Mathrubhumi
IST:
Mathrubhumi Parampara
അര്‍ധജീവിതങ്ങളുടെ അരക്ഷിതാവസ്ഥകള്‍

നിലീന അത്തോളി
കുടുംബത്തിന്റെ ഒറ്റപ്പെടുത്തലും കാക്കിയുടെ കറുത്ത നോട്ടവും


കടുത്ത മനുഷ്യാവകാശലംഘനങ്ങള്‍ നടക്കുമ്പോള്‍ അതിന് കാരണം ടിജികളുടെ ദുര്‍നടപ്പാണെന്ന് മിക്ക പോലീസുകാരും വിധിയെഴുതുകയാണ്. അത് ദുര്‍നടപ്പാണോ അതോ അതിജീവനശ്രമങ്ങളാണോ എന്ന് തിരിച്ചറിയണമെങ്കില്‍ ഇവരുടെ യഥാര്‍ഥപ്രശ്‌നങ്ങള്‍ പഠിച്ച് ഈ വിഭാഗങ്ങളെക്കുറിച്ച് ബോധവത്കരിക്കുകയും ഇവരുടെ അതിജീവനത്തിനുള്ള വഴികളൊരുക്കുകയുമാണ് വേണ്ടത്


വിദ്യാഭ്യാസവും തൊഴിലും നിഷേധിക്കപ്പെട്ടവര്‍ക്ക് സ്വന്തം കുടുംബംകൂടി ആശ്രയമില്ലാതാകുമ്പോള്‍ താങ്ങാവേണ്ടത് നിയമവും സര്‍ക്കാറുമാണ്. ഭിന്ന ലൈംഗികവ്യക്തിത്വങ്ങളുടെ അവകാശങ്ങള്‍ സംരക്ഷിക്കാന്‍ പദ്ധതികള്‍ ആവിഷ്‌കരിക്കാനൊരുങ്ങുന്ന കേരളസര്‍ക്കാര്‍ ജോര്‍ജിന്റെ കഥകൂടി കേള്‍ക്കണം. അതോടൊപ്പംതന്നെ പോലീസിന്റെ ട്രാന്‍സ്‌ജെന്‍ഡര്‍വിരുദ്ധ മനോഭാവവും.
അച്ഛന്‍, അമ്മ, അനുജന്‍, രണ്ട് ചേച്ചിമാര്‍ എന്നിവരടങ്ങുന്ന കുടുംബമാണ് ഫോര്‍ട്ട് കൊച്ചിക്കാരന്‍ ജോര്‍ജിന്റേത്. ഭര്‍ത്താവ് നഷ്ടപ്പെട്ട ചേച്ചിയുടെ മൂന്ന് മക്കളെ വളര്‍ത്താന്‍ വേണ്ടിയാണ് ജോര്‍ജ് നൃത്തംചെയ്യാന്‍ തുടങ്ങിയത്. പഠിക്കാനും തൊഴില്‍ നേടാനും സ്‌െ്രെതണഭാവം തടസ്സമായതുകൊണ്ടുതന്നെ തന്നിലെ പെണ്‍മയ്ക്ക് അനുയോജ്യമായ തൊഴിലെന്ന നിലയില്‍ നൃത്തം തിരഞ്ഞെടുക്കുകയായിരുന്നു. ആ കാശുകൊണ്ടാണ് വീട്ടിലെ ചെലവുകള്‍ നടത്തിയതും വീട് പുതുക്കിപ്പണിതതും. എന്നാല്‍, അനിയന്റെ മക്കള്‍ക്ക് കല്യാണപ്രായമായപ്പോള്‍ വീട്ടില്‍നിന്ന് അവര്‍ ജോര്‍ജിനെ പുറത്താക്കി. വിസമ്മതിച്ച ജോര്‍ജിന്റെ തലയ്ക്ക് അനിയന്‍ കൊടുവാളുകൊണ്ട് വെട്ടി. 19 ദിവസമാണ് ജോര്‍ജ് ഐ.സി.യു.വില്‍ കിടന്നത്. രണ്ട് വലിയ ശസ്ത്രക്രിയകള്‍ നടത്തേണ്ടിവന്നു. ആസ്പത്രിയില്‍ അന്നേദിവസം ഇതറിഞ്ഞെത്തിയ പോലീസ് ആദ്യം ചോദിച്ചത് 'നീ ആണാണോ അതോ പെണ്ണാണോ' എന്നാണ്. 'ആണും പെണ്ണും കെട്ടവനായി നടക്കുന്നതുകൊണ്ട് നിനക്കങ്ങനെത്തന്നെ വേണ'മെന്നും പോലീസുകാര്‍ അവനോട് പറഞ്ഞു. മുടി മുഴുവനും ശസ്ത്രക്രിയയില്‍ നഷ്ടപ്പെട്ടതിനാല്‍ തൊപ്പിയും വെപ്പുമുടിയുംവെച്ചാണ് ജോര്‍ജ് നടക്കുന്നത്. അക്കാലംകൊണ്ട് സമ്പാദിച്ചതത്രയും തന്റേതല്ലാത്ത കാരണത്താല്‍ ആസ്പത്രിയില്‍ ഒഴുക്കേണ്ടിവന്നു. വെട്ടിവീഴ്ത്തിയ അനുജന്‍ പോലീസുകാരുടെ പിന്‍ബലത്തില്‍ സമൂഹത്തില്‍ മാന്യനായി ജീവിക്കുന്നു.

