സ്വര്‍ണവില എങ്ങോട്ട്?

Posted on: 03 Dec 2012


ആര്‍ .റോഷന്‍



വില എത്ര കയറിയാലും മഞ്ഞലോഹത്തോട് മനുഷ്യനുള്ള കമ്പം കുറയുന്നില്ല. ഇക്കഴിഞ്ഞ ചൊവ്വാഴ്ച കേരളത്തില്‍ പവന്‍വില 24,240 രൂപയിലെത്തി റെക്കോഡിട്ടശേഷം തൊട്ടടുത്ത ദിവസങ്ങളില്‍ താഴേക്ക് പോയി. ആഗോള വിപണിയില്‍ 12 വര്‍ഷമായി സ്വര്‍ണവില തുടര്‍ച്ചയായി മുന്നേറുകയാണ്. കഴിഞ്ഞ ഒമ്പതു പതിറ്റാണ്ടുകള്‍ക്കിടയില്‍ ഇത്ര തുടര്‍ച്ചയായ മുന്നേറ്റം ഉണ്ടായിട്ടില്ല. 2001ല്‍ ട്രോയ് ഔണ്‍സിന് (31.1 ഗ്രാം തനിത്തങ്കം) 255 ഡോളറായിരുന്നു വിലയെങ്കില്‍ ഇപ്പോഴത് 1,700 ഡോളറിന് മുകളിലാണ്. 2013ലും വില വര്‍ധന തുടരുമെന്നാണ് കണക്കാക്കുന്നത്. 11 ശതമാനത്തിലധികം വില വര്‍ധനവാണ് അടുത്ത വര്‍ഷം പ്രതീക്ഷിക്കുന്നത്.

വില ഉയരുമ്പോഴും ഡിമാന്‍ഡ് കുറയുന്നില്ല എന്നതാണ് കൗതുകകരം. 2012 ജൂലായ് - സപ്തംബര്‍ ത്രൈമാസത്തില്‍ 223.2 ടണ്‍ സ്വര്‍ണമാണ് ഇന്ത്യയില്‍ വിറ്റത്. മുന്‍വര്‍ഷം ഇതേകാലയളവിലെ 204.8 ടണ്ണിനെക്കാള്‍ 9 ശതമാനം കൂടുതല്‍. സ്വര്‍ണാഭരണ വില്‍പന ഏഴ് ശതമാനം ഉയര്‍ന്നപ്പോള്‍ നിക്ഷേപം 12 ശതമാനം ഉയര്‍ന്നു.

ആഗോള തലത്തില്‍ സ്വര്‍ണവില്‍പന കുറഞ്ഞപ്പോഴാണ് ഇന്ത്യയില്‍ ഉപഭോഗം കൂടിയത്. ആഗോള വിപണിയില്‍ ജൂലായ് - സപ്തംബര്‍ ത്രൈമാസത്തില്‍ 1,084.6 ടണ്ണാണ് വിറ്റത്. മുന്‍വര്‍ഷം ഇതേകാലയളവില്‍ 1223.4 ടണ്ണായിരുന്നു വില്‍പന. മൂല്യത്തിലുണ്ടായ ഇടിവ് 14 ശതമാനമാണ്.

സുരക്ഷിത നിക്ഷേപമെന്ന നിലയില്‍ സ്വര്‍ണത്തിന് ആവശ്യമേറുന്നതാണ് വില വര്‍ധനവിന് കാരണം. റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ ഉള്‍പ്പെടെ കേന്ദ്ര ബാങ്കുകള്‍ പോലും ഖജനാവിലേക്ക് സ്വര്‍ണം വാങ്ങിക്കൂട്ടുന്നത് ഇതിന് തെളിവാണ്. കേന്ദ്ര ബാങ്കുകള്‍ 97.6 ടണ്‍ സ്വര്‍ണമാണ് വാങ്ങിക്കൂട്ടിയത്. കഴിഞ്ഞ ഏഴ് ത്രൈമാസങ്ങളില്‍ ആറിലും കേന്ദ്ര ബാങ്കുകള്‍ ഇതേ അളവില്‍ വാങ്ങുകയുണ്ടായി. ഈ വര്‍ഷം കേന്ദ്ര ബാങ്കുകള്‍ വാങ്ങിയ സ്വര്‍ണത്തിലുണ്ടായ വളര്‍ച്ച ഇതുവരെ 9 ശതമാനമാണ്.

