Mathrubhumi
IST:
Mathrubhumi Parampara
അര്‍ധജീവിതങ്ങളുടെ അരക്ഷിതാവസ്ഥകള്‍

നിലീന അത്തോളി
ഇന്ത്യന്‍ ഭരണഘടനയുടെ അനുച്ഛേദത്തില്‍ ഇന്ത്യന്‍ പൗരന്‍ എന്ന നിര്‍വചനത്തില്‍ സ്ത്രീ, പുരുഷന്‍ എന്നല്ല വ്യക്തി എന്നാണ് പരാമര്‍ശിച്ചിട്ടുള്ളത്. അതിനാല്‍ ഭരണഘടന ഉറപ്പുനല്‍കുന്ന എല്ലാ മൗലികാവകാശങ്ങളും ടിജികള്‍ക്കും ലഭിക്കേണ്ടതാണ്


നിത്യവൃത്തിക്കായി തൊഴില്‍തേടി അലയുന്നവര്‍


മനസ്സ് ശരീരത്തോട് ഏറ്റുമുട്ടുന്ന വലിയ സംഘര്‍ഷം പേറിക്കൊണ്ടാണ് ഓരോ ട്രാന്‍സ് ജെന്‍ഡറും ജീവിക്കുന്നത്. താന്‍ ലിംഗം ഛേദിച്ച ട്രാന്‍സ് വുമണാണെന്ന (സ്‌െ്രെതണ വ്യക്തിത്വമുള്ള പുരുഷന്‍) സത്യം മറച്ചുവെച്ച് 13 വര്‍ഷമാണ് നയന (പേര് യഥാര്‍ഥമല്ല) ജീവിച്ചത്. ഒട്ടും സംശയം തോന്നിക്കാത്ത ശരീരവടിവും സ്ത്രീകളുടെ രൂപസൗകുമാര്യവും അതിനവളെ സഹായിച്ചു. വീട്ടുകാരെല്ലാം ട്രാന്‍സ്‌ജെന്‍ഡറായി അംഗീകരിച്ചെങ്കിലും ഒരു ജോലി നേടുകയെന്നത് ശ്രമകരമായിരുന്നു. മള്‍ട്ടിമീഡിയയില്‍ അഡ്വാന്‍സ് ഡിപ്ലോമയെടുത്തിട്ടും ആണിന്റെ ശബ്ദംമൂലം പലയിടത്തും ജോലി നിഷേധിക്കപ്പെട്ടു. ഒടുവില്‍ ശബ്ദം പെണ്ണിനെപ്പോലെ നേര്‍ത്തതാക്കാന്‍ വോയ്‌സ് തെറാപ്പിക്ക് ചേര്‍ന്നതിന്റെ ഫലമായാണ് പെണ്ണാണെന്ന നിലയില്‍ ജോലിലഭിച്ചത്. ടിജിയായിത്തന്നെ അംഗീകാരം ലഭിക്കുമായിരുന്നെങ്കില്‍ പരിപൂര്‍ണ സ്ത്രീയല്ലെന്ന സത്യം ഒരിക്കലും മറച്ചുവെക്കില്ലായിരുന്നെന്ന് നയന പറയുന്നു. എന്നാല്‍, ആ ജോലി അധികകാലം നിലനിന്നില്ല. ശബ്ദവ്യതിയാനത്തില്‍ സംശയം തോന്നിയ ചിലര്‍ ടിജിയാണെന്ന് കണ്ടെത്തുകയായിരുന്നു. ജോലിയില്‍നിന്ന് പിരിച്ചുവിടപ്പെട്ട നയനയ്ക്ക് പിന്നീട് ആശ്രയമായത് ബെംഗളൂരു ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന എന്‍.ജി.ഒ.യായ 'സംഗമ'യാണ്.

