
ഞാന്‍ ഒരു വീട്ടമ്മയാണ്. എനിക്ക് മ്യൂച്വല്‍ ഫണ്ടില്‍ നിക്ഷേപിക്കണമെന്നുണ്ട്. അതിന് എന്താണ് ചെയ്യേണ്ടത്. എനിക്ക് നിക്ഷേപത്തെക്കുറിച്ച് കാര്യമായ വിവരമൊന്നുമില്ല. ദയവായി...
ഇത്തരത്തിലുളള നിരവധി ചോദ്യങ്ങളാണ് ദിവസവും ലഭിക്കുന്നത്. ധാരാളം പേര്‍ക്ക് മ്യൂച്വല്‍ ഫണ്ടില്‍ നിക്ഷേപിക്കാന്‍ ആഗ്രഹവുമുണ്ട്. പക്ഷേ തുടക്കത്തില്‍ എന്തു ചെയ്യണമെന്ന അറിയില്ല. ഇതാണ് പലപ്പോഴും മ്യൂച്വല്‍ ഫണ്ട് നിക്ഷേപത്തില്‍ നിന്ന് പലരേയും പിന്തിരിപ്പിക്കുന്നത്.
അതിനാല്‍, മ്യൂച്വല്‍ ഫണ്ട് നിക്ഷേപത്തെക്കുറിച്ച് പ്രതിപാദിക്കുന്നതിന് മുമ്പ് അവയില്‍ നിക്ഷേപം ആരംഭിക്കാന്‍ എന്തു ചെയ്യണമെന്ന് വിശദീകരിക്കാം. ഇത്തരത്തില്‍ നിക്ഷേപം തുടങ്ങിക്കഴിഞ്ഞാല്‍ അത് കൂടുതല്‍ അന്വേഷണങ്ങളിലേയ്ക്ക് നിക്ഷേപകരെ എത്തിക്കുകയും കൂടുതല്‍ അറിവ് നേടുകയും കാലക്രമത്തില്‍ വ്യക്തമായ നിക്ഷേപതന്ത്രം രൂപപ്പെടുത്തിയെടുക്കാന്‍ സാധിക്കുകയും ചെയ്യും.
മ്യൂച്വല്‍ ഫണ്ട് എന്ന ആശയം വിശദീകരിക്കുന്നതിന് മുമ്പുതന്നെ നിക്ഷേപം ആരംഭിക്കുന്നതിനുളള നടപടിക്രമങ്ങള്‍ വിശദീകരിക്കാം. ഓഹരി, ഭൂമി, മ്യൂച്വല്‍ ഫണ്ട്, ബാങ്ക് നിക്ഷേപം തുടങ്ങി ഒട്ടുമിക്ക ആസ്തികളിലേയും നിക്ഷേപത്തിന് ഏറ്റവും അത്യാവശ്യമായ കാര്യമാണ് നിക്ഷേപകന്റെ തിരിച്ചറിയല്‍. ബിനാമി നിക്ഷേപങ്ങള്‍ അവസാനിപ്പിക്കുന്നതിനുളള ചരടുകള്‍ ഓരോ ദിവസവും മുറുക്കിക്കൊണ്ടുവരികയാണ്. ഓഹരിയുമായി ബന്ധപ്പെട്ടുള്ള നിക്ഷേപങ്ങളില്‍ ഇതു വളരെ കര്‍ക്കശമാണുതാനും. ഇതിനായി ഓഹരി വിപണിയുടെ റെഗുലേറ്ററായ സെക്യൂരിറ്റി എക്‌സ്‌ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യ(സെബി) മാര്‍ഗനിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. സെബിയില്‍ രജിസ്റ്റര്‍ ചെയ്തിട്ടുളള മ്യൂച്വല്‍ ഫണ്ടുകളില്‍ നിക്ഷേപം നടത്തണമെങ്കിലും സെബിയുടെ ഈ മാര്‍ഗനിര്‍ദ്ദേശം നിക്ഷേപകന്‍ പാലിച്ചേ മതിയാകൂ.
