വിദ്യാഭ്യാസ വായ്പ : നിങ്ങള്‍ക്കറിയേണ്ടത്
Posted on: 19 Jun 2014
പുതിയ കോഴ്‌സുകള്‍ക്ക് ചേരാനുള്ള തിരക്കില്‍ ബഹുഭൂരിപക്ഷത്തിനും അതിനാവാശ്യമായ ചെലവിന് വിദ്യാഭ്യാസ വായ്പ കിട്ടുമോയെന്നാണ്. എത്ര രൂപ വരെ കിട്ടും, എന്തെല്ലാം കോഴ്‌സിനു കിട്ടും, പലിശ നിരക്ക് എത്ര, ഈടും മാര്‍ജിനും സബ്‌സിഡിയ്ക്ക് അര്‍ഹതയുണ്ടോ, എങ്ങനെ അപേക്ഷിക്കണം, അപേക്ഷ ബാങ്ക് നിരസിച്ചാല്‍ എന്തു ചെയ്യണം? തുടങ്ങി നിരവധി സംശയങ്ങളാണ് വിദ്യാഭ്യാസ വായ്പയെ പറ്റി ഉയരുന്നത്.
എന്തെല്ലാം കോഴ്‌സുകള്‍ക്ക് : സര്‍ക്കാര്‍ അംഗീകാരമുള്ള ഏതു കോഴ്‌സിലും, നീയമാനുസൃതം പ്രവേശനം നേടിയ ഇന്ത്യന്‍ പൗരത്വമുള്ള ഏതു വിദ്യാര്‍ത്ഥിക്കും വായ്പയ്ക്ക് അര്‍ഹതയുണ്ട്. എന്‍ജിനീയറിങ്, മെഡിസിന്‍, മാനേജ്‌മെന്റ് മേഖലകളിലെ പ്രൊഫഷണല്‍ കോഴ്‌സുകള്‍ക്കാണ് ഭൂരിപക്ഷവും വായ്പയെ ആശ്രയിക്കുന്നെങ്കിലും കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ അംഗീകരിച്ചിട്ടുള്ള ഡിപ്ലൊമ കോഴ്‌സുകള്‍ക്കും വിദേശപഠനത്തിനും എല്ലാം വായ്പ ലഭ്യമാണ്. നേഴ്‌സിങ്ങിനും ബിഎഡ് അടക്കമുള്ള ബിരുദ, ബിരുദാനന്തര കോഴ്‌സുകള്‍ക്കും വായ്പ ലഭിക്കും.
എന്തെല്ലാം ഫീസുകള്‍ക്ക് : ട്യൂഷന്‍, ഹോസ്റ്റല്‍ , ലൈബ്രറി ,ലാബ് ഫീസുകളും ,കോഷന്‍ ഡെപ്പോസിറ്റ്, ബില്‍ഡിങ് ഫണ്ട്, പാഠപുസ്തകങ്ങള്‍, കമ്പ്യൂട്ടര്‍, യൂണിഫോം, പ്രോജക്ട് വര്‍ക്, സ്റ്റഡി ടൂര്‍ എന്നിവയ്ക്കുള്ള ചെലവുകളും വായ്പയായി നേടാം. വിവിധ ബാങ്കുകള്‍ വിവിധ ഇനങ്ങളാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഓരോ കോഴ്‌സിനുള്ള വായ്പ തുകയിലും ഓരോ ബാങ്കുകളും പരിധി നിശ്ചയിച്ചിട്ടുണ്ട്.
സ്വാശ്രയ കോളേജുകള്‍ ആവശ്യപ്പെടുന്ന, ഡെപ്പോസിറ്റിനും വായ്പ ലഭിക്കും. കോഴ്‌സ് പൂര്‍ത്തിയാക്കുമ്പോള്‍ തുക ബാങ്കിനു തിരിച്ചു നല്‍കാമെന്ന് മാനേജുമെന്റുമായി ഉണ്ടാക്കുന്ന ധാരണയുടെ അടിസ്ഥാനത്തിലാണ് ഇത്. ഇതിന്റെ പലിശ പഠനകാലയളവില്‍ തിരിച്ചടയക്കണം.
