
സാമ്പത്തിക വളര്‍ച്ചയുടെ കാര്യത്തില്‍ ലഭ്യമായ കണക്കുകള്‍ വച്ച് നോക്കിയാല്‍ കേരളം മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് മുന്നിലാണ്. കൃഷിയിലും വ്യവസായത്തിലും കാര്യമായ പുരോഗതി ഇല്ലെങ്കിലും നിര്‍മാണം, ഹോട്ടല്‍, ട്രാവല്‍, ബാങ്കിങ് തുടങ്ങിയ സര്‍വീസ് മേഖലകളില്‍ കേരളം വളരുന്നു. ഈ കണക്കുകള്‍ മാറ്റിവച്ചാലും നല്ലൊരു പങ്ക് ആളുകളുടെ കയ്യില്‍ പണം ഉണ്ട്.
സ്വര്‍ണത്തിന് ഇത്രയും വിലകൂടിയിട്ടും സ്വര്‍ണക്കടയിലെ തിരക്ക് വലുതായി കുറഞ്ഞതായി കാണുന്നില്ല. അമ്പലം, പള്ളി ഉത്സവങ്ങള്‍ ആര്‍ഭാടത്തോടെ നടക്കുന്നു. സ്വര്‍ണം പണയത്തിനെടുക്കുന്ന, അല്ലെങ്കില്‍ ചിട്ടി നടത്തുന്ന കേരള കമ്പനികള്‍ അഖിലേന്ത്യാ അടിസ്ഥാനത്തില്‍ തന്നെ മുന്നേറുന്നു. മക്കള്‍ക്ക് സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ലക്ഷങ്ങള്‍ കൊടുത്തു സീറ്റ് ഉറപ്പാക്കാന്‍ ഇടത്തരക്കാര്‍ പോലും മത്സരിക്കുന്നു. അതുകൊണ്ട് മലയാളിയുടെ കയ്യില്‍ പണമുണ്ട് (കേരള സര്‍ക്കാരിന്റെ കയ്യില്‍ ആവശ്യത്തിനു പണമില്ല എങ്കിലും). വിദേശത്ത് നിന്ന് വരുന്ന വരുമാനവും, റബ്ബര്‍ തുടങ്ങിയ നാണയ വിളകളുടെ ഉയര്‍ന്ന വിലയും ഒക്കെ ഇതിനു കാരണമാകാം. ഈ പണം ചെലവഴിക്കുമ്പോഴുള്ള സര്‍വീസ് മേഖലയിലെ വളര്‍ച്ചയാണ് നമ്മള്‍ കേരളത്തില്‍ കാണുന്നത്. എന്നാല്‍ ഉത്പാദന ക്ഷമത വര്‍ധിപ്പിക്കുന്ന മൂലധന നിക്ഷേപം കേരളത്തില്‍ നടക്കുന്നില്ല. ഉയര്‍ന്ന വരുമാനം കിട്ടുന്ന ജോലികള്‍ കേരളത്തില്‍ ധാരാളമായി ഉണ്ടാകുന്നില്ല. എല്ലാ തരത്തിലുള്ള വിദ്യാഭ്യാസ നിലവാരവും കഴിവും ഉള്ളവര്‍ക്ക് അനുയോജ്യമായ തൊഴില്‍ കിട്ടുന്ന തരത്തില്‍ സമതുലിതമായ സാമ്പത്തിക വളര്‍ച്ച കേരളത്തില്‍ ഉണ്ടാകുന്നില്ല. (ഇക്കാര്യം വേറൊരു ലേഖനത്തില്‍ പരിശോധിക്കാം).
