മാലി വിമനത്താവള നടത്തിപ്പില്‍ നിന്ന് അടിസ്ഥാന സൗകര്യ മേഖലയിലെ പ്രമുഖ ഇന്ത്യന്‍ കമ്പനിയായ ജി.എം.ആറിന് പിന്‍വാങ്ങേണ്ടി വന്നതോടെ ആഗോള പദ്ധതികളില്‍ കമ്പനിയ്ക്കുണ്ടാവുന്ന രണ്ടാമത്തെ വലിയ നഷ്ടമായാണ് ഇത് വിലയിരുത്തപ്പെടുന്നത്. മാലിയില്‍ നിന്ന് പിന്‍വാങ്ങുന്നതോടെ ജി.എം.ആറിന് നഷ്ടമാവുന്നത് 51.10 കോടി ഡോളറിന്റെ കരാറാണ്.
ഇതിന് മുമ്പ് അമേരിക്ക ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഊര്‍ജ്ജ കമ്പനി ഇന്റജെനിലുള്ള 50 ശതമാനം ഓഹരികള്‍ വിറ്റതാണ് കമ്പനി നേരിട്ട ആദ്യത്തെ വലിയ നഷ്ടം. 90 കോടി ഡോളറിനായിരുന്നു വില്പന. ഇന്ത്യയില്‍ കൂടുതല്‍ ശ്രദ്ധയൂന്നി പ്രവര്ക്കിക്കുന്നതിനായിരുന്നു ഇത്. 2008ലാണ് ജി.എം.ആര് ഇന്റര്ജെനില് 120 കോടി ഡോളറിന് 50 ശതമാനം ഓഹരികള്‍ വാങ്ങിയത്. പിന്നീട് ചൈനീസ് കമ്പനിയായ ഹൗനേങ് ഗ്രൂപ്പിന് ഓഹരികള്‍ വിറ്റെങ്കിലും സിംഗപ്പൂരില്‍ കമ്പനിയ്ക്കുണ്ടായിരുന്ന വാതക ഊര്‍ജ്ജ കേന്ദ്രം നിലനിര്‍ത്തിയിരുന്നു.
2013 അവസാനത്തോടെ കമ്മീഷന് ചെയ്യാന്‍ കഴിയുമെന്ന പ്രതീക്ഷയോടെയായിരുന്നു ഇത് നിലനിര്‍ത്തിയത്. പിന്നീട് മലേഷ്യന്‍ എണ്ണ-വാതക കമ്പനിയായ പെട്രോനാസിന് ഈ പദ്ധതിയിലെ 30 ശതമാനം ഓഹരികളും കമ്പനിയ്ക്ക് വില്‍ക്കേണ്ടി വന്നു. തുര്‍ക്കിയിലെ ഒരു വിമാനത്താവളവും ഇന്തോനേഷ്യയിലെ രണ്ട് കല്‍ക്കരിപ്പാടങ്ങളും ദക്ഷിണാഫ്രിക്കയിലെ ഒരു കല്ക്കരിപാടവും കമ്പനിയുടെ നിലവിലുള്ള ചില ആഗോള പദ്ധതികളാണ്.
പക്ഷെ തുര്‍ക്കിയിലെ വിമാനത്താവളം ജി.എം.ആറിന്റെ പ്രതിക്ഷയ്ക്കടുത്ത് എവിടെയും ലാഭം നല്കാന് കഴിയാത്ത സാഹചര്യത്തിലാണ് പ്രവര്‍ത്തിക്കുന്നത്. നടപ്പു സാമ്പത്തിക വര്‍ഷത്തിലെ ആദ്യ പകുതിയില്‍ മാത്രം ഈ വിമാനത്താവളത്തിന്റെ നടത്തിപ്പിലൂടെ കമ്പനിയ്ക്കുണ്ടായ നഷ്ടം 45 കോടി രൂപയാണെന്ന് കണക്കാക്കുന്നു. വിമാനത്താവളത്തില്‍ കമ്പനിയക്ക് 40 ശതമാനം ഓഹരി പങ്കാളിത്തമുണ്ടെങ്കിലും ഈ നഷ്ടം കമ്പനിയ്ക്ക് നല്‍കുന്നത് ശുഭ സൂചനയല്ല.
