്‍ ബ്രോങ്കോന്യുമോണിയ?'

'കറുത്ത മെഴുകു പൂവുകള്‍ വിടര്‍ന്നുലയുന്ന ശ്വാസകോശങ്ങള്‍ക്കുള്ളിലെ വസന്തമാണത്. വായുവറകളില്‍ മൊട്ടുകള്‍ ഒന്നൊന്നായി പുഷ്പിച്ചുറയുന്നു. പിന്നെ ഒരു ശൂന്യാകാശ സഞ്ചാരിയെ പോലെ രോഗി അന്തരീക്ഷങ്ങള്‍ക്ക് മുകളിലൂടെ, ഭാരമില്ലാതെ ഒഴുകി...ഒഴുകി..'.
* * * * *


ചഷകങ്ങളില്‍ നിന്ന് പുറത്തേക്ക് പതഞ്ഞൊഴുകി തുടങ്ങിയിരുന്ന ഓര്‍മ്മകളുടെ നടുവിലൂടെ റൂംബോയ് വീണ്ടും ഞങ്ങളുടെ മുറിയിലേക്ക് വരുന്നത് ബാല്‍ക്കണിയില്‍ നിന്ന് ഞാന്‍ കണ്ടു. ഓര്‍ഡര്‍ ചെയ്ത വിഭവങ്ങള്‍ ഒന്നൊന്നായി മേശമേല്‍ നിരന്നു. സാജന്‍ ഉറക്കത്തിലേക്ക് ഒലിച്ചു പോയിരിക്കുന്നു. സുഹൃത്തുക്കള്‍ ചുറ്റുമിരുന്ന് അയാളുടെ ഉറക്കം ശ്രദ്ധിച്ചു. അവന്റെ കൂര്‍ക്കംവലിക്ക് പോലും ഒരു സംഗീതമുണ്ട്. ആദ്യവര്‍ഷ എം. ബി. ബി. എസ്സ് വിദ്യാര്‍ത്ഥിയായി രണ്ടാമത്തെ മെന്‍സ് ഹോസ്റ്റലില്‍ എത്തുമ്പോള്‍ റാഗിംഗില്‍ നിന്ന് അയാളെ രക്ഷപെടുത്തിയതും സംഗീതമാണ്. ഗായകനായ അയാള്‍ സീനിയേഴ്‌സിനോടൊപ്പം വി.ഐ.പിയായി നടന്നു. ഞങ്ങള്‍ കഥകളി നടനവും ബാലെയുമായി കഷ്ടപ്പെട്ടു. വിനോദ് പെട്ടെന്നുതന്നെ ഞങ്ങളുടെ നേതാവായി. ജയപ്രകാശ് തനത് കാല്‍പനികനും കാമുകനും ഒപ്പം വിനോദിന്റെ വിശ്വസ്തനായ അനുയായിയുമായി. അന്‍സാര്‍ പണിക്കുറ്റമില്ലാത്ത സ്‌നേഹിതനായി എല്ലാവര്‍ക്കും വേണ്ടി തന്നെ സമര്‍പ്പിച്ചു. രാജീവിനെ കുറിച്ച് നേരത്തേ പറഞ്ഞല്ലോ. എപ്പോഴും രഹസ്യത്തിന്റെ ഒരാവരണം അയാള്‍ തനിക്ക് ചുറ്റും സൂക്ഷിച്ചു. അവന്‍ ശലഭമായി തീരുന്നത് എപ്പോഴൊക്കെയെന്ന് ആര്‍ക്കും കണ്ടെത്താനായില്ല.