എന്നാല്‍ സാമ്പത്തിക വളര്‍ച്ചയോട് അനുബന്ധിച്ച് സമൂഹത്തില്‍ ഉണ്ടാകേണ്ട സാംസ്‌കാരിക മാറ്റം ഉണ്ടാകുന്നില്ല. ഒരു പെണ്‍കുട്ടിക്ക് ഒറ്റയ്ക്ക് രാത്രി ഒമ്പത് മണി കഴിഞ്ഞാല്‍ നടക്കാവുന്ന സ്ഥിതി കേരളത്തില്‍ ഇല്ല (ഈ സ്ഥിതി ചെന്നൈ പോലുള്ള നഗരങ്ങളില്‍ ഇല്ല). കല്യാണം കഴിക്കാത്ത ഒരു പെണ്ണും ചെറുക്കനും രാത്രി പത്തു മണിക്ക് ഒരു ഭക്ഷണ ശാലയില്‍ ഇരുന്നു ഭക്ഷണം കഴിക്കുന്നതോ അല്ലെങ്കില്‍ ബൈക്കില്‍ യാത്ര ചെയ്യുന്നതോ ഒക്കെ ബാംഗ്ലൂരില്‍ സാധാരണ കാഴ്ചയാണ്. എന്നാല്‍ കേരളത്തില്‍ അങ്ങനെ സംഭവിച്ചാല്‍ ധാര്‍മിക പോലീസുകാരുടെ ചോദ്യങ്ങള്‍ക്കും ഭീഷണിക്കും ഇരയാകും. മറ്റൊരു വീട്ടില്‍ പോയ ഒരു മനുഷ്യനെ കെട്ടിയിട്ടു മര്‍ദിച്ചുകൊന്നു നമ്മള്‍ പ്രസിദ്ധി നേടിയിട്ടു അധികം കാലമായില്ല. കല്യാണം കഴിക്കാതെ ഒരു പെണ്ണിന് ഒറ്റയ്ക്ക് സുഹൃത്തുക്കളോടൊപ്പം ജീവിതം ചെലവഴിക്കാന്‍ കേരളത്തില്‍ സാഹചര്യമില്ല. ഇക്കാര്യത്തില്‍ ബാംഗ്ലൂര്‍, ചെന്നൈ, മുംബൈ, കൊല്‍ക്കത്ത തുടങ്ങിയ നഗരങ്ങളെ അപേക്ഷിച്ച് കേരളം വളരെ പിന്നിലാണ്. മറ്റുള്ളവരുടെ ലൈംഗിക ജീവിതത്തില്‍ ആകാംക്ഷ പുലര്‍ത്തുന്നവരുടെ എണ്ണം കേരളത്തില്‍ വളരെ കൂടുതലാണ്. ഒരാള്‍ക്ക് ഒരു ലൈംഗിക തൊഴിലാളിയുടെ സേവനം ആവശ്യമുണ്ടെങ്കില്‍ അക്കാര്യം വളരെ ബുദ്ധിമുട്ടില്ലാതെ സാധിക്കാന്‍ കൊല്‍ക്കത്തയിലും മുംബൈയിലും (എന്തിനു ബംഗ്ലൂരിലും) കഴിയും. എന്നാല്‍ അങ്ങനെ ചെയ്യുന്നത് എന്തോ പാപമാണെന്നും, അങ്ങനെ ആരെങ്കിലും ചെയ്താല്‍ അവരെ നേരിട്ട് ശിക്ഷിക്കണം എന്നും കരുതുന്നവര്‍ കേരത്തിലെ നഗരങ്ങളിലും വളരെ കൂടുതലാണ്. ഇത് കേരളത്തിന്റെ സാംസ്‌കാരിക മാന്ദ്യത്തിന്റെ ഒരു ലക്ഷണം.
ഇക്കാര്യത്തില്‍ മാത്രമല്ല നമ്മുടെ സാംസ്‌കാരിക വളര്‍ച്ച ഇല്ലായ്മ പ്രകടമാകുന്നത്. കേരളത്തില്‍ ജാതിയുടെ സ്വാധീനം വിവാഹം പോലുള്ള കാര്യങ്ങളില്‍ കൂടുതല്‍ പ്രകടമാകുന്നു. സ്വന്തം ജാതിക്കു പുറത്ത് കല്യാണം കഴിക്കുന്നവരുടെ എണ്ണം നമ്മുടെ സാമ്പത്തിക മാറ്റത്തിന് അനുസരിച്ച് വര്‍ധിക്കുന്നില്ല. ജാതി മത കാര്യങ്ങള്‍ക്ക് ധാരാളം പണം ചെലവഴിക്കുന്നു. എന്നാല്‍ സമൂഹത്തിന്റെ പൊതുകാര്യങ്ങള്‍ക്ക് പണം ചെലഴിക്കാനുള്ള താത്പര്യം വര്‍ധിക്കുന്നില്ല. പണ്ടൊക്കെ പള്ളി നടത്തുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ പാവപ്പെട്ടവര്‍ക്കും മറ്റു മതസ്ഥര്‍ക്കും പഠിക്കാന്‍ കഴിഞ്ഞിരുന്നുവെങ്കില്‍, ഇന്ന് പണം ഇല്ലാതെ ഈ സ്ഥാപങ്ങളില്‍ പഠിക്കാന്‍ കഴിയില്ല എന്ന അവസ്ഥയാണ്. എല്ലാ തരത്തിലുള്ള അന്ധ വിശ്വാസങ്ങളും വര്‍ധിക്കുന്നു. അന്ധ വിശ്വാസത്തിന്റെ പേരില്‍ മലയാളികളെ പറ്റിക്കാന്‍ വളരെ എളുപ്പമാണ്. അന്ധവിശ്വാസം പ്രചരിപ്പിക്കുന്ന പരിപാടികള്‍ ടി.വി ചാനലുകളില്‍ പോലും വളരെ പോപ്പുലറാണ്. ഒരു കാലത്ത് ജാതിക്കും അന്ധ വിശ്വാസത്തിനും എതിരെ ശക്തമായ സാമൂഹ്യ പ്രസ്ഥാനങ്ങള്‍ നില നിന്നിരുന്ന ഒരു സമൂഹത്തിലാണ് ഈ സ്ഥിതി എന്നോര്‍ക്കണം. എന്തുകൊണ്ടാണ് സാമ്പത്തിക വളര്‍ച്ച അനുഭവിക്കുന്ന മലയാളികള്‍ ഇത്തരത്തിലൊരു സാംസ്‌കാരിക മാന്ദ്യം നേരിടുന്നത്?