കടുത്ത മനുഷ്യാവകാശ ലംഘനങ്ങള്‍ നടക്കുമ്പോള്‍ അതിന് കാരണം ടിജികളുടെ ദുര്‍നടപ്പാണെന്ന് മിക്ക പോലീസുകാരും വിധിയെഴുതുകയാണ്. അത് ദുര്‍നടപ്പാണോ അതോ അതിജീവനശ്രമങ്ങളാണോ എന്ന് തിരിച്ചറിയണമെങ്കില്‍ ഇവരുടെ യഥാര്‍ഥപ്രശ്‌നങ്ങള്‍ പഠിച്ച് ഈ വിഭാഗങ്ങളെക്കുറിച്ച് ബോധവത്കരിക്കുകയും ഇവരുടെ അതിജീവനത്തിനുള്ള വഴികളൊരുക്കുകയുമാണ് വേണ്ടത്. ഒരു ടിജിയും ഒരു പുരുഷനും തമ്മിലുള്ള ഏതൊരു തര്‍ക്കത്തിലും വിഷയം കൃത്യമായി അറിയുംമുമ്പേ പുരുഷന്റെ പക്ഷത്തുനിന്ന് പ്രശ്‌നത്തിന് തീര്‍പ്പുകല്‍പ്പിക്കുന്ന പോലീസുകാര്‍ക്ക് ബോധവത്കരണം ലഭിച്ചേതീരൂ.


'ചാന്തുപൊട്ട്' നല്‍കിയനിര്‍ഭാഗ്യങ്ങള്‍

കണ്ണൂരുകാരി മനീഷ ഇത്തരം അതിക്രമങ്ങളുടെയും പോലീസുകാരുടെ നീതി നിഷേധത്തിെന്റയും ഇരയാണ്.
ചാന്തുപൊട്ട് സിനിമ ഇറങ്ങിയ കാലത്ത് കണ്ണൂരില്‍ ഏതാനും ചെറുപ്പക്കാര്‍ സിനിമാക്കഥ പ്രാവര്‍ത്തികമാക്കാന്‍ കത്തിയുമായിറങ്ങി. അഴീക്കോട് സ്വദേശി മനീഷ് എന്ന മനീഷയായിരുന്നു ഇര. രാത്രി സ്വന്തം വീട്ടിലേക്ക് നടന്നുപോവുകയായിരുന്ന മനീഷയെ അടുത്ത പറമ്പിലേക്ക് വലിച്ചിഴച്ച് കൊണ്ടുപോയി തെങ്ങില്‍ വരിഞ്ഞുകെട്ടി മര്‍ദിച്ചു, മുടിമുറിച്ചു. ചാന്തുപൊട്ട് സിനിമയെ അപ്പാടെ ബൈബിളായി സ്വീകരിച്ച് ബിജുമേനോനും ഭാവനയും അവതരിപ്പിച്ച കഥാപാത്രങ്ങള്‍ ദിലീപിനെ മാറ്റിയെടുത്തതുപോലെ അവരും ശ്രമം നടത്തി. അക്രമിസംഘത്തിന്റെ അടിയേറ്റ് വളപട്ടണം സ്‌റ്റേഷനിലെത്തിയ മനീഷയോട് പോലീസുകാര്‍ പറഞ്ഞത് 'നിനക്ക് കിട്ടിയത് പോരാ' എന്നാണ്. ഈ സംഭവത്തോടെ തെരുവിലും മറ്റുമായി പിന്നീടുള്ള ജീവിതം. എവിടെക്കണ്ടാലും പോലീസ് ആട്ടിപ്പായിക്കും. ഈ പിന്‍ബലത്തിലാണ് നാട്ടിലെ ചില ആണ്‍കുട്ടികള്‍ മനീഷയെ മാനസികമായി തളര്‍ത്തുന്നവിധം പരിഹാസവാക്കുകളും കമന്റടിയും ശീലമാക്കിയത്. സാരിയുടുത്ത് മനീഷ പ്രതികരിച്ചപ്പോള്‍ നടുറോഡില്‍വെച്ച് അവര്‍ അവളെ തല്ലി. ചുറ്റുമുള്ള ആള്‍ക്കൂട്ടം രക്ഷിക്കുന്നതിനുപകരം നീ ആണാണോ പെണ്ണാണോ എന്ന ചോദ്യംകൊണ്ട് അവളെ നിശ്ശബ്ദയാക്കി.

