കരിംജീരകം കഷായം വെച്ച് വെളുത്തുള്ളി ചേര്‍ത്ത് കഴിച്ചാല്‍ ഗ്യാസ്ട്രബിള്‍ ശമിക്കും
ഉദരസംബന്ധമായ രോഗങ്ങളുമായി ഡോക്ടറെ സമീപിക്കുന്ന രോഗികളില്‍ ഭൂരിപക്ഷത്തിനും പറയുവാനുള്ളത് ഗ്യാസിന്റെ ഉപദ്രവവും അതിനോടനുബന്ധിച്ചുള്ള ബുദ്ധിമുട്ടുകളും ആയിരിക്കും. ഗ്യാസിന്റെ അസുഖത്തിനുള്ള മരുന്നുകള്‍ സൂക്ഷിച്ചിട്ടില്ലാത്ത വീടുകള്‍ ചുരുക്കമായിരിക്കും. ഗ്യാസിനെ ശമിപ്പിക്കുന്ന മരുന്നുകളും ഗ്യാസിന്റെ ശല്യം വര്‍ധിപ്പിക്കുന്ന ആഹാരപാനീയങ്ങളും ഒരുപോലെ നിയന്ത്രണമില്ലാതെ കഴിക്കുന്ന വിരോധാഭാസമാണ് പൊതുവെ കാണപ്പെടുന്നത്.
എണ്ണയില്‍ വറുത്തവയും മസാല അധികം ചേര്‍ത്തവയുമായ ആഹാരം, തണുത്ത പാനീയങ്ങള്‍ (കോള, സോഡ, തണുപ്പിച്ച ബിയര്‍) പരിപ്പ്, ഉരുളക്കിഴങ്ങ്, ചെറുപഴം, കടല എന്നീ ഭക്ഷ്യവസ്തുക്കള്‍, സമയനിഷ്ഠയില്ലാത്ത ആഹാരരീതി, വര്‍ധിച്ച മനഃസംഘര്ഷങ്ങള്, വ്യായാമമില്ലാതെ എപ്പോഴും ഒരിടത്തു ഇരിക്കുന്ന സ്വഭാവം, അമിതമായ പുകവലിയും മദ്യപാനവും എന്നിവയെല്ലാം ഗ്യാസ് ട്രബിള്‍ വര്‍ധിപ്പിക്കുന്ന ഘടകങ്ങളാണ്. വര്‍ധിച്ച ഏമ്പക്കം, നെഞ്ച് എരിയുക, പുളിച്ചു തികട്ടല്‍, വായില്‍ വെള്ളം തെളിയുക, മഞ്ഞവെള്ളമോ കയ്പ് വെള്ളമോ ഛര്‍ദിക്കുക, നെഞ്ചില്‍ എന്തോ ഭാരം കയറ്റിവെച്ച പോലെ തോന്നുക, ഹൃദയം വരിഞ്ഞുമുറുക്കിവെച്ചതുപോലെ സമ്മര്‍ദം അനുഭവപ്പെടുക, നെഞ്ചിടിപ്പ്, ശ്വാസവൈഷമ്യം, തലവേദന, കണ്ണിരുട്ടടയ്ക്കുക, ഉദരത്തിന്റെ മേല്ഭാഗത്തു വേദനയും, അസ്വസ്ഥയും വയറുരുണ്ടുകയറുക, വയറില്‍ ശബ്ദം ഉണ്ടാകുക, വായു അധോമാര്ഗേന പോകുക, ശബ്ദത്തോടെ വളരെക്കുറച്ചു മാത്രം മലം പോകുക, മലശോധന തൃപ്തികരമാകാതിരിക്കുക എന്നിവയാണ് ഗ്യാസ്ട്രബിള്‍ ലക്ഷണങ്ങള്‍.