എ ത്ര രൂപ വരെ : ഇന്ത്യയില്‍ പഠിക്കുന്നതിന് പത്തു ലക്ഷം വരേയും വിദേശ പഠനത്തിന് 20 ലക്ഷം വരേയും. എന്നാല്‍ മതിയായ ഈട് നല്‍കിയാല്‍ എത്ര തുകയും ലഭ്യമാണ്. എങ്ങനെ അപേക്ഷിക്കണം? വീടിന് തൊട്ടടുത്ത ബാങ്ക് ശാഖയില്‍ നേരിട്ട് പോയി അപേക്ഷ നല്‍കാം.ഇപ്പോള്‍ ഓണ്‍ ലൈനായി അപേക്ഷ സമര്‍പ്പിക്കാനും സാധിക്കും.
അപേക്ഷ നിരസിച്ചാല്‍ എന്തു ചെയ്യാനാകും. മതിയായ രേഖകള്‍ ഹാജരാക്കിയിട്ടും ബാങ്ക് വായ്പ അനുവദിക്കാതിരിക്കുകയോ അനാവശ്യമായി വൈകിപ്പിക്കുകയോ ചെയ്താല്‍ നിയമം നിങ്ങള്‍ക്കൊപ്പമുണ്ടെന്നറിയുക. കൃത്യമായ കാരണങ്ങളില്ലാതെ ഒരു വിദ്യാഭ്യാസ വായ്പയും നിരസിക്കരുതെന്നാണ് ഇന്ത്യന്‍ ബാങ്കേഴ്‌സ് അസോസിയേഷന്റേയും ആര്‍ബിഐയുടേയും നിലപാട്. അതിനാല്‍ അതേ ബാങ്കിന്റെ മേലധികാരികളെ സമീപിക്കുക. അല്ലെങ്കില്‍ മറ്റൊരു ബാങ്കിനെ സമീപിക്കാം. വിദ്യാഭ്യാസ വായ്പയില്‍ പൊതുമേഖലാ ബാങ്കുകളില്‍ നിന്ന് കൂടുതല്‍ ഉദാരമായ സമീപനം പ്രതീക്ഷിക്കാം.
ഈടും മാര്‍ജിനും: നാലു ലക്ഷം രൂപ വരെ ഈടോ മാര്‍ജിന്‍ മണിയോ ആവശ്യമില്ല. 7.5 ലക്ഷം വരെ തക്കതായ ആള്‍ ജാമ്യം നല്‍കണം. 7.5 ലക്ഷത്തിനുമുകളില്‍ ബാങ്ക് നിര്‍ദേശിക്കുന്ന ഈടും മാര്‍ജിനും ആണ്. ഭൂമിയുടെ ആധാരം, പോസ്റ്റ് ഓഫീസ് , ഇന്‍ഷൂറന്‍സ്, ബാങ്ക് നിക്ഷേപപദ്ധതികളുടെ സര്‍ട്ടിഫിക്കറ്റ്, സ്വര്‍ണം എന്നിവയും തേര്‍ഡ് പാര്‍ട്ടി ഗ്യാരന്റിയും ഈടായി സ്വീകരിക്കാറുണ്ട്. നാലു മുതല്‍ 7.5 ലക്ഷം വരെ അഞ്ചും അതിനു മുകളില്‍ 15 ഉം ശതമാനമാണ് മാര്‍ജിന്‍ തുക. അത്രയും തുക വായ്പയെടുക്കുന്നയാളിന്റെ പക്കലുണ്ടായാലേ വായ്പ കിട്ടൂ.