ഗോള്‍ഡ് എക്‌സ്‌ചേഞ്ച് ട്രേഡഡ് ഫണ്ട് (ഗോള്‍ഡ് ഇടിഎഫ്), ഇ-ഗോള്‍ഡ് പോലുള്ള നിക്ഷേപമാര്‍ഗ്ഗങ്ങള്‍ക്ക് ഇപ്പോള്‍ പ്രിയമേറിവരികയാണ്. സ്വര്‍ണം കൈയില്‍ വെയ്ക്കാതെതന്നെ സ്വര്‍ണവിലയിലെ ഏറ്റക്കുറച്ചിലുകളുടെ നേട്ടം കൊയ്യാമെന്നതാണ് ഈ നിക്ഷേപ മാര്‍ഗ്ഗങ്ങളുടെ ഏറ്റവും വലിയ സവിശേഷത. സ്വര്‍ണം കൈവശം സൂക്ഷിക്കുന്നതിനെക്കാള്‍ സുരക്ഷിതമാണെന്നതാണ് മറ്റൊരു ഗുണം.

സ്വര്‍ണത്തില്‍ നിക്ഷേപം നടത്തുന്ന മ്യൂച്വല്‍ ഫണ്ടുകള്‍ എന്നു വേണമെങ്കില്‍ ഗോള്‍ഡ് ഇടിഎഫിനെ വിശേഷിപ്പിക്കാം. മ്യൂച്വല്‍ ഫണ്ട് സ്ഥാപനങ്ങളാണ് ഗോള്‍ഡ് ഇടിഎഫുകള്‍ കൈകാര്യം ചെയ്യുന്നത്. നിക്ഷേപകരില്‍നിന്ന് സമാഹരിക്കുന്ന തുകയ്ക്ക് സ്വര്‍ണക്കട്ടികള്‍ വാങ്ങി സൂക്ഷിക്കുകയാണ് ഗോള്‍ഡ് ഇ.ടി.എഫുകള്‍ ചെയ്യുന്നത്. ഓഹരികള്‍ വ്യാപാരം ചെയ്യുന്നതുപോലെ സ്‌റ്റോക്ക് എക്‌സ്‌ചേഞ്ചുകളിലാണ് ഇവയുടെ വ്യാപാരം. അതിനാലാണ് ഇവയെ എക്‌സ്‌ചേഞ്ച് ട്രേഡഡ് ഫണ്ട് (ഇടിഎഫ്) എന്നുപറയുന്നത്. സ്റ്റോക്ക് എക്‌സ്‌ചേഞ്ചുകളില്‍ വ്യാപാരം ചെയ്യപ്പെടുന്നതിനാല്‍ എപ്പോള്‍ വേണമെങ്കിലും നിക്ഷേപം വിറ്റ് പണമാക്കാം. പത്തോളം മ്യൂച്വല്‍ ഫണ്ട് സ്ഥാപനങ്ങള്‍ ഇന്ന് ഗോള്‍ഡ് ഇടിഎഫുകള്‍ വിപണിയിലിറക്കിയിട്ടുണ്ട്. ഡീമാറ്റ് അക്കൗണ്ടും ട്രേഡിങ് അക്കൗണ്ടും ഉണ്ടെങ്കില്‍ ആര്‍ക്കുവേണമെങ്കിലും ഗോള്‍ഡ് ഇടിഎഫുകള്‍ വാങ്ങാം. സ്‌റ്റോക്ക് ബ്രോക്കിങ് സ്ഥാപനങ്ങളില്‍ നിന്ന് ഈ അക്കൗണ്ടുകള്‍ ആരംഭിക്കാവുന്നതാണ്.

ഇലക്ട്രോണിക് (ഡീമാറ്റ്) രൂപത്തില്‍ സ്വര്‍ണം വാങ്ങിക്കൂട്ടാന്‍ നിക്ഷേപകര്‍ക്ക് സൗകര്യമൊരുക്കുന്ന പദ്ധതിയാണ് ഇ-ഗോള്‍ഡ്. ഉത്പന്ന തയ്യാര്‍ വ്യാപാര എക്‌സ്‌ചേഞ്ചായ നാഷണല്‍ സ്‌പോട്ട് എക്‌സ്‌ചേഞ്ചാണ് (എന്‍എസ്ഇഎല്‍) ഈ നിക്ഷേപമാര്‍ഗം അവതരിപ്പിച്ചിട്ടുള്ളത്. ചെറുനിക്ഷേപങ്ങള്‍പോലും സാധ്യമാകുന്ന തരത്തിലാണ് ഇ-ഗോള്‍ഡ് ആവിഷ്‌കരിച്ചിരിക്കുന്നത്. 995 പരിശുദ്ധിയുള്ള ഒരു ഗ്രാം സ്വര്‍ണമാണ് ഒരു യൂണിറ്റ്. ഭാവിയിലേക്കുള്ള ആവശ്യം മുന്‍നിര്‍ത്തി എത്ര ഗ്രാം സ്വര്‍ണം വേണമെങ്കിലും വാങ്ങാം. എപ്പോള്‍ വേണമെങ്കിലും വിറ്റു പണമാക്കുകയും ചെയ്യാം. സ്വര്‍ണമായി തന്നെ വേണമെന്നുള്ളവര്‍ക്ക് അതിനും അവസരമുണ്ട്.