വൈദ്യവിദ്യാഭ്യാസത്തിന്റെ ആദ്യവര്‍ഷം ശരീരഘടനാ പഠനം, ശാരീരിക രസതന്ത്ര പഠനം എന്നീ വിഷയങ്ങളിലൂടെ കടന്നു പോകുമ്പോള്‍ ഞങ്ങള്‍ ഇങ്ങനെയൊക്കെയായിരുന്നു. ആദ്യത്തെ ഒന്നര വര്‍ഷം കഴിയുമ്പോള്‍ ഭൂമിയിലെ സൂചിക്കുഴയായി വിശേഷിക്കപ്പെടുന്ന ഒരു പരീക്ഷയാണ്. എഴുത്ത്, പ്രായോഗികം എന്നിവ കഴിഞ്ഞ് വൈവയില്‍ എത്തുമ്പോള്‍ പരീക്ഷാര്‍ത്ഥിയുടെ ഹൃദയം പുറത്ത് ചാടിയിരുന്നു മിടിക്കുന്നത് കാണാം. വൈവയിലെ ഹൃദയസംബധമായ ചോദ്യങ്ങള്‍ക്ക് ലൈവായി മിടിക്കുന്ന ഹൃദയത്തില്‍ നോക്കിയിരുന്നു വേണമെങ്കില്‍ ഉത്തരം പറയാം. അത് കഴിഞ്ഞ് മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ ക്ലിനിക്കല്‍ മെഡിസിന്റെ വിസ്തൃത സമതലത്തിലേക്ക് ഞങ്ങള്‍ ഇറങ്ങുന്നു. ഫോര്‍മലിനില്‍ കിടന്ന് വറ്റി വരണ്ടുപോയ മൃതമായ ശരീരങ്ങള്‍ നിറഞ്ഞ അനാട്ടമി ഡിസ്‌കഷന്‍ ഹാളായിരുന്നു ഞങ്ങള്‍ക്ക് അന്നുവരെ പരിചിതം. ഇപ്പോഴിതാ സംസാരിക്കുകയും ചിരിക്കുകയും വേദനിക്കുകയും നിലവിളിക്കുകയും ചെയ്യുന്ന രോഗാതുരമായ ശരീരങ്ങളുടെ ഉദ്യാനത്തിലേക്ക് ഞങ്ങള്‍ എത്തിയിരിക്കുന്നു. എത്ര പേരുകളില്‍, എത്രയെത്ര രോഗങ്ങള്‍. അവയ്ക്കുള്ളില്‍ കുടുങ്ങിപ്പോയ എത്രയെത്ര മനുഷ്യര്‍.

'ഇന്നു മുതല്‍ ഈ കിടക്കുന്നതാണ് നിങ്ങളുടെ പാഠപുസ്തകങ്ങള്‍', വാര്‍ഡിന്റെ ഇരുവശങ്ങളിലായി നിരന്നുകിടക്കുന്ന രോഗികളെ ചൂണ്ടിക്കാട്ടി മൂന്നാം വര്‍ഷക്കാരുടെ ഇന്‍ചാര്‍ജായ ഡോ: വേണുഗോപാല്‍ റെഡ്ഡി പറയും.

'പഠിക്കുന്നത് ശരീരത്തില്‍ നിന്ന് വായിച്ചെടുക്കണം'.

ഡോ: റെഡ്ഡി ശൂന്യതയില്‍ നിന്ന് വാക്കുകള്‍ പെറുക്കിയെടുക്കുകയാണ്.

'ഭിഷഗ്വരന്‍ ഒരു പര്യവേക്ഷകനാണ്. രോഗസൂചനകളുടെയും ചിഹ്നങ്ങളുടെയും രഹസ്യപഥങ്ങള്‍ തുറന്ന് അയാള്‍ ശരീരത്തിനുള്ളിലെ ഇരുളിലേക്ക് പോകണം. രോഗം തന്റെ ആത്മകഥനം ഗുഹാചിത്രങ്ങളായി അവിടെ രേഖപ്പെടുത്തി വെച്ചിട്ടുണ്ടാവും. സമസ്യകള്‍ നിറഞ്ഞ ഒരു പുരാലിഖിതമാണത്. മുക്തിയുടെയും ഉയര്‍ത്തെഴുന്നേല്‍പ്പിന്റെയും മുദ്രകള്‍ കൊത്തിയിണക്കി ഭിഷഗ്വരന്‍ അത് പൂരിപ്പിച്ചെടുക്കണം.'