ഇന്ത്യന്‍ ഭരണഘടനയുടെ അനുച്ഛേദത്തില്‍ ഇന്ത്യന്‍ പൗരന്‍ എന്ന നിര്‍വചനത്തില്‍ സ്ത്രീ, പുരുഷന്‍ എന്നല്ല വ്യക്തി എന്നാണ് പരാമര്‍ശിച്ചിട്ടുള്ളത്. അതിനാല്‍ ഭരണഘടന ഉറപ്പുനല്‍കുന്ന എല്ലാ മൗലികാവകാശങ്ങളും ടിജികള്‍ക്കും ലഭിക്കേണ്ടതാണ്. 15ാം അനുച്ഛേദം ലിംഗവ്യത്യാസത്തിന്റെ പേരിലുള്ള വിവേചനം നിരോധിക്കുന്നു. 14ാം അനുച്ഛേദം ഏതൊരു ഇന്ത്യന്‍ പൗരനും തുല്യതയ്ക്കുള്ള അവകാശവും നിയമത്തിന്റെ സംരക്ഷണവും ഉറപ്പുനല്‍കുന്നു. 21ാം അനുച്ഛേദം വ്യക്തിസ്വാതന്ത്ര്യത്തിനുള്ള അവകാശമാണ് വാഗ്ദാനം ചെയ്യുന്നത്. എന്നാല്‍, തുല്യതയ്ക്കുള്ള വ്യവസ്ഥകള്‍ ടിജികളുടെ കാര്യത്തില്‍ കാറ്റില്‍പ്പറത്തപ്പെടുകയാണ്. തൊഴില്‍നിയമങ്ങളും ഇവരെ പരാമര്‍ശിക്കാതെ പോകുന്നുവെന്ന് സാമൂഹികപ്രവര്‍ത്തകയും അഡ്വക്കറ്റുമായ സീന രാജഗോപാല്‍ പറയുന്നു. മൂന്നാംലിംഗക്കാരാണെന്നതിന്റെ പേരില്‍ ജോലി നിഷേധിക്കുന്നതിനെതിരെ ടിജികള്‍ക്ക് നിയമപരിരക്ഷ ഉറപ്പാക്കേണ്ടത് സര്‍ക്കാറാണ്.

സര്‍ക്കാര്‍ ഉദ്യോഗങ്ങളില്‍ പരിഗണിക്കപ്പെടുന്നത് സ്ത്രീയോ പുരുഷനോ മാത്രമാണ്. ഇ.എസ്.ഐ. നിയമപ്രകാരം തൊഴിലാളിയുടെ മരണത്തില്‍ നഷ്ടപരിഹാരം ലഭിക്കാവുന്ന ആശ്രിതരില്‍ ആണും പെണ്ണും മാത്രമേയുള്ളൂ. തുല്യവേതന നിയമത്തിലും ഫാക്ടറി നിയമത്തിലുമെല്ലാം ഈ ലിംഗവിവേചനം പ്രകടമാണ്. വോട്ടുചെയ്യാനുള്ള അവസരം ലഭിച്ചിട്ടുണ്ടെങ്കിലും അത് തിരഞ്ഞെടുപ്പ് കമ്മിഷന്റെ ഒരു എക്‌സിക്യൂട്ടീവ് ഉത്തരവ് മാത്രമാണ്. ഇവിടെയാണ് നിയമഭേദഗതികളുടെ പ്രസക്തി.

ലൈംഗികന്യൂനപക്ഷങ്ങളെ മൂന്നാംലിംഗക്കാരായി പരിഗണിക്കണമെന്ന സുപ്രീംകോടതിയുടെ ചരിത്രവിധി 2015 ഏപ്രില്‍ 15നാണ് പുറപ്പെടുവിച്ചത്. ഇവരെ സാമൂഹികവും സാമ്പത്തികവുമായി പിന്നാക്കം നില്‍ക്കുന്നവരായി പരിഗണിച്ച് എല്ലാവിധ സംവരണങ്ങളും സംസ്ഥാന സര്‍ക്കാറുകള്‍ നല്‍കണമെന്ന നിര്‍ദേശവും അതോടൊപ്പമുണ്ടായി. ഇത് സ്വാഗതാര്‍ഹംതന്നെ. എന്നാല്‍, ഈ വിഷയത്തില്‍ സംസ്ഥാനസര്‍ക്കാറുകള്‍ മെല്ലെപ്പോക്ക് നയമാണ് നടത്തുന്നത്.