ഈ തിരിച്ചറിയല്‍ പ്രക്രിയ പൊതുവായി നോ യുവര്‍ ക്ലയന്റ് അഥവാ കെ വൈ സി എന്നറിയപ്പെടുന്നു. കെ വൈ സിയില്‍ ശേഖരിക്കേണ്ട കാര്യങ്ങള്‍ എന്തൊക്കെയാണെന്ന് സെബി നിര്‍ദ്ദേശിച്ചിട്ടുണ്ട്. ഈ നിര്‍ദ്ദേശങ്ങള്‍ പാലിച്ചുളള കെ വൈ സി നല്‍കിയാല്‍ മാത്രമേ നിക്ഷേപകന് മ്യൂച്വല്‍ ഫണ്ട് നിക്ഷേപത്തിലേയ്ക്ക് കടക്കാനാകൂ. 2011 ജനവരി ഒന്നുമുതല്‍ ഇത് മ്യൂച്വല്‍ ഫണ്ട് നിക്ഷേപത്തിന് നിര്‍ബന്ധം ആക്കിയിട്ടുണ്ട്.
വ്യക്തിഗത മ്യൂച്വല്‍ ഫണ്ട് നിക്ഷേപകന്‍ കെ വൈ സി പാലിക്കുവാനായി ലഭ്യമാക്കേണ്ട രേഖകള്‍ ഇവയാണ്:
* തിരിച്ചറിയല്‍ തെളിവ് ( ഫോട്ടോ പതിച്ച പാന്‍ കാര്‍ഡ്, പാസ്‌പോര്‍ട്ട്, ഡ്രൈവിങ് ലൈസന്‍സ്, ഇലക്ഷന്‍ കാര്‍ഡ് തുടങ്ങിയവയുടെ ഫോട്ടോകോപ്പികള്‍)
* അഡ്രസ് പ്രൂഫ് ( പുതിയ ലാന്‍ഡ് ലൈന്‍ ടെലിഫോണ്‍ ബില്‍, വൈദ്യുതി ബില്‍, പാസ്‌പോര്‍ട്ട്, ഡ്രൈവിങ് ലൈസന്‍സ്, ഏറ്റവും പുതിയ ബാങ്ക് പാസ്ബുക്ക്, ബാങ്ക് അക്കൗണ്ട് സ്റ്റേറ്റ്‌മെന്റ്, ഇലക്ഷന്‍ കാര്‍ഡ്, റേഷന്‍ കാര്‍ഡ്, ലേറ്റസ്റ്റ് ഡീമാറ്റ് അക്കൗണ്ട് സ്റ്റേറ്റ്‌മെന്റ്, ഭൂമി രജിസ്റ്റര്‍ ചെയ്തതിന്റെ ഡോക്കുമെന്റ്, ചില അതോറിറ്റികള്‍ നല്‍കിയിട്ടുളള അഡ്രസ് പ്രൂഫ് തുടങ്ങിയവ)
സെന്‍ട്രല്‍ ഡിപ്പോസിറ്ററി സര്‍വീസസ് ( ഇന്ത്യ) ലിമിറ്റഡിന്റെ പൂര്‍ണ സബ്‌സിഡിയറിയായ സി.ഡി.സി.എല്‍ വെഞ്ച്വേഴ്‌സ് ലിമിറ്റഡിനെയാണ് കൈ വൈ സി നപടികള്‍ പൂര്‍ത്തിയാക്കാനായി മ്യൂച്വല്‍ ഫണ്ട് വ്യവസായം നിയോഗിച്ചിട്ടുള്ളത്. കെ വൈ സി ബാധ്യതകള്‍ നിറവേറ്റുന്നതു സംബന്ധിച്ചുളള വിവരങ്ങള്‍ മ്യൂച്വല്‍ ഫണ്ടുകള്‍, ആംഫി, സി.ഡി.എസ്.എല്‍ തുടങ്ങിയവയുടെ വെബ്‌സൈറ്റില്‍ നല്‍കിയിട്ടുണ്ട്. കെ വൈ സിയ്ക്കുളള അപേക്ഷ ഫോമുകള്‍ ഈ സൈറ്റുകളില്‍നിന്ന് ഡൗണ്‍ ലോഡ് ചെയ്ത് ഉപയോഗിക്കാം. കെ വൈ സി അപേക്ഷയ്ക്കുളള ഫോം പൂരിപ്പിച്ച്, ഫോട്ടോ പതിപ്പിച്ച്, ആവശ്യമായ രേഖകള്‍ സഹിതം നല്‍കിയാല്‍ മതി. ഒരിക്കല്‍ കെ വൈ സി അംഗീകരിച്ചാല്‍ എല്ലാ മ്യൂച്വല്‍ ഫണ്ടുകളുടെ നിക്ഷേപത്തിനും അത് ഉപയോഗിക്കാം.
വ്യക്തികള്‍, കമ്പനികള്‍, ജോയിന്റ് ഹോള്‍ഡര്‍മാര്‍ തുടങ്ങി മ്യൂച്വല്‍ ഫണ്ടില്‍ നിക്ഷേപം നടത്താനാഗ്രഹിക്കുന്നവര്‍ എല്ലാവരും കെ വൈ സി നിബന്ധന പാലിച്ചിരിക്കണം. പ്രായപൂര്‍ത്തിയാകാത്തവരുടെ കാര്യത്തില്‍ അവരുടെ രക്ഷിതാക്കള്‍ കെ വൈ സി നിബന്ധന പാലിച്ചിരിക്കണം. മ്യൂച്വല്‍ ഫണ്ടില്‍ നിക്ഷേപിക്കാന്‍ അപേക്ഷിക്കുമ്പോള്‍ അതിനൊപ്പം കൈ വൈ സി സര്‍ട്ടിഫിക്കറ്റും നല്‍കിയിരിക്കണം. പ്രായപൂര്‍ത്തിയാകുമ്പോള്‍ സ്വന്തമായി ഇടപാടു നടത്തണമെങ്കില്‍ കെ വൈ സി നിബന്ധന പാലിച്ചിരിക്കണം.
ചുരുക്കത്തില്‍ കെ വൈ സി അക്‌നോളഡ്ജ്‌മെന്റ് ഇല്ലാതെ മ്യൂച്വല്‍ ഫണ്ടില്‍ നിക്ഷേപിക്കാന്‍ സാധിക്കുകയില്ല.
പാന്‍ നിര്‍ബന്ധം
ഓഹരിയുമായി ബന്ധപ്പെട്ട നിക്ഷേപങ്ങളില്‍ ആവശ്യമുളള മറ്റൊരു പ്രധാനപ്പെട്ട രേഖയാണ് ആദായനികുതി വകപ്പില്‍നിന്നുളള പെര്‍മനന്റ് അക്കൗണ്ട് നമ്പര്‍ അഥവാ പാന്‍. മ്യൂച്വല്‍ ഫണ്ടിലെ നിക്ഷേപത്തിന് പാന്‍ നിര്‍ബന്ധിതമാണ്. എത്ര ചെറിയ തുകയാണെങ്കില്‍പ്പോലും. ഇന്ത്യയിലെ റെസിഡന്റ് നിക്ഷേപകര്‍, വിദേശ ഇന്ത്യക്കാര്‍, പെര്‍മെനന്റ് ഇന്ത്യന്‍ ഓറിജിന്‍ ( പി ഐ ഒ) തുടങ്ങി എല്ലാ നിക്ഷേപകര്‍ക്കും പാന്‍ ഉണ്ടായിരുന്നാല്‍ മാത്രമേ മ്യൂച്വല്‍ ഫണ്ടില്‍ നിക്ഷേപം നടത്താന്‍ സാധിക്കുകയുളളു.
പാന്‍ കാര്‍ഡും കെ വൈ സി അക്‌നോളഡ്ജ്‌മെന്റുമായാല്‍ മ്യൂച്വല്‍ ഫണ്ട് നിക്ഷേപത്തിന് ആവശ്യമായ രേഖകളായി. മ്യൂച്വല്‍ ഫണ്ട് നിക്ഷേപകര്‍ക്ക് അറിയേണ്ട മറ്റൊരു പ്രധാനപ്പെട്ട കാര്യം എവിടെ, ആരുടെ പക്കല്‍, എങ്ങനെ നിക്ഷേപം നടത്താം എന്നാണ്. അതേപ്പറ്റി അടുത്തതില്‍.