അങ്ങനെയങ്ങനെ ഒരു ദിവസം ലിഖിതങ്ങള്‍ക്കും ചിത്രങ്ങള്‍ക്കുമപ്പുറം ചില സത്യങ്ങള്‍ വെളിവായി തുടങ്ങും. ചികിത്സകന്റെ ശരീരം തന്നെ അപ്പോള്‍ ഒരിന്ദ്രിയമായിത്തീരും. വെളിപാടുകള്‍ അയത്‌നലളിതമായി പ്രതിഫലിക്കുന്ന ഒരു കണ്ണാടി ശരീരം. ഭിഷഗ്വരന്‍ സ്വയം തിരിച്ചറിയുന്നതും സ്വതന്ത്രനാകുന്നതും അങ്ങനെയാവും. ക്ലിനിക്കല്‍ പഠനം ആരംഭിക്കുന്ന ഏതൊരു വിദ്യാര്‍ത്ഥിക്കും വൈദ്യവൃത്തിയെ കുറിച്ച് സ്വാഭാവികമായി തോന്നാവുന്ന ഉദാത്തവും സുന്ദരവുമായ ചിന്തകളുടെ ആ കാലത്താണ് വിചിത്രമായ ആ പേര് ആദ്യമായി ഞാന്‍കേള്‍ക്കുന്നത്.

'ഹരിഹരസുലൈമാന്‍.'

മൂന്നാം വര്‍ഷാരംഭത്തില്‍ പരിചയപ്പെട്ട രോഗികളുടെ കൂട്ടത്തിലുണ്ടായിരുന്ന, പഴയ കോട്ടയ്ക്കുള്ളിലെ അഗ്രഹാരത്തില്‍ നിന്നുള്ള മണിശങ്കരന്‍ ഹരിഹരയ്യരെയും ചാലകമ്പോളത്തിലെ വ്യാപാരികള്‍ക്കിടയില്‍ നിന്നെത്തിയതെങ്കിലും ഞങ്ങള്‍ക്ക് അപ്പോഴും അജ്ഞാതനായിരുന്ന അയ്യരുടെ സ്‌നേഹിതന്‍ അബ്ദുല്‍ റഹ്മാന്‍ സുലൈമാനെയും കൂട്ടിച്ചേര്‍ത്ത് അങ്ങനെ ഒരു പേരുണ്ടാക്കിയത് രാജീവാണ്. ഈ കുസൃതിയുടെ പിന്നില്‍ രാജീവാണെന്ന് എനിക്ക് മനസ്സിലായത് പിന്നീടാണ്. പക്ഷെ ഹരിഹരനും സുലൈമാനും തങ്ങളുടെ ഒറ്റപ്പേരിനെഏറെ ഇഷ്ടപ്പെട്ടിരുന്നു എന്നതാണ് വാസ്തവം. ആ പേര് പറഞ്ഞ് അവര്‍ പരസ്പരം ചിരിക്കുന്നത് പലപ്പോഴും ഞാന്‍ കണ്ടിട്ടുണ്ട്. ശരിക്കും രണ്ട് ദളങ്ങളുള്ള ഒരു ക്രോമോസോമിനെ പോലെയായിരുന്നുആ പേര്.

'ഹരിഹരസുലൈമാന്‍ ക്രോമോസോം'. അവരെ ഞങ്ങള്‍ അങ്ങനെ വിളിച്ചു കളിയാക്കിയിരുന്നു.

ഹരിഹരസുലൈമാന്‍ ക്രോമോസോമില്‍ ഞങ്ങള്‍ ആദ്യം പരിചയപ്പെട്ടത് സുലൈമാനെയായിരുന്നില്ല, ഹരിഹരയ്യരെയായിരുന്നു.