***

എല്ലാവരുടെയും ലൈംഗികസ്വത്വത്തെ ഒന്നുകില്‍ ആണ് അല്ലെങ്കില്‍ പെണ്ണ് എന്നതിലേക്ക് കൊണ്ടുവരികയെന്നത് എളുപ്പമായ കാര്യമാണെന്നും അത് മാറ്റിയെടുക്കാവുന്നതാണെന്നുമുള്ള തെറ്റായ ധാരണയാണ് ഇത്തരത്തിലുള്ള ഹീനകൃത്യങ്ങള്‍ക്ക് സമൂഹത്തെ പ്രേരിപ്പിക്കുന്നത്. നിങ്ങള്‍ക്ക് ഹെട്രോ സെക്ഷ്വല്‍ ആയി ജീവിക്കാനും ചിന്തിക്കാനുമുള്ള അവകാശമുണ്ട്. പക്ഷേ, അതുമാത്രമാണ് ശരിയെന്ന് കരുതുന്നതും അത് മറ്റുള്ളവരുടെമേല്‍ അടിച്ചേല്‍പ്പിക്കാന്‍ ശ്രമിക്കുന്നതും ശരിയല്ല. ഇവരുടെ ക്ഷേമത്തിനായി തമിഴ്‌നാട് സര്‍ക്കാര്‍ എടുത്ത ധീരമായ നടപടി കേരളസര്‍ക്കാര്‍ എടുത്തേതീരൂവെന്ന് മാധ്യമപ്രവര്‍ത്തക കെ.കെ. ഷാഹിന പറയുന്നു.
ലൈംഗികാതിക്രമങ്ങള്‍ നേരിടുമ്പോള്‍ പെണ്ണല്ലാത്തതിനാല്‍ വനിതാപോലീസില്‍ പരാതി സ്വീകരിക്കില്ലെന്ന ഈ അനുഭവം 90 ശതമാനം ടിജികള്‍ക്കുമുണ്ടായിട്ടുണ്ട്. ഇതിനും പരിഹാരമുണ്ടാകണം. ഇവിടെയാണ് ടിജികള്‍ക്ക് മാത്രമായുള്ള പരാതിപരിഹാരസെല് എന്ന ആശയം പ്രസക്തമാവുന്നത്.

നിര്‍ബന്ധിതവിവാഹങ്ങള്‍,വിവാഹമോചനങ്ങള്‍


വീട്ടുകാര്‍ കല്യാണം കഴിപ്പിക്കാന്‍ തിടുക്കംകൂട്ടിയപ്പോള്‍ വീണ (പേര് യഥാര്‍ഥമല്ല) എന്ന ട്രാന്‍സ്‌മെന്‍ (പുരുഷസ്വത്വമുള്ള സ്ത്രീ) ആഗ്രഹിച്ചത് ഒരു പെണ്‍കൂട്ടാണ്. തന്റെ ലൈംഗികസ്വത്വത്തിലും സ്വാതന്ത്ര്യത്തിലും അവള്‍ ഉറച്ചുനിന്നു. എന്നാല്‍, ആത്മഹത്യചെയ്യുമെന്ന മാതാപിതാക്കളുടെ ഭീഷണിക്കുമുമ്പില്‍ അവള്‍ക്ക് വഴങ്ങേണ്ടതായിവന്നു. സ്വാഭാവികമായും ഭര്‍ത്താവുമായുള്ള ലൈംഗികബന്ധം അവള്‍ക്ക് സാധ്യമായില്ല. വീണയെ ഭര്‍ത്താവ് പലതവണ ബലാത്സംഗംചെയ്തു. നിയമനടപടിക്ക് ആലോചിച്ചെങ്കിലും ഭര്‍ത്താവിന് ലൈംഗികത നിഷേധിച്ച തന്നെ കോടതി ശിക്ഷിക്കുമോ എന്ന ഭയം അതില്‍നിന്ന് പിന്തിരിപ്പിച്ചു. ഒരു കുഞ്ഞിന് ജന്മംനല്‍കിക്കൊണ്ട് ഭര്‍ത്താവുമായുള്ള ബന്ധം അവള്‍ ഉപേക്ഷിച്ചു. കുടുംബാംഗങ്ങളുടെ ഇത്തരം നിര്‍ബന്ധങ്ങളില്‍ വര്‍ഷങ്ങളോളമാണ് മാനസികസംഘര്‍ഷത്തില്‍ വീണ കഴിഞ്ഞത്. അവളെ വിവാഹം കഴിച്ചയാളും ഇത്തരം മാനസിക സംഘര്‍ഷങ്ങളിലേക്ക് വലിച്ചിഴയ്ക്കപ്പെട്ടു. അതിനപ്പുറം അച്ഛനില്ലാതെ, അമ്മയുടെ സ്‌നേഹം ലഭിക്കാതെ ഒരു കുഞ്ഞ് അനാഥമാക്കപ്പെട്ടു.

***
അതിസങ്കീര്‍ണമായ ഇവരുടെ സ്വത്വപ്രതിസന്ധികള്‍ മനസ്സിലാക്കാതെ, വിവാഹാനന്തരം ഇതൊക്കെ തീരുമെന്ന് ശഠിക്കുന്ന ബന്ധുക്കളും എതിര്‍ലിംഗഭാവങ്ങളെ പരിഹാസത്തോടെ കാണുന്ന സമൂഹവും ഒത്തുചേരുന്നതോടെ ട്രാന്‍സ്‌ജെന്‍ഡറിന് ജീവിതത്തില്‍ ഒറ്റപ്പെടലിന്റെ കളമൊരുങ്ങുന്നു. ടിജികളില്‍ 63 ശതമാനവും നിര്‍ബന്ധിതവിവാഹങ്ങള്‍ക്ക് വിധേയരാണെന്നാണ് സര്‍ക്കാര്‍ കണക്ക്. ഇവരില്‍ പകുതിയിലധികവും വിവാഹമോചിതരാവുകയും ചെയ്തു. എന്നാല്‍, ഭര്‍ത്താവിന്റെയോ ഭാര്യയുടെയോ ടിജി വ്യക്തിത്വംമൂലം വിവാഹമോചനം നടന്ന കഥകള്‍ സമൂഹത്തില്‍ ചര്‍ച്ചചെയ്യപ്പെട്ടതേയില്ല.
നിര്‍ബന്ധിതവിവാഹവും വിവാഹമോചനങ്ങളും പലരെയും കടുത്ത മദ്യപരാക്കിത്തീര്‍ക്കുന്ന സംഭവങ്ങളും അസാധാരണമല്ലാതാകുന്നു. സമൂഹത്തില്‍നിന്നും കുടുംബത്തില്‍നിന്നുമുള്ള അവഗണനകളേറ്റും ശാരീരിക, മാനസിക പീഡനമേറ്റും കടുത്ത വിഷാദരോഗികളായിത്തീരുന്നവരാണ് ബഹുഭൂരിപക്ഷം ട്രാന്‍സ് ജെന്‍ഡറുകളും. മദ്യപാനവും ലൈംഗികത്തൊഴിലും എച്ച്.ഐ.വി. ബാധയും ഇവരുടെ അതിജീവനശ്രമങ്ങളെ കൂടുതല്‍ ദുഷ്‌കരമാക്കുന്നു.


മറ്റു പരമ്പരകള്‍