തൊട്ടടുത്ത സംസ്ഥാനങ്ങളായ തമിഴ്‌നാടും കര്‍ണാടകവും സ്‌കൂള്‍ പ്രവേശനത്തിലും വിവിധജോലികളിലും ലൈംഗിക ന്യൂനപക്ഷങ്ങള്‍ക്കായി സംവരണം ഏര്‍പ്പെടുത്തിയ സാഹചര്യത്തിലാണ് കേരളത്തിന്റെ മെല്ലെപ്പോക്ക് നയം. ടിജിയായതിന്റെയോ സ്‌െ്രെതണഭാവം കാണിക്കുന്നതിന്റെയോ പേരില്‍ ജോലിയില്‍നിന്ന് പുറത്താക്കപ്പെട്ടവര്‍ കേരളത്തിലെ ടിജി ജനസംഖ്യയുടെ 25 ശതമാനത്തിലധികംവരും എന്നാണ് അനൗദ്യോഗിക കണക്ക്. ഇവരില്‍ സര്‍ക്കാര്‍ ജോലിക്കാര്‍ 2.4 ശതമാനം മാത്രമാണെന്ന് സര്‍ക്കാര്‍തന്നെ നടത്തിയ സര്‍വേയില്‍ വ്യക്തമാകുന്നു. താത്കാലിക ജോലിക്കാര്‍ 46 ശതമാനത്തോളമുണ്ട്. അതും ടിജിയാണെന്ന് പൊതുസമൂഹത്തിന് ഇതുവരെയും അറിയാത്തതുകൊണ്ടുമാത്രം. 16 ശതമാനം സ്വയംതൊഴില്‍ ചെയ്യുന്നവരും 0.7 ശതമാനം പേര്‍ ഒരു ജോലിയുമില്ലാതെ കഷ്ടപ്പെടുന്ന വിഭാഗവുമാണ്.

തിരുവനന്തപുരം പേരൂര്‍ക്കടയിലെ ജയന് (പേര് യഥാര്‍ഥമല്ല) പത്താംക്ലാസ് വിദ്യാഭ്യാസമേയുള്ളൂ. പഠനം പാതിവഴിയില്‍ നിലച്ചതും നല്ലജോലി നേടിയെടുക്കാനുള്ള കഴിവില്ലായ്മയും തീര്‍ത്തും ദരിദ്രമായ ചുറ്റുപാടും അയാളെ പരിപൂര്‍ണ ലൈംഗികത്തൊഴിലാളിയാക്കിത്തീര്‍ത്തു. താത്പര്യമില്ലെങ്കിലും മറ്റ് വരുമാനമില്ലാത്തതിനാല്‍ ലൈംഗികത്തൊഴിലില്‍ നില്‍ക്കാന്‍ ഇയാള്‍ നിര്‍ബന്ധിതനാവുകയാണ്. നല്ലവരുമാനമുള്ള ജോലി ലഭിക്കുകയാണെങ്കില്‍ ഈ തൊഴിലിലേക്ക് ഒരിക്കലും വരില്ലെന്ന് ഇയാള്‍ പറയുന്നു.

സ്ത്രീലൈംഗികത്തൊഴിലാളികള്‍ക്ക് ലഭിക്കുന്ന സ്വയംതൊഴില്‍ പരിശീലനവും പുനരധിവാസവുമൊന്നും കേരളത്തിലെ ടിജി ലൈംഗികത്തൊഴിലാളികള്‍ക്ക് ലഭിക്കുന്നില്ലെന്നത് ഈ സംഭവവുമായി കൂട്ടിച്ചേര്‍ത്ത് വായിക്കേണ്ടതാണ്. ഇവരില്‍ ഭൂരിഭാഗം പേരും വിദ്യാഭ്യാസമില്ലാത്തവരും മറ്റ് തൊഴിലിടങ്ങളില്‍നിന്ന് തഴയപ്പെട്ടവരുമായതുകൊണ്ടുതന്നെ സ്വയംതൊഴില്‍പരിശീലനവും പുതിയസംരംഭങ്ങള്‍ തുടങ്ങാനുള്ള ആനുകൂല്യങ്ങളും സര്‍ക്കാര്‍ നല്‍കേണ്ടതാണ്. കര്‍ണാടക സര്‍ക്കാര്‍ ടിജികളടങ്ങുന്ന അഞ്ചംഗ സ്വയംസഹായസംഘത്തിന് പുതിയസംരംഭം തുടങ്ങാന്‍ ഒരു ലക്ഷംരൂപയാണ് നല്‍കുന്നത്. ഒറ്റയ്ക്ക് ഒരാള്‍ക്ക് ഒരു സംരംഭം തുടങ്ങാന്‍ 20,000 രൂപയും നല്‍കുന്നു.