ക്ലിനിക്കല്‍പഠനത്തിന്റെ തുടക്കത്തില്‍ ഇന്റേണല്‍ മെഡിസിന്‍ വിഭാഗത്തിലെ ഒന്നാംവാര്‍ഡില്‍ നില്‍ക്കുകയാണ് ഞങ്ങള്‍. ഓരോ വിദ്യാര്‍ത്ഥിക്കും ആറു ബെഡ്ഡുകള്‍ വീതം നല്‍കിയിട്ടുണ്ട്. അവരവരുടെ കിടക്കകളില്‍ അഡ്മിഷനായി വരുന്ന രോഗികളുടെ അടുത്തിരുന്ന് രോഗചരിത്രം വിശദമായി എഴുതാനാണ് ആദ്യം പഠിക്കേണ്ടത്. പിന്നീട് ശരീരപ്രകൃതി, പോഷണനില, പെരുമാറ്റം, ബോധാവസ്ഥ ഇവയൊക്കെ ശ്രദ്ധിക്കണം. ചര്‍മ്മത്തിന്റെ നിറം, മുടി, കണ്ണ്, നാക്ക്, വായ്, കൈവിരലുകള്‍ തുടങ്ങി ഓരോന്നും നോക്കണം. പിന്നെ നാഡിമിടിപ്പ്, രക്തസമ്മര്‍ദ്ദം, ശ്വാസഗതി, ശരീരഭാരം, ശരീര ഊഷ്മാവ് എന്നിവ അളന്ന് തിട്ടപ്പെടുത്തണം. അതിനു ശേഷമാണ് ശരീരപരിശോധന എങ്ങനെയാണ് വിശദമായി ചെയ്യണമെന്ന് പഠിക്കുന്നത്. എല്ലാത്തിനും കൃത്യവും ചിട്ടപ്പെടുത്തിയതുമായ ഒരു രീതിയുണ്ട്. അതിനെ 'ക്ലിനിക്കല്‍ മെത്തേഡ്‌സ്' എന്ന് വിളിക്കും. ഭിഷഗ്വരന്റെ അടിസ്ഥാന പാഠമാണ്. രോഗിയിലേക്കുള്ള ചികിത്സകന്റെ ഒറ്റയടിപ്പാത. അതിലൂടെ നടന്നു നടന്ന് അവസാന വര്‍ഷമാകുമ്പോള്‍ സ്വതന്ത്രരായി രോഗിയെ പരിശോധിച്ച് രോഗനിര്‍ണയം നടത്തി ചികിത്സ നിശ്ചയിക്കാന്‍ പ്രാപ്തരാവണം.

മെഡിക്കല്‍ വാര്‍ഡിലേക്കുള്ള പടിക്കെട്ടുകള്‍ കയറി ആദ്യദിവസം ഒന്നാം വാര്‍ഡില്‍ എത്തിയപ്പോള്‍ അവിടെ വലിയ ആള്‍കൂട്ടം. ഫൈനല്‍ ഇയര്‍ വിദ്യാര്‍ത്ഥികളാണ്. പതിനാറാം നമ്പര്‍ ബെഡ്ഡിനു ചുറ്റും നുരഞ്ഞു പൊതിയുന്നു. എം.ബി.ബി.എസ്സ് ഫൈനല്‍ ഇയര്‍ പ്രാക്റ്റിക്കല്‍ പരീക്ഷ വരികയാണ്. പരീക്ഷക്ക് വെയ്ക്കാന്‍ സാധ്യതയുള്ള മെഡിക്കല്‍ കേസുകള്‍ അവസാനമായി കണ്ടു മനസ്സിലാക്കാന്‍ എല്ലാവരും കൂട്ടത്തോടെ ഇറങ്ങിയിരിക്കുന്നു. പക്ഷെ ബെഡ് നമ്പര്‍ പതിനാറിന് എന്താണിത്ര പ്രത്യേകത?


12 മുതല്‍ 18 വരെയുള്ള ബെഡ്ഡുകള്‍ മൂന്നാം വര്‍ഷ ക്ലിനിക്കല്‍ പഠനത്തിന് അലോട്ടു ചെയ്തിട്ടുള്ളത് രാജീവിനാണ്. അവന്‍ പതുക്കെ അവിടേക്ക് നടന്നു. നൊടിയിടയില്‍ നൂഴ്ന്നു ആള്‍ക്കൂട്ടത്തില്‍ മറഞ്ഞു. അവിടെ കട്ടിലിന്റെ നടുവില്‍ കട്ടിയുള്ള കണ്ണടയുടെ പിന്നിലായി ഒരു കുഞ്ഞിനെപ്പോലെ ചിരിച്ചുകൊണ്ട് ഹരിഹരന്‍ ഇരിക്കുന്നു. ഒന്നാം വാര്‍ഡിലെ പതിവ് ഹൃദ്രോഗി.