സ്വര്‍ണനാണയങ്ങളും സ്വര്‍ണക്കട്ടികളും നേരിട്ട് വാങ്ങി സൂക്ഷിക്കുന്നവരും കുറവല്ല. പല ബാങ്കുകളും ഇപ്പോള്‍ സ്വര്‍ണനാണയങ്ങളും സ്വര്‍ണക്കട്ടികളും വില്‍ക്കുന്നുണ്ട്. പ്രധാന പോസ്റ്റ് ഓഫീസുകള്‍, കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ എംഎംടിസി എന്നിവ വഴിയും സ്വര്‍ണനാണയങ്ങള്‍ വാങ്ങാവുന്നതാണ്.

അതിനിടെ, സ്വര്‍ണക്കമ്പം ഇന്ത്യയുടെ സമ്പദ്ഘടനയെ ദോഷകരമായി ബാധിക്കുമെന്ന ആശങ്ക ശക്തമായിട്ടുണ്ട്. സ്വര്‍ണത്തിന്റെ ബഹുഭൂരിഭാഗവും ഇറക്കുമതി ചെയ്യുന്നതിനാല്‍ അത് ഇന്ത്യയുടെ ധനകമ്മിയെ ബാധിക്കുമെന്നും രൂപയുടെ വില ഇടിവിന് വഴിവെയ്ക്കുമെന്നുമാണ് കണ്ടെത്തല്‍. അതിനാല്‍, സ്വര്‍ണത്തിന്റെ ഉപഭോഗം കുറയ്ക്കാനായി ബദല്‍ നിക്ഷേപ മാര്‍ഗ്ഗങ്ങള്‍ ആവിഷ്‌ക്കരിക്കാന്‍ ഒരുങ്ങുകയാണ് റിസര്‍വ് ബാങ്ക്. കൈവശമുള്ള സ്വര്‍ണം ബാങ്കില്‍ നിക്ഷേപിക്കാന്‍ സൗകര്യമൊരുക്കുന്ന ഗോള്‍ഡ് ഡെപ്പോസിറ്റ് സ്‌കീം കൂടുതല്‍ ലളിതമാക്കാനും പദ്ധതിയുണ്ട്. നിലവില്‍ ഏതാനും ബാങ്കുകള്‍ക്ക് ഈ പദ്ധതിയുണ്ടെങ്കിലും നിക്ഷേപിക്കാവുന്ന സ്വര്‍ണത്തിന് പരിധിയുള്ളതിനാല്‍ സാധാരണക്കാര്‍ക്ക് ഇതിന്റെ പ്രയോജനം ലഭിക്കുന്നില്ല. നിക്ഷേപിക്കുന്ന സ്വര്‍ണാഭരണങ്ങള്‍ സ്വര്‍ണക്കട്ടിയായിട്ടോ പണമായിട്ടോ ആയിരിക്കും തിരിച്ചുലഭിക്കുക. സ്വര്‍ണത്തിന്റെ ക്രയവിക്രയം ഉയര്‍ത്തുന്നതിനായി നിക്ഷേപിക്കുന്ന സ്വര്‍ണാഭരണങ്ങള്‍ ഉരുക്കി, സ്വര്‍ണനാണയങ്ങളായും മറ്റും വിപണിയില്‍ ലഭ്യമാക്കുന്നതിനാലാണ് ഇത്.

പ്ലാറ്റിനത്തിനും ഡിമാന്‍ഡ്

സ്വര്‍ണവിലയ്‌ക്കൊപ്പമെത്തിയതോടെ പ്ലാറ്റിനത്തിനും ആവശ്യക്കാര്‍ ഏറി. ചെറുപ്പക്കാരാണ് പ്ലാറ്റിനത്തില്‍ തീര്‍ത്ത ആഭരണങ്ങള്‍ അണിയാന്‍ കൂടുതല്‍ താത്പര്യപ്പെടുന്നത്. ഗ്രാമിന് ഏതാണ്ട് 3000 രൂപയാണ് ഇപ്പോഴത്തെ വില.

Tags: What is the trend for the gold price in 2013
»  News in this Section

Enter your email address: