
ഏതു വിധത്തിലും പണമുണ്ടാക്കിയാല്‍ ആ പണം സമൂഹത്തില്‍ മാന്യത നേടിത്തരും എന്നചിന്ത ഉണ്ടായിരുന്നു. അധികാരത്തിന്റെ കാര്യത്തിലും സ്ഥിതി സമാനമായിരുന്നു. അധികാരവും പണവും ഉപയോഗിച്ച് ഒരു ആശ്രിത വലയം സൃഷ്ടിച്ചു മാന്യതയും അംഗീകാരവും നേടാം. ആശ്രിതരാകാന്‍ തയാറായി ഏറെ പേര്‍ നില്കുന്നുണ്ടാകും
പണം ഉണ്ടാകുന്ന മാര്‍ഗങ്ങളെ കുറിച്ചും സമൂഹത്തിന്റെ കാഴ്ചപ്പാടുകള്‍ മാറാം.ഞാന്‍ കോളേജില്‍ പഠിക്കുന്ന കാലത്ത് കൈക്കൂലി കിട്ടുന്ന ജോലി ഉള്ളവര്‍ക്ക് വിവാഹ കമ്പോളത്തില്‍ ഡിമാന്‍ഡ് കൂടുതാലായിരുന്നു.
സോഷ്യലിസ്റ്റ് ആശയങ്ങള്‍ താരതമ്യേന കൂടുതല്‍ പ്രചാരത്തിലുണ്ടായിരുന്ന കേരളത്തിന്റെ സ്ഥിതിയാണിത്. മറ്റു ദരിദ്ര/ വികസ്വര സമൂഹങ്ങളിലും ഇത്തരം ചിന്താഗതികള്‍ നിലനിന്നിരുന്നു.
എന്നാല്‍ ഈ ചിന്താഗതികളില്‍ മാറ്റം വരും. ഒരു മധ്യവര്‍ഗം ശക്തി പ്രാപിക്കുന്നതോടെ, അതുവഴി ജനാധിപത്യം സാര്‍ത്ഥകമാകുന്നതോടെ, അധികാരവും പണവും കൊണ്ട് മാത്രം അംഗീകാരം നേടാന്‍ ബുദ്ധിമുട്ടാകും.
മധ്യവര്‍ഗക്കാര്‍ ആശ്രിതരാകാന്‍ മടിക്കും. മാത്രമല്ല അധികാരവും പണവുമുള്ളവര്‍ അതുകൊണ്ട് മാത്രം കൂടുതല്‍ വിമര്‍ശന വിധേയരാകും. അവര്‍ക്ക് ഏതു വിധത്തിലാണ് അധികാരവും പണവും കിട്ടുന്നത് കൂടുതല്‍ കൂടുതല്‍ സാമൂഹ്യ വിചാരണക്ക് വിധേയമാകും . ഇത് സാമൂഹ്യ മാറ്റത്തിന്റെ ഭാഗമായി ഉണ്ടാകുന്ന കുറെയേറെ സ്വാഭാവികമായ പ്രക്രിയയാണ്
ഈ കാലഘട്ടം അധികാരികളുടെയും പണക്കാരുടെയും നിലപാടുകളില്‍ മാറ്റം ആവശ്യപ്പെടുന്നു . അങ്ങനെ മാറിയില്ലെങ്കില്‍ അത് അവരുടെ നിലനില്‍പ്പിനെ തന്നെ ബാധിക്കും
പണമുണ്ടാകുന്ന വഴികള്‍ കൂടുതല്‍ സുതാര്യമാകേണ്ടിവരും . സമൂഹത്തിനു ദോഷമുണ്ടാക്കി പണമുണ്ടാക്കിയാല്‍ കൂടുതല്‍ പ്രതിസന്ധികള്‍ നേരിടും
സുതാര്യമായ നേരായ മാര്‍ഗത്തിലൂടെ പണമുണ്ടാക്കി എന്നാല്‍ അത് അശ്ലീലമായ രീതിയില്‍ പ്രദര്‍ശിപ്പിക്കാതെ സമൂഹത്തിനുകൂടി ഗുണകരമായി ചെലവഴിക്കുന്നവര്‍ അംഗീകാരം നേടും . അല്ലെങ്കില്‍ മനസ്സുഖം നേടും.
അധികാരമെന്നത് അത് കയ്യാളുന്ന വ്യക്തികളുടെ സ്വന്തം നേട്ടങ്ങള്‍ക്കുള്ള വഴി എന്നതിന് പകരം സമൂഹത്തിനു ഗുണപ്രദമായി ഉപയോഗിക്കാനുള്ള ഒരു ഉപകരണം എന്ന നിലയില്‍ മാറും.