'സംഗമ' എന്‍.ജി.ഒ.യുടെ പ്രവര്‍ത്തനഫലമായി 2012ല്‍ ലൈംഗികന്യൂനപക്ഷങ്ങളെ സഹായിക്കാന്‍ ഒരുപാട് ക്ഷേമപദ്ധതികള്‍ കര്‍ണാടക സര്‍ക്കാര്‍ കൊണ്ടുവന്നു. ടിജികള്‍ക്ക് അവരുടെ ടിജി ഐഡന്റിറ്റി വെളിപ്പെടുത്തുന്ന വോട്ടര്‍ ആധാര്‍ ഐ.ഡി. കാര്‍ഡുകള്‍, 40 വയസ്സിലധികമുള്ള ടിജികള്‍ക്ക് 400 രൂപ പെന്‍ഷന്‍, സ്ലംബോര്‍ഡിനകത്ത് ഉള്‍പ്പെടുത്തി വീടുവെച്ചുകൊടുക്കല്‍, ടിജി സ്വയംസഹായസംഘങ്ങള്‍ക്ക് ചെറിയ വ്യവസായസംരംഭം തുടങ്ങാന്‍ ഒരുലക്ഷം, വ്യക്തികള്‍ക്ക് വ്യവസായസംരംഭം തുടങ്ങാന്‍ 20,000, എല്ലാ സര്‍ക്കാര്‍ ആസ്പത്രികളിലും രണ്ട് ബെഡ് സംവരണം, സൗജന്യചികിത്സ എന്നിവയാണവ. ശസ്ത്രക്രിയ സൗജന്യമായി ചെയ്തുകൊടുക്കാനും തമിഴ്‌നാട്ടിലേതുപോലെ ലൈംഗിക ന്യൂനപക്ഷബോര്‍ഡ് സ്ഥാപിക്കാനും പുതിയ നിര്‍ദേശം 'സംഗമ' സര്‍ക്കാറിന് സമര്‍പ്പിച്ചുകഴിഞ്ഞു.

കയ്‌പേറിയ ജീവിതപശ്ചാത്തലത്തിനിടയിലും ഉയരങ്ങളിലെത്തിയ, ഇഷ്ടപ്പെട്ട തൊഴിലിടങ്ങള്‍ വെട്ടിപ്പിടിച്ച അപൂര്‍വം ചിലരുണ്ട് ഇന്ത്യയില്‍ ഋതുപര്‍ണഘോഷിനെപ്പോലെ ശബ്‌നം മോസിയെപ്പോലെ അപൂര്‍വം ചിലര്‍

ഋതുപര്‍ണഘോഷ്


ബംഗാളികള്‍ക്ക് ഒഴിച്ചുകൂടാനാവാത്ത അവരുടെ കീര്‍ത്തിയായിരുന്നു അന്തരിച്ച സംവിധായകന്‍ ഋതുപര്‍ണഘോഷ്. മൂന്നുപതിറ്റാണ്ടുകാലത്തെ ചലച്ചിത്രജീവിതത്തിനിടയില്‍ ഒരു ഡസനിലേറെ ദേശീയ പുരസ്‌കാരങ്ങളാണ് ഋതുപര്‍ണഘോഷ് ബംഗാളിന് നേടിക്കൊടുത്തത്. ബംഗാളികളുടെ കുലീനലോകം, പൊതുപരിപാടികളില്‍ നീണ്ട കമ്മലുകളിട്ട, പെണ്ണുടുപ്പുകള്‍ ധരിച്ച് കണ്ണെഴുതി ലിപ്സ്റ്റിക്കിട്ട് പ്രത്യക്ഷപ്പെടുന്ന ഋതുപര്‍ണോയെ അംഗീകരിക്കാന്‍ മറ്റേത് സമൂഹത്തെയുംപോലെ മടിച്ചു. തന്നെ തന്റെ അസ്തിത്വത്തോടെ സ്വീകരിക്കാന്‍ മടിച്ച എല്ലാ നോട്ടങ്ങളെയും പ്രതിഭകൊണ്ടാണ് ഋതുപര്‍ണോ കുടഞ്ഞെറിഞ്ഞത്. 2010ല്‍ അബോഹോമനിലൂടെ മികച്ച സംവിധായകനുള്ള ദേശീയ പുരസ്‌കാരം ലഭിച്ചപ്പോള്‍ പെണ്‍വേഷത്തിലാണ് അത് വാങ്ങാന്‍ അദ്ദേഹം എത്തിയത്.

തന്റെ ട്രാന്‍സ്‌ജെന്‍ഡര്‍ വ്യക്തിത്വം വെള്ളിത്തിരയിലും ഋതുപര്‍ണോ പകര്‍ത്തി. കൗശിക് ഗാംഗുലി സംവിധാനംചെയ്ത അരേക്തി പ്രെമേര്‍ ഗോല്‍പോ, സഞ്ജയ് നാഗിന്റെ മെമ്മറീസ് ഇന്‍ മാര്‍ച്ച് എന്നീ ചിത്രങ്ങളിലൂടെ സ്വവര്‍ഗാനുരാഗിയായ നായകരെ ഋതുപര്‍ണോ മാന്യമായി അവതരിപ്പിച്ചു. അവസാനം സംവിധാനംചെയ്ത ചിത്രാംഗദ എന്ന ചിത്രത്തില്‍ പ്രധാന കഥാപാത്രമായി ഋതുപര്‍ണ പ്രേക്ഷകര്‍ക്കുമുന്നില്‍ പ്രത്യക്ഷപ്പെട്ടു.