ചരിത്രാതീതകാലത്തുനിന്ന് കയറിവന്നു ശ്വസിക്കുന്ന ഒരു ഫോസില്‍ രക്തത്തില്‍ കുതിര്‍ന്ന് അസ്ഥിയിലും മാംസത്തിലും പുതച്ചു മൂടിയിരിക്കും പോലെയായിരുന്നു ഹരിഹരനെ കണ്ടപ്പോള്‍ ആദ്യം ഞങ്ങള്‍ക്ക് തോന്നിയത്.

എന്നാല്‍ ഹരിഹരന്‍ സ്വയം ആഗ്രഹിച്ചത് ഇങ്ങനെയും: 'മണ്ണിന് മുകളിലേക്ക് വീണ്ടും വീണ്ടും കിളിര്‍ത്തു വരുന്ന ഒരു ഫോസില്‍ മരമാകാനാണ് എനിക്കിഷ്ടം.'

ഫൈനല്‍ ഇയര്‍ കൂട്ടം പതിനാറാം നമ്പര്‍ ബെഡ്ഡിലേക്ക് കൂടുതല്‍ അമര്‍ന്നു. ഹരിഹരന്റെ ശരീരപ്രതലത്തില്‍ ഹൃദയത്തിന്റെയും ശ്വാസകോശങ്ങളുടെയും ഭൂപടം അവര്‍ നിവര്‍ത്തിവെച്ചു. വാരിയെല്ലുകള്‍ക്കിടയില്‍ ഹൃദയത്തിന്റെ മുഖമുന എവിടെയാണ് വന്നു തറയ്ക്കുന്നത്? അതാ, കഴുത്തിലെ സിരകളില്‍ ജലതരംഗം. രക്തവും പ്രാണവായുവും അദൃശ്യവും സൂക്ഷ്മവുമായ സഞ്ചാരപഥങ്ങള്‍ക്കുള്ളില്‍ തത്രപ്പെടുകയാണ്. മുന്നൂറുകോടി ശരീരകോശങ്ങളിലേക്ക് ഒഴുകിയെത്തി ഊര്‍ജ്ജപ്രഭയായി ജ്വലിക്കണം. പക്ഷെ ഹൃദയത്തിന്റെ ഇടതു പകുതിയില്‍ ഇടുങ്ങിയടഞ്ഞുപോയ ഹൃദയവാല്‍വിനുള്ളിലൂടെ ഞെരിഞ്ഞുചതഞ്ഞ് അവയുടെ ആസക്തികള്‍ക്ക് മീതേ ഉണങ്ങാത്ത വൃണങ്ങള്‍ രൂപം കൊണ്ടിരിക്കുന്നു. ഹരിഹരന്റെ ഹൃദയത്തിനു മുകളില്‍ കൈയമര്‍ത്തി നോക്കൂ. രക്തത്തിന്റെ നിലവിളി വിരലുകളില്‍ പ്രകമ്പനം കൊള്ളും. സ്റ്റെതസ്‌കോപ്പ് അയാളുടെ നെഞ്ചിലമര്‍ത്തി വെയ്ക്കൂ. അതൊരു വിലാപമായി നിങ്ങളിലേക്ക് പൊട്ടിയടര്‍ന്നു വീഴും.
ഹരിഹരന്‍തന്നെ ചിരിച്ചുകൊണ്ട് പറയും.

'ഇതാണ് മിഡ് ഡയസ്റ്റോളിക് മര്‍മര്‍' (5)

അപര്‍ണ്ണയും ഡേവിഡും സൂസനും സ്റ്റെതസ്‌കോപ്പ് ചെവിക്കുള്ളില്‍ തിരുകി ഹരിഹരന്റെ ഹൃദയത്തിന്റെ മുനമ്പിലേക്ക് പോകുന്നു. ശാലിനിയും ജിതിനും രാജേഷും നെഞ്ചിനു മുകളില്‍ മഴവില്‍ക്കൊടിയായി മഹാധമനി ഒഴുകുന്ന പീഠഭൂമിയിലേക്ക് യാത്രയാവുന്നു. ഫാത്തിമയും ഹരിയും ഹൃദയത്തിന്റെ വലത്തേ അതിര്‍ത്തിയിലാണ്. കൃഷ്ണകുമാറും ശാലിനിയും ശ്വാസകോശത്തിന്‍റെ ചതുപ്പുകളിലൂടെ നടക്കുന്നു.