ഇതിനു വിവിധ സാമൂഹ്യ സാംസ്‌കാരിക സാമ്പത്തിക രാഷ്ട്രീയ കാരണങ്ങള്‍ ഉണ്ടാകാം. എന്നാല്‍ സാമ്പത്തിക ശാസ്ത്രം കൈകാര്യം ചെയ്യുന്ന ഒരാളെന്ന നിലയില്‍ ഒരു സാമ്പത്തിക വിശകലനം നടത്താനാണ് ഞാന്‍ ഇവിടെ തുനിയുന്നത്. നേരത്തെ സൂചിപ്പിച്ചതുപോലെ കേരളത്തിന്റെ സാമ്പത്തിക വളര്‍ച്ച കേരളത്തില്‍ ഉത്പാദിപ്പിക്കുന്ന റബ്ബര്‍ പോലുള്ള ഉത്പന്നങ്ങള്‍ പുറത്തേക്കു അയച്ചോ അല്ലെങ്കില്‍ മലയാളികള്‍ പുറത്ത് നിന്നയയ്ക്കുന്ന വരുമാനത്തെ ആശ്രയിച്ചോ ഉള്ളതാണ്. അല്ലാതെ കേരളത്തിനകത്ത് മൂല്യവര്‍ധിത ഉത്പാദനം വേണ്ട വിധത്തില്‍ നടക്കുന്നില്ല. അതുകൊണ്ടു തന്നെ, മലയാളിയുടെ വരുമാന വളര്‍ച്ചക്കനുസരിച്ച് കേരളത്തില്‍ വേണ്ടത്ര തൊഴിലവസരങ്ങള്‍ ഉണ്ടാകുന്നില്ല. വേഗത്തിലുള്ള നഗരവത്കരണം കേരളത്തില്‍ നടക്കുന്നില്ല. മലയാളികള്‍ ജീവിക്കാന്‍ കേരളത്തിന് പുറത്തുപോയി പണിയെടുക്കേണ്ടി വരുന്നു. പുറത്തു നിന്ന് സമ്പാദിക്കുന്ന പണം ചെലവഴിച്ചു ജീവിക്കുന്നവരുടെ ഗ്രാമങ്ങളും ചെറുകിട നഗരങ്ങളും ചേര്‍ന്ന കൂട്ടമായിരിക്കുന്നു കേരളം.