പലിശ : ഓരോ ബാങ്കിന്റേയും ബേസ് റേറ്റ് അനുസരിച്ച് പലിശയിലും വ്യത്യാസം വരും. 11.5 മുതല്‍ 18 ശതമാനം വരെയാണ് വിവിധ ബാങ്കുകള്‍ ഈടാക്കുന്നത്. നാലു ലക്ഷം വരെ താരതമ്യേന കുറഞ്ഞ നിരക്കാണ്. അതിനു മുകളില്‍ 7.5 ലക്ഷം വരെ ഉയര്‍ന്ന സ്ലാബാണ്. സുരക്ഷിതമായ ഈട് നല്‍കുന്ന ഉയര്‍ന്ന തുകയ്ക്കുള്ള വായ്പയ്ക്ക് പലിശ അല്‍പം കുറയും. പെണ്‍കുട്ടികള്‍ക്ക് അര ശതമാനം പലിശയിളവ് പല ബാങ്കുകള്‍ക്കുമുണ്ട്. ഐഐടി, ഐഐഎം പോലുള്ള പ്രശസ്ത സ്ഥാപനങ്ങളില്‍ പ്രവേശനം നേടുന്ന മിടുമിടുക്കന്‍മാരില്‍ നിന്ന് ചില ബാങ്കുകള്‍ കുറഞ്ഞ പലിശയേ ഈടാക്കുന്നുള്ളൂ,
(ഏതാനും ബാങ്കുകളുടെ പലിശ നിരക്ക് പട്ടികയായി കൊടുത്തിരിക്കുന്നു. ഇതോടൊപ്പം പ്രോസസിങ് ഫീസ് അടക്കമുള്ളവയും കൂടി താരതമ്യം ചെയ്യണം)
പലിശ ഇളവ്: പ്രൊഫഷണല്‍ കോഴ്‌സുകളില്‍, ഇന്ത്യന്‍ സ്ഥാപനങ്ങളില്‍ പ്രവേശനം നേടുന്നവരുടെ പഠന കാലയളവിലെ പലിശ സര്‍ക്കാര്‍ വഹിക്കും. , നാലര ലക്ഷത്തില്‍ കുറവ് വാര്‍ഷിക വരുമാനമാനമുള്ള കുടുംബത്തിലെ കുട്ടികള്‍ക്കാണ് അര്‍ഹത. ഇതിന് വരുമാനം തെളിയിക്കുന്നതിനുള്ള വില്ലേജ് ആഫീസറുടെ സര്‍ട്ടിഫിക്കറ്റ് സമര്‍പ്പിക്കണം
തിരിച്ചടവ് : വായ്പ തിരിച്ചടയ്‌ക്കേണ്ടത് വിദ്യാര്‍ത്ഥിയാണ്. കോഴ്‌സ് പൂര്‍ത്തിയാക്കി ഒരു വര്‍ഷത്തിനുള്ളില്‍, അല്ലെങ്കില്‍ ജോലി കിട്ടി ആറുമാസത്തിനുള്ളില്‍ തിരിച്ചടവ് തുടങ്ങണം. കോഴ്‌സ്‌കാലാവധിയില്‍ പലിശ തിരിച്ചടയ്ക്കാവുന്നതും അല്ലാത്തതുമായ പദ്ധതികളുണ്ട്. രേഖകള്‍ : ഓരോ ബാങ്കും വ്യത്യസ്തമായ ഡോക്യുമെന്റുകളാണ് ആവശ്യപ്പെടുന്നത്. എന്നാല്‍ പാസായ പരീക്ഷയുടെ മാര്‍ക് ലിസ്റ്റ്, പുതിയ കോഴ്‌സിന് അഡ്മിഷന്‍ ലഭിച്ചതിന്റെ തെളിവ്, പേര് ,പ്രായം , അഡ്രസ് എന്നിവ തെളിയിക്കുന്നതിനുള്ള രേഖകള്‍, ഫോട്ടോ എന്നിവയെല്ലാം അത്യാവശ്യമാണ്. ഈടാവശ്യമെങ്കില്‍ അതിനുള്ള രേഖകളും നല്‍കണം. ഏതാനും മാസത്തെ ബാങ്ക് അക്കൗണ്ട് സ്റ്റേറ്റ് മെന്റ്, രണ്ടു വര്‍ഷത്തെ ഇന്‍കം ടാക്‌സ് റിട്ടേണ്‍സ് എന്നിവയും ഹാജരാക്കേണ്ടി വരും. സബ്‌സിഡിയ്ക്ക് അര്‍ഹതയുള്ളവര്‍ വരുമാനം തെളിയിക്കുന്നതിനുള്ള രേഖകളും നല്‍കണം.
എസ് രാജ്യശ്രീ
rajyasreesajeev@gmail.com