ഹരിഹരന്‍ ഒരു പാഠപുസ്തകമായി മാറികഴിഞ്ഞിരിക്കുന്നു അയാളുടെ ശരീരം താളുകളായി ഇനി ഇളകിമറിയും.

'രാജീവ്...'

പെട്ടെന്ന് ഞാന്‍ ഞെട്ടിയുണര്‍ന്നു. ഓര്‍മയില്‍ നിന്ന് എന്നെ വലിച്ചെടുത്തു. അന്‍സാര്‍ വീണ്ടും ബാല്‍ക്കണിയില്‍ വന്നതാണ്. അയാള്‍ കൈകള്‍ ഉയര്‍ത്തി ഒരിക്കല്‍കൂടി രാജീവിനെ വിളിച്ചു. രാത്രി അവന്റെ ശബ്ദത്തെ ഒപ്പിയെടുത്തു. മുന്നില്‍ കടല്‍ മറഞ്ഞു കഴിഞ്ഞതായി ബാല്‍ക്കണിയില്‍ നിന്ന് ഞാന്‍ കണ്ടു. അവിടെ ഇരുട്ട് മാത്രം. തിരകള്‍ താഴ്ചയില്‍ വന്നുമടങ്ങുന്നുണ്ടാവണം.

രാജീവ് ഇനിയും എത്തിയിട്ടില്ല. അവന് ഫോണ്‍ ചെയ്യാമായിരുന്നു. എല്ലാവരും കാത്തിരിക്കുമെന്ന് അവനറിയാം. മുന്‍പൊരിക്കലും ഇങ്ങനെയുണ്ടായിട്ടില്ലല്ലോ. അവനെന്ത് സംഭവിച്ചു?

ഇല്ല. അവന്‍ വരും.

തീരത്തെ വിളക്കുകള്‍ഒന്നൊന്നായി അണഞ്ഞുതുടങ്ങി. ചുറ്റും നിശബ്ദമായി.
(തുടരും)

കുറിപ്പുകള്‍ -

(1) ഡിമെന്‍ഷ്യ ( Dementia ) - മറവിരോഗം.
(2) ഡെലീറിയം ( Delirium ) - അണുബാധ,ശാരീരികവും മാനസികവുമായ രോഗങ്ങള്‍എന്നിവ കാരണം രോഗിയുടെ ബോധാവസ്ഥയിലും ധാരണാശേഷിയിലും പെരുമാറ്റത്തിലും വ്യത്യാസങ്ങള്‍ ഉണ്ടാകുന്ന അവസ്ഥ
(3) ബ്രോങ്കോന്യുമോണിയ ( Bronchopneumonia ) - ശ്വാസകോശത്തിനുള്ളില്‍ ശ്വസനനാളികളുടെ ഭിത്തിയിലുണ്ടാകുന്ന നീര്‍ക്കെട്ടും അണുബാധയും. ശ്വസനനാളികകളും വായുഅറകളും രോഗജന്യമായ കഫം കൊണ്ടുനിറയുന്നു. കട്ടിപിടിക്കുന്നു.
(4) മിഖായേല്‍ അലെക്‌സാണ്ട്രോവിക് ഷോളോഖോവിന്‍റെ 'ഡോണ്‍ശാന്തമായി ഒഴുകുന്നു' ( And Quiet Flows the Don ) എന്ന റഷ്യന്‍നോവലിലെ നായിക.
(5) മിഡ് ഡയസ്റ്റോളിക് മര്‍മര്‍ ( Mid-diastolic murmur ) - തകരാറ് ബാധിച്ച ഹൃദയ വാല്‍വിലൂടെ രക്തം കടന്നുപോവുമ്പോള്‍ ഉണ്ടാവുന്ന ശബ്ദം. ഡോക്ടര്‍മാര്‍സ്റ്റെതസ്‌ക്കൊപ്പ് ഉപയോഗിച്ച് ഈ ശബ്ദം കേള്‍ക്കുകയും രോഗമുള്ള വാല്‍വ് തിരിച്ചറിയുകയും ചെയ്യുന്നു.
 

Latest news

- -