ജനിച്ച നാട്ടില്‍ നിന്ന് മാറി വേറൊരു ദേശത്ത് അന്യനായി ജീവിക്കുമ്പോള്‍ നമ്മള്‍ വിവിധ തരത്തിലുള്ള അസ്തിത്വ പ്രതിസന്ധി നേരിടും. ഇതിനെ നേരിടാന്‍ ആളുകള്‍ വിവിധ മാര്‍ഗങ്ങള്‍ സ്വീകരിക്കും. ഒന്നുകില്‍ വിദേശത്ത് തങ്ങളുടെ നാട്ടില്‍ ഉണ്ടായിരുന്ന പോലുള്ള കൂട്ടായ്മകള്‍ ഉണ്ടാക്കും. അസ്തിത്വ പ്രതിസന്ധി നേരിടാന്‍ മാത്രമല്ല ഈ കൂട്ടായ്മകള്‍ സഹായിക്കുക. ഒരു 'മറുനാടന്‍' എന്ന നിലയില്‍ നേരിടുന്ന മറ്റു പ്രശ്‌നങ്ങള്‍ക്കും (തൊഴില്‍ നേടുക, താമസ സ്ഥലം കണ്ടെത്തുക, വിശ്രമ സമയം ചെലവഴിക്കുക തുടങ്ങിയവയെല്ലാം) ഈ കൂട്ടായ്മകള്‍ സഹായിക്കും. മറ്റു ചിലര്‍, ചെല്ലുന്ന നാട്ടിലെ ചില സഹായ കൂട്ടായ്മകളില്‍ ചെന്ന് പെടും. മുസ്ലിം തീവ്രവാദത്തിന്റെ കൂട്ടായ്മകളില്‍ ചെന്ന് പെടുന്ന മലയാളികളുടെ എണ്ണം തീരെ കുറവല്ല. ഞങ്ങള്‍ തിരുവിതാംകൂര്‍കാര്‍ തൊട്ടടുത്ത മുസ്ലിം കുടുംബങ്ങളില്‍ ബുര്‍ഖ ധരിച്ചു കാണുന്നത് എഴുപതുകളില്‍ തുടങ്ങിയ മലയാളിയുടെ ഗള്‍ഫ് കുടിയേറ്റത്തിനു ശേഷമാണ്. ചെങ്ങന്നൂരില്‍ തൊട്ടടുത്ത അമ്പലത്തില്‍ ആണ്ടില്‍ ഒരിക്കല്‍ പോലും കയറാത്ത പയ്യന്മാര്‍ അമേരിക്കയിലെ നഗരങ്ങളില്‍ എല്ലാ ആഴ്ചയും ഒരു മണിക്കൂര്‍ കാറോടിച്ചു അമ്പലത്തില്‍ പോകുന്നത് കണ്ടിട്ടുണ്ട്. ക്രിസ്ത്യാനികള്‍ തങ്ങള്‍ കുടിയേറിയ സ്ഥലത്തെല്ലാം അവിടെ കാര്യങ്ങള്‍ സുഗമമാക്കാന്‍ വിദേശ പള്ളികളുടെ സഹായം സ്വീകരിക്കുകയും എന്നാല്‍ മലയാളിത്തം നിലനിറുത്താന്‍ നാട്ടിലെ ഇടവക പള്ളികള്‍ വിദേശത്ത് നട്ടു വളര്‍ത്തിയിട്ടുമുണ്ട്.
അന്യ സ്ഥലത്ത് 'താന്‍ ആരാ' എന്ന ചോദ്യം നേരിടുന്ന മലയാളിയും അയാളുടെ (നാട്ടിലെ) കുടുംബവും ഞാന്‍ ഒരു നായര്‍, ഈഴവന്‍, ക്രിസ്ത്യാനി അല്ലെങ്കില്‍ മുസ്ലിം എന്ന ഐഡന്റിറ്റി കുറേക്കൂടി ആഴത്തില്‍ ഉള്‍ക്കൊള്ളുകയാണ്. തന്റെ നാട്ടിലും ഈ ഐഡന്റിറ്റി കൂടുതല്‍ ശ്രദ്ധയോടെ കൊണ്ടുനടക്കുകയാണ്. സാംസ്‌കാരിക തനിമകളെക്കുറിച്ചുള്ള തന്റെ 'മിഥ്യാധാരണകള്‍' ജീവിതത്തില്‍ ആഘോഷിക്കുകയാണ്. തന്റെ ചുരുങ്ങിയ ചരിത്ര ബോധത്തില്‍ ഒരാണും ഒരു പെണ്ണും ചെറുപ്പത്തില്‍ കല്യാണം കഴിച്ചു കുട്ടികളെ വളര്‍ത്തി മരണം വരെ ഒരുമിച്ച് ജീവിക്കുന്നതാണ് സാംസ്‌കാരിക തനിമ. ഇത്തരമൊരു തനിമ അമ്പതു വര്‍ഷം മുമ്പ് കേരളത്തില്‍ പോലും കാര്യമായി നിലനിന്ന ഒന്നായിരുന്നില്ല എന്നോര്‍ക്കണം. സാരി മലയാളികളുടെ സാമ്പ്രദായിക വസ്ത്രമായിരുന്നു എന്ന് കേരളത്തിലെ ചില പെണ്ണുങ്ങള്‍ കരുതുന്നത് പോലുള്ള മണ്ടത്തരമാണിത്. ഈ സാംസ്‌കാരിക തനിമ നിലനിര്‍ത്താന്‍ മലയാളി പാടുപെടുന്നു.