ശബ്‌നം മോസി


പൊതുതിരഞ്ഞെടുപ്പില്‍ മത്സരിച്ച് ഭരണകൂടത്തിലേറിയ ഇന്ത്യയിലെ ആദ്യ ടിജിയാണ് ശബ്‌നം മോസി. 1998 മുതല്‍ 2003 വരെ മധ്യപ്രദേശ് ലെജിസ്ലേറ്റീവ് അസംബ്ലിയിലെ ജനപ്രതിനിധിയായിരുന്നു ശബ്‌നം. സോഹാഗ്പുര്‍ മണ്ഡലത്തില്‍നിന്നാണ് ഹിജഡയായ ശബ്‌നം മത്സരിച്ചത്. വെറും രണ്ടാംക്ലാസ് വിദ്യാഭ്യാസം മാത്രമുള്ള ശബ്‌നത്തിന് 12 ഭാഷകളില്‍ പ്രാവീണ്യമുണ്ട്. ഹിജഡകള്‍ക്കെതിരെയുള്ള അതിക്രമങ്ങളിലേക്ക് ശ്രദ്ധ ക്ഷണിക്കാനും എച്ച്.ഐ.വി., എയ്ഡ്‌സ് എന്നിവയ്‌ക്കെതിരെയുള്ള ബോധവത്കരണം നടത്താനും എം.എല്‍.എ. ആയിരുന്നപ്പോള്‍ ശബ്‌നത്തിന് കഴിഞ്ഞു. 2005ല്‍ ശബ്‌നം മോസിയുടെ ജീവിതത്തെക്കുറിച്ച് ഒരു മുഴുനീള ചിത്രവും പുറത്തിറങ്ങി.

കോളേജ് പ്രിന്‍സിപ്പല്‍ സ്ഥാനത്തെത്തിയ കൊല്‍ക്കത്തക്കാരി മനോബി ബന്ദോപാധ്യായ, എസ്.ഐ. തസ്തികയിലേക്കുള്ള അവസാന കടമ്പവരെ ടിജി എന്ന ലേബലില്‍ എത്തിയ തമിഴ്‌നാട്ടുകാരി പ്രതിക, തമിഴ്‌നാട്ടില്‍നിന്നുതന്നെയുള്ള പ്രശസ്ത സാമൂഹിക പ്രവര്‍ത്തക കല്‍ക്കി തുടങ്ങി ഉയരങ്ങളിലെത്തിയ ഒട്ടേറെ ടിജി വ്യക്തിത്വങ്ങള്‍ ഇന്ത്യയില്‍നിന്നുതന്നെ ഉയര്‍ന്നുവന്നിട്ടുണ്ടെങ്കിലും ദേശീയ ശ്രദ്ധയാകര്‍ഷിച്ച ഒരാള്‍പോലും കേരളത്തിലെ ടിജി സമൂഹത്തില്‍ നമുക്ക് ഇക്കാലമത്രയും ചൂണ്ടിക്കാണിക്കാന്‍ ഉണ്ടായിട്ടില്ല. അവരില്‍ പ്രതിഭകള്‍ ഇല്ലാഞ്ഞിട്ടല്ല. പകരം ടിജികള്‍ക്ക് തീര്‍ത്തും പ്രതികൂലമായ ചുറ്റുപാടായിരുന്നു കേരളത്തിലെന്നും. ടിജി വ്യക്തിത്വങ്ങള്‍ കേരള സമൂഹത്തിലില്ലെന്ന സ്ഥിരം പല്ലവി ആവര്‍ത്തിച്ച് വിഷയത്തില്‍നിന്ന് മാറി നില്‍ക്കുന്ന രാഷ്ട്രീയസാംസ്‌കാരിക പ്രവര്‍ത്തകര്‍ മനസ്സിലാക്കേണ്ടത് കാല്‍ലക്ഷം ടിജികളെ സര്‍ക്കാര്‍ കണക്കെടുപ്പ് നടത്തി തിരിച്ചറിഞ്ഞിരിക്കുന്നു എന്നാണ്.


മറ്റു പരമ്പരകള്‍