
പ്രഷറും ആസ്ത്മയും തടയാന്‍ ബ്രീത്തിങ് എക്‌സര്‍സൈസ് ചെയ്യാമെന്നുപറഞ്ഞാല്‍ അതൊക്കെ നടക്കുന്ന കാര്യമാണോ എന്ന രീതിയിലാണ് നാം പ്രതികരിക്കുക. എന്നാല്‍, എത്രദൂരം യാത്രചെയ്തും വിദഗ്ധ ഡോക്ടറെ കണ്ട് എത്ര വിലകൂടിയ മരുന്നും കഴിക്കാനുള്ള ക്ഷമയും വിശ്വാസവും നമുക്കുണ്ട്. അതുകൊണ്ടുതന്നെ ഡോക്ടര്‍മാര്‍തന്നെ രോഗങ്ങളുടെ മാനസിക തലങ്ങളെക്കുറിച്ച് കൂടുതല്‍ ചിന്തിക്കാനും ശ്രമിക്കാറില്ല.
രോഗങ്ങളുണ്ട് എന്ന തോന്നല്‍, പലപ്പോഴും അതിഗുരുതരമായ ഒരു രോഗമാവാറുണ്ട്. സൈക്കോസൊമാറ്റിക് രോഗങ്ങള്‍ എന്ന ഗണത്തിലാണ് ഇതിനെ കണക്കാക്കാറുള്ളത്. മെഡിക്കല്‍ പരിശോധനകള്‍ക്കുശേഷം കൗണ്‍സലിങ്ങും ബിഹേവിയര്‍ തെറാപ്പിയുമാണ് ഇത്തരം രോഗങ്ങള്‍ക്കുള്ള പരിഹാരം. മറ്റു മാനസികരോഗങ്ങളെ അപേക്ഷിച്ച് സൈക്കോസൊമാറ്റിക് രോഗങ്ങള്‍ക്ക് കൗണ്‍സലിങ് വളരെ ഫലപ്രദമാണ്. വയറിലോ നെഞ്ചിലോ തലയിലോ എന്തോ കാര്യമായ രോഗങ്ങളുണ്ടെന്ന തോന്നല്‍ കൂടിക്കൂടി നിത്യരോഗികളായിത്തീരുന്ന എത്രയോ പേര്‍ നമ്മുടെ ഇടയിലുണ്ട്.
മെഡിക്കല്‍ പരിശോധനകളില്‍ കാര്യമായ പ്രശ്‌നങ്ങളില്ലെന്ന് കണ്ടാല്‍, ഉത്കണ്ഠയകറ്റാനുള്ള ചില മരുന്നുകള്‍ കുറിച്ചുകൊടുക്കുന്നതിന് പകരം വിദഗ്ധ മനഃശാസ്ത്ര വിശകലനം നടത്തിയാല്‍ വളരെ ഫലപ്രദമായി ഇവ മാറ്റിയെടുക്കാവുന്നതാണ്.
അടുത്തിടെ എനിക്ക് വിഷമമുണ്ടാക്കിയ ഒരു കേസ് ഞാനിവിടെ കുറിക്കുന്നു. ഏകദേശം 35 വയസ്സുമുതല്‍ ഒരു സ്ത്രീ വയറുവേദനയ്ക്കും തലവേദനയ്ക്കും കിഡ്‌നിരോഗങ്ങള്‍ക്കുമായി നൂറിലധികം തവണ വിദഗ്ധ ഡോക്ടര്‍മാരെ ചികിത്സയ്ക്കുവേണ്ടി സമീപിച്ചു.
എല്ലാ പരിശോധനകളിലും ഒരു രോഗവുമില്ലെന്ന് വിധിയെഴുതി ഏകദേശം 30 വര്‍ഷത്തോളം അവര്‍ ഒരു മാറാരോഗിയായി ജീവിച്ചു. ഏകമകന്‍ ആയുഷ്‌കാലം മുഴുവന്‍ ഉള്ള സ്വത്തുമുഴുവന്‍ വിറ്റുപെറുക്കി അമ്മയുമായി വിവിധ ആസ്പത്രികളില്‍ കയറിയിറങ്ങി. ഇതൊന്നും വിശ്വാസമാവാതെ എനിക്കെന്തോ മാരകരോഗമുണ്ടെന്ന് ഉറച്ചുവിശ്വസിച്ച് അവര്‍ ഒരുദിവസം സ്വയം ജീവനൊടുക്കി.
മരണത്തെ നമുക്ക് തടുത്തു നിര്‍ത്താനാവില്ലെങ്കിലും തുടക്കത്തില്‍ ഏതെങ്കിലുമൊരു ഘട്ടത്തില്‍ വിദഗ്ധമായ മനഃശാസ്ത്ര വിശകലനവും ബിഹേവിയര്‍ ചികിത്സയും കിട്ടിയിരുന്നെങ്കില്‍ അവരുടെ ജീവിതം എത്രയോ മെച്ചപ്പെടുമായിരുന്നു എന്നെനിക്കു തോന്നി.
ഇവിടെ പൂച്ചയ്ക്ക് ആര് മണികെട്ടും എന്നതാണ് പ്രശ്‌നം. മെഡിക്കല്‍ ഡോക്ടര്‍മാര്‍ മനഃശാസ്ത്രത്തില്‍ പരിശീലനം നേടിയിട്ടില്ല. സൈക്കോളജിസ്റ്റുകള്‍ മെഡിക്കല്‍ സയന്‍സിലും പരിശീലനം നേടിയിട്ടില്ല.
പത്രക്കാര്‍ക്കും സംഘടനകള്‍ക്കും ഇത്തരം വിഷയങ്ങള്‍ വൈകാരികമായി ചര്‍ച്ചചെയ്യാന്‍ വളരെ എളുപ്പമാണെങ്കിലും ഇത് പരിഹരിക്കാന്‍ പാശ്ചാത്യ മോഡല്‍, സൈക്കോളജിയും സൈക്യാട്രിയും മെഡിസിനും 'സ്വത്വ' ബോധമില്ലാതെ പരസ്പരം സഹകരിച്ച് മുന്നോട്ടുപോകുമെന്ന പ്രതീക്ഷ ഈ മേഖലയില്‍ എട്ടുവര്‍ഷമായി പ്രാക്ടീസ് ചെയ്യുന്ന എനിക്കില്ല.
മനഃശാസ്ത്ര ടെക്‌നിക്കുകള്‍ ഉപയോഗിച്ച് ശാരീരിക രോഗങ്ങളെ പ്രതിരോധിക്കുകയും ചികിത്സിക്കുകയും ചെയ്യുന്ന ബിഹേവിയറല്‍ മെഡിസിന്‍ എന്ന പുതിയൊരു ശാസ്ത്രശാഖ നിലവിലുണ്ടെങ്കിലും ഇന്ത്യയില്‍ ഇത്തരത്തിലൊരു രീതിക്ക് കാര്യമായി പ്രചാരമില്ല.