അതേസമയം, തുര്‍ക്കിയിലെ വിമാനത്താവളത്തില്‍ യാത്രക്കാര്‍ കൂടാനുള്ള സാധ്യതയാണ് നിലവിലുള്ള ഏക പ്രതീക്ഷ. 2013ലെ വേനല്‍ക്കാല സീസണില്‍ അഞ്ച് വിമനങ്ങള്‍ കൂടി ഈ വിമാനത്താവളത്തില്‍ നിന്ന് സര്‍വീസ് നടത്തുമെന്ന് തുര്‍ക്കിഷ് എയര്‍ലൈന്‍സ് വ്യക്തമാക്കിയിട്ടുണ്ട്. അത് ആഗോള സര്‍വീസുകളില്‍ നാല് ലക്ഷം യാത്രക്കാരുടെ വര്‍ധനയുണ്ടാക്കുമെന്നും ജി.എം.ആര് പ്രതീക്ഷിക്കുന്നു. ഈ വിമാനത്താവളത്തില്‍ നിന്നുള്ള വരുമാനത്തില്‍ ഇന്ധനത്തിലൂടെ ലഭിക്കുന്ന വരുമാനവും വലിയ പങ്കുവഹിക്കുന്നുണ്ട്. മൊത്തം വരുമാനത്തിന്റെ 65 ശതമാനമാണ് ഇന്ധനത്തിലൂടെ ലഭിക്കുന്നത്.
ദക്ഷിണാഫ്രിക്കയിലെ കല്‍ക്കരിപ്പാടത്ത് ജി.എം.ആറിന് 55 ശതമാനം ഓഹരി പങ്കാളിത്തമുണ്ട്. പക്ഷെ ഈ പാടങ്ങളില്‍ നിന്ന് കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തിലുണ്ടായ വരുമാന നഷ്ടം 110 കോടി രൂപയാണ്. ഇതിനുള്ള പ്രധാന കാരണം കയറ്റുമതിയിലെ പാകപിഴകളാണെന്നും വിലയിരുത്തപ്പെടുന്നു.
ഇന്തോനേഷ്യയിലെ കല്‍ക്കരിപ്പാടങ്ങളില്‍ ഇന്തോനേഷ്യന്‍ ഗ്രീന്‍ഫീല്‍ഡ് കല്‍ക്കരി കമ്പനിയായ ബരാസെന്റോസ ലെസ്റ്റാരി പൂര്‍ണമായും ജി.എം.ആറിന്റെ ഉടമസ്ഥതയില്‍ തന്നെയാണ്. 2009ല്‍ 8 കോടി ഡോളറിനാണ് ജി.എം.ആര് ഈ കമ്പനിയെ ഏറ്റെടുത്തത്. കമ്പനിയ്ക്ക് 10 കോടി ടണ്ണിന്റെ കല്‍ക്കരി ശേഖരമുണ്ടെന്നാണ് വിലയിരുത്തപ്പെടുന്നത്. പക്ഷെ ഈ പദ്ധതിയില്‍ നിന്നും ജി.എം.ആര് ഇതുവരെ കല്‍ക്കരി വില്പന തുടങ്ങിയിട്ടില്ല. വര്‍ഷവസാനം വരെയെങ്കിലും വില്പന തുടങ്ങാനാവുമെന്ന് പ്രതീക്ഷിക്കാനുമാവില്ല.
ഈ ഏറ്റെടുക്കലിന് നല്‍കേണ്ട തുകയുടെ ആദ്യ ഘടു നല്‍കാനായി കമ്പനി 4 കോടി ഡോളര്‍ കടമായി സമാഹരിക്കുകയും ചെയ്തിട്ടുണ്ട്. ഇതുകൂടാതെ 2011 ആദ്യ നടത്തിയ മറ്റൊരു ഏറ്റെടുക്കലിന് കമ്പനി 50 കോടി ഡോളര്‍ ചെലവിടുകയും ചെയ്തു. 86 കോടി ടണ്‍ കല്‍ക്കരി ശേഖരമുള്ള ഗോള്‍ഡന്‍ മൈന്‍ എന്ന കമ്പനിയെ ഏറ്റെടുക്കാനായിരുന്നു ഇത്. ഈ ഏറ്റെടുക്കലില്‍ കമ്പനിയ്ക്കുണ്ടായ വരുമാന നഷ്ടം 43 കോടി രൂപയാണ്. ഏറ്റെടുക്കലിനായി എടുത്ത കടത്തിന് നല്‍കേണ്ടി വന്ന പലിശയാണ് നഷ്ടത്തിന് കാരണം. എന്തായാലും മാലിയില്‍ നിന്ന് പിന്വാങുന്നതോടെ ആഗോള പദ്ധതികളില്‍ ജി.എം.ആറിന്റെ ഭാവിയെന്താവും എന്നാണ് ബിസിനസ് ലോകം ഉറ്റു നോക്